ചില കാര്യങ്ങൾ നമ്മുടെ ആത്മവീര്യത്തെ പരീക്ഷിക്കാറുണ്ട്. നമ്മുടെ കഴിവിനെ വെല്ലുവിളിക്കുന്നതോ അല്ലെങ്കിൽ ഒരിക്കലും നേടുകയില്ലെന്നു കരുതി നമ്മളെ ഏൽപ്പിക്കുന്ന പണികളോ ഒക്കെയാകാം. ചിലർ അത് മാറ്റിവെക്കുമെങ്കിലും ഭൂരിഭാഗം പേരും തങ്ങളുടെ കഴിവിലൂടെയും ആത്മവിശ്വാസത്തിലൂടെയും കഠിനപ്രയത്നത്തിലൂടെയും അത് നേടുക തന്നെ ചെയ്യും. പറഞ്ഞു വന്നത് ചില ക്ഷേത്രങ്ങളെക്കുറിച്ചു പറയുവാനാണ്. അത്ര എളുപ്പത്തിൽ ഒരു യാത്ര സാധ്യമാക്കാത്ത നിരവധി ക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രകളും ഇതികഠിനമായ കയറ്റങ്ങളും ഒക്കെയായി ഒരു നിമിഷം നമ്മുടെ വിശ്വാസത്തെത്തെന്നെ പരീക്കുകയാണോ എന്നു പോലും സംശയിപ്പിക്കുന്ന തരത്തിൽ നമ്മെ ക്ഷീണിപ്പിക്കുന്ന യാത്രാ ഇടങ്ങൾ! അത്തരത്തിൽ നമ്മുടെ രാജ്യത്തെ എത്തിപ്പെടുവാൻ പ്രയാസമുള്ള ചില ക്ഷേത്രങ്ങൾ പരിചയപ്പെടാം...

കേദർനാഥ് ക്ഷേത്രം, ഉത്തരാഖണ്ഡ്
ഗർവാൾ ഹിമാലയൻ പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കേദർനാഥ് ക്ഷേത്രം ഇന്ത്യയിൽ ഏറ്റവുമധികം വിശ്വാസികളെത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണ്. . ഉത്തരാഖണ്ഡില്‍ രുദ്പ്രയാഗ് ജില്ലയിൽ മന്ദാകിനി നദിയുടെ തീരത്തായാണ് കേദര്‍നാഥ് സ്ഥിതി ചെയ്യുന്നത്. 12 ജ്യോതിർലിംഗ സ്ഥാനങ്ങളിലൊന്നായ ഈ ക്ഷേത്രം ശൈവവിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമാണ്. പഞ്ചകേദാര ക്ഷേത്രമായും ഇതിനെ കണക്കാക്കുന്നു. ആദിശങ്കരാചാര്യയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
21 കിലോമീറ്റര് ദൂരം ട്രക്കിങ് നടത്തി വേണം ഇവിടെക്ക് വരുവാൻ. നടന്നുവരുവാനല്ലാതെ, ഹെലികോപ്റ്റർ സൗകര്യം മാത്രമേ ഇവിടെയുള്ളൂ. കഠിനമായ യാത്രയാണെങ്കിൽ കൂടി ഓരോ വർഷവും ലക്ഷക്കണക്കിന് വിശ്വാസികളാണ് ക്ഷേത്രത്തിലെ തീർത്ഥാടന കാലയളവിൽ ഇവിടെ വരുന്നത്.

അമർനാഥ് ഗുഹാ ക്ഷേത്രം, ജമ്മു കാശ്മീർ
ഏറ്റവും കഠിനമായ യാത്ര വേണ്ടി വരുന്ന മറ്റൊരു തീർത്ഥാടന കേന്ദ്രമാണ് ജമ്മു കാശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രം. അമരത്വത്തിന്‍റെ നാഥനായ ശിവന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം അനന്തനാഗ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. അമർനാഥ് ഗുഹയിൽ മഞ്ഞിൽ രൂപപ്പെട്ട ശിവ ലിംഗം കാണുവാനാണ് വിശ്വാസികൾ ഇവിടേക്ക് വരുന്നത്. ശ്രാവണ മാസത്തിലെ ശുക്ലപക്ഷത്തോടെയാണ് ഈ ശിവലിംഗം രൂപപ്പെടുന്നത്. പിന്നീടത് പൗർണമി നാളിൽ പൂർണരൂപത്തിൽ എത്തുകയും കൃഷ്ണപക്ഷത്തിലെ അമാവാസി വരെ നിൽക്കുകയും ചെയ്യും. ഈ സമയങ്ങളിൽ ശിവൻ ഇവിടെ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. ശ്രീനഗറിൽ നിന്ന് 141 കിലോമീറ്റർ അകലെയായി സമുദ്ര നിരപ്പിൽ നിന്ന് 3888 മീറ്റർ ഉയരത്തിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെ ദുർഘടമായ പാതയാണ് ഇവിടെയുള്ളത്. ജൂലൈ - ആഗസ്റ്റ് മാസങ്ങളിൽ ആണ് അമർനാഥ് യാത്ര നടത്തുക.

തുംഗനാഥ് ക്ഷേത്രം
കഠിനമായ യാത്രകൾക്കവസാനം മാത്രം എത്തിച്ചേരുന്ന മറ്റൊരു ക്ഷേത്രമാണ് തുംഗനാഥ് ക്ഷേത്രം. പഞ്ചകേദാരങ്ങളിൽ ഒന്നുകൂടിയായ ഈ ക്ഷേത്രം, ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള ക്ഷേത്രം കൂടിയാണ്. അർജുനൻ നിർമ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. ആയിരത്തിലധികം വർഷങ്ങൾ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ശിവന്റെ കരങ്ങളാണ് ഇവിടെ ആരാധിക്കുന്നത്. കനത്ത മഞ്ഞുവീഴ്‌ച കാരണം നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല. ഉഖിമഠിലെ ചോപ്ത വരെ മാത്രമേ ഇവിടെ എത്തുവാന്‍ വാഹനസൗകര്യമുള്ളൂ. ബാക്കി ദൂരം, അതായത് നാലു കിലോമീറ്ററോളം ദൂരം നടന്നു വേണം ക്ഷേത്രത്തിലെത്തുവാൻ.

യമുനോത്രി ക്ഷേത്രം, ഉത്തരാഖണ്ഡ്
യമുനോത്രി നദിയുടെ ഉത്ഭവസ്ഥാനത്തിന് സമീപമാണ് യമുനോത്രി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചോട്ടാ ദാര്‍ദാമുകളിൽ ഒന്നാണ് ഈ ക്ഷേത്രം. ഉത്തരകാശി ജില്ലയിൽ
സമുദ്ര നിരപ്പില്‍ നിന്നും 3293 അടി ഉയരത്തില്‍ ഗര്‍വാലി ഹിമാലയന്‍ മലനിരകളുടെ താഴ്വാരത്തില്‍ ആണ് ക്ഷേത്രമുള്ളത്. അക്ഷയ ത്രിതീയ നാളില്‍ ആണ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറക്കുന്നത്. ദീപാവലിയുടെ അടുത്ത രണ്ട് നാളുകള്‍ക്ക് ശേഷം നട അടക്കുകയും ചെയ്യും.ശൈത്യകാലത്ത് വിഗ്രഹം ഖർസാലിയിലെ ശനി ദേവ് ക്ഷേത്രത്തിലേക്ക് മാറ്റുന്നു.
യമുനോത്രിയിലേക്കുള്ള യാത്ര ജാങ്കി ചാട്ടിയിൽ നിന്ന് ആരംഭിക്കുന്നു.
PC:Atarax42

കൈലാസ് മാനസരോവർ
ഇന്ത്യയിൽ നിന്നും എത്തിപ്പെടുവാൻ ബുദ്ധിമുട്ടുള്ള മറ്റൊരു തീർത്ഥാടന കേന്ദ്രമാണ് കൈലാസ് മാനസരോവർ യാത്രയുടെത്. കൈലാസ പർവതവും മാനസരോവർ തടാകവുമാണ് ഈ തീർത്ഥാടനത്തിൽ സന്ദര്‍ശിക്കുന്ന ഇടങ്ങൾ. ഹിന്ദു, ബുദ്ധ, ജൈന വിശ്വാസികള്‍ ഒരുപോലെ പ്രാധാന്യം നല്കുന്ന യാത്രയാണിത്. ടിബറ്റൻ സ്വയംഭരണ മേഖലയിലെ പടിഞ്ഞാറൻ ഹിമാലയൻ പർവതനിരകളിൽ ആണ് കൈലാസ മാനസോരവർ ഉള്ളത് എന്നതിനാൽ എത്തിച്ചേരുകാ എന്നത് മാത്രമല്ല, അതിനുള്ള നടപടിക്രമങ്ങളും ബുദ്ധിമുട്ടേറിയതാണ്. കൈലാസ് മാനസരോവർ സന്ദർശിക്കാൻ വിസ ആവശ്യമില്ല.30 പേരടങ്ങുന്ന ഓരോ ഗ്രൂപ്പായാണ് ഈ യാത്ര ചെയ്യുവാന്‍ കഴിയുക. അപേക്ഷിക്കുന്നവര്‍ക്ക് 6 മാസത്തിലധികം സാധുതയുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. ദുര്‍ഘടമായ യാത്രയായതിനാല്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ക്കും ഈ യാത്ര ചെയ്യുവാന്‍ സാധിക്കില്ല. 18 വയസ്സിന് താഴെയുള്ളവർക്കും 70 വയസ്സിന് മുകളിലുള്ളവർക്കും കൈലാസ് മാനസരോവർ യാത്രയ്ക്ക് അനുമതിയില്ല

കാർത്തിക് സ്വാമി ക്ഷേത്രം, ഉത്തരാഖണ്ഡ്
കാർത്തികേയനായി സമർപ്പിക്കപ്പെട്ടിട്ടുള്ള ഉത്തരാഖണ്ഡിലെ ഏക ക്ഷേത്രമാണ് രുദ്രപ്രയാഗ് ജില്ലയിലെ കാർത്തിക് സ്വാമി ക്ഷേത്രം. സമുദ്രനിരപ്പിൽ നിന്ന് 3050 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് 200 വർഷത്തോളം പഴക്കമുണ്ട്.
PC: Official Site

ശിഖർ ജി, ജാർഖണ്ഡ്
ജൈനമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന സ്ഥാനങ്ങളിൽ ഒന്നാണ് സിഖർ ജി ക്ഷേത്രം. 24 ജൈന തീർത്ഥങ്കരന്മാരിൽ 20 പേരും നിർവാണം പ്രാപിച്ച സ്ഥലമാണിതെന്നാണ് വിശ്വാസം. ഗിരിദിഹ് ജില്ലയിലെ പരസ്നാഥ് കുന്നിൽ ഏകദേശം 1350 മീറ്റർ ഉയരത്തിലാണ് ക്ഷേത്രത്തിലെത്തണമെങ്കിൽ പക്ഷേ, 28 കിലോമീറ്റർ ദൈർഘ്യമുള്ള കാൽനടയാത്ര വേണം. ഈ യാത്ര മധുബാനിയിൽ നിന്നാണ് ആരംഭിക്കുന്നത്.
PC:CaptVijay
താമരക്കുളത്തിലെ മൂകാംബിക, വെള്ളത്താൽ ചുറ്റപ്പെട്ട ശ്രീകോവില്‍, ദർശിച്ചാൽ വിദ്യാഭാഗ്യം!
ആയിരം ഇതളുള്ള താമസസിംഹാസനത്തിലെ പ്രതിഷ്ഠ, ആദ്യകാളിയുടെ രൂപം.. ദക്ഷിണേശ്വർ കാളി ക്ഷേത്രം