എത്ര ദിവസങ്ങളുണ്ടെങ്കിലും കണ്ടു തീർക്കുവാൻ പറ്റാത്ത വയനാടിനെ വെറും രണ്ടു ദിവസത്തിൽ കാണുന്നത് ഒന്നുമല്ലെങ്കിലും ബുദ്ധിപൂർവ്വം വിനിയോഗിച്ചാൽ വിചാരിച്ചതിലും കാഴ്ചകൾ ഈ ദിവസങ്ങൾക്കുള്ളിൽ കണ്ടു തീർക്കാം. ഉള്ളിലേക്ക് കയറിപോകും തോറും തിരിച്ചിറങ്ങുവാൻ തോന്നിപ്പിക്കാത്ത വയനാടിനെ അത്ര എളുപ്പത്തിലൊന്നും കീഴടക്കുവാൻ സാധിക്കില്ല. ഇതാ രണ്ടു ദിവസത്തെ ഓട്ട പ്രദക്ഷിണത്തിൽ വയനാടിനെ എങ്ങനെ കാണണമെന്നും എവിടെയൊക്കെ പോകണമെന്നും നോക്കാം.

പ്ലാൻ ഇങ്ങനെ
തുടക്കം- കൽപ്പറ്റ ബസ് സ്റ്റാൻഡ്
യാത്രാ മാർഗ്ഗം -കാർ
ദിവസം- രണ്ട്
യാത്ര തുടങ്ങുന്ന സമയം- 9.00 മണി.
PC:Dhruvaraj S

തുടക്കം കൽപ്പറ്റയിൽ നിന്നും
വയനാടിന്റ കവാടം എന്നറിയപ്പെടുന്ന കൽപ്പറ്റയിൽ നിന്നുമാണ് നമ്മുടെ യാത്രകളുടെ തുടക്കം. കൽപ്പറ്റയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രധാന വിനോദ സഞ്ചാരക കേന്ദ്രങ്ങള്‍ ആദ്യം സന്ദർശിക്കാം. യാത്രയുടെ ആദ്യ ദിവസം അതിരാവിലെ തന്നെ യാത്ര തുടങ്ങിയാൽ കൂടുതൽ ഇടങ്ങൾ രണ്ടു ദിവസം കൊണ്ടു കണ്ടു തീർക്കാം
കൽപ്പറ്റയിൽ നിന്നും പതിനഞ്ച് കിലോമീറ്റർ അകലെയുള്ള വാരാമ്പറ്റ മോസ്ക്, 14 കിലോമീറ്റർ അകലെയുള്ള പള്ളിക്കുന്ന് ക്രിസ്ത്യന് പള്ളി, 17 കിലോമീറ്റർ അകലെയുള്ള ചെമ്പ്ര കൊടുമുടി, 10 കിലോമീറ്റർ അകലെയുള്ള പൂക്കോട് തടാകം, 25 കിലോമീറ്റർ അകലെയുള്ള ബാണാസുര സാഗർ അണക്കെട്ട്, അവിടെ നിന്നും എളുപ്പത്തിൽ പോയി വരുവാൻ സാധിക്കുന്ന കർലാട് ലേക്ക്, മീന്‌മുട്ടി വെള്ളച്ചാട്ടം എന്നിവയാണ്. ഇതിൽ സഞ്ചാരികളുടെ താല്പര്യമനുസരിച്ചുള്ള ഇടങ്ങൾ തിരഞ്ഞെടുക്കാം.
PC:Vinayaraj

താല്പര്യവും സമയവും നോക്കി പോകാം
വയനാട്ടിലെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം ദേവാലയമാണ് വാരാമ്പറ്റ മോസ്ക്. ഹൈന്ദവ ആചാരങ്ങളോട് ചേർന്നുള്ള അനുഷ്ഠാനങ്ങൾ ഇന്നും പിന്തുടരുന്ന ഇടമാണ് പള്ളിക്കുന്ന് പള്ളി.
വയനാട് പോയാൽ തീർച്ചായും കണ്ടിരിക്കേണ്ടതാണ് ചെമ്പ്രയിലെ ഹൃദയ സരസ്സ് എന്ന ഹൃദയാകൃതിയിലുള്ള തടാകം. എന്നാൽ നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഇവിടെ ട്രക്കിങ്ങിനായി അനുവദിക്കാറുള്ളു. അതിനാൽ ടിക്കറ്റ് ലഭ്യത നോക്കി അതിരാവിലെ തന്നെ ട്രക്കിങ്ങിനു പോയി വെയിൽ വരും മുൻപ് തിരിച്ചിറങ്ങുവാൻ ശ്രമിക്കുക. 3 മണിക്കൂർ സമയമെങ്കിലും ഇതിനായി വേണ്ടി വരും.
PC:Tanuja R Y

രണ്ടാം ദിവസം
വയനാട്ടിലെ വിനോ സഞ്ചാര കേന്ദ്രങ്ങൾ ഒരോന്നും അടുത്തതിൽ നിന്നും വളരെ അകലെയാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ രണ്ടാം ദിവസത്തെ യാത്ര സുൽത്താൻ ബത്തേരിയിൽ നിന്നും ആരംഭിക്കാം. എങ്കിൽ മാത്രമേ പ്രധാന ഇടങ്ങൾ വിട്ടു പോകാതെ കാണുവാന്‍ സാധിക്കു. മാത്രമല്ല, രണ്ടു ദിവസം കൊണ്ട് വയനാടിന്റെ നാലിലൊന്ന് പോലും കണ്ടു തീർക്കുവാൻ സാധിക്കില്ല എന്നതാണ് യാഥാർഥ്യം.
തമിഴ്നാട്, കർണ്ണാടക, കേരളം എന്നീ മൂന്നു സംസ്ഥാനങ്ങളുടെയും സംഗമ കേന്ദ്രമാണ് സുൽത്താൻ ബത്തേരി. ടിപ്പു സുൽത്താന്‍റെ ആയുധപ്പുരയായിരുന്നു ഇവിടം എന്നും അങ്ങനെയാണ് സുൽത്താൻ ബത്തേരി എന്ന പേരുണ്ടായതും എന്നുമാണ് വിശ്വാസം. കൽപ്പറ്റയിൽ നിന്നു ഇവിടേക്ക് 25 കിലോമീറ്റർ ദൂരമാണുള്ളത്.

ബത്തേരിയിൽ നിന്നും പോകുവാൻ
വയനാടിന്റെ ജൈന ചരിത്രത്തോട് ചേർന്നു നിൽക്കുന്ന ബത്തേരി ജൈന ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന കാഴ്ച. 13-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന ഈ ക്ഷേത്രം ടിപ്പുവിന്റെ ആയുധപ്പുരയായിരുന്നു. ഇവിടുത്തെ കിണറിൽ നനിന്നും മൈസൂർ വരെ അദ്ദേഹം ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
എടയ്ക്കൽ ഗുഹയാണ് ബത്തേരിയിലെ മറ്റൊരു കാഴ്ച. ഒരു വലിയ പാറയിൽ രൂപപ്പെട്ട ഒരു വിള്ളലിൽ മുകളിൽ നിന്ന് വീണുറച്ച കൂറ്റൻ പാറയാണ് ഇ ഗുഹ. കേരളത്തിലെ എറ്റവും പഴക്കമുള്ള ശിലാലിഖിതങ്ങൾ കണ്ടെത്തിയ ഇടവും കൂടിയാണ് എടക്കൽ ഗുഹകൾ.
PC:Nijusby

വയനാട് വന്യജീവി സങ്കേതം
സുൽത്താൻ ബത്തേരിക്കും മൈസൂരിനും ഇടയിലായി സ്ഥിതി ചെയ്യുന്ന വയനാട് വന്ജീവി സങ്കേതമാണ് ഇവിടുത്തെ പ്രധാന ആകർഷണം. സുൽത്താൻ ബത്തേരിയുടെ വടക്കേ അതിർത്തിയോട് ചേർന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കടുവ,പുലി ,ആന,കാട്ടുപോത്ത്,കരടി, മാനുകൾ, കുരങ്ങൻ, വ്യത്യസ്തങ്ങളായ ഉരഗങ്ങൾ, തുടങ്ങിയവയെ ഇവിടെ കാണാം.
PC:Nijusby

വയനാട് ഹെറിറ്റേജ് മ്യൂസിയം
വയനാടിൻറെ ചരിത്രവും സംസ്കാരവും നേരിട്ട് കണ്ടറിയുവാൻ പറ്റിയ ഇടമാണ് സുൽത്താൻ ബത്തേരിക്ക് സമീപം അമ്പലവയലിൽ സ്ഥിതി ചെയ്യുന്ന വയനാട് ഹെറിറ്റേജ് മ്യൂസിയം. വയനാടിന്റെ ആദിമ പാരമ്പര്യത്തിന്റെ അടയാളങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നതിൽ അധികവും. വീരസ്മൃതി, ഗോത്രസ്മൃതി, ദേവസ്മൃതി, ജീവനസ്മൃതി എന്നീ നാലു വിഭാഗങ്ങളിലായാണ് ഇവിടുത്തെ പ്രദർശനം.
PC:നിരക്ഷരൻ

മാനന്തവാടിയിൽ നിന്നും
സുൽത്താൻ ബത്തേരിയിൽ നിന്നല്ലാതെ രണ്ടാം ദിവസത്തെ യാത്രയ്ക്ക് മാനന്തവാടിയും തിരഞ്ഞെടുക്കാം. വയനാടിന്റെ ചരിത്രവുമായി ചേർന്നു കിടക്കുന്ന ഇടങ്ങളാണ് മാനന്തവാടിയിൽ കാണുവാനുള്ളത്. കേരളത്തിൽ ബ്രിട്ടീഷുകാർ തമ്പടിച്ചിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു മാനന്തവാടി.
കേരള വർമ്മ പഴശ്ശി രാജയെന്ന പഴശ്ശിരാജയുടെ ശവകുടീരമാണ് ഇവിടുത്തെ ആദ്യ കാഴ്ച. പഴശ്ശി ഗ്യാലറി, ട്രൈബല്‍ ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി എന്നിങ്ങനെ നാലു വ്യത്യസ്ത ഗാലറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്
ഒഴിവു സമയം ചിലവഴിക്കുവാൻ മാനന്തവാടി പഴശ്ശി പാർക്ക്, വയനാടിന്റെ ഗോത്ര സ്മൃതികളുറങ്ങുന്ന, മാനന്തവാടിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള വള്ളിയൂർക്കാവ് ക്ഷേത്രം, നഗരത്തിൽ തന്നെയുള്ള കാഞ്ചി കാമാക്ഷിയമ്മൻ ക്ഷേത്രം, താഴേ അങ്ങാടി, മാനന്തവാടിയിൽ നിന്നും 15 കിലോമീറ്ററ്‍ അകലെയുള്ള ബോയ്സ് ടൗൺ തുടങ്ങിയവയാണ് ഇവിടുത്തെ കാഴ്ചകൾ.
PC:Saraths

കുറുവ ദ്വീപ്
രണ്ടു ദിവസത്തെ യാത്രയിൽ കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും സമയം മാറ്റി വയ്ക്കുവാനുണ്ടെങ്കിൽ കുറുവ ദ്വീപിൽ പോകാം. വയനാട്ടിലെ കാഴ്ചകളിൽ ഒരിക്കലും ഒഴിവാക്കുവാൻ പാടില്ലാത്ത ഇടമാണ് 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമായ കുറുവാ ദ്വീപ്. ജനവാസം ഇല്ലാത്ത ഏറ്റവും വലിയ ദ്വീപുകളിലൊന്നും ഇതു തന്നെയാണ്. 950 ഏക്കർ വിസ്തീർണ്ണമുണ്ട് ഇതിന്. റിവൽ റാഫ്ടിങ്, ചങ്ങാടത്തിലൂടെയുള്ള യാത്ര, പക്ഷി നീരീക്ഷണം തുടങ്ങിയവയാണ് ഇവിടെ ആസ്വദിക്കുവാനുള്ള കാര്യങ്ങൾ.. ഒരു ദിവസം കുറുവ ദ്വീപില്‍ പ്രവേശിക്കാന്‍ കഴിയുന്നത് 400 പേര്‍ക്കു മാത്രമാണ്.പാല്‍വെളിച്ചത്തുള്ള കവാടത്തില്‍ നിന്ന് 200 പേര്‍ക്കും പാക്കത്തുള്ള കവാടത്തില്‍ നിന്ന് 200 പേര്‍ക്കുമാണ് പ്രവേശനം നല്കുക. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
മാനന്തവാടിയിൽ നിന്നും കുറുവ ദ്വീപിലേക്ക് 16 കിലോമീറ്റര്‍ ദൂരമുണ്ട്.
PC:Rameshng

വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശന സമയം
പൂക്കോട് തടാകം 9:00 AM- 5:30 PM
സൂചിപ്പാറ വെള്ളച്ചാട്ടം- 8:00AM- 5:00PM
ചെമ്പ്ര പീക്ക് ട്രക്കിങ്ങ്- 7:00 AM- 2:00PM
ചെമ്പ്ര പീക്ക് വിസിറ്റിങ്- 7:00 AM- 5:00PM
മീൻമുട്ടി വെള്ളച്ചാട്ടം-7:00 AM- 4:00PM
ബാണാസുര അണക്കെട്ട്-8:30 AM-5:30PM
കർലാഡ് ലേക്ക്- 9:00 AM- 5:00PM
എടക്കൽ ഗുഹ-9:00 AM- 4:00PM
കുറുവാ ദ്വീപ്-7:00 AM- 3:30PM
പഴശ്ശി ശവകുടീരം-10:00AM- 5:00PM
മുത്തങ്ങ വന്യജീവി സങ്കേതം-7:00AM- 10:00PM
തോല്പ്പെട്ടി വന്യജീവി സങ്കേതം-7:00 AM- 10:00AM
3:30 PM- 5:00PM
ബത്തേരി ജെയ്ൻ ക്ഷേത്രം-8:00 AM- 12:00PM
-2:00 PM- 6:00PM
അമ്പലവയൽ മ്യൂസിയം-9:00 AM- 6:00PM
വയനാടൻ കാഴ്ചകളിലേക്ക് വാതിൽ തുറക്കുന്ന കല്പറ്റ
താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ
സൈക്ലിംഗ് മുതൽ സിപ് ലൈൻ വരെ- വയനാട് കാണാൻ കാരണങ്ങൾ തീരുന്നില്ല!!