വേമ്പനാട്ട് കായലും കനാലും നാടന്‍ ഭക്ഷണവും അതിലും നാടന്‍ കാഴ്ചകളും ഗ്രാമീണ ജീവിതവും ഉള്‍ക്കൊള്ളുന്ന വൈക്കം... ഇന്ത്യയുടെ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച, സഞ്ചാരികളുടെ മനസ്സു നിറയ്ക്കുന്ന കാഴ്ചകള്‍ വൈക്കത്തിനു സ്വന്തമാണ്. ഇപ്പോഴിതാ ഉത്തരവാദിത്വ ടൂറിസം വഴി ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയിരിക്കുകയാണ് വൈക്കം.
വൈക്കം ഉത്തരവാദിത്വ ടൂറിസത്തെക്കുറിച്ചും ഇവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും വായിക്കാം...
കവര്‍ ചിത്രം keralatourism

വൈക്കം
വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട് പച്ചപ്പും കനാലും ഇടത്തോടുകളും ഒക്കെയായി സഞ്ചാരികളുടെ ഹൃദയത്തിലേക്ക് നേരെ കയറിച്ചെല്ലുന്ന ഇടമാണ് വൈക്കം. തനി നാടന്‍ ഗ്രാമീണ കാഴ്ചകളും വായില്‍ കൊതിയൂറുന്ന അടിപൊളി രുചികളും വിശ്വാസികളെ ഭക്തിയുടെ നിറവിലേക്കുയര്‍ത്തുന്ന ക്ഷേത്രങ്ങളും ചരിത്രത്തില്‍ തന്നെ സുവര്‍ണ്ണ ലിപികളില്‍ അടയാളപ്പെടുത്തിയിട്ടുള്ള സംഭവങ്ങളുമായി വൈക്കം യാത്രക്കാരെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.

പ്രകൃതിഭംഗിയും ആത്മീയതയും
വൈക്കത്തില്‍ നിന്നും ഒരിക്കലും അടര്‍ത്തി മാറ്റുവാന്‍ സാധിക്കാത്ത രണ്ടു കാര്യങ്ങളാണ് ഇവിടുത്തെ പ്രകൃതിഭംഗിയും ആത്മീയതയും. കായലിന്റെ തിളക്കും തീരത്തെ കാഴ്ചകളും വൈക്കം മഹാ ദേവ ക്ഷേത്രവും വൈക്കത്തിന്‍റെ ഭംഗി ഇരട്ടിയാക്കുന്ന കാര്യങ്ങളാണ്.

ലോക ടൂറിസം ഭൂപടത്തിലെ വൈക്കം ഗ്രാമം
ജനപങ്കാളിത്ത വിനോദസഞ്ചാര വികസനപദ്ധതിയായ പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്പോണ്‍സിബിള്‍ ടൂറിസം) വിജയകരമായി നടപ്പാക്കിയതോടെയാണ് വൈക്കം ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയത്. ഇതിനു മുന്‍പ് കുമരകം മാത്രമായിരുന്നു കേരളത്തില്‍ നിന്നും ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയിരുന്നത്.
PC:Vishnubonam

പെപ്പര്‍
ഒരു പ്രദേശത്തിന്റെ ടൂറിസം വികസന പ്രവര്‍ത്തനങ്ങളില്‍ അവിടുത്തെ പ്രാദേശിക ജനങ്ങള്‍ക്കും പങ്കാളിത്തം നല്‍കുന്ന രീതിയാണ് പെപ്പര്‍ അഥവാ പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്പോണ്‍സിബിള്‍ ടൂറിസം എന്നറിയപ്പെടുന്നത്. 2017 ലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വൈക്കത്ത് ഇത് ആരംഭിക്കുന്നത്. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ സഹകരണത്തോടെ കേരളാ ടൂറിസം മിഷനായിരുന്നു ഇതിന് നേതൃത്വം നല്കിയത്. മൂന്നാം ഘട്ടത്തിലൂടെയാണ് പദ്ധതി ഇപ്പോള്‍ മുന്നോട്ടു പോകുന്നത്. ഉത്തരവാദിത്വ ടൂറിസം അന്താരാഷ്ട്ര സ്ഥാപകന്‍ ഡോ. ഹരോള്‍ഡ് ഗുഡ്വിന്‍ പെപ്പര്‍ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ വൈക്കം സന്ദര്‍ശിക്കുകയും ഇതിനെ ലോക മാതൃകയായി വിലയിരുത്തുകയും ചെയ്തിരുന്നു.

10 ഇടങ്ങള്‍
വൈക്കത്തെ തിരഞ്ഞെടുത്ത ഇടങ്ങളിലാണ് പെപ്പര്‍ പദ്ധതി നടപ്പിലാക്കുന്നത്.
വൈക്കം നിയോജകമണ്ഡലത്തിലെ ചെമ്പ്, വെള്ളൂര്‍, മറവന്‍തുരുത്ത്, ടി.വി.പുരം, തലയാഴം, കല്ലറ, വെച്ചൂര്‍, ഉദയനാപുരം, തലയോലപ്പറമ്പ് എന്നീ പഞ്ചായത്തുകളിലും വൈക്കം നഗരസഭയിലുമാണ് നിലവില്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത്

പാക്കേജ്
പാക്കേജുകളായി സഞ്ചാരികള്‍ക്ക് വൈക്കം കാണുവാന്‍ കഴിയുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഓരോ മേഖലയിലുമ ഓരോ ദിവസം വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് ആവശ്യമെങ്കില്‍ വള്ളവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കും. മരകം കവാണാറ്റിന്‍കരയിലെ ഉത്തരവാദിത്വ ടൂറിസം മിഷന്‍ ഓഫീസില്‍ ആണ് ഇതിനുള്ള സൗകര്യങ്ങളുള്ളത്.
വൈക്കം നഗരസഭ, വൈക്കം മഹാദേവക്ഷേത്രം, വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ സ്മാരകകേന്ദ്രം, വൈക്കം ബോട്ടുജെട്ടി, ഖാദി കൈത്തറി സൊസൈറ്റി, കള്ളുചെത്തല്‍, കനാലിലൂടെയുള്ള ബോട്ട് യാത്ര, നാടന്‍ ഉച്ചഭക്ഷണം എന്നിവയാണ് വൈക്കം പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മറ്റു പാക്കേജുകള്‍
മൂവാറ്റുപുഴയാറിലെ വടയാര്‍ മേഖലയിലൂടെ ബോട്ടിങ്. കയര്‍ നിര്‍മാണം, ഓലമെടയല്‍, പുണ്ഡരീകാപുരം ക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍, നാലുകെട്ട്, ഫാം സന്ദര്‍ശനം, നാടന്‍ ഊണ് എന്നിവ അടങ്ങുന്നതാണ് തലയോലപ്പറമ്പ് പാക്കേജ്
വടയാര്‍ ആറ്റുവേലക്കടവിലൂടെ ബോട്ടിങ്. കയര്‍ നിര്‍മാണം, ഓലമെടയല്‍, പപ്പട നിര്‍മാണം, ജാതിത്തോട്ടം നാടന്‍ ഭക്ഷണം എന്നിവയാണ് മറവന്‍തുരുത്ത് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏഴുമാന്തുരുത്തിലെ പാടശേഖരങ്ങളിലൂടെയുള്ള ബോട്ടിങ്. തഴപ്പായ നിര്‍മാണം, കള്ളുചെത്തല്‍, താറാവ് ഫാം, മാംഗോ മെഡോസ് പാര്‍ക്ക് ചേരുന്നതാണ് കല്ലറ പാക്കേജ്.
ഡയറി ഫാം, വെച്ചൂര്‍ പശുഫാം, കയര്‍ നിര്‍മാണം, പരമ്പരാഗത മീന്‍പിടിത്ത രീതികള്‍ , ശിക്കാരവള്ളത്തിലുള്ള യാത്ര, നാടന്‍ ഭക്ഷണം എന്നിവയാണ് വെച്ചൂര്‍ പാക്കേജിലുള്ളത്.
സാംസ്കാരിക പാക്കേജ് എന്നാണ് തലയാഴം പാക്കേജ് അറിയപ്പെടുന്നത്. കളമെഴുത്തും പാട്ടും തിരുവാതിര കളിയും സര്‍പ്പക്കാവും ആണ് ഈ പാക്കേജില്‍ കാണുവാന്‍ കഴിയുക.
വൈക്കം ബോട്ടുജെട്ടിയില്‍ നിന്ന് ഓട്ടോയില്‍ യാത്ര ആരംഭിച്ച് മുറിഞ്ഞപുഴയില്‍ എത്തിയശേഷം കനോപ്പി യാത്ര. കയര്‍ നിര്‍മാണം എന്നിവ അടങ്ങിയതാണ് ഓട്ടോ പാക്കേജ്.
വണ്ടി തിരിക്കാം ഇനി വൈക്കം കാഴ്ചകളിലേക്ക്!!
ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍
തെക്കേ ഇന്ത്യയുടെ എവറസ്റ്റ്, ഇടുക്കി സഞ്ചാരികളുടെ സ്വര്‍ഗ്ഗം, അറിയാം കാടിനുള്ളിലെ ഈ കൊടുമുടിയെ
ഒറ്റ ദര്‍ശനത്തില്‍ ആഗ്രഹങ്ങള്‍ സഫലം! കര്‍ണ്ണാടകയിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങള്‍