ഗെയിം ഓഫ് ത്രോണ്‍സ്... ലോകത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ടെലിവിഷന്‍ സീരിസ്.. വെസ്റ്ററോസ് എന്ന രാജ്യവും അത് നേടിയെടുക്കുവാനായുള്ള യുദ്ധതന്ത്രങ്ങളും ഏറ്റുമുട്ടലുകളും ചേരുന്ന ഫാന്‍റസി ഡ്രാമയിലെ കഥകള്‍ പ്രേക്ഷകരെ ആവേശത്തിന്‍റെ അങ്ങേത്തലയ്ക്കലെത്തിക്കുന്നവയാണ്. പരമ്പരയില്‍ കാണിച്ചിരിക്കുന്ന സ്വപ്നതുല്യമായ ഇടങ്ങള്‍ പ്രക്ഷകരുടെ മനസ്സില്‍ അന്നേ കയറിപ്പറ്റിയിട്ടുണ്ട്. സാങ്കല്പിക ലോകത്തിലെ ഈ ഇടങ്ങള്‍ ചിത്രീകരിച്ച ഇടങ്ങള്‍ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്ത ഒരു ഗെയിം ഓഫ് ത്രോണ്‍സ് ഫാന്‍ പോലും കാണില്ല. ഇപ്പോഴിതാ ഈ സ്വപ്നവും യാഥാര്‍ത്ഥ്യമാകുവാന്‍ പോവുകയാണ്. സെയില്‍ ക്രോയേഷ്യയുടെ ഗെയിം ഓഫ് ത്രോണ്‍സ് തീമിലുള്ള ക്രൂസ് യാത്ര ഈ സീരിസ് ചിത്രീകരിച്ച പ്രധാന ഇടങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നു. ഈ യാത്രയെക്കുറിച്ചും ഇതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

സെയില്‍ ക്രോയേഷ്യ
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്‍റെ വിവിധ ഭാഗങ്ങളിലായാണ് ഗെയിം ഓപ് ത്രോണ്‍സ് പരമ്പരയുടെ ഭൂരിഭാഗങ്ങളും ചിത്രീകരിച്ചത്. ഒപ്പം തന്നെ ക്രോയേഷ്യയിലെ നിരവധി സെറ്റുകളിലും ചിത്രീകരണം നടന്നിരുന്നു. ക്രൊയേഷ്യയിലെ ഈ സ്ഥലങ്ങളിലേക്കുള്ള യാത്രയാണ് സെയില്‍ ക്രോയേഷ്യ നടത്തുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് തീമിലുള്ള ഇവരുടെ ക്രൂസില്‍ ഏഴു ദിവസത്തെ യാത്രയില്‍ സീരിസില്‍ കണ്ട പല ഇടങ്ങളും നേരിട്ട് കാണാം.

പരമ്പരയിലൂടെ
ഡ്രാഗൺ തടവറകൾ സ്ഥിതി ചെയ്യുന്ന ഡയോക്ലെഷ്യൻസ് കൊട്ടാരമുള്ള സ്‌പ്ലിറ്റിൽ നിന്നാണ് യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതും. ഈ യാത്രയിൽ ഗെയിം ഓഫ് ത്രോൺസ് മ്യൂസിയത്തിലേക്കുള്ള പ്രവേശനവും ഉൾപ്പെടുന്നു, സിനിമയിലുപയോഗിച്ച വസ്ത്രങ്ങള്‍, കളക്റ്റേഴ്സ് ഐറ്റം, വലിയ പ്രതിമകള്‍ രൂപങ്ങള്‍ എന്നിവയെല്ലാം കാണാന്‍ സാധിക്കും.

ഹൗസ് ഓഫ് ദി ഡ്രാഗൺ
യാത്രയുടെ ആദ്യ ദിനം മകർസ്ക റിവിയേരയിലേക്കാണ് പോകുന്നത്. ബീച്ചുകള്‍, പര്‍വ്വതങ്ങള്‍, ഇവിടുത്തെ അതിമനോഹരമായ നിര്‍മ്മിതികള്‍ എന്നിങ്ങനെ നിരവധിയുണ്ട് കാണുവാന്‍. ഇവിടെ നിന്നും കിംഗ്സ് ലാന്‍ഡിങ്ങിലേക്കാണ് അടുത്തതായി പോകുന്നത്. ഈ യാത്രയില്‍ ഹൗസ് ഓഫ് ദി ഡ്രാഗൺ പ്രീമിയർ ഷോ കാണുവാനും അവസരം ഒരുക്കിയിട്ടുണ്ട്.

കിംഗ്‌സ് ലാൻഡിംഗ്
കിംഗ്‌സ് ലാൻഡിംഗിലെ രംഗങ്ങള്‍ ഓരോ ഗെയിം ഓഫ് ത്രോണ്‍സ് പ്രേമിയും മറക്കില്ലാത്തവയാണ്. നിരവധി ഐതിഹാസിക രംഗങ്ങളുള്ള ഡുബ്രോവ്‌നിക് നഗരം നിങ്ങള്‍ക്കു യാത്രയില്‍ കാണാം. റെഡ് കീപ്പ്, ബ്ലാക്ക്‌വാട്ടർ ബേ, വാക്ക് ഓഫ് ഷെയിം എന്നിവയെല്ലാം ഈ യാത്രയില്‍ നിങ്ങള്‍ കടന്നുപോകുന്ന ഇടങ്ങളാണ്. നടന്നാണ് ഈ സ്ഥലങ്ങള്‍ നിങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നത്. തുടർന്ന് ലോക്റം ദ്വീപിലേക്കുള്ള യാത്രയാണ്. ഈ യാത്രയില്‍ ക്വാര്‍ത്ത് (Qarth) എന്താണെന്നും നിങ്ങള്‍ക്ക് നേരിട്ടു കണ്ടു മനസ്സിലാക്കാം.

വൈൻ ടേസ്റ്റിങ്
ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമായ ടൈറിയോൺ ലാനിസ്റ്ററിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്റ്റാലിൻ ഗ്രാഡിലെ വൈൻ ടേസ്റ്റിങ് യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രസകരമായ മറ്റൊരിനമാണ്. അവസാന ദിവസം, അതിഥികൾ സ്പ്ലിറ്റിലേക്ക് മടങ്ങിയെത്തിയാൽ, അവർക്ക് ക്ലിസ് കോട്ട സന്ദർശിക്കാം. മീറീൻ നഗരം ചിത്രീകരിച്ചത് ഇവിടെ നിന്നാണ്. ചിത്രീകരണ ലൊക്കേഷനാണ്, അവിടെ ഡെയ്‌നറിസ് അടിമകളായ ആളുകളെ അവരുടെ യജമാനന്മാരിൽ നിന്ന് മോചിപ്പിക്കുന്ന ഗെയിം ഓഫ് ത്രോണ്‍സിലെ ഏറ്റവും മികച്ച രംഗങ്ങളിലൊന്ന് ചിത്രീകരിച്ച സ്ഥലം നിങ്ങള്‍ക്ക് നേരിട്ട് കാണാം.

7 ദിവസം
സെയിൽ ക്രൊയേഷ്യ ക്രൂയിസിൽ, ഒരു ചെറിയ ആഡംബര കപ്പലിൽ ക്രൊയേഷ്യ പര്യവേക്ഷണം ചെയ്യുന്നതിനായി ഡാൽമേഷ്യൻ തീരത്തുകൂടിയുള്ള യാത്ര ഏഴു ദിവസം നീണ്ടു നില്‍ക്കുന്നതാണ്. 1,139 ഡോളര്‍ മുതലാണ് ടിക്കറ്റ് നിരക്ക്. യാത്ര ഓഗസ്റ്റ് 20 ന് ആരംഭിക്കും.
ഗെയിം ഓഫ് ത്രോണ്‍സിലെ സ്ഥലങ്ങള്‍ കുറഞ്ഞ ചെലവില്‍ കണ്ടാലോ..!!

കഥയിലൂടെ
ടാര്‍ഗെറിയന്‍, സ്റ്റാര്‍ക്, ലാനിസ്റ്റര്‍, ബാറീതീയന്‍, ഗ്രെജോയ്, ടൈറില്‍, മാര്‍ട്ടല്‍ എന്നീ ഏഴുകുടുംബങ്ങള്‍ അയേണ്‍ ത്രോണ്‍ എന്ന സിംഹാസനത്തിനായി നടത്തുന്ന പോരാട്ടങ്ങള്‍ നിറഞ്ഞ ഗെയിം ഓഫ് ത്രോണ്‍സ് ഷോ ആദ്യാവസാനം ആകാംക്ഷാജനകമാണ്.
2019 ല്‍ ആയിരുന്നു സീരിസ് അവസാനിച്ചത്. അതിനുശേഷം ഇപ്പോഴും സീരിസിനെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഫാന്‍പേജുകളില്‍ സജീവമാണ്. പരമ്പരയുടെ സ്പിന്‍ ഓഫായ ഹൗസ് ഓഫ് ദ ഡ്രാഗണ്‍ ഓഗസ്റ്റ് 21ന് പ്രക്ഷേപണമാരംഭിക്കും. അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയെ അടിസ്ഥാനമാക്കിയാണ് ഗെയിം ഓഫ് ത്രോണ്‍സ് സീരിസുള്ളത്.
ഇറ്റലിയോട് മത്സരിച്ച് ക്രൊയേഷ്യ, ഒരു യൂറോയിലും കുറഞ്ഞ തുകയില്‍ വീടുകള്‍ സ്വന്തമാക്കാം...
യാത്രയിലെ സ്ഥിരം അബദ്ധങ്ങള്‍..ഇതിലൊന്നെങ്കിലും ചെയ്യാത്ത സഞ്ചാരികളുണ്ടാവില്ല!