» »കോട്ടകെട്ടിയ കേരളം - കോട്ടകൾ തേടി ഒരു യാത്ര

കോട്ടകെട്ടിയ കേരളം - കോട്ടകൾ തേടി ഒരു യാത്ര

Posted By: Staff

തിരുവനന്തപുരത്തെ കിഴക്കേകോട്ട മുതൽ കാസർകോട്ടെ ചന്ദ്രഗിരികോട്ടവരെ എത്രയെത്ര കോട്ടകളാണ് കേരളത്തിൽ ഒരു ചരിത്ര പുസ്തകം പോലെ നിലകൊള്ളുന്നത്. കോളനിഭരണകാലത്ത് നിർമ്മിച്ചവയാണ് ഇന്ന് കാണുന്ന പലകോട്ടകളും. വടക്കൻപാട്ടുകളിലും മറ്റും പൊന്നാപുരം കോട്ട പോലുള്ള വിസ്മയം ജനിപ്പിക്കുന്ന കോട്ടകളുടെ കഥപറയുന്നുണ്ട്.

ആനയ്ക്ക് ഒരു ചന്തം തോന്നുന്നത് അതിന്റെ അകാരഭംഗിയിൽ ആണെന്ന് പറയുന്നത് പോലെതന്നെയാണ് കോട്ടകളുടെ കാര്യവും. നീണ്ട് നിവർന്ന് നിൽക്കുന്ന മതിൽകെട്ടുകൾ ആളുകളെ എപ്പോഴും വിസ്മയിപ്പിച്ച് കൊണ്ടിരിക്കും. അതുകൊണ്ടാണ് വിവിധ സ്ഥലത്തിലുള്ള കോട്ടകൾ കാണാൻ സഞ്ചാരികൾ എപ്പോഴും എത്തുന്നത്. മണിരത്നം സംവിധാനം ചെയ്ത ബോംബെ എന്ന ചിത്രത്തിലൂടെയാണ് ബേക്കൽ കോട്ട ഇന്ത്യ മുഴുവനും അറിയപ്പെട്ട് തുടങ്ങിയത്. അതിന് ശേഷം നിരവധി സിനിമകളിൽ ബേക്കൽ കോട്ട ഒരു താരമായി.

കോട്ടകെട്ടിയ കേരളം - കോട്ടകൾ തേടി ഒരു യാത്ര

ബേക്കൽ കോട്ടയുടെ അത്രയും പ്രശസ്തി ആർജിച്ചില്ലെങ്കിലും കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ടയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. കണ്ണൂരിന് 21 കിലോമീറ്റർ അകലെയുള്ള തലശേരിയിലും പ്രശസ്തമായ ഒരു കോട്ടയുണ്ട്. പാലക്കാടുള്ള കോട്ടയും ഏറേ പ്രസിദ്ധമാണ്. ഇതൊക്കെ ഇപ്പോഴും നിലവിലുള്ള കോട്ടകളുടെ കഥ.

കേരളത്തിന്റെ വൻമതിൽ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നെടനീളൻ കോട്ടയും ഇവിടെ ഉണ്ടായിരുന്നു. നെടുംകോട്ട എന്നായിരുന്നു മധ്യകേരളത്തിൽ നിർമ്മിച്ച ഈ കോട്ട അറിയപ്പെട്ടിരുന്നത്. അറബിക്കടൽ മുതൽ പശ്ചിമഘട്ടം വരെ 52 കിലോമീറ്റർ നീളത്തിൽ ആയിരുന്നു ഈ കോട്ട പണിതത്. തൃശൂർ ജില്ലയിലെ ചാലക്കുടിക്ക് അടുത്ത് പാലമുറി എന്ന സ്ഥലത്ത് ഈ കോട്ടയുടെ അവശിഷ്ടം ഇപ്പോഴും കാണാം.

ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന മറ്റൊരു കോട്ടയും തൃശൂരിൽ ഉണ്ട് ചേറ്റുവ കോട്ട. വില്യം കോട്ടയെന്നും ഇത് അറിയപ്പെടുന്നുണ്ട്. ഡച്ചുകാരുടെ കോട്ടയായിരുന്നു ഇതെങ്കിലും പിന്നീട് ടിപ്പുസുൽത്താൻ കോട്ട കീഴടക്കുകയായിരുന്നു. പിന്നീട് ടിപ്പുവിനെ കീഴ്പ്പെടുത്തിയ ബ്രിട്ടീഷുകാർ ഈ കോട്ട കൈക്കലാക്കി.

ഇത്തരത്തിൽ ചരിത്രവും മിത്തുകളും ഇഴചേർന്ന് കിടക്കുന്ന നിരവധികോട്ടകൾ കേരളത്തിൽ ഉണ്ട്. അവയിൽ ചില കോട്ടകളിലൂടെ ഒരു യാത്രയാണ് ഇത്. കോട്ടകെട്ടിയ കേരളത്തിലൂടെ, കോട്ടകൾ തേടി ഒരു യാത്ര.

കിഴക്കേ കോട്ട

കിഴക്കേ കോട്ട

തിരുവിതാംകൂർ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട കോട്ടയാണ് ഇത്. ഇന്നും തിരുവനന്തപുരത്തിന്റെ അഭിമാനമായി നഗരഹൃദയത്തിൽ തന്നെ ഈ കോട്ടനിലകൊള്ളുന്നു. ഈ കോട്ടയ്ക്കുള്ളിലായിരുന്നു പഴയ നഗരം. കോട്ടയുടെ ഒത്തനടുവിലായാണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ആർക്കും ഈ കോട്ട കണ്ടു പിടിക്കാൻ അധികം പ്രയാസപ്പെടേണ്ടി വരില്ല. ഇതിന്റെ മുന്നിലായാണ് ഗാന്ധി പാർക്ക് സ്ഥിതി ചെയ്യുന്നത്.

അഞ്ചുതെങ്ങ് കോട്ട

അഞ്ചുതെങ്ങ് കോട്ട

തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് നിന്ന് 31 കിലോമീറ്റർ യാത്ര ചെയ്യണം ഈ കോട്ടയിൽ എത്താൻ. ചിറയിൻകീഴ് താലുക്കിലെ അഞ്ചുതെങ്ങ് എന്ന ഗ്രമത്തിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. അതിനാൽ ആണ് ഈ കോട്ട അഞ്ചുതെങ്ങ് കോട്ട എന്ന് അറിയപ്പെട്ടത്. ആറ്റിങ്ങൽ മഹറാണി നൽകിയ സ്ഥലത്ത് 1695ൽ ആണ് ഈ കോട്ട പണിതത്.

പള്ളിപ്പുറം കോട്ട

പള്ളിപ്പുറം കോട്ട

എറണാകുളം ജില്ലയിലാണ് പള്ളിപ്പുറം കോട്ട സ്ഥിതി ചെയ്യുന്നത്. 1503ൽ പോർചുഗീസുകാരാണ് ഈ കോട്ട പണികഴിപ്പിച്ചത്. വൈപ്പിൻ ദ്വീപിന്റെ വടക്ക് ഭാഗത്തായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ആയിക്കോട്ട എന്നാണ് ഈ കോട്ട പൊതുവെ അറിയപ്പെടുന്നത്. റോഡ് വഴിയാണെങ്കിൽ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് 9 കിലോമീറ്റർ ദൂരമുണ്ട്. മറൈൻ ഡ്രൈവിൽ വന്നാൽ വൈപ്പിനിലേക്ക് ഫെറിസർവീസുകൾ ഉണ്ട്.

കൊടുങ്ങല്ലൂർ കോട്ട

കൊടുങ്ങല്ലൂർ കോട്ട

1523ൽ പോർചുഗീസുകാരാണ് ഈ കോട്ട പണികഴിപ്പിച്ചത്. തൃശൂർ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്ന് 41 കിലോമീറ്ററും. തൃശൂരിൽ നിന്ന് 50 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് ആറു കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം.

നെടുംകോട്ട

നെടുംകോട്ട

ചൈനയിലെ വൻമതിലിനോട് ഉപമിക്കാവുന്ന നെടുനീളൻ കോട്ടയാണ് ഇത്. എറണാകുളം തൃശൂർ ജില്ലകളിലായാണ് ഈ കോട്ട സ്ഥിതി ചെയ്തിരുന്നത്. ഈ കോട്ട ഇപ്പോൾ നശിച്ച് പോയെങ്കിലും ചിലസ്ഥലങ്ങളിൽ ഇതിന്റെ അവശിഷ്ടങ്ങൾ കാണാം. ചാലക്കുടിയിലെ പാലമുറി എന്ന സ്ഥലത്ത് ഈ കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം. തൃശൂരിൽ നിന്ന് 31 കിലോമീറ്ററും. എറണാകുളത്ത് നിന്ന് 45 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

പാലക്കാട് കോട്ട

പാലക്കാട് കോട്ട

മൈസൂർ രാജാവായ ഹൈദരാലി 1766ൽ പണി കഴിപ്പിച്ച ഈ കോട്ട ടിപ്പുവിന്റെ കോട്ട എന്നാണ് പൊതുവിൽ അറിയപ്പെടുന്നത്. പാലക്കാട് നഗരത്തിൽ നിന്ന് 4 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ കോട്ടയിൽ ഒരു ഹനുമാൻ ക്ഷേത്രവും ഉണ്ട്.

തലശ്ശേരി കോട്ട

തലശ്ശേരി കോട്ട

ബ്രിട്ടീഷുകാർ പണിത ഈ കോട്ട കണ്ണൂർ ജില്ലയിലെ തലശേരിയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ഈ കോട്ടയിൽ നിന്ന് രഹസ്യ തുരങ്കമുണ്ട്. അതിന്റെ ഒരു അറ്റം കണ്ണൂർ കോട്ടവരെ നീളുന്നുണ്ടെന്നാണ് വിശ്വാസം. കണ്ണൂരിൽ നിന്ന് 21 കിലോമീറ്റർ ആണ് തലശേരിയിലേക്കുള്ള ദൂരം.

സെന്റ് ആഞ്ചലോ കോട്ട

സെന്റ് ആഞ്ചലോ കോട്ട

കണ്ണൂരിൽ ആണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ കണ്ണൂർ കോട്ടയെന്ന പേരിലാണ് ഈ കോട്ട പൊതുവെ അറിയപ്പെടുന്നത്. കണ്ണൂർ നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ കോട്ട ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ കീഴിലാണ്.

ഹോസ്ദുർഗ് കോട്ട

ഹോസ്ദുർഗ് കോട്ട

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ആണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. പുതിയ കോട്ട എന്ന് അർത്ഥം വരുന്ന ഹൊസെ ദുർഗ എന്ന കന്നഡവാക്കിൽ നിന്നാണ് ഹോസ്ദുർഗിന് ആ പേരുണ്ടായത്. ഇക്കേരി രാജക്കന്മാരുടെ ഭരണകാലത്ത് സോമശേഖര നായ്ക്ക് ണ് ഈ കോട്ട പണിതത്. ഈ കോട്ടയ്ക്ക് സമീപമായി 45 ഗുഹകൾ അടങ്ങിയ ഒരു ആശ്രമവും ഉണ്ട്.

ബേക്കൽ കോട്ട

ബേക്കൽ കോട്ട

ഇന്ത്യയിലെ തന്നെ പ്രശസ്തമായ ഒരു കോട്ടയാണ് ബേക്കൽ കോട്ട. കാസർകോട് ജില്ലയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. 35 ഏക്കറോളം പരന്നുകിടക്കുന്ന ഈ കോട്ട ചെങ്കല്ലിൽ ആണ് നിർമ്മച്ചിരിക്കുന്നത്. മംഗലാപുരവും കരിപ്പൂരും ആണ് അടുത്തുള്ള വിമാനത്താവളങ്ങൾ കരിപ്പൂരിൽ നിന്ന് 180 കിലോമീറ്ററും. മംഗലാപുരത്ത് നിന്ന് 50 കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...