» »ആയിരം കാവുകളുള്ള ആര്യങ്കാവിന്റെ വിശേഷങ്ങൾ

ആയിരം കാവുകളുള്ള ആര്യങ്കാവിന്റെ വിശേഷങ്ങൾ

Written By:

ആര്യങ്കാവ്...കൊല്ലം ജില്ലയിൽ തെൻമലയും പാലരുവിയും ചെന്തുരുണി വന്യജീവി സങ്കേതവും കഴിഞ്ഞാൽ കൂടുതൽ സന്ദർശകർ എത്തിച്ചേരുന്ന ഇടം... പശ്ചിമഘട്ടത്തിന്റെ ചെരിവുകളിൽ കാടും വെള്ളച്ചാട്ടങ്ങളും റബർ തോട്ടങ്ങളും ഒക്കെയുള്ള ആര്യങ്കാവ് ക്ഷേത്രങ്ങൾക്കും ചന്ദനക്കാടുകൾക്കും കൂടി അറിയപ്പെടുന്ന സ്ഥലമാണ്. കുന്നുകളാൽ ചുറ്റപ്പെട്ടു നിൽക്കുന്ന ഇവിടുത്തെ കാഴ്ചകൾ ആരെയും ആകർഷിക്കുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല.
പാലരുവിയും കടമൻപാറ ചന്ദനക്കാടും ആര്യങ്കാവ് ശാസ്താ ക്ഷേത്രവും ഒക്കെ കഥപറയുന്ന ആര്യങ്കാവിന്റെ വിശേഷങ്ങൾ അറിയാം...

വരൂ...പോകാം...കാടുകയറാം പെണ്ണുങ്ങളേ...!!

എവിടെയാണിത് ?

എവിടെയാണിത് ?

കൊല്ലം ജില്ലയിലെ പുനലൂരിൽ ദേശീയപാത 744 ൽ തെൻമലയ്ക്കടുത്താണ് ആര്യങ്കാവ് സ്ഥിതി ചെയ്യുന്നത്. പശ്ചിമ ഘട്ടത്തിലൂടെ കടന്നു പോകുന്ന ഒരു മലയിടുക്കാണ് യഥാർഥത്തിൽ ആര്യങ്കാവ്. കൊല്ലത്തു നിന്നും 78 കിലോമീറ്ററും പുനലൂരിൽ നിന്നും 36 കിലോമീറ്ററും അകലെയാണ് ആര്യങ്കാവ് സ്ഥിതി ചെയ്യുന്നത്.

ആര്യങ്കാലിലെ കാഴ്ചകൾ!

ആര്യങ്കാലിലെ കാഴ്ചകൾ!

ആര്യങ്കാവിലെ ഭൂപ്രകൃതിയും പശ്ചിമ ഘട്ടത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകളും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കാര്യം. അതിൽ നിന്നും മാറി രാജഭരണത്തിന്റെ സമയം തുടങ്ങി ഒരു സുഖവാസ കേന്ദ്രമായി അറിയപ്പെട്ടിരുന്ന പാലരുവി, മറയൂർ ചന്ദനക്കാടുകൾ കഴിഞ്ഞാൽ അടുത്ത വലിയ ചന്ദനക്കാടായ കടമനപ്പാറ ചന്ദനക്കാട്, നെടുംപാറ, റോസ്മല, ആര്യങ്കാവ് ചുരം ആര്യങ്കാവ് ധർമ്മ ശാസ്താ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

PC:Anand Osuri

പേരുവന്ന വഴി

പേരുവന്ന വഴി

ആര്യങ്കാവിന് ആ പേര് വന്നതിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കാവുകളുമായി ബന്ധപ്പെട്ടതാണ്. ഇവിടെ ഒരുകാലത്ത് ആയിരം കാവുകൾ ഉണ്ടായിരുന്നുവത്രെ. അതിനാലാണ് ഇവിടം ആര്യങ്കാവ് എന്നറിയപ്പെടുന്നതെന്നാണ് ആ കഥ. ആര്യൻമാരുടെ ഇവിടേക്കുള്ള കടന്നു വരവുമായി ബന്ധപ്പെട്ടാണ് ആര്യങ്കാവ് എന്ന പേരുണ്ടായതെന്നും പറയപ്പെടുന്നു. മറ്റൊന്ന്, അയ്യന്റെ കാവ് സ്ഥിതി ചെയ്യുന്ന ഇടം എന്നതിൽ നിന്നുമാണ് ആര്യങ്കാവ് എന്ന സ്ഥലനാമം രൂപപ്പെട്ടതെന്നാണ്.

PC: Anand Osuri

പാലരുവി വെള്ളച്ചാട്ടം

പാലരുവി വെള്ളച്ചാട്ടം

ആര്യങ്കാവിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ പാലരുവി വെള്ളച്ചാട്ടം. പാലു പോലെ പതഞ്ഞു പതഞ്ഞു താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിക്ക് ഈ പേരു ലഭിച്ചത്. 91 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ നാല്പതാമത്തെ വലിയ വെള്ളച്ചാട്ടം കൂടിയാണ്. സഹ്യപർവ്വത നിരകളിലെ രാജക്കൂപ്പ് മലനിരകളിൽ നിന്നുമാണ് ഇത് ഉദ്ഭവിക്കുന്നത്. കൊല്ലത്തു നിന്നും 75 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
രാജഭരണകാലത്ത് രാജാക്കന്‍മാരുടെ പ്രധാന വിനോദ വിശ്രമ കേന്ദ്രങ്ങളിലൊന്നായിരുന്നു പാലരുവിയും സമീപ പ്രദേശവും. അതിന്റെ അടയാളങ്ങളായ തകർന്ന സ്നാനക്കുളം, വിശ്രമ കേന്ദ്രങ്ങൾ തുടങ്ങിയവ ഇവിടെ കാണാൻ സാധിക്കും.

PC:Jaseem Hamza

രോഗങ്ങൾ സുഖമാക്കുന്ന അത്ഭുത വെള്ളച്ചാട്ടം

രോഗങ്ങൾ സുഖമാക്കുന്ന അത്ഭുത വെള്ളച്ചാട്ടം


മലമുകളിൽ നിന്നും ഒഴുകിയെത്തുന്ന പാലരുവി വെള്ളച്ചാട്ടത്തിന് രോഗങ്ങൾ സുഖമാക്കുവാനുള്ള അത്ഭുത ശക്തി ഉണ്ടെന്നാണ് ഇവിടുത്തെ ആളുകൾ വിശ്വസിക്കുന്നത്. വനത്തിനകത്തെ ഔഷധച്ചെടികൾക്കിടയിലൂടെ ഒഴുകി വരുന്ന വെള്ളത്തിന് ഔഷധ ഗുണങ്ങൾ ഉണ്ടത്രെ. ഈ വെള്ളത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന വിശ്വാസത്തിൽ അയൽ ജില്ലകളിലും സംസ്ഥാനങ്ങളിലും നിന്ന് നൂറു കണക്കന് സഞ്ചാരികളാണ് ഇവിടെ ഓരോ ദിവസവും എത്തുന്നത്. അപൂർവ്വങ്ങളായ സസ്യങ്ങളും വൃക്ഷങ്ങളും മനോഹരമായ കാഴ്ചകളും ഇവിടെ കാണാൻ സാധിക്കും.

PC:Akhilsunnithan

ആര്യങ്കാവ് ധർമ്മ ശാസ്താ ക്ഷേത്രം

ആര്യങ്കാവ് ധർമ്മ ശാസ്താ ക്ഷേത്രം

പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്നു വിശ്വസിക്കപ്പെടുന്ന ആര്യങ്കാവ് ധർമ്മ ശാസ്താ ക്ഷേത്രം കൊല്ലം തെങ്കാശി ദേശീയ പാതയുടെ സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. കൗമാര ശാസ്താവിലെ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രം റോഡിൽ നിന്നും 35 അടി താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്. പരശുരാമൻ പ്രതിഷ്ഠിച്ച അഞ്ച് ധർമ്മ ശാസ്താ ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.
ക്ഷേത്രത്തിലെ നാലമ്പലത്തിൽ പത്തു വയസ്സിനും അൻപത് വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനമില്ല.
കേരള-തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാൽ രണ്ടു തരത്തിലുള്ള ആചാരങ്ങളും ഇവിടെ കാണാൻ സാധിക്കും. നാലമ്പലത്തിനുള്ളിൽ മലയാള ആചാരങ്ങൾ പിന്തുടരുമ്പോൾ ഉത്സവത്തിന് തമിഴ് ആചാരമാണ് ഉള്ളത്.
ശാസ്താവിന്റെ വിവാഹമാണ് ഇവിടുത്തെ ഏറ്റവും വലിയ ഉത്സം. അപൂര്‍വ്വ ചടങ്ങായ ഇത് തൃക്കല്യാണം എന്ന പേരിലാണ് അറിയപ്പെടുന്നത്.

PC:Zacharias D'Cruz

ക്ഷേത്രത്തിലെത്താൻ

ക്ഷേത്രത്തിലെത്താൻ

കൊല്ലം ജില്ലയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നാണ് ആര്യങ്കാവ് ധർമ്മ ശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊല്ലം-തെങ്കാശി ദേശീയ പാതയുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെത്താൻ കൊല്ലത്തു നിന്നും 73 കിലോമീറ്റർ ദൂരം സഞ്ചരിക്കണം.പുനലൂരിൽ നിന്നും 33 കിലോമീറ്ററും തെങ്കാശിയിൽ നിന്നും 21 കിലോമീറ്ററും ചെങ്കോട്ടയിൽ നിന്നും 13 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. മധുരൈ റെയിൽവേ ഡിവിഷനു കീഴിൽ വരുന്ന ആര്യങ്കാവാണ് അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ. തിരുവനന്തപും ഭാഗത്തു നിന്നും വരുന്നവർക്ക് തെൻമല-ചെങ്കോട്ട ഹൈവേ വഴി ഇവിടെ എത്തുന്നതാണ് എളുപ്പം.

അമ്പനാട് ഹിൽസ്

അമ്പനാട് ഹിൽസ്

കൊല്ലം ജില്ലയിലെ തേയില കൃഷിയുള്ള ഏക സ്ഥലമായ അമ്പനാട് കൊല്ലംകാരുടെ മൂന്നാർ എന്നാണ് അറിയപ്പെടുന്നത്.
കൊല്ലം ജില്ലയിൽ തെന്മലയ്ക്ക് അടുത്തായി പശ്ചിമഘട്ട മലനിരകൾക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന സുന്ദരമായ സ്ഥലമാണ് ഇത്. പുനലൂരിനും ചെങ്കോട്ടയ്ക്കും ഇടയിലുള്ള കഴു‌ത്തു‌രുട്ടിയിൽ നിന്ന് 12 കിലോമീറ്റർ അകലെയായാണ് അമ്പനാട് ഹിൽസ് സ്ഥിതി ചെയ്യുന്നത്. കൊല്ലത്തെ മൂന്നാർ എന്ന് വേണമെങ്കിൽ അമ്പനാടിനെ വിശേഷിപ്പിക്കാം. അത്ര സുന്ദരമായ കാഴ്ചകളാണ് അമ്പനാട്ട് എത്തിച്ചേരുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. ഏ‌‌തുകാലത്തും സുന്ദരമായ കാലവസ്ഥയാണ് ഈ സ്ഥല‌ത്തിന്റെ പ്ര‌ത്യേകത. പശ്ചിമഘട്ട മലനിരകളിലെ സുന്ദരമായ വനനിരകളും അരുവികളും വെള്ളച്ചാട്ടങ്ങളും ഇവിടെ നിന്ന് കാണാം. ബ്രി‌ട്ടീഷുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ബാംഗ്ലാവുകൾ, കുടമുട്ടി വെള്ളച്ചാട്ടം, മൂന്നു കുള‌ങ്ങൾ. സുന്ദരമായ കാഴ്ചകൾ ഒരുക്കുന്ന വ്യൂ പോയിന്റുകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങ‌ൾ. സഞ്ചാരികൾക്ക് പെഡൽബോട്ടിംഗ്, ട്രെക്കിംഗ് എന്നീ ആക്റ്റിവിറ്റികൾ നടത്താനും ഇവിടെ സൗകര്യമുണ്ട്. ‌തേയിലത്തോട്ടങ്ങൾ കൂടാതെ ഓറഞ്ച്, ജാ‌തിക്ക, സപ്പോട്ട എന്നിവയും ഇവിടെ വളരുന്നുണ്ട്.

കുടമുട്ടി വെള്ളച്ചാട്ടം

കുടമുട്ടി വെള്ളച്ചാട്ടം

അമ്പാനാട് എസ്റ്റേറ്റിനും വനത്തിനും ഇടയിലാണ് ഈ വെള്ളച്ചാ‌ട്ടം സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ യാത്ര ചെയ്ത് വേണം ഇവിടെ എത്തിച്ചേരാൻ. കൂ‌റ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിയാണ് വെള്ളം താഴേക്ക് പതിക്കുന്നത്. ഈറ്റക്കാടുകള്‍ നിറഞ്ഞ ഇവിടെ എത്തുന്നവര്‍ക്ക് വിശ്രമിക്കാന്‍ കൂറ്റന്‍ പാറപ്പരപ്പുണ്ട്. താമസവും ഭക്ഷണവും സഞ്ചാരികൾക്ക് ഇവിടുത്തെ ബംഗ്ലാവിൽ താമസിക്കാനുള്ള സൗകര്യവുമുണ്ട്. 2500 രൂപയാ‌ണ് ബംഗ്ലാവിൽ താമസിക്കുന്നതിനുള്ള വാടക. ഭക്ഷണ‌ത്തിന് 250 രൂപ അധികം നൽകണം.

PC: Radhakrishnancdlm

Read more about: kollam temple tamil nadu

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...