Search
  • Follow NativePlanet
Share
» »പുലിമുരുകന്‍റെ പൂയംകുട്ടിയിലെ ഒരിക്കലും മറക്കാനാവാത്ത യാത്ര...സന്തോഷ് കീഴാറ്റൂർ പറയുന്നു....

പുലിമുരുകന്‍റെ പൂയംകുട്ടിയിലെ ഒരിക്കലും മറക്കാനാവാത്ത യാത്ര...സന്തോഷ് കീഴാറ്റൂർ പറയുന്നു....

"പുലിമുരുകൻ സിനിമയുടെ പൂയംകൂട്ടി ലൊക്കേഷൻ, സന്ധ്യമയങ്ങിയാൽ എപ്പോൾ വേണമെങ്കിലും ആനയിറങ്ങുന്ന വഴിയിലൂടെ അന്നത്തെ ഷൂട്ടിങ്ങ് കഴിഞ്ഞ് തിരികെ പോവുകയാണ്. പാറകളും വേരുകളും ഒക്കെ നിറഞ്ഞ് വഴി പോലുമില്ലാത്ത വഴിയിലൂടെ ഒരു യാത്ര. ഓഫ് റോഡിങ്ങിന്‍റെ എക്സ്ട്രീം ലെവൽ. രണ്ടരമണിക്കൂറുകളോളം നീളുന്ന യാത്രയിൽ വണ്ടി പോകുന്നത് പിടിച്ചിരിക്കുവാൻ പോലും പറ്റാത്ത ഇടത്തുകൂടെ. ഉള്ളിൽ പേടി ഇത്തിരി അധികമുണ്ടെങ്കിലും ആരും മുഖത്ത് കാണിക്കുന്നില്ല. പെട്ടന്നാണ് കൺമുന്നിൽ കാട്ടാന ചവിട്ടിക്കൊന്ന ഒരു വൃദ്ധയുടെ മൃതദേഹം കാണുന്നത്" ഓർമ്മകളിൽ നിന്നും ആ യാത്രയെ

തിരികെ വിളിച്ചപ്പോളും നടൻ സന്തോഷ് കീഴാറ്റൂരിന്റെ സ്വരത്തിൽ നിന്നും ഭയം മാറിയിരുന്നില്ല. ഇതുവരെയുള്ള യാത്രകളിൽ മറക്കാനാവാത്ത ഒന്നായി ആ യാത്രയെ വിവരിക്കുമ്പോഴും യാത്രകളോടുള്ള ഇഷ്ടം മറച്ചുവെയ്ക്കുന്നില്ല മലയാളത്തിന്റെ പ്രിയ താരം സന്തോഷ് കീഴാറ്റൂര്‍.നാടകത്തെയും യാത്രകളെയും ഒരുപോലെ സ്നേഹിക്കുന്ന സന്തോഷ് കീഴാറ്റൂർ എന്ന അഭിനേതാവിന് യാത്ര വിട്ടൊരു ജീവിതം പറയാനുമില്ല. 91ല്‍ കന്യാകുമാരിയിലേക്ക് പോയ ജീവിതത്തിലെ ആദ്യ യാത്രയും പിന്നീട് കണ്ണൂരിൽ നിന്നും ചണ്ഡിഗഡ് വരെ നാടകവണ്ടിയിൽ നാടിനെ അറിഞ്ഞു പോയ യാത്രയും ഒക്കെ ഇന്നലെ കഴിഞ്ഞതുപോലെ

ഭദ്രമാണ് മനസ്സിൽ.

ദുല്‍ഖര്‍ നായകനായ വിക്രമാദിത്യന്‍ എന്ന ചിത്രത്തിലെ സന്തോഷ് കീഴാറ്റൂരിന്‍റെ പോലീസായ കള്ളന്‍ അച്ഛനെ പ്രേക്ഷകര്‍ ഇരുകൈയ്യോടെയുമാണ് സ്വീകരിച്ചത്. പിന്നീട് നിരവധി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. പുലിമുരുകനിലെ അച്ഛന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയും നാടകവും ഒരുപോലെ കൊണ്ടുപോരുമ്പോഴും യാത്രകളെ നെഞ്ചേറ്റുന്ന ആളാണ് കണ്ണൂരിന്‍റെ സ്വന്തം നടനായ സന്തോഷ്. സിനിമ തിരക്കുകള്‍ക്കിടയിലും താന്‍ ഇഷ്ടപ്പെടുന്ന ചില നല്ല യാത്രകള്‍ നേറ്റീവ് പ്ലാനറ്റിനോട് പങ്കുവെയ്ക്കുകയാണ് താരം.

നാടകവണ്ടിയിലെ നാടുകാണൽ

നാടകവണ്ടിയിലെ നാടുകാണൽ

യാത്രയെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ ആദ്യം

എത്തുന്നത് 25 വർഷങ്ങൾക്കു മുൻപ് കണ്ണൂരിൽ

നിന്നും ചണ്ഡീഗഡിലേക്ക് ഒരു നാടകവണ്ടിയിൽ

പോയ കഥയിലാണ്. 22 ആളുകളുമായി കണ്ണൂർ

സംഘചേതന നാടക സംഘത്തിന്റെ കൂടെ

നടത്തിയ യാത്രയെക്കുറിച്ച് പറയാതെ ഒന്നും

പൂർണ്ണമാവില്ല. മംഗലാപുരത്തു നിന്നും ജങ്കാറിൽ

കയറി മുംബൈയിലെത്തിയതും അവിടെ നിന്ന് ഫൂലംദേവിയുടെ ചമ്പൽക്കാട്ടിലൂടെ പോലീസ് അകമ്പടിയിൽ പോയതും ഒക്കെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ് സന്തോഷ് കീഴാറ്റൂരിന്. ബോംബെയും ഡെൽഹിയും പഞ്ചാബും ചണ്ഡിഗഡും ഒക്കെ കണ്ടുള്ള ഒരുമാസം നീണ്ടു നിന്ന യാത്രയും നാടകാവതരണങ്ങളും

തന്നെയാണ് താരത്തിന്‍റെ ഇന്നത്തെ യാത്രകൾക്കുള്ള പ്രചോദനം.

ഒരു പ്ലാനുമില്ലാത്ത യാത്രകൾ പൊളിയാണ്!

ഒരു പ്ലാനുമില്ലാത്ത യാത്രകൾ പൊളിയാണ്!

യാത്ര ചെയ്യാൻ വേണ്ടി നടത്തിയ യാത്രകളേക്കാൾ അധികം മനസ്സിൽ നിറ‍ഞ്ഞു നിൽക്കുന്നത് നാടകത്തിനും സിനിമയ്ക്കുമായി നടത്തിയ യാത്രകൾ തന്നെയാണ്. 1991 ൽ കന്യാകുമാരിയിലേക്ക് നടത്തിയ യാത്രയിൽ ഇന്നും ഓർത്തിരിക്കുന്നത് കന്യാകുമാരിയിലെ സൂര്യാസ്തമയവും അനന്തപുരിയുടെ രുചികളും അവിടുത്തെനാടൻ ഭക്ഷണവും തന്നെയാണ്.എങ്ങനെ പോകണമെന്നോ, എപ്പോൾ തിരികെ വരണമെന്നോ എവിടെ താമസിക്കണമെന്നോ ഒന്നും ചിന്തിക്കാതെ ഒറ്റ തോന്നലിൽ പോകുന്ന യാത്രകൾ പൊളിയാണ് എന്ന പക്ഷക്കാരനാണ് താരം.

ഭക്തിയും യാത്രയും ഒന്നിക്കുന്ന മൂകാംബിക

ഭക്തിയും യാത്രയും ഒന്നിക്കുന്ന മൂകാംബിക

പെട്ടന്നുള്ള തോന്നലിൽ ഒരു യാത്ര പോകാനൊരുങ്ങുമ്പോൾ എങ്ങോട്ട് എന്ന ചോദ്യത്തിന് രണ്ട് സ്ഥലങ്ങളേ താരത്തിന് പറയാനുള്ളൂ. അത് മൂകാംബികയിലേക്കും

കുടജാദ്രിയിലേക്കുമാണ്. കണ്ണൂരിൽ നിന്നും വണ്ടിയുമെടുത്ത് മൂകാംബികയിലെത്തി ക്ഷേത്ര ദർശനം കഴിഞ്ഞ് കുടജാദ്രിയിലേക്ക് ഒരു പോക്കാണ്. ഓഫ് റോഡിങ്ങിന്‍റെ രസം കഴിഞ്ഞാൽ പിന്നെ പിന്നെ കാടിനെ അറിഞ്ഞ് മുകളിലേക്ക്. സർവ്വജ്ഞ പീഠവും ചിത്രമൂലയും കണ്ട് ആ രാത്രി അവിടെക്കൂടി പിറ്റേന്ന് സൂര്യാസ്തമയവും കണ്ടായിരിക്കും മടക്കം.

 പണി മുടക്കിയ ബൈക്ക്

പണി മുടക്കിയ ബൈക്ക്

മൂകാംബികയിലേക്ക് പലപ്പോഴും ബൈക്കിലാണ് യാത്രയെങ്കിലും കുടജാദ്രി ഓഫ് റോഡിങ്ങിന് ജീപ്പ് തന്നെയാണ് തിരഞ്ഞെടുക്കുക. അതിനു പിന്നിൽ ഒരു കഥയുണ്ട്.ഒരിക്കൽ സുഹൃത്തായ സൂരജ് പുതിയിടത്തിനൊപ്പം കുടജാദ്രിയിൽ പോയതായിരുന്നു സന്തോഷ്. ജീപ്പിൽ നിന്നും മാറി ബൈക്കിൽ തന്നെ മുകളിലേക്ക് കയറിയാലോ എന്ന ചിന്തയിൽ ജീപ്പ് പോകുന്ന വഴിയിലൂടെ ബൈക്കിനെ പായിച്ചു. എന്നാൽ പിന്നീട് ബൈക്ക് പാതിവഴിയിൽ പണിമുടക്കിയതോടെ ഒരിക്കലും പിന്നെ അത്തരമൊരു പരീക്ഷണത്തിനു മുതിർന്നിട്ടില്ല.

 ഇനിയും നടക്കാത്ത ഒരു ബുള്ളറ്റ് യാത്ര

ഇനിയും നടക്കാത്ത ഒരു ബുള്ളറ്റ് യാത്ര

ജീവിതത്തിൽ ഒരിക്കലെങ്കിലും ഇന്ത്യ മുഴുവനായും ബുള്ളറ്റിൽ കറങ്ങണമെന്ന ആഗ്രഹമാണ് താരത്തിന്‍റെ യാത്ര സ്വപ്നങ്ങളിൽ അടുത്തത്. ഈ യാത്ര ആദ്യം പ്ലാൻ ചെയ്ത സുഹൃത്ത് ഇന്ത്യ കറങ്ങി വന്നെങ്കിലും ഷൂട്ടിങ്ങ് തിരക്കുകൾ കാരണം പോകാനായിരുന്നില്ല.

ഭക്ഷണം, രുചി, കാണാക്കാഴ്ചകൾ ...

ഭക്ഷണം, രുചി, കാണാക്കാഴ്ചകൾ ...

ഒരു നാടക നടനായതുകൊണ്ടു തന്നെ നാടിൻറെ

കാഴ്ചകളാണ് നടന് എന്നും പ്രിയപ്പെട്ടത്.

അറിയപ്പെടാത്ത നാടുകളും അവിടേക്ക് നാടകം

കളിക്കുവാനുള്ള യാത്രയും തനി നാട്ടുമ്പുറത്തെ

അനുഭവങ്ങളും അവിടുത്തെ നാടൻ രുചികളും

കാഴ്ചകളും ഒക്കെ നാടകവണ്ടിയിലെ യാത്രകൾ

ഇദ്ദേഹത്തിനു നല്കിയിട്ടുണ്ട്. നാടകത്തോടൊപ്പം

തന്നെ നിൽക്കുന്നതാണ് നാടുകാണാനുള്ള ആഗ്രഹങ്ങളും.

 ഭീകര ആംബിയൻസുകൾ!

ഭീകര ആംബിയൻസുകൾ!

അതിപ്പോൾ യാത്രയായാലും ഭക്ഷണമായാലും ഭീകര ആംബിയൻസുകൾ ആസ്വദിക്കുന്ന ഒരാളാണ് താനെന്ന് താരം പറയുന്നു. പുലിമുരുകന്റെ സമയത്തെ പൂയംകുട്ടി കാടുകളിലൂടെയുള്ള യാത്രയും മധുരൈരാജ ഷൂട്ടിങ്ങിന്റെ ഭാഗമായി ചെറായിയുടെ ഉള്ളിൽ കായലിന്റെ നടുവിലെ തുരുത്തിൽ പോയ അനുഭവവും കുട്ടനാട്ടിലെ ഷൂട്ടിങ്ങ് സമയത്ത് രാത്രിയിൽ കായലിനു നടുവിൽ കെട്ടുവള്ളത്തിൽ ഭക്ഷണം പാചകം ചെയ്തു കഴിച്ച കഥയും ഒക്കെ പറയുമ്പോള്‍ മനസിലെ യാത്രാ സന്തോഷങ്ങള്‍ പറയാതെ തന്നെ പങ്കുവെയ്ക്കുന്നുണ്ട് സന്തോഷ്.

ഇടുക്കി ഒരു മിടുക്കി തന്നെ

ഇടുക്കി ഒരു മിടുക്കി തന്നെ

ഏറ്റവും ഇഷ്ടപ്പെട്ട ഇടം ഏതാണ് എന്ന ചോദ്യത്തിന് മുന്നിൽ ഒരുത്തരത്തിൽ നിർത്തുവാൻ പറ്റാത്ത ഒരാളാണ് താരം. യാത്രകളുടെ അനുഭവങ്ങൾക്കും കാഴ്ചകൾക്കും അനുസരിച്ച് സ്വന്തം നാടായ കണ്ണൂരിലെ കീഴാറ്റൂർ മുതൽ വാഗമണ്ണും തേക്കടിയും ഇടുക്കിയുമൊക്കെ ആ ലിസ്റ്റിൽ മാറിമാറിവരും. പക്ഷെ, എന്തുസംഭവിച്ചാലും അതിൽ മിടുക്കി ഇടുക്കി തന്നെയാണെന്ന് സന്തോഷ് പറയുന്നു. ഒരു കാലത്ത് തൊട്ടടുത്തുള്ള വയനാട് പ്രിയപ്പെട്ട ഇടമായിരുന്നുവെങ്കിലും പണ്ടത്തെ ഭംഗി ആ നാടിനു നഷ്ടപ്പെട്ടുവെന്നാണ് സന്തോഷിന്റെ വാദം. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും ടൂറിസം ഒരു ബിസിനസാക്കി മാറ്റിയതുമെല്ലാം വയനാടിനെ കൊന്നുകളഞ്ഞെന്ന് വേദനയോടെ സന്തോഷ് പറയുന്നു.

യാത്രയും ഭക്ഷണവും...ദ റിയൽ കോംപോ!!

യാത്രയും ഭക്ഷണവും...ദ റിയൽ കോംപോ!!

രുചികൾ തേടിയുള്ള യാത്രകൾ അധികം നടത്താറില്ലെങ്കിലും പോകുന്നിടത്തെ രുചി അറിയണമെന്നു നിർബന്ധമുള്ളയാളാണ് താരം. ഒരു സ്ഥലത്തെത്തിയാൽ

അവിടുത്തെ പേരുകേട്ട രുചികൾ അറിയുവാനും കഴിക്കുവാനും ശ്രമിക്കാറുണ്ട്. അതിപ്പോ ഇടുക്കിയായാലും ദുബായിയാലും അങ്ങനെതന്നെയാണ്. 25 വർഷങ്ങൾക്കു മുന്‍പ് ചണ്ഡീഗഡിലേക്കുള്ള യാത്രയിൽ കഴിച്ച ചൂട് ദാൽഫ്രൈയുടെയും കനലിൽ നിന്നും നേരിട്ടെടുത്ത ചപ്പാത്തിയുടെയും അത്ര രുചി പിന്നീട് ഒരിടത്തു നിന്നും കിട്ടിയിട്ടില്ല എന്നു പറയുമ്പോൾ അറിയാം അത്.

ഓഫ് സീസൺ യാത്രകൾ

ഓഫ് സീസൺ യാത്രകൾ

കുടജാദ്രിയിലേക്ക് അധികമാരും പോകാത്ത മഴക്കാലമാണ് താരത്തിനു പ്രിയപ്പെട്ട സമയം. മഴക്കാലത്തെ കുടജാദ്രിക്ക് പ്രത്യേക ഭംഗിയാണ്. മഴയും മ‍ഞ്ഞും മാറിമാറി വരുന്ന കാട്ടിലൂടെ തെന്നിക്കിടക്കുന്ന പാറക്കെട്ടുകളിൽ ചവിട്ടിക്കയറുന്ന യാത്രയുടെ സുഖം മറ്റൊന്നിനുമില്ലെന്ന് സന്തോഷ് പറയുന്നു. അതുപോലെ ശബരിമലയിലേക്ക് നടത്തുന്ന യാത്രകളും താരത്തിന് ഏറെ പ്രിയപ്പെട്ടതാണ്. രാത്രി തുറന്ന ആകാശത്തിനു കീഴിൽ ശബരിമലയുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സമയം ചിലവഴിക്കുവാൻ പലപ്പോഴും സമയം കണ്ടെത്താറുണ്ട്. തിരക്ക് തീരെ കുറഞ്ഞ സമയത്താണ് ഇവിടേക്കുള്ള യാത്രകളും.

തുടരുന്ന യാത്രകൾ

തുടരുന്ന യാത്രകൾ

ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രകളിലാണ് താരം സന്തോഷം കണ്ടെത്തുന്നത്. കാസർകോഡ് പാണത്തൂരിനടുത്ത് ചിത്രീകരണം നടത്തുന്ന 'ഗ്രാമവാസി' എന്ന സിനിമയുടെ തിരക്കുകളിലാണ് ഇപ്പോൾ സന്തോഷ്.

ചിത്രങ്ങൾക്കു കടപ്പാട് ഫേസ്ബുക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more