» »കേരളത്തിലെ അത്ഭുതക്കാഴ്ചയായ അഞ്ചുരുളി തുരങ്കം

കേരളത്തിലെ അത്ഭുതക്കാഴ്ചയായ അഞ്ചുരുളി തുരങ്കം

Written By: Elizabath

ഇയ്യോബിന്റെ പുസ്തകം എന്ന അമല്‍ നീരദ് സിനിമയും മഹേഷിന്റെ പ്രതികാരമെന്ന ദിലീഷ് പോത്തന്‍ സിനിമയും  ഉയര്‍ത്തിയ തരംഗങ്ങള്‍ ഇനിയും തീര്‍ന്നില്ല എന്നു മനസ്സിലാവുന്നത് ഇടുക്കിയിലെത്തുമ്പോഴാണ്. ഇടുക്കിയുടെ സൗന്ദര്യം മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ഒപ്പിയെടുത്ത ഈ സിനിമകളിലെ സ്ഥലങ്ങള്‍ അന്വേഷിച്ചെത്തുന്നവരുടെ എണ്ണത്തില്‍ ഇതുവരെയും കുറവ് വന്നിട്ടില്ല.

അത്ഭുതക്കാഴ്ചയായ അഞ്ചുരുളി തുരങ്കം

PC: Jayeshj

ഇയ്യോബിന്റെ പുസ്തകത്തില്‍ സഹോദരന്‍ അലോഷിയെ അക്രമിക്കാന്‍ വരുന്ന രംഗങ്ങള്‍ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സ്ഥലമാണ് അഞ്ചുരുളി തുരങ്കം.
പുറംലോകത്തിന് അത്രയൊന്നും പരിചിതമല്ലാത്ത, മൂന്നര കിലോമീറ്ററോളം ദൂരത്തില്‍ നീണ്ടുകിടക്കുന്ന അഞ്ചുരുളിയെന്ന അത്ഭുത തുരങ്കത്തിനെ അറിയാം.

പാറ തുരന്നുണ്ടാക്കിയ തുരങ്കം

അത്ഭുതക്കാഴ്ചയായ അഞ്ചുരുളി തുരങ്കം

PC:youtube

ഇടുക്കിയിലെ ഇരട്ടയാര്‍ അണക്കെട്ടില്‍ വെള്ളം നിറയുമ്പോള്‍ തുറന്നു വിടാനായി നിര്‍മ്മിച്ച തുരങ്കമാണ് അഞ്ചുരുളി തുരങ്കം. ഇതിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നു. ഇടുക്കി അണക്കെട്ടിന്റെ ക്യാച്ച് ഡാമായ ഇവിടം അഞ്ചു മലകള്‍ക്ക് നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. കമഴ്ത്തിവെച്ച ഉരുളിയുടെ ആകൃതിയിലുള്ള അഞ്ച് മലകളുള്ളതിനാല്‍ ആദിവാസികളാണ് അഞ്ചുരുളി എന്ന പേരിട്ടത്.


ഇടുക്കി ഡാമിന്റെ ആരംഭം
ഇരട്ടയാര്‍ അണക്കെട്ടില്‍ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നയിടമായതിനാല്‍ ഇതിനെ ഇടുക്കി ഡാമിന്റെ ആരംഭമെന്നും വിശേഷിപ്പിക്കാറുണ്ട്.

അത്ഭുതക്കാഴ്ചയായ അഞ്ചുരുളി തുരങ്കം

PC: Swarnavilasam

ഇടുക്കി അണക്കെട്ടില്‍ പൂര്‍ണ്ണമായും വെള്ളം നിറയുമ്പോള്‍ ടണലിന്റെ മുന്നില്‍ വരെ വെള്ളമെത്തുമത്രെ. ആയിരം അടിയോളം വെള്ളമുണ്ടാകുമെന്നാണ് കണക്ക്.

മുട്ടോളം വെള്ളമുള്ള ടണല്‍
എല്ലായ്‌പ്പോഴും മുട്ടറ്റത്തില്‍ വെള്ളം നിറഞ്ഞുകിടക്കുന്ന അഞ്ചുരുളി തുരങ്കം ഇത്തിരി അപകടകാരിയാണെന്നതില്‍ സംശയമില്ല. ടണലിനു മുന്നില്‍ നിന്നു നോക്കിയാല്‍ മറുവശം ചെറിയരൂപത്തില്‍ കാണാന്‍ സാധിക്കും. രണ്ടിടങ്ങളില്‍ നിന്ന് ഒരേസമയം നിര്‍മ്മാണം ആരംഭിച്ച് കൂട്ടിമുട്ടിച്ച തുരങ്കത്തിന്റെ ഒരു വശം ഇടുക്കി ഡാമിലേക്കും മറുവശം ഇരട്ടയാര്‍ ഡാമിലേക്കുമാണ് തുറന്നു കിടക്കുന്നത്. വേണ്ടത്ര വെളിച്ചവും മുന്‍കരുതലുകളുമില്ലാത്ത യാത്ര അപകടം വരുത്തിവെയ്ക്കും.

അത്ഭുതക്കാഴ്ചയായ അഞ്ചുരുളി തുരങ്കം

PC :ബിപിൻ

ശ്രദ്ധിക്കാന്‍
സഞ്ചാരികള്‍ക്ക് വേണ്ടത്ര സുരക്ഷ ഇവിടെ ലഭ്യമാക്കിയിട്ടില്ലാത്തതിനാല്‍ സന്ദര്‍ശിക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കാന്‍ ശ്രദ്ധിക്കണം. സുരക്ഷാ വേലികളില്ലാത്തതും കുളിക്കാനായി ജലാശയത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതും സെല്‍ഫി ഭ്രമവും ഇവിടെ ധാരാളം അപകടങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്.

അത്ഭുതക്കാഴ്ചയായ അഞ്ചുരുളി തുരങ്കം

PC: Rojypala

മഴക്കാലങ്ങളില്‍ തുരങ്കത്തിനുള്ളില്‍ കയറാന്‍ സാധിക്കില്ലെങ്കിലും വെള്ളം തുറന്നുവിടുന്നത് മനോഹരമായ കാഴ്ചയാണ്. തുരങ്കത്തിന്റെ ഉള്ളില്‍ അരക്കിലോമീറ്ററോളം ദൂരത്തില്‍ മാത്രമേ ആവശ്യമായ വെളിച്ചവും വായുവും ലഭ്യമാവുകയുള്ളൂ. അതില്‍ കൂടുതല്‍ പോകാന്‍ ശ്രമിക്കുന്നത് അപകടകരമാണ്.

എത്തിച്ചേരാന്‍

അത്ഭുതക്കാഴ്ചയായ അഞ്ചുരുളി തുരങ്കം

കട്ടപ്പനയില്‍ നിന്നും ഏലപ്പാറ വഴി ഒന്‍പതു കിലോമീറ്റര്‍ ദൂരത്തിലാണ് അഞ്ചുരുളി സ്ഥിതി ചെയ്യുന്നത്. കാഞ്ചിയാര്‍ കക്കാട്ടുകട ജംങ്ഷനില്‍ നിന്നും 2.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ടണലിനടുത്തെത്താം.