യാത്രകൾ എന്നു ആസ്വദിക്കാനുള്ളതാണ്. ആരുടെ കൂടെയാണോ യാത്ര പോകുന്നത് അതിനനുസരിച്ച് വ്യത്യസ്തമായിരിക്കും അനുഭവങ്ങളും. എന്നാൽ സാധാരണ യാത്രകളിൽ നിന്നെല്ലാം വ്യത്യസ്തമായ അനുഭവങ്ങൾ നല്കുന്ന യാത്രയായിരിക്കും ഹണിമൂൺ യാത്രകൾ.
തികച്ചും വ്യത്യസ്തമായ രണ്ടു സംസ്കാരത്തിൽ നിന്നും വരുന്ന രണ്ടാളുകൾ വിവാഹത്തിലൂടെ ഒന്നു ചേരുമ്പോൾ സംഭവിക്കുന്നത് അത്ഭുതങ്ങളാണ്. യാത്രയിലൂടെ പരസ്പരം പരിചയപ്പെട്ട് മുന്നോട്ടു പോകാനുള്ള ഹണിമൂൺ യാത്രകൾ ഏതെങ്കിലും ഒരിടത്തേയ്ക്ക് പോയാൽ മതിയോ? പോര!! ജീവിതത്തെ തന്നെ പ്രണയത്തിലൂടെ അടയാളപ്പെടുത്തുന്ന ഹണിമൂൺ യാത്രകൾക്കു പറ്റിയ തമിഴ്നാട്ടിലെ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം

മേഘമലൈ
സാധാരണ കേട്ടുമടുത്ത ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ നിന്നും മാറി ഒരു കിടിലൻ ഡ്രൈവും കാഴ്ചകളും ഒക്കെയായി ആസ്വദിക്കുവാൻ പറ്റിയ സ്ഥലമാണ് മേഘമല. തമിഴ്നാട്ടിലെ തേനി ജില്ലയിൽ സ്ഥിതി ചെയ്യുന്ന മേഘമലൈ ഹണിമൂൺ യാത്രയ്ക്കായി ഒരു സംശയവും കൂടാതെ തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ്. കുന്നുകളും കാടുകളും മഞ്ഞും ഒക്കെയുള്ള ഇവിടം ഭൂമിയിലെ പറുദീസ എന്നാണ് അറിയപ്പെടുന്നത്.
PC:Shanmugam. M

മൂന്നാറിലും മേലെ
കാഴ്ചകളുടെയും സൗന്ദര്യത്തിന്റെയും കാര്യത്തില്‍ മൂന്നാറിനെ കടത്തിവെട്ടുന്ന ഇടമാണ് മേഘമല എന്ന കാര്യത്തിൽ സംശയമില്ല. രാവും പകലും ഇടതടവില്ലാതെ വീശുന്ന കാറ്റും പുകപോയെ എത്തുന്ന കോടമഞ്ഞുമാണ് ഇവിടുത്തെ പ്രത്യേകത. ചെരിഞ്ഞ പ്രതലത്തിൽ അടുക്കടുക്കായി വെച്ചിരിക്കുന്ന പോലുള്ള തേയിലത്തോട്ടങ്ങൾ കാണേണ്ട കാഴ്ച തന്നെയാണ്. 18 വളവുകൾ കയരി വേണം ഇവിടെ എത്തുവാൻ.

കൂനൂർ
തമിഴ്നാട്ടിലെ മറ്റൊരു പ്രധാനപ്പെട്ട ഹണിമൂൺ ഡെസ്റ്റിനേഷനാണ് കൂനൂർ. ഉയരങ്ങളിലെ തമിഴ്നാടിന്റെ കാഴ്ചകൾ കാണിക്കുന്ന ഇവിടം നീലഗിരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നീലഗിരിയിലെ മൂന്നു കുന്നുകളില1ന്നാമ് കൂനൂർ. ഒരു കാലത്ത ഊട്ടിയുടെ പ്രശസ്തിയിൽ സഞ്ചാരികൾ പാടേ തഴഞ്ഞ ഒരിടമായിരുന്നു കൂനൂർ. പിന്നീട് തിരക്കേറിയ ഊട്ടിയെ സഞ്ചാരികൾ കൈവിട്ടപ്പോൾ പകരം ഉയർത്തെഴുന്നേറ്റ ഇടമാണ് കൂനൂർ. വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്‍റുകളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ.
PC:Wikipedia

കൂനൂർ സ്പെഷ്യൽ
ഊട്ടിയുടേതിനു സമാനമായ കാഴ്ചകളും ഭൂപ്രകൃതിയുമാണ് കൂനൂരിനും ഉള്ളത്. കൂടാതെ വളരെ മനോഹരമായ വ്യൂ പോയിന്‍റുകളും ഇവിടെയുണ്ട്. ഇവിടെ എത്തിയാൽ പങ്കാളിയോടൊപ്പം കണ്ടിരിക്കേണ്ട നിരവധി സ്ഥലങ്ങളുണ്ട്.
കാതറീൻ വെള്ളച്ചാട്ടം, ലോസ് ഫാൾസ്, ഹിഡൻ വാലി, ഡോൾഫിൻസ് നോസ് തുടങ്ങിയവയാണ് ആ സ്ഥലങ്ങൾ.
PC: Sriram Rajkumar

ലവ്ഡെയ്ൽ
കൂനുരിനെപ്പോലെ തന്നെ ഊട്ടിയോട് പകരം വയ്ക്കാൻ സാധിക്കുന്ന ഇടങ്ങളിലൊന്നാണ് ലവ്ഡെയ്ൽ. ഊട്ടിയിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ലവ്ഡെയ്ൽ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ഊട്ടിയുടെ തിരക്കിൽ നിന്നും രക്ഷപെടാനായാണ് ആളുകൾ ഇവിടെ എത്തുന്നത്
സമുദ്ര നിരപ്പിൽ നിന്നും 7200 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
PC: Big Eyed Sol

ബ്രിട്ടീഷുകാർ കണ്ടെത്തിയ സ്ഥലം
കാലങ്ങളോളം സഞ്ചാരികളിൽ നിന്നും മറ്റും മറക്കപ്പെട്ടു കിടന്ന ഇടമായിരുന്നു ഇത്. ടോയ് ട്രെയില്‍ അഥവാ നീലഗിരി മൗണ്ടന്‍ റെയില്‍വേ സര്‍വ്വീസ് തുടങ്ങിയതിനു ശേഷമാണ് ലവ്‌ഡെയ്ല്‍ പുറത്തേക്ക് അറിയപ്പെട്ടു തുടങ്ങിയത്. എന്നാലും ഇവിടെ ഇപ്പോളും ഹണിമൂൺ ആഘോഷിക്കുന്നവരാണ് കൂടുതലായും എത്തിച്ചേരുന്നത്. പുറംലോകത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം ഇവിടം മുക്തമാണ് എന്നതാണ് പ്രധാന കാരണം.

കൊടൈക്കനാൽ
ഇന്ത്യയിൽ തന്ന ഏറ്റവും അധികം ആളുകൾ തിരഞ്ഞെടുക്കുന്ന ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് കൊടൈക്കനാൽ.മനോഹരമായ കാലാവസ്ഥയും തണുപ്പും കാണാനുള്ള കാഴ്ചകളും ഒക്കെയാണ് ഇവിടം സഞ്ചാരികൾക്കിടയിൽ പ്രശസ്തമാക്കി നിർത്തുന്നത്. പെർഫക്ട് കപ്പിൾസിനു പറ്റിയ പെർഫെക്ട് ഹണിമൂൺ ഡെസ്റ്റിനേഷനാണിത്. ഒട്ടേറെ സ്ഥലങ്ങളാണ് കൊടൈക്കനാലിനു ചുറ്റുംകാണുവാനായി ഉള്ളത്.
PC:Raj

കൊടൈ സ്പെഷ്യൽ
കൊടൈ തടാകം, ബിയർ ഷോലെ,ബെരിജം തടാകം, കോക്കേഴ്സ് വാക്ക്, ബ്രയാന്റ് പാർക്ക്, ബൈസൺ വെൽസ്, ഗ്രീൻ വാലി വ്യൂ, കുറിഞ്ഞി ആണ്ടവാർ ക്ഷേത്രം, പില്ലർ റോക്സ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങളും കാണേണ്ട കാഴ്ചകളും.

ചെന്നൈ
നഗരത്തിന്റെ കാഴ്ചകളിലേക്കും രസങ്ങളിലേക്കുമാണ് പുതിയ ജീവിതം ആദ്യം കാണേണ്ടത് എന്നു താല്പര്യമുള്ളവർക്ക് ചെന്നൈ പട്ടണം തിരഞ്ഞെടുക്കാം. കടൽത്തീരത്തുകൂടിയുള്ള റൊമാന്റിക് ആയ നടത്തവും ഷോപ്പിങ്ങ് മാളുകളിലൂടെയുള്ള അലഞ്ഞു തിരിയലും വ്യത്യസ്തമായ തമിഴ് രുചികളുടെ പരീക്ഷണവും ഒക്കെ ജീവിതത്തിലെ മറ്റൊരു അധ്യായത്തിനായിരിക്കും തുടക്കം കുറിക്കുക എന്ന കാര്യത്തിസ്‍ സംശയമില്ല.

ചെന്നൈയിൽ കറങ്ങുവാൻ
മറീന ബീച്ച് മുതൽ ചെന്നൈയിലെ സ്ഥലങ്ങള്‍ നീണ്ടു നിവർന്നു കിടക്കുകയാണ്. ചെന്നൈ സെൻട്രൽ, ഗവൺമെന്റ് മ്യൂസിയം, ഷോപ്പിങ്ങ് മാളുകള്‍ അങ്ങനെയങ്ങനെ നിരവധി സ്ഥലങ്ങളാണ് ഇവിടെയുള്ളത്.

കന്യാകുമാരി
കടലിൻറെ സൗന്ദര്യ ആസ്വദിക്കുവാൻ താല്പര്യമുള്ളവർക്ക് എളുപ്പത്തിൽ കേരളത്തിൽ നിന്നും പോയി വരുവാൻ സാധിക്കുന്ന സ്ഥലമാണ് കന്യാകുമാരി. സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും കാഴ്ചകൾ, കടൽത്തീരം. ബീച്ചുകൾ, ക്ഷേത്രം ഒക്കെയുള്ള ഇവിടുത്തെ കാഴ്ചകൾ നിങ്ങളുടെ ദിവസങ്ങളെ മനോഹരമാക്കും എന്നതിൽ സംശയമില്ല.

പോണ്ടിച്ചേരി
ഹണിമൂൺ ദിനങ്ങൾ മറ്റൊരു രാജ്യത്ത് ആഘോഷിക്കുന്നതിന്റെ ത്രില്ല് പകർന്നു തരുന്ന ഇടമാണ് പോണ്ടിച്ചേരി. ഒരു കാലത്ത് ഫ്രാൻസിന്റെ കോളനിയായിരുന്ന ഇവിടം അക്കാലത്തെ കാഴ്ചകൽ കൊണ്ടും കെട്ടിടങ്ങൾ കൊണ്ടും സമ്പന്നമാണ്. മാത്രമല്ല, ഫ്രെഞ്ച് സ്പെഷ്യൽ ഭക്ഷണങ്ങളും താമസ സൗകര്യങ്ങളും ഒക്കെ ഇന്നും ഇവിടെ ലഭ്യമാണ്.