Search
  • Follow NativePlanet
Share
» »ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ അവിസ്മരണിയമായ ഒരു യാത്ര

ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ അവിസ്മരണിയമായ ഒരു യാത്ര

By Maneesh

സുന്ദരമായ കാഴ്ചകൾ കണ്ടുകൊണ്ടുള്ള റോഡ് യാത്രകൾ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. വിസ്മയകരമായ ഒരു റോഡ് യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതിന് പറ്റിയ ചില റോഡുകൾ ഇന്ത്യയിലുണ്ട്. ലേ - മണാലി റോഡ്, ഡറാഡൂണിലെ റോഡുകൾ, കൊടൈക്കനാൽ - മൂന്നാർ റോഡ്, നീലഗിരി ഘട്ട് റോഡുകൾ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇതുപോലെ തന്നെ മനോഹരമായ മറ്റൊരു റോഡ് ആണ് തമിഴ്നാട്ടിലെ ഈസ്റ്റ്കോസ്റ്റ് റോഡ്.

ബംഗാൾ ഉൾക്കടലിന്റെ തീരത്തുകൂടെ നീണ്ടുപോകുന്ന ഈ റോഡിലൂടെയുള്ള യാത്ര അതീവ സുന്ദരമായ അനുഭവമായിരിക്കും നിങ്ങൾക്ക് സമ്മാനിക്കുന്നത്. ഇരട്ടവരി പാതയായ തമിഴ്നാട്ടിലെ സ്റ്റേറ്റ് ഹൈവേ 49 എന്ന ഈസ്റ്റ് കോസ്റ്റ് റോഡ് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ മുതൽ കൂഡല്ലൂർ വരെയാണ് കടന്നുപോകുന്നത്.

അടുത്തകാലത്ത് ഈ റോഡ് തൂത്തുക്കൊടിവരെ നീട്ടിയിട്ടുണ്ട്. ചിദംബരം, കാരക്കൽ, നാഗൂർ, നാഗപട്ടണം, തിരുതുറൈപൂണ്ടി, മുത്തുപേട്ട്, ആദിരാംപട്ടിണം, മീമിസായ്, തോണ്ടി, രമനാഥപുരം, തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്.

ചെന്നൈമുതൽ തൂത്തുക്കുടിവരെയുള്ള ഈ റോഡിന്റെ നീളം 690 കിലോമീറ്റർ ആണ്. തൂത്തുക്കുടി മുതൽ കന്യാകുമാരി വരെ ഈ റോഡ് നീട്ടാൻ പദ്ധതിയുണ്ട്. 257 കോടി രൂപ ഈ പദ്ധതിക്കായി തമിഴ്നാട് സർക്കാർ അനുവദിച്ചിട്ടുണ്ട്.

ഇതാണ് ആ റോഡ്

ഇതാണ് ആ റോഡ്

ഈസ്റ്റ്കോസ്റ്റ് റോഡിലൂടെ പോകുമ്പോൾ സുന്ദരമായ നിരവധി ടൂറിസ്റ്റ് ആകർഷണങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. ക്ഷേത്രങ്ങൾ, മ്യൂസിയങ്ങൾ, സുന്ദരമായ സ്ഥലങ്ങൾ തുടങ്ങി നിരവധികാര്യങ്ങളുണ്ട് ഇവിടെ. നമ്മുക്ക് ഈസ്റ്റ്കോസ്റ്റ് റോഡിലൂടെ ചെന്നൈമുതൽ തൂത്തുക്കുടിവരെ കാഴ്ചകൾ കണ്ടുകൊണ്ട് ഒരു യാത്ര നടത്തിയാലോ?

ദക്ഷിണ ചിത്ര, മുരുഡീശ്വരർ ക്ഷേത്രം, ചോളമണ്ഡൽ കലാഗ്രാമം, മുട്ടുക്കാട് ബോട്ട് ഹൗസ്, ടൈഗർ ഗുഹ, മഹാബലിപുരം, മുത്തുപ്പെട്ട് ലഗൂൺ തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്.

ദക്ഷിണ ചിത്ര

ദക്ഷിണ ചിത്ര

ചെന്നൈയിൽ നിന്ന് ഈസ്റ്റ്കോസ്റ്റ് റോഡിലൂടെ 25 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ നമുക്ക് കാണാം കഴിയുന്ന ഒരു മ്യൂസിയമാണ് ദക്ഷിണ ചിത്ര. ദക്ഷിണേന്ത്യയെക്കുറിച്ച് വിശദമായ അറിവ് ലഭിക്കാൻ ഈ മ്യൂസിയം സന്ദർശിക്കുന്നതിലൂടെ നിങ്ങൾക്ക് സാധിക്കും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ ജനങ്ങളുടെ ജീവിത ശൈലി, കല, സംഗീതം, നൃത്തം, കരകൗശലം എന്നിവയുടെ മോഡലുകൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മദ്രാസ് ക്രാഫ്റ്റ് ഫൗണ്ടേഷൻ എന്ന സംഘടനയാണ് 1996ൽ ഈ മ്യൂസിയം സ്ഥാപിച്ചത്.

മുരുഡീശ്വരർ ക്ഷേത്രം

മുരുഡീശ്വരർ ക്ഷേത്രം

ഈസ്റ്റ്കോസ്റ്റ് റോഡിലൂടെ പോകുമ്പോൾ സഞ്ചാരികൾക്ക് സന്ദർശിക്കാവുന്ന മനോഹരമായ ശിവക്ഷേത്രമാണ് ഇത്. തിരുവാൻമിയൂരിൽ ബംഗാൾ ഉൾക്കടലിന്റെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ ചോള രാജാക്കൻമാരുടെ കാലത്താണ് ഈ ക്ഷേത്രം ഇത്രമാത്രം വിപുലീകരിച്ചത്.

ഒരു ഏക്കറിലായാണ് രണ്ട് ക്ഷേത്രഗോപുരങ്ങളും കുളവും അടങ്ങിയ ഈ ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തി പ്രാർത്ഥിച്ചാൽ രോഗം മാറുമെന്ന വിശ്വാസം നിലനിൽക്കുന്നതിനാൽ നിരവധി വിശ്വാസികളാണ് ദിവസവും ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.

ഈസ്റ്റ്കോസ്റ്റ് റോഡിലെ പ്രധാന ക്ഷേത്രമായ ഈ ക്ഷേത്രം നിലനിൽക്കുന്നത് അഡയാറിൽ നിന്ന് നാലുകിലോമീറ്റർ അകലെയായിട്ടാണ്. സാങ്കേതിക പരമായി ഇവിടം മുതലാണ് ഈസ്റ്റ്കോസ്റ്റ് റോഡ് ആരംഭിക്കുന്നത്.

ചോളമണ്ഡൽ കലാഗ്രാമം

ചോളമണ്ഡൽ കലാഗ്രാമം

1966ൽ ആണ് ഈ കലാഗ്രാമം സ്ഥാപിച്ചത്. മദ്രാസ് സ്കൂൾ ഓഫ് ആർട്സ് പ്രിൻസിപ്പാളും പ്രശസ്ത ചിത്രകാരനുമായിരുന്ന കെ സി എസ് പണിക്കരുടെ നേതൃത്വത്തിലാണ് ഈ കലാഗ്രാമം സ്ഥാപിച്ചത്. ഈസ്റ്റ് കോസ്റ്റ് റോഡിലൂടെയുള്ള യാത്രയിൽ സഞ്ചാരികൾക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു സ്ഥലമാണ് ഇത്.

ഇസ്കോൺ ക്ഷേത്രം

ഇസ്കോൺ ക്ഷേത്രം

2012 ഏപ്രിൽ 26നാണ് ഈ ക്ഷേത്രം ഇവിടെ സ്ഥാപിതമായത്. ഷോലിംഗനല്ലൂരിലെ അക്കരായിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഇസ്കോൺ സ്ഥാപിച്ച ഈ ശ്രീകൃഷ്ണ ക്ഷേത്രമാണ് തമിഴ്നാട്ടിലെ തന്നെ ഏറ്റവും വലിയ കൃഷ്ണ ക്ഷേത്രം. 1.5 ഏക്കറിലായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മുട്ടുകാട് ബോട്ട് ഹൗസ്

മുട്ടുകാട് ബോട്ട് ഹൗസ്

അടയാറിൽ നിന്ന് 23 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തമിഴ് നാട് ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് ഈ സ്ഥലം പരിപാലിച്ച് പോരുന്നത്. റോയിംഗ്(rowing) വിൻഡ് സർഫിംഗ്(wind surfing) വാട്ടർ സ്കീയിംഗ്(water skiing) സ്പീഡ് ബോട്ട് റൈഡിംഗ്(speedboat riding) തുടങ്ങിയ ആക്റ്റിവിറ്റികൾക്ക് ഇവിടെ സൗകര്യമുണ്ട്

തമീം അൻസാരി ദർഗ

തമീം അൻസാരി ദർഗ

തമിഴ്നാട്ടിലെ കോവ്‌ലോങിലാണ് (Covelong) പ്രശസ്തമായ ഈ മുസ്ലീം ദേവാലയം സ്ഥിതി ചെയ്യുന്നത്. പൗർണമി നാളിന് ശേഷമുള്ള ആദ്യത്തെ വ്യാഴാഴ്ചകളിൽ ഇവിടെ പ്രത്യേക പ്രാർത്ഥനകൾ നടക്കാറുണ്ട്. രാവിലെ 5 മണിമുതൽ രാത്രി 10 മണിവരെ ഈ ദർഗയിൽ സഞ്ചാരികൾക്ക് പ്രവേശനമുണ്ട്.

കോവ്‌ലോങ്

കോവ്‌ലോങ്

തമിഴ്നാട്ടിലെ ഒരു മത്സ്യബന്ധന ഗ്രാമമാണ് കോ‌വ്‌ലോങ്. ചെന്നൈയിൽ നിന്ന് 40 കിലോമീറ്റർ അകലെയായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്ന് 26 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. ചെന്നൈയിൽ നിന്ന് ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ മഹാബലിപുരത്തേക്കുള്ള യാത്രയ്ക്കിടെ സഞ്ചാരികൾക്ക് ചിലവിടാൻ പറ്റിയ സുന്ദരമായ ഒരു തീരമാണ് ഇത്.

ടൈഗർ കേവ്

ടൈഗർ കേവ്

മഹാപലിപുരത്തിന് അടുത്താണ് ടൈഗർകേവ് സ്ഥിതി ചെയ്യുന്നത്. കല്ലിൽകൊത്തിയേടുത്ത പുരാതന ക്ഷേത്രമാണ് ഇത്. എട്ടാം നൂറ്റാണ്ടിൽ പല്ലവ‌ന്മാർ നിർമ്മിച്ച മഹാബലിപുരം ശിലാ ക്ഷേത്രങ്ങളുടെ ഭാഗമാണ് ഈ ഗുഹയെന്നാണ് കരുതുന്നത്. ഇവിടെ നിന്ന് 5 കിലോമീറ്റർ അകലെയായിട്ടാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്.

മഹാബലിപുരം

മഹാബലിപുരം

പല്ലവരുടെ കാലത്ത് ബംഗാൾ ഉൾക്കടലിന്റെ തീരപ്രദേശത്ത് നിർമ്മിക്കപ്പെട്ട ഒരു തുറമുഖ നഗരമാണ് മഹാബലിപുരം. ഇവിടുത്തെ ശിലാക്ഷേത്രങ്ങളാണ് ഏറ്റവും പ്രശസ്തം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഈ സ്ഥലം. ചെന്നൈയിൽ നിന്ന് ഈസ്റ്റ്കോസ്റ്റ് റോഡിലൂടെ ഏകദേശം 60 കിലോമീറ്റർ യാത്ര ചെയ്യണം ഇവിടെ എത്താൻ. ചെന്നല്യിലെ തന്നെ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രമായ ഇവിടേയ്ക്ക് നിരവധി സഞ്ചാരികൾ എത്താറുണ്ട്. ചെന്നയിലെ കോയമ്പേട് ബസ് സ്റ്റാൻഡിൽ നിന്ന് ഇവിടേയ്ക്ക് വോൾവോ ബസുകൾ ലഭ്യമാണ്.

മുതലവളർത്തുകേന്ദ്രം

മുതലവളർത്തുകേന്ദ്രം

മഹാബലിപുരത്തിന് ഏകദേശം 14 കിലോമീറ്റർ അകലെയായാണ് ക്രോക്കോഡൈല്‍ ബാങ്ക് എന്ന് അറിയപ്പെടുന്ന മുതല വളർത്തുകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ചീങ്കണ്ണികള്‍, മുതലകള്‍, പല തരം പാമ്പുകള്‍ തുടങ്ങിയവയെ നമുക്ക് ഇവിടെ ചെന്നാൽ കാണാം.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുതല വളര്‍ത്തു കേന്ദ്രമായാണ് ക്രോക്കോഡൈല്‍ ബാങ്ക് അറിയപ്പെടുന്നത്. ഏകദേശം 3.2 ഹെക്ടര്‍ സ്ഥലത്തായി ഇത് വ്യാപിച്ചു കിടക്കുന്നു. പ്രവേശന ഫീസ്‌ : 30 രൂപ (കുട്ടികള്‍ക്കും).

ആലംപാറ കോട്ട

ആലംപാറ കോട്ട

പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരികൾ നിർമ്മിച്ച കോട്ടയാണ് ഇത്. ബ്രിട്ടീഷുകാർ ഈ കോട്ട നശിപ്പിച്ചുവെങ്കിലും ഇതിന്റെ അവശിഷ്ടങ്ങൾ പുരാവസ്തു വകുപ്പ് ഇപ്പോഴും സംരക്ഷിച്ചു പോരുന്നു.

മഹാബലിപുരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള കാടപ്പാക്കം ഗ്രാമത്തിന് അടുത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

പോണ്ടിച്ചേരി

പോണ്ടിച്ചേരി

കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി മുൻപ് ഫ്രഞ്ചുകാരുടെ കോളനിയായിരുന്നു. 2006 വരെ പോണ്ടിച്ചേരി എന്ന് അറിയപ്പെടുന്ന ഈ സ്ഥലം പുതുച്ചേരി എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. സഞ്ചാരികളെ കാത്ത് നിരവധി ബീച്ചുകളാണ് പോണ്ടിച്ചേരിയിൽ ഉള്ളത്. ഈസ്റ്റ്കോസ്റ്റ് റോഡിലാണ് പോണ്ടിച്ചേരി സ്ഥിതി ചെയ്യുന്നത്.

കൂഡല്ലൂർ

കൂഡല്ലൂർ

പോണ്ടിച്ചേരിയിൽ നിന്ന് 25 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന തമിഴ്നാട്ടിലെ മനോഹരമായ ഒരു നഗരമാണ് കൂഡല്ലൂർ. പഴയ നഗരം, പുതിയ നഗരം എന്ന് അറിയപ്പെടുന്ന രണ്ട് ഭാഗങ്ങളുണ്ട് കൂഡല്ലൂരിന്. തമിഴ്നാട്ടിലെ പുരാതന നഗരമായ കൂഡല്ലൂരിലൂടെയാണ് ഈസ്റ്റ്കോസ്റ്റ് റോഡ് ഇഴഞ്ഞു നീങ്ങുന്നത്.

കാരക്കൽ

കാരക്കൽ

പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശത്ത് ഉൾപ്പെടുന്ന ഒരു സ്ഥലമാണ് കാരക്കൽ. ചെന്നൈ, തൂത്തുക്കൂടി എന്നീ തുറമുഖങ്ങളോട് ചേർന്നുകിടക്കുന്നതാണ് കാരക്കൽ തുറമുഖം. ചെന്നൈ തൂത്തുക്കുടി എന്നീ തുറമുഖങ്ങളുടെ നടുവിലായാണ് ഈ തുറമുഖം സ്ഥിതി ചെയ്യുന്നത്. പോണ്ടിച്ചേരി പോലെ തന്നെ കാരക്കലും വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

നാഗൂർ

നാഗൂർ

തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് നാഗൂർ. കാരക്കലിൽ നിന്ന് 12 കിലോമീറ്ററും നാഗപട്ടണത്തിൽ നിന്ന് 5 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. തിരുവാരൂർ, മയിലാടുതുറൈ, എന്നീ നഗരങ്ങളാണ് ഇവിടുത്തെ സമീപ നഗരങ്ങൾ. നാഗൂർ ദർഗയാണ് ഇവിടുത്തെ പ്രധാന ആകർഷണം.

വേദാരണ്യം

വേദാരണ്യം

ഈസ്റ്റ്കോസ്റ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ക്ഷേത്ര നഗരമാണ് വേദാരണ്യം. വേളങ്കണ്ണിയിൽ നിന്ന് ഈ നഗരത്തിലേക്ക് പെട്ടെന്ന് എത്തിച്ചേരാൻ സാധിക്കും. ദേശാടന പക്ഷികൾ എത്താറുൾള കൊടിക്കരൈ ഇവിടെയാണ്. പ്രശസ്തമായ മാൻ സങ്കേതവും ഇവിടെയാണ്.

മുത്തുപ്പേട്ട് ലഗൂൺ

മുത്തുപ്പേട്ട് ലഗൂൺ

ബംഗാൾ ഉൾക്കടലിലേക്ക് കാവേരി നദി വന്നു ചേരുന്ന സ്ഥലത്താണ് മുത്തുപ്പേട്ട് ലഗൂൺ സ്ഥിതി ചെയ്യുന്നത്. കണ്ടൽക്കാടുകൾക്ക് പേരുകേട്ട സ്ഥലമാണ് ഇത്.

മനോര ഫോർട്ട്

മനോര ഫോർട്ട്

തഞ്ചവൂർ ജില്ലയിലെ തീരദേശഗ്രാമമായ മല്ലിപ്പട്ടണത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മറാത്ത ഭരണാധികാരിയായിരുന്ന സെർഫോജി രണ്ടാമനാണ് ഈ കോട്ട നിർമ്മിച്ചത്. എട്ടു തട്ടുകളായി ഷഡ്ഭുജ ആകൃതിയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടയുടെ അടിയിലൂടെ 65 കിലോമീറ്റർ അകലെയുള്ള തഞ്ചാവൂരിലേക്ക് ഒരു പാസേജ് ഉണ്ടെന്നാണ് വിശ്വാസം.

തൂത്തുക്കുടി

തൂത്തുക്കുടി

ഈസ്റ്റ്കോസ്റ്റ് റോഡ് അവസാനിക്കുന്ന സ്ഥലമാണ് തൂത്തുക്കുടി. തെക്കേ ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട തുറമുഖ നഗരമാണ് തൂത്തുക്കുടി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X