» »കണ്ണൂരിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങള്‍

കണ്ണൂരിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങള്‍

Written By: Elizabath Joseph

തെയ്യങ്ങള്‍ക്കും തിറകള്‍ക്കും പേരുകേട്ട നാട്. വിപ്ലവങ്ങളിലൂടെ ലോകത്തിന്റെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു ദേശം...കോട്ടകളില്‍ കഥയെഴുതിയ നാട്... ഇത്രയും വിശേഷണങ്ങള്‍ ചേരുന്ന കണ്ണൂരിന് മറ്റൊരു പെരുമ കൂടിയുണ്ട്. കേരളത്തിലെ പ്രശസ്തവും പഴക്കം ചെന്നതുമായ ശിവക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇടമാണ് കണ്ണൂര്‍. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള അക്ലിയത്ത് ശിവക്ഷേത്രവും കുടകുകാര്‍ വന്ന് ഉത്സവം നടത്തുന്ന വയത്തൂര്‍ കാലിയാര്‍ശിവക്ഷേത്രവും ഒക്കെയുള്ള കണ്ണൂരിലെ ശിവക്ഷേത്രങ്ങളെ പരിചയപ്പെടാം...

അക്ലിയത്ത് ശിവക്ഷേത്രം

അക്ലിയത്ത് ശിവക്ഷേത്രം

കണ്ണൂരില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെ വന്‍കുളത്തു വയലിനു സമീപത്താണ് ആയിരം കൊല്ലം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന അക്ലിയത്ത് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിരാത മൂര്‍ത്തിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടില്‍ വയത്തൂര്‍ കാളിയാര്‍ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയി മടങ്ങിയ ഒരു ഗുരുക്കളുടെ തൊപ്പിക്കുടയില്‍ ഒരു കിളി വന്നുവത്രെ. വിചിത്രമായ രീതിയില്‍ ചിലക്കാന്‍ തുടങ്ങിയ കിളിയില്‍ പ്രത്യേകത കണ്ട അവര്‍ പ്രശ്‌നം വച്ചപ്പോള്‍ യത്തൂര്‍ കാളിയാര്‍ കിളിയുടെ രൂപത്തില്‍ അവിടെ വന്നതായാണ് തെളിഞ്ഞത്. ആ കിളി എത്തിയ എന്ന വാക്കില്‍ നിന്നുമാണ് അക്ലിയത്ത് എന്ന സ്ഥലപ്പേര് ഉണ്ടാവുന്നത്. നെയ്യഭിഷേകമാണ് ഇവിടുത്തെ പ്രധാന വഴിപാട്.
ഇവിടെ മഹാഭാരതത്തിലെ ധാരാളം രംഗങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്.

PC:Jishal prasannan

കരിവെള്ളൂര്‍ മഹാദേവ ക്ഷേത്രം

കരിവെള്ളൂര്‍ മഹാദേവ ക്ഷേത്രം

പരശുരാമനാല്‍ സ്ഥാപിതമായ പുരാതനമായ മഹാക്ഷേത്രമാണ് കരിവെള്ളൂര്‍ മഹാദേവ ക്ഷേത്രം. കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടുത്തെ പ്രധാന പ്രതിഷ്ഠ കരിവെള്ളൂരപ്പന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ ക്ഷേത്രത്തില്‍ കൂത്ത് വഴിപാടായി നടത്തിയാല്‍ കുട്ടികള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. മാത്രമല്ല, അപൂര്‍വ്വങ്ങളായ മത്തവിലാസം കൂത്ത്,വിരുത്തിക്കൂത്ത് എന്നിവ നടക്കുന്ന ക്ഷേത്രം കൂടിയാണിത്. കരിവെള്ളൂരിന്റെ നാഥനായാണ് കരിവെള്ളൂരപ്പന്‍ അറിയപ്പെടുന്നത്. കരിവെള്ളൂരില്‍ തന്നെ രണ്ടു മഹാശിവക്ഷേത്രങ്ങളുണ്ട്.

PC:RajeshUnuppally

പുത്തൂര്‍ മഹാദേവ ക്ഷേത്രം

പുത്തൂര്‍ മഹാദേവ ക്ഷേത്രം

കരിവെള്ളൂരില്‍ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ ശിവക്ഷേത്രമാണ് പുത്തൂര്‍ മഹാദേവ ക്ഷേത്രം. പരശുരാമന്‍ പ്രതിഷ്ട നടത്തി എന്നാണ് ഐതിഹ്യമെങ്കിലും ഇവിടുത്തെ ശിവലിംഗം സ്വയംഭൂവാണ് . പുത്തൂരപ്പന്‍ എന്നാണ് ശിവന്‍ ഇവിടെ അറിയപ്പെടുന്നത്. നൂറ്റിയെട്ടു ശിവാലയങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം ഒരു ചെറിയ കുന്നിനു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ദിവസവും മൂന്നു പൂജകളും രണ്ടു ശീവേലികളുമാണ് ഇവിടെ നടക്കുന്നത്.

PC:RajeshUnuppally

കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം

കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം

കപാലീശ്വര സങ്കല്‍പ്പത്തില്‍ ശിവനെ ആരാധിക്കുന്ന കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം കണ്ണൂരിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ്. രണ്ടു ശിവലിംഗ പ്രതിഷ്ഠയുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നൂകൂടയാണിത്. രണ്ടു ശിവലിംഗ പ്രതിഷ്ഠ എന്നതിലുപരി കപാലീശ്വര സങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠ എന്നതാണ് ഇവിടുത്തെ പ്രത്യേകത. കേരളാ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

PC:Lalsinbox

വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രം

വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതനമായ ശിവക്ഷേത്രമാണ് കണ്ണൂരിലെ ഉളിക്കലിനു സമീപം സ്ഥിതി ചെയ്യുന്ന വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രം. കുടകു നിവാസികള്‍ നാട്ടുകാരോട് ചേര്‍ന്ന് ഉത്സവം നടത്തുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്. എല്ലാ വര്‍ഷവും മകരമാസം ഒന്നുമുതല്‍ 12 വരെ നടത്തുന്ന ഈട്ടുത്സവമാണിവിടുത്തെ പ്രധാന ഉത്സവം. ഉത്സവത്തിനു വേണ്ട അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കുടകില്‍ നിന്നും കാളപ്പുറത്താണ് ഇവിടെ എത്തിക്കുന്നത്.

PC:Vinayaraj

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...