രാമായണ കഥകളില്‍ ചെറുതല്ലാത്ത പ്രാധാന്യം ഉള്ളയാളാണ് പക്ഷി ശ്രേഷ്ഠനായ ജഡായു. രാവണനിൽ നിന്നും സീതാ ദേവിയെ രക്ഷിക്കാന്‍ ജഡായു പരിശ്രമിച്ചതും ഒടുവിൽ പോരാട്ടത്തിൽ രാവണന്റെ വെട്ടേറ്റു പതിച്ചതുമെല്ലാം കഥയായും ഐതിഹ്യമായും നമ്മൾ വായിച്ചിട്ടുണ്ട്. രാമായണ പുരാണങ്ങളിലെ ഈ ജഡായുവിനെ പുനസൃഷ്ടിച്ചിരിക്കുന്ന ഇടമാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ജഡായുപ്പാറയിൽ സ്ഥിതി ചെയ്യുന്ന ജഡായു എർത്ത് സെന്‍റർ.
ചിറകറ്റു വീണു കിടക്കുന്ന ജഡായുവിന്‍റെ ഇവിടുത്തെ പ്രതിമ ഒരു ഒരത്ഭുതം തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം ആണിവിടെ ശില്പി രാജീവ് അഞ്ചലിന്‍റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. രാമായണത്തിലെ കഥയെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഇവിടെ വിശ്വാസികളെയും സാഹസികരെയും സഞ്ചാരികളെയും ആകർഷിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഒരുപാട് പ്രത്യേകതകൾ ജഡായുപ്പാറയിലുണ്ട്.

ജഡായുവിന്റെ കഥയിങ്ങനെ
പുരാണത്തിൽ സൂര്യന്റെ സാരഥിയായ അരുണന്‍റെയും ശ്യേനിയുടെയും പുത്രനായ ജഡായു ആണ് രാവണൻ പുഷ്പക വിമാനത്തിൽ സീതാദേവിയെ അപഹരിച്ചു കൊണ്ടുപോകുമ്പോൾ തടഞ്ഞതെന്നാണ് ഐതിഹ്യം. രാവണനെ തടഞ്ഞ് സീതയെ രക്ഷിക്കാൻ ജഡായു ശ്രമിച്ചു. എന്നാൽ യുദ്ധവീരനായ രാവണൻ ചിറകരിഞ്ഞതോടെ ജഡായു അശക്തനായി മാറി. തുടർന്ന് സീതയെ രാവണൻ കൊണ്ടുപോകുന്നത് നോക്കികിടക്കാനെ ജഡായുവിന് സാധിച്ചൊള്ളൂ.
പാറയുടെ മുകളിൽ രാമൻ വരുന്നത് വരെ ജഡായു കാത്തുകിടന്നുവെന്നും സീതയെ തിരഞ്ഞ് രാമനും ലക്ഷ്മണനും എത്തിയപ്പോൾ അവരോട് സംഭവിച്ച കാര്യങ്ങൾ അറിയിക്കുകയും രാവണൻ പോയ ദിശ കാണിച്ചുകൊടുക്കുകയം ചെയ്ത് ജാഡായു രാമന്‌റെ മടിയിൽ കിടന്ന് ജീവൻ വെടിഞ്ഞുവെന്നാണ് കഥ. ഇങ്ങനെ വെട്ടേറ്റു വീണു കിടക്കുന്ന ജഡായുവിന്റെ രൂപത്തിലാണ് ജഡായുപ്പാറയിലെ പക്ഷിയുടെ രൂപമുള്ളത്. രാനമാണ് ജഡായുവിനെ ഏറ്റവും ആദരവോട് സംസ്കരിച്ചതെന്നും വിശ്വാസങ്ങൾ പറയുന്നു.

കൊക്കരണി
വെട്ടേറ്റു വീണ ജഡായു ശ്രീരാമന്റെ വരവ് കാത്തുകിടന്നപ്പോൾ ജീവൻ നഷ്ടപ്പെടാതിക്കാനായി തന്റെ ചുണ്ടുകൊണ്ട് പാറയിൽ ഉരസിയുരസി ഒരു ചെറിയ ജലപ്രവാഹം ഉണ്ടാക്കി. അത് ഇന്നും ഇവിടെ ജഡായുപ്പാറയിൽ കാണാൻ സാധിക്കുമത്രെ. കൊക്കരണി എന്നാണ് ഇതിന്റെ പേര്.
കോദണ്ഡ രാമ ക്ഷേത്രം
വിശ്വാസികളെ ജഡായുപ്പാറയിലേക്ക് ആകർഷിക്കുന്ന മറ്റൊന്നാണ് ജഡായുപ്പാറ കോദണ്ഡ രാമ ക്ഷേത്രം. ജഡായുവിന്റെ ശില്പത്തിനോട് ചേർന്നുതന്നെ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് വടക്കേ ഇന്ത്യൻ ക്ഷേത്രങ്ങളുടെ മാതൃകയാണുള്ളത്. രാമന്റെ പാദങ്ങൾ പതിഞ്ഞുവെന്ന് വിശ്വസിക്കുന്ന ജഡായുപ്പാറയിൽ വരുന്നതും ഇവിടെ ക്ഷേത്രദർശനം നടത്തുന്നതും പാവനമായാണ് ആളുകൾ കരുതുന്നത്. ഇവിടെയെത്തി രാമായണ പാരായണം നടത്താനും വിശ്വാസികൾ സമയം കണ്ടെത്തുന്നു.
200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ള ജഡായുവിന്റെ ശില്പം ഉൾപ്പെടുന്ന ജഡായു എർത്ത് സെന്‍ർ ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് ഓരോ ദിവസവും ഇവിടേക്ക് വരുന്നത്. സമുദ്രനിരപ്പിൽ നിന്നും 1200അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജഡായു ശില്പത്തിലേക്ക് കേബിൾ കാറിൽ പോകാം.

ജഡായുവിന് ഉൾവശത്തേയ്ക്ക് കടക്കുവാൻ സാധിക്കുന്ന രീതിയിലാണ് ഇവിടെ ജഡായുലിന്റെ ശില്പം നിർമ്മിച്ചിരിക്കുന്നത്. അഡ്വഞ്ചർ സോൺ, ആയുർവ്വേദ റിസോർട്ട്, ഡിജിറ്റൽ മ്യൂസിയം, 6ഡി തിയേറ്റർ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. പെയിന്‍റ് ബോള്‍, സിപ്‌ലൈന്‍, ഫ്രീ ക്ലൈംബിങ്, ജൂമെറിങ്ങ്, കമാന്‍ഡോ നെറ്റ്, സ്കൈ സൈക്ലിങ്, വാലി ക്രോസിങ്, റാപ്പെല്ലിങ്, ചിമ്നി ക്ലൈംബിങ് തുടങ്ങിയ സാഹസിക വിനോദങ്ങളും ഇവിടെ ആസ്വദിക്കാം. മൂന്നര കിലോമീറ്റര് ചുറ്റളവിലാണ് ജഡായു എർത്ത് സെന്റർ ഉള്ളത്.
കൊല്ലം ജില്ലയിലെ ചടയമംഗലത്ത് നിന്ന് ജഡായു എർത്ത് സെന്‍ററിലേക്ക് രണ്ടു കിലോമീറ്റർ ദൂരമേയുള്ളൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












