കേരളമെന്നു കേള്‍ക്കുമ്പോള്‍ ഏതൊരു സഞ്ചാരിക്കും ആദ്യം മനസ്സിലെത്തുന്നത് പച്ചപ്പ് തന്നെയാകും. കായലുകളും കാടും എല്ലാ ചേരുന്ന കാഴ്ചകള്‍ക്കപ്പുറത്തേയ്ക്ക് കേരളത്തെ വിദേശികള്‍ക്കിടയില്‍ അടയാളപ്പെടുത്തുന്ന കുറച്ചു കാര്യങ്ങള്‍കൂടിയുണ്ട്. സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളും തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ആചാരങ്ങളും പാരമ്പര്യങ്ങളും ആളുകളെ ഇവിടേക്ക് എത്തിക്കുന്നു. ആയുര്‍വ്വേദ ചികിത്സകള്‍ക്കായി കേരളത്തിലെത്തുന്ന വിദേശികളുടെ എണ്ണം മാത്രം മതി ഇതിനെ അടിവരയിട്ടു ഉറപ്പിക്കുവാന്‍. ഇതാ ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലേക്ക് വിദേശികളെ എത്തിക്കുന്ന. കേരളത്തിലെത്തിയാല്‍ വിദേശസഞ്ചാരികള്‍ പരീക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം...

ഹൗസ്ബോട്ട് യാത്ര
കേരളത്തിലെ യാത്രയില്‍ തീര്‍ച്ചയായും അനുഭവിച്ചറിയേണ്ട ഒന്നാണ് ഹൗസ് ബോട്ടുകളിലെ യാത്ര എന്ന കാര്യത്തില്‍ സംശയമില്ല. കേരളം സഞ്ചാരികള്‍ക്കു നല്കുന്ന ഏറ്റവും മികച്ച യാത്രാനുഭവങ്ങളില്‍ ഒന്നാണിത്. തടികൊണ്ടുള്ള തട്ടുകൾക്ക് മുകളിൽ ഓല മേഞ്ഞ മേൽക്കൂരയുള്ള ബോട്ടുകളാണിവ. ഭക്ഷണം ഉള്‍പ്പെടെയുള്ള പാക്കേജുകള്‍ ലഭ്യമാണ്. കായലിൽ നിന്ന് പിടിച്ച് മത്സ്യം പാചകം ചെയ്തു നല്കുന്നതടക്കമുള്ള രസകരമായ കാര്യങ്ങള്‍ ഇതില്‍ ആസ്വദിക്കാം. കായലുകളോട് ചേര്‍ന്നാണ് കൂടുതലും ഹൗസ് ബോട്ട് യാത്രകള്‍ ലഭ്യമായിട്ടുള്ളത്. ആലപ്പുഴ, കുമരകം, വേമ്പനാട് കായല്‍ തുടങ്ങിയ ഇടങ്ങളില്‍ ഏറ്റവും മികച്ച ഹൗസ് ബോട്ട് യാത്രകള്‍ ഉറപ്പുവരുത്താം.

കള്ളുചെത്തല്‍
കേരളത്തിലെ കായലുകളിലേക്കുള്ള യാത്രകളില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത ഒന്നാണ് കള്ളു രുചിക്കല്‍. നാടന്‍ ലഹരി പാനീയമായ കള്ള് വിദേശികളെ സംബന്ധിച്ച് കൗതുകമുള്ള കാഴ്ചയാണ്. കേരളത്തിലെ ഏറ്റവും പ്രകൃതിദത്ത പാനീയമാണിത്. താല്പര്യമുള്ലവര്ക്കായി കള്ളുചെത്തുന്ന കാഴ്ചയും കള്ളു രുചിക്കലും പല ഹോം സ്റ്റേകളിലും ലഭ്യമാക്കാറുണ്ട്.
PC:Arayilpdas

കൊട്ടവഞ്ചി യാത്ര
കേരളത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന രസകമായ മറ്റൊന്ന് കൊട്ടവഞ്ചിയിലുള്ള യാത്രയാണ്. കാടിന്‍റെ അകക്കാഴ്ചകളിലൂടെ, കൊട്ടവഞ്ചിയില്‍ കയറിപോകുന്നത് ഒരു ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കുവാനുള്ള യാത്രാനുവങ്ങള്‍ നല്കും. കോന്നിയിൽ നിന്ന് 10 കിലോമീറ്റർ അകലെ അടവി ഇക്കോ ടൂറിസം പദ്ധതി കൊട്ടവഞ്ചി യാത്രകള്‍ വാഗ്ദാനം ചെയ്യുന്നു. കോന്നി-അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കല്ലാറിലും കൂടാതെ ആങ്ങമൂഴിയിലും മാത്രമാണ് കേരളത്തില്‍ കുട്ടവഞ്ചിയില്‍ യാത്ര ചെയ്യാന്‍ സൗകര്യമുള്ളത്.
കോന്നിയിലെ തണ്ണിത്തോട്-മുണ്ടന്‍മൂഴിയിലാണ് കല്ലാര്‍ നദിയിലൂടെ കുട്ടവഞ്ചി യാത്രയുള്ളത്. ഗവിയിലേക്കുള്ള പ്രവേശന കവാടമായ ആങ്ങമൂഴിയിലും കൊട്ടവഞ്ചി യാത്രയുണ്ട്. പത്തനംതിട്ടയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ആങ്ങമൂഴി.

സാംസ്കാരിക അനുഭവങ്ങള്‍
കേരളത്തിലെ യാത്രയില്‍ നിര്‍ബന്ധമായും ഇവിടുത്തെ സംസ്കാരങ്ങളും ഉത്സവങ്ങളും അറിഞ്ഞിരിക്കണം. ഇവിടുത്തെ ഓരോ പ്രദേശത്തിനും സ്വന്തമായി കല, കലാരൂപങ്ങൾ, ആചാരങ്ങൾ, ഉത്സവങ്ങൾ എന്നിവയുണ്ട്. ഓരോന്നും ഓരോ തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ സാംസ്കാരിക ജീവിതം അനുഭവിക്കാൻ നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്
Photo by Vineeth Vinod

മത്സ്യബന്ധനം
ഒരു ജീവിതമാര്‍ഗ്ഗം എന്നതിലുപരി വിനോദസഞ്ചാരരംഗത്ത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന, വിദേശികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നായി മത്സ്യബന്ധനം മാറിയിട്ടുണ്ട്. കടലില്‍ പോയി മീന്‍ പിടിക്കുനന്തു മുതല്‍ ചൂണ്ടയിടൽ, അമ്പും വില്ലും ഉപയോഗിച്ചുള്ള മീൻപിടിത്തം, വല ഉപയോഗിച്ചുള്ള മീൻപിടിത്തം, മുളക്കെണി ഉപയോഗിച്ചുള്ള മീൻപിടിത്തം എന്നിങ്ങനെ മറ്റു രീതികളും വിദേശികള്‍ ഇവിടെയെത്തി പരിചയപ്പെടാറുണ്ട്. കൂടുതലും ഹോം സ്റ്റേകളും റിസോര്‍ട്ടുകളും ഇത്തരം സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്ക് നല്‍കാറുണ്ട്. മാതൃകാ വിനോദ സഞ്ചാരകേന്ദ്രമായ കുമ്പളങ്ങിയില്‍ ഉത്തരം കാര്യങ്ങള്‍ നേരിട്ടുപരിചയപ്പെടുവാനും ചെയ്യുവാനും സൗകര്യമുണ്ട്. അക്വാഫാമുകളിലും ഇത് ലഭ്യമാണ്.

ക്യാംപിങ്
ക്യാംപിങ് കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളിലൊന്നാണ്. മീശപ്പുലിമല, കൊളക്കുമല പോലുള്ല ഇടങ്ങളില്‍ ട്രക്കിങ്ങും ക്യാംപിങ് സൗകര്യങ്ങളും ലഭ്യമാണ്. മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും ടെന്‍റ് സ്റ്റേ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്ക് നല്കുന്നു.

ആയുര്‍വ്വേദം
കേരളത്തെ വിനോദസഞ്ചാരികളുടെ പറുദീസാ ആക്കിമാറ്റുന്ന ഘടകങ്ങളിലൊന്ന് ഇവിടുത്തത ആയുര്‍വ്വേദ ചികിത്സാ രീതികളാണ്. ശരീരത്തെയും മനസ്സിനെയും ഒരുപോലെ ചെറുപ്പമാക്കുന്ന പല ആയുര്‍വ്വേദ ചികിത്സകളും മസാജുകളും പഞ്ചകര്‍മ്മ ചികിത്സകളും കേരളത്തില്‍ ലഭ്യമാണ്. രണ്ടും മൂന്നും ദിവസങ്ങള്‍ മുതല്‍ ആഴ്ചകള്‍ വരെ നീണ്ടുനില്‍ക്കു ആയുര്‍വ്വേദ പാക്കേജുകളില്‍ വിദേശികള്‍ കേരളം സന്ദര്‍ശിക്കുന്നു. കുട്ടനാട്ടിലെയും കോവളത്തെയും കുമരകത്തെയും ആലപ്പുഴയിലെയുമെല്ലാം റിസോര്‍ട്ടുകളില്‍ ഈ സൗകര്യങ്ങള്‍ ലഭിക്കും. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയാണ് കേരളത്തിലെ പ്രധാന ആയുര്‍വ്വേദ ചികിത്സാ കേന്ദ്രം

ഗ്രാമീണ ടൂറിസം
കേരളത്തിന്‍റെ ഗ്രാമങ്ങളെ പരിചയപ്പെട്ട് അറിഞ്ഞുള്ള യാത്രയാണ് ഗ്രാമീണ ടൂറിസം വഴി ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ ആളുകളെ കൂടി ഉള്‍പ്പെടുത്തി നടത്തുന്ന വില്ലേജ് ടൂറിസം വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ആളുകള്‍ക്ക് ഉപജീവനമാര്‍ഗ്ഗവും നല്കുന്നു. റെസ്പോണ്‍സിബിള്‍ ടൂറിസത്തിന്റെ ഭാഗമായാണ് കേരളത്തില്‍ വില്ലേജ് ടൂറിസം വന്നിരിക്കുന്നത്. സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്തങ്ങൾ ഉൾക്കൊള്ളുന്ന 'ട്രിപ്പിൾ-ബോട്ടം-ലൈൻ' ദൗത്യമാണ് മിഷൻ വിഭാവനം ചെയ്യുന്നത്.
കുമരകം, കോവളം, വൈക്കം, തേക്കടി, അമ്പലവയല്‍, ബേപ്പൂര്‍, ബേക്കല്‍, വൈത്തിരി, കണ്ണൂര്‍, കോഴിക്കോട്, അയ്മനം, പൊന്നാനി, മടവൂര്‍പ്പാറ എന്നിവിടങ്ങളിലാണ് കേരളത്തില്‍ വില്ലേജ് ടൂറിസം ഉള്ളത്.

ഉത്സവങ്ങളും ആഘോഷങ്ങളും
കേരളമെന്താണ് എന്നറിയണമെങ്കില്‍ ഇവിടുത്തെ ഉത്സവങ്ങളും പൂരങ്ങളും കൂടിയാല്‍ മതി, തൃശൂര്‍ പൂരവും നെന്മാറ വേലയും കൊടുങ്ങല്ലൂര്‍ ഭരണിയും ആറ്റുകാല്‍ പൊങ്കാലയും ആറാട്ടുപുഴ പൂരവും വടക്കന്‍ മലബാറിലെ തെയ്യങ്ങളും എല്ലാം കേരളത്തിന്റെ സ്വന്തം ആഘോഷങ്ങളാണ്. പ്രാദേശിക ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും അനുസൃതമായി ഉത്സവ തീയതി മാറിയേക്കാം. അതിനനുസരിച്ച് നിങ്ങളുടെ യാത്ര ക്രമീകരിക്കുവാന്‍ ശ്രദ്ധിക്കുക.
PC:Arunjayantvm

കേരളസദ്യ
കേരളത്തിലെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുവാനുള്ള എളുപ്പവഴി സദ്യ ആസ്വദിക്കലാണ്. പതിനാറ് മുതല്‍ അറുപത് വരെ വിഭവങ്ങളുമായി വിളമ്പുന്ന സദ്യകള്‍ വായില്‍ കപ്പലോടിക്കുവാന്‍ പര്യാപ്തമാണ്. ദേശങ്ങള്‍ക്കനുസരിച്ച് വിളമ്പലിലും രുചികളിലും വ്യത്യാസങ്ങള്‍ ഉണ്ടാകും.
തിരുപ്പതിക്ക് പകരം പോകാം ഈ ക്ഷേത്രത്തില്‍,തിരുവനന്തപുരത്തു നിന്നും 150 മാത്രം കിമീ അകലെ
പട്ടുമല മുതല്‍ മര്‍മല വരെ... വാഗമണ്‍ യാത്രയില്‍ കാണാം ഈ സ്ഥലങ്ങള്‍