പൊള്ളുന്ന ആഭ്യന്തര യാത്രകൾ
ദീപാവലിക്കാലത്തെ യാത്രകളുടെ നിരക്ക് തൊട്ടാൽപൊള്ളുന്ന തരത്തിലാണ് വർധിച്ചിരിക്കുന്നത്. മുംബൈയില്‍ നിന്നും ഡൽഹിയിൽ നിന്നുള്ള വിമാന സർവീസുകൾ മിക്കവയും കുത്തനെ ടിക്കറ്റ് നിരക്ക് കൂട്ടിയിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള യാത്രകൾക്കും സ്ഥിതി വ്യത്യസ്തമല്ല. കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും ഡൽഹിയിലേക്കും മുംബൈയിലേക്കും ഇപ്പോൾ കുറഞ്ഞത് രണ്ടിരട്ടിയെങ്കിലും ടിക്കറ്റ് വർധനവുണ്ട്,
നേരത്തേ 5000 രൂപയ്ക്ക് താഴെമാത്രമായിരുന്ന കോഴിക്കോട്- ഡൽഹി ഇൻഡിഗോ വിമാന യാത്രയ്ക്ക് 8000 മുതൽ 9000 രൂപ വരെ ഇപ്പോൾ ഉയർന്നിട്ടുണ്ട്. നേരിട്ടല്ലാതത് യാത്രകൾക്ക് 22,000 രൂപ വരെ നല്കേണ്ടി വരും, കോഴിക്കോട്-മുംബൈ റൂട്ടിൽ എയർ ഇന്ത്യയിൽ നേരിട്ടുള്ള യാത്രയ്ക്ക് 6500 രൂപയും ബെംഗളൂരു വഴി 8000, ഹൈദരാബാദ് വഴി 11,000 രൂപയുമാണ് ഈടാക്കുന്നത്.
PC:Nils Nedel
വ്യത്യസ്തമല്ല മറ്റിടങ്ങളിലും!
മറ്റു നഗരങ്ങളിലും ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്ക് 25 മുതൽ 30 ശതമാനം വരെ വർധനവ് വന്നിട്ടുള്ളതായി വിവിധ എയര്‍ലൈനുകളുടെ നിരക്ക് പരിശോധിച്ചാൽ മനസ്സിലാകും. മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, ബാംഗ്ലൂർ എന്നീ നഗരങ്ങളിൽ നിന്നുള്ള വിമായാത്രകൾ വളരെ കൂടിയ ടിക്കറ്റ് നിരക്കാണുള്ളത്. കഴിഞ്ഞ ദിവസം തോമസ് കുക്ക് പുറത്തുവിട്ട കണക്ക് അനുസരിച്ച് ആൻഡമാനിനും മുംബൈയ്ക്കും ഇടയിലുള്ള ശരാശരി വിമാന നിരക്ക് ഏകദേശം ₹51000 ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ വർഷം ഇത് 19,000 രൂപയായിരുന്നു. മുംബൈയ്ക്കും ആൻഡമാനിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ വൺവേ വിമാന നിരക്ക് ₹23,269 ആണ് കാണിക്കുന്നത്. ഈ ദീപാവലി വാരാന്ത്യ കാലയളവിൽ ഡൽഹിക്കും പട്‌നയ്ക്കും ഇടയിലുള്ള ഏറ്റവും കുറഞ്ഞ വിമാനം ചാർജ് 16,408 രൂപയാണ്.
PC:Omar Prestwich
ദീപാവലിക്ക് വിദേശത്തുപോകാം
നാട്ടില്‍ കറങ്ങുവാൻ പണമില്ല, അപ്പോൾ വിദേശത്തു പോകുന്നതങ്ങനെയാ എന്നല്ലേ? ചോദിക്കുമ്പോൾ ശരിയാണല്ലോ എന്നു തോന്നുമെങ്കിലും ആലോചിച്ചാൽ സിംപിളാണ്. ആഭ്യന്തര യാത്രകൾക്കുള്ളത്രയും നിരക്ക് വിദേശയാത്രകൾക്കില്ല. എല്ലാ ലക്ഷ്യസ്ഥാനങ്ങളും ഈ പരിധിയിൽ വരില്ലെങ്കിലും സഞ്ചാരികളുടെ പ്രിയപ്പെട്ട നാടുകളായ തായ്ലൻഡ്, വിയറ്റ്നാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നതാണ് മുംബൈയ്ക്കോ ഗോവയ്ക്കോ ഒക്കെ വിമാനത്തിൽ പോകുന്നതിനേക്കാൾ ചിലവ് കുറവ്.
PC:Abhishek Singh
ടിക്കറ്റ് നിരക്ക് ഇങ്ങനെ
ദീപാവലി വാരാന്ത്യത്തോടനുബന്ധിച്ചുള്ള തിയതികളെ യാത്രകളുടെ നിരക്ക് എങ്ങനെയാണെന്നു നോക്കാം.മുംബൈ-ബാങ്കോക്ക് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത് 22,930 രൂപയിലാണ്. ഡൽഹി - തായ്ലൻഡ് യാത്രയാണെങ്കിൽ ടിക്കറ്റ് ആരംഭിക്കുന്നത് 11,357 രൂപയിലാണ്. ഇതു കൂടാതെ വിയറ്റ്നാമിലേക്കുള്ള വിമാനടിക്കറ്റുകളും യാത്രക്കാർക്ക് താങ്ങാവുന്ന വിധത്തിലുള്ളവയാണ്.
പോകാം ഈ ഇടങ്ങളിലേക്ക്
ഈ വർഷത്തെ ദീപാവലി യാത്രകൾക്കായി ആളുകൾ തിരഞ്ഞെടുത്തിരിക്കുന്നത് തായ്‌ലൻഡ്, സിംഗപ്പൂർ, മാലിദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളാണ്. നീണ്ട വാരാന്ത്യങ്ങൾ അവധികളായി ലഭിക്കുന്നതും മറ്റു പല ഇടങ്ങളെയും അപേക്ഷിച്ചുള്ള ചിലവ് കുറവുമാണ് ആളുകൾ ഈ ഇടങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം.
PC:Rayyu Maldives