» »സ്വർഗ്ഗത്തേക്കാൾ സുന്ദരമായ കുദ്രേമുഖിലെ കാഴ്ചകൾ

സ്വർഗ്ഗത്തേക്കാൾ സുന്ദരമായ കുദ്രേമുഖിലെ കാഴ്ചകൾ

Written By:

പ്രകൃതി അതിന്റെ സൗന്ദര്യം കാണിക്കുന്നത് പല രൂപങ്ങളിലും ഭാവങ്ങളിലുമാണ്. മലകളും കുന്നുകളും നദികളും പർവ്വതങ്ങളും വെള്ളച്ചാട്ടങ്ങളും ഒക്കെ അതിന്റെ ഓരോ ഭാഗം മാത്രമാണ്. ഈ സൗന്ദര്യത്തെ പൂർണ്ണമായും ആസ്വദിക്കുവാൻ മനുഷ്യന് സാധിക്കില്ല എങ്കിലും ഒരു പരിധി വരെ ഇവയെ അറിയുവാൻ കഴിയും. അത്തരത്തിൽ പ്രകൃതിയോട് ചേർന്ന് പ്രകൃതിയെ അറിയുവാൻ പറ്റിയ ഇടമാണ് കുദ്രേമുഖ്.
മംഗലാപുരത്തു നിന്നും 96 കിലോമീറ്ററും ബെംഗളുരുവിൽ നിന്നും 330 കിലോമീറ്ററും അകലെയായാണ് കുദ്രേമുഖ് സ്ഥിതി ചെയ്യുന്നത്.
പച്ച നിറഞ്ഞ പുൽമേടുകളും ആകാശത്തു നിന്നും കാറ്റിന്റെ ഒപ്പം ഒഴുകിയിറങ്ങുന്ന മേഘപാളികളും ചെറിയ ചെറിയ അരുവികളും ചേരുന്ന ഒരു ചെറിയ വലിയ മല തന്നെയാണ് കുദ്രേമുഖ്.
കുതിരയുടെ മുഖത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന ഒരു കുന്നിൽ നിന്നുമാണ് സ്ഥലത്തിന് ഈ പേരു ലഭിക്കുന്നത്. വാക്കുകളിലും ചിത്രങ്ങളിലും ഒരിക്കലും ഒതുക്കി നിർത്താൻ കഴിയാത്ത കുദ്രേമുഖിന്റെ യഥാർഥ സൗന്ദര്യം അറിയണമെങ്കില്‍ ഇവിടം തീർച്ചയായും സന്ദർശിക്കണം. നിറയെ കാഴ്ചകൾ ഒരുക്കിയിരിക്കുന്ന കുദ്രേമുഖിന്റെ വിശേഷങ്ങൾ...

എവിടെയാണിത്?

എവിടെയാണിത്?

കർണ്ണാടകയിലെ കാപ്പി ഗ്രാമമെന്നറിയപ്പെടുന്ന ചിക്കമംഗളുരു ജില്ലയിലാണ് കുദ്രേമുഖ് സ്ഥിതി ചെയ്യുന്നത്. കർക്കല എന്ന സ്ഥലത്തു നിന്നും 48 കിലോ മീറ്ററും കലസ എന്ന സ്ഥലത്തു നിന്നും 20 കിലോമീറ്ററുമാണ് കുദ്രേമുഖിലേക്കുള്ള ദൂരം. മുല്ലയാനഗിരി കഴിഞ്ഞാൽ കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയും ഇതു തന്നെയാണ്.
കർണ്ണാടകയിലെ ദക്ഷിണ കന്നഡ. ഉഡുപ്പി, ചിക്കമംഗളുരു എന്നീ മൂന്നു ജില്ലകളിലായാണ് കുദ്രേമുഖ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണ് ഇവിടം. പ്രകൃതി സ്നേഹികളും ട്രക്കിങ് പ്രിയരുമാണ് ഇവിടുത്തെ പ്രധാന സന്ദർശകർ.

എങ്ങനെ പോകാം?

എങ്ങനെ പോകാം?

കോഴിക്കോടു നിന്നും യാത്ര പുറപ്പെടുമ്പോൾ കണ്ണൂർ-കാസർഗോഡ്-മംഗലാപുരം-കർക്കല-ബജിഗളി വഴിയാണ് കുദ്രേമുഖിൽ എത്തുക. കോഴിക്കോട് നിന്നും 340 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കണ്ണൂരിൽ നിന്നും 250 കിലോമീറ്ററും കാസർകോഡു നിന്നും 159 കിലോമീറ്ററും ബെംഗളുരുവിൽ നിന്നും 333 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ചിക്കമംഗളുരുവിൽ നിന്നും 107 കിലോമീറ്ററാണ് ദൂരം.

കുദ്രേമുഖ് ദേശീയോദ്യാനം

കുദ്രേമുഖ് ദേശീയോദ്യാനം

ചിക്കമംഗളുരുവിൽ നിന്നും 95 കിലോമീറ്റർ അകലെയാണ് കുദ്രേമുഖ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടം പ്രകൃതി സൗന്ദര്യത്തിന്റെ പേരിലാണ് കാഴ്ചക്കാരെ ആകർഷിക്കുന്നത്. കുതിരയുടെ മുഖത്തിന്റെ ആകൃതിയിലുള്ള ഒരു മലയിൽ നിന്നുമാണ് ദേശീയോദ്യാനത്തിന് ഈ പേരു ലഭിക്കുന്നത്.
കുദ്രേമുഖ്, കരേക്കട്ടെ, കലാസ, ഷിമോഗ എന്നീ നാലു ഭാഗങ്ങളായാണ് ഈ ദേശീയോദ്യാനം തിരിച്ചിരിക്കുന്നത്. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കൊണ്ട് ചുറ്റപ്പെട്ടാണ് ഇതുള്ളത്.

PC: Karunakar Rayker

കുദ്രേമുഖ് ട്രക്കിങ്

കുദ്രേമുഖ് ട്രക്കിങ്

കുദ്രേമുഖ് ദേശീയോദ്യാനത്തിന്റെ ഏറ്റവും വലിയ ആകർഷണം എന്നു പറയുന്നത് ഇവിടുത്തെ ട്രക്കിങ്ങാണ്. ചുറ്റോടു ചുറ്റുമായി കിടക്കുന്ന ഒട്ടേറെ ട്രക്കിങ് പാതകൾ ഇവിടെ കാണുവാൻ സാധിക്കും. സമുദ്ര നിരപ്പിൽ നിന്നും 1894 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തുകൂടിയുള്ള ട്രക്കിങ് എല്ലാ യാത്രക്കാരും കൊതിക്കുന്ന ഒന്നു തന്നെയാണ്. ഒക്ടോബർ മുതൽ മേയ് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്.
രാവിലെ ആറു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ഇവിടെപാർക്കിനുള്ളിലൂടെയുള്ള യാത്രയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം. 13 ട്രക്കിങ്ങ് റൂട്ടുകളാണ് ഇവിടെയുള്ളത്. ഏറ്റവും എളുപ്പമുള്ളതു മുതൽ കഠിനമായ റൂട്ടും ഇതിൽ ഉൾപ്പെടുന്നു.
1. സംസെ-കുദ്രേമുഖ്-സംസെ
2. നാവൂർ-ഹെവാല-കുദ്രേമുഖ്-നാവൂർ
3.നാവൂർ-കുദ്രേമുഖ്- സംസെ
4. ഹൊരനാട്-ശൃംഗേരി എന്നിവയാണ് ഇവിടുത്തെ പ്രധാന ട്രക്കിങ് പാതകൾ
ഇതിൽ എല്ലാം മൂന്നു മുതൽ അഞ്ച് ദിവസം വരെ സമയം എടുത്ത് ചെയ്യുന്ന ട്രക്കിങ്ങുകളാണ്.

PC:Ramesh Desai

ഹനുമാൻ ഗുണ്ടി

ഹനുമാൻ ഗുണ്ടി

പ്രകൃതി ദൃശ്യങ്ങളും ട്രക്കിങ്ങും ഒക്കെ മാറ്റി നിർത്തിയാൽ ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ആകർഷണമാണ് ഹനുമാൻ ഗുണ്ടി
വെള്ളച്ചാട്ടം. സുധാനബേ അഥവാ സുധാനബി വെള്ളച്ചാട്ടം എന്നും ഇതറിയപ്പെടുന്നു. കുദ്രേമുഖ് ദേശീയോദ്യാനത്തിന്റെ ഉള്ളിലായി മസനിരകൾക്കു സമീപമാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
സമുദ്രനിരപ്പിൽ നിന്നും 3268 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. 22 മീറ്റർ ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. ഒക്ടോബർ മുതൽ മേയ് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും യോജിച്ചത്. ഇവിടേക്ക് കുറച്ച് സാഹസികമായി മാത്രമേ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ.

PC: jesjose

കലാസാ

കലാസാ

ചിക്കമംഗളുരുവിലെ ക്ഷേത്രങ്ങളുടെ നഗരം എന്നാണ് കലാസ അറിയപ്പെടുന്നത്. വിശുദ്ധ നഗരമായി കണക്കാക്കപ്പെടുന്ന ഇവിടെ ഭദ്ര നദിയുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത്. ആത്മീയതയ്ക്കും പ്രകൃതി സൗന്ദര്യത്തിനും ഏറെ പേരുകേട്ട സ്ഥലം കൂടിയാണ് ഇവിടം.
ഹൈന്ദവ വിശ്വാസമനുസരിച്ച് വാരണാസിയിൽ പോകുന്നിടത്തോളം ഫലം നല്കുന്ന ഇവിടെ വെച്ചാണ് തന്റെയും പാർവ്വതി ദേവിയുടെയും വിവാഹം കാണുവാൻ ശിവന്‌ അഗസ്ത്യ മുനിക്ക് അനുമതി നല്കിയത്.
കലസേശ്വരനെ ആരാധിക്കുവാനാണ് ഇവിടെ കൂടുതലും വിശ്വാസികൾ എത്തിച്ചേരുന്നത്. സമുദ്ര നിരപ്പിൽ നിന്നും 807 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
കലസേശ്വര ക്ഷേത്രം, ഗിരിജാംബ ക്ഷേത്രം, ഹനുമാൻ ക്ഷേത്രം, വെങ്കിട്ടരാമന ക്ഷേത്രം,തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ

PC:Dineshkannambadi

ചിക്കമംഗളുരു

ചിക്കമംഗളുരു

ഇന്ത്യയിൽ ആദ്യമായി കാപ്പി കൃഷിക്ക് തുടക്കം കുറിച്ച സ്ഥലമെന്ന നിലയിൽ പ്രസിദ്ധമാണ് ചിക്കമംഗളുരു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടം കർണ്ണാടകയിലാണ് സ്ഥിതി ചെയ്യുന്നത്.
കൊച്ചുമകളുടെ നാട് നാട് (ചിക്ക - മഗളു - ഊര്) എന്നാണ് ചിക്കമഗളൂര്‍ എന്ന കന്നഡ വാക്കിന്റെ അര്‍ത്ഥം. ഇവിടത്തെ ഒരു നാട്ടുരാജാവിന്റെ മകള്‍ക്ക് സ്ത്രീധനമായി സമ്മാനിക്കപ്പെട്ടാണത്രെ ചിക്കമഗളൂര്‍ എന്ന ഈ സ്ഥലം. ഇതിനോടടുത്തായി ഹിരെ മഗളൂര്‍ എന്നുപേരായി മൂത്തമകളുടെ സ്ഥലവുമുണ്ട്. എന്തായാലും ഹിരമഗളൂര്‍ ഇപ്പോള്‍ ചിക്കമഗളൂര്‍ ജില്ലയുടെ ഭാഗമാണ്. ഏത് തരത്തിലുള്ള യാത്രികര്‍ക്കും വേണ്ടതെല്ലാം ഒരുക്കിവച്ചിരിക്കുന്ന അപൂര്‍വ്വമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ചിക്കമഗളൂര്‍.

PC:Mallikarjuna Sarvala

ബാബ ബുദാന്‍ ഗിരി

ബാബ ബുദാന്‍ ഗിരി

ചിക്കമഗളൂര്‍ യാത്രയില്‍ സഞ്ചാരികള്‍ ഒരുകാരണവശാലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ് ബാബ ബുദാന്‍ ഗിരി. സമുദ്രനിരപ്പില്‍ നിന്നും 1895 മീറ്റര്‍ ഉയരത്തിലാണ് ബാബ ബുദാന്‍ ഗിരി സ്ഥിതി ചെയ്യുന്നത്. ദത്തഗിരി ഹില്‍ റേഞ്ച് (ഇനം ദത്താത്രേയ പീഠം) എന്നും ഇതിന് പേരുണ്ട്. ചിക്കമഗളൂര്‍ ടൗണില്‍നിന്നും 28 കിലോമീറ്റര്‍ ദൂരെയുള്ള ബാബ ബുദാന്‍ ഗിരി ഹിന്ദുക്കളുടെയും മുസ്ലീംകളുടെയും ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്.

PC: S N Barid

മുല്ലയാനഗിരി

മുല്ലയാനഗിരി

ബാബ ബുദാന്‍ പര്‍വ്വതത്തിന്റെ ഭാഗമായുള്ള മുല്ലയനഗിരിയാണ് കര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്നും 1930 മീറ്റര്‍ ഉയര്‍ന്നുനില്‍ക്കുന്നു പശ്ചിമഘട്ടത്തിലെ മുല്ലയനഗിരി. ഹിമാലയത്തിനും നീലഗിരിക്കുമിടയില്‍ ഉയരത്തിന്റെ കാര്യത്തില്‍ ചെമ്പ്രാ പീക്, ബനോറ, വെള്ളരിമല എന്നീ കൊടുമുടികള്‍ക്ക് തൊട്ടുപിന്നിലാണ് മുല്ലയനഗിരിയുടെ സ്ഥാനം.


PC: Lakshmipathi23

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...