
സഹജീവികളിൽ മാത്രമല്ല, തൂണിലും തുരുമ്പിലും വരെ ദൈവത്തെ ദർശിക്കുന്നതാണ് ഭാരതീയ പാരമ്പര്യം. എന്നാൽ ഇതുവരെയുള്ള വിശ്വാസങ്ങളെയെല്ലാം വെല്ലുവിളിക്കുന്ന ഒരു ക്ഷേത്രം നമ്മുടെ രാജ്യത്തുണ്ട്. വിളിച്ചാൽ വിളിപ്പുറത്താണെങ്കിലും വിളിക്കേണ്ടയിടത്തു നിന്നും വിളിക്കണമെന്നു മാത്രം. അല്ലെങ്കിൽ എത്ര കഷ്ടപ്പെട്ട് ഇവിടെ എത്തി പ്രാർഥിച്ചു എന്നു പറഞ്ഞാലും ദൈവം പ്രാർഥന കേൾക്കില്ലത്രെ!!

പ്രാർഥന കേൾക്കാത്ത ദൈവം
വിശ്വാസികൾക്ക് വേണ്ടത് പ്രാർഥനകൾ കേൾക്കുകയും തങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരുകയും തകർച്ചയിൽ കൈപിടിക്കുകയും ചെയ്യുന്ന ഒരു ശക്തിയെയാണ്. എന്നാൽ അങ്ങനെ ഒരു ദൈവത്തെ കാണുവാനാണ് ഇവിടെ എത്തുന്നതെങ്കിൽ ഫലം ലഭിക്കണമെന്ന് ഒരുറപ്പും ഇല്ല. കാരണം ഇവിടെ എത്തി ചില നിബനധനകൾ ഒക്കെ പാലിച്ചാൽ മാത്രമേ ദൈവം പ്രാർഥന കേൾക്കുകയുള്ളൂ എന്നാണ് ക്ഷേത്രത്തിന്റെ അധികാരികൾ പറയുന്നത്.
PC:C21Ktalk

വിശ്വാസികൾക്കായി
കർണ്ണാടകയിലെ മഹാ ക്ഷേത്രങ്ങളിലൊന്നാണ് വിചിത്രമായ ഈ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇവിടെ ദൈവം പ്രാർഥന കേൾക്കണെമങ്കിൽ ക്ഷേത്രത്തിനുള്ളിൽ തന്നെ കയറി പ്രാർഥിക്കുകയും പൂജകളും ബലികളും ഒക്കെ ചെയ്യുകയും ചെയ്യണമത്രെ.
ആയിരക്കണക്കിന് വിശ്വാസികൾ ഓരോ ദിവസവും എത്തിച്ചേരുന്ന ഈ ക്ഷേത്രത്തിൽ പലതരത്തിലുള്ള ഇടനിലക്കാരും വ്യക്തികളും ഒക്കെ വിശ്വാസികളെ പറ്റിക്കാറുണ്ട്. അവരിൽ നിന്നും വിശ്വാസികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ക്ഷേത്രം പൊതുജനങ്ങൾക്കായി വിചിത്രമായ സർക്കുലർ ഇറക്കിയത്. അതിൽ ക്ഷേത്രത്തിനു പുറത്തുവെച്ച് നടത്തുന്ന പൂജകൾ ദൈവത്തിന്റെ സന്നിധിയിലേക്ക് എത്തില്ലെന്നും യഥാർഥ ഫലം ലഭിക്കണമെങ്കിൽ ക്ഷേത്രത്തിനുള്ളിൽ പൂജ ചെയ്യണമെന്നുമാണ് പറയുന്നത്.
PC:Darshkini

സർപ്പങ്ങളുടെ സംരക്ഷകനെ ആരാധിക്കുന്ന ക്ഷേത്രം
വിശ്വാസങ്ങൾകൊണ്ടും ആചാരങ്ങൾ കൊണ്ടും ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. സർപ്പങ്ങളുടെ സംരക്ഷകന്‍ മാത്രമല്ല, ഭൂമിയിലെ സകല ദൈവങ്ങളുടെയും സംരക്ഷകനായി സുബ്രഹ്മണ്യനെയാണ് ഇവിടെ ആരാധിക്കുന്നത്. ശിവന്റെ നിർദ്ദേശമനുസരിച്ച് പുത്രനായ കാർത്തികേയൻ അഥവാ സുബ്രഹ്മണ്യൻ ഇവിടെ സർപ്പങ്ങളുടെ സംരക്ഷകനായി വാഴുന്നു എന്നാണ് വിശ്വാസം, ഇതിന്റെ പിന്നിൽ ഒരു കഥയുണ്ട്. അതിൽ പറയുന്നതനുസരിച്ച
ഗരുഡന്റെ നിരന്തരമായുള്ള ആക്രമണത്തിലായിരുന്നുവത്രെ കുറേക്കാലം സർപ്പങ്ങൾ. ഒരിക്കൽ ഇത് സഹിക്കാൻ വയ്യാതെ സർപ്പങ്ങളുടെ രാജാവായ വസുകി ശിവനെ തപസ്സു ചെയ്യുകയും ഗരുഡന്റെ അക്രമണത്തിൽ നിന്നു സംരക്ഷിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അപേക്ഷയിൽ മനസ്സലിഞ്ഞ ശിവൻ സുബ്രഹ്മണ്യൻ അഥവാ കാർത്തികേയനെ സർപ്പങ്ങളെ സംരക്ഷിക്കുവാനായി അയച്ചു. അങ്ങനെയാണ് സുബ്രഹ്മണ്യനെ ഇവിടെ സർപ്പങ്ങളുടെ സംരക്ഷകനായി ആരാധിക്കുന്നത് എന്നാണ് വിശ്വാസം.

ഏതാണ് ഈ ക്ഷേത്രം?
കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ സുബ്രഹ്മണ്യ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന കുക്കെ സുബ്രഹ്മണ്യ ക്ഷേത്രമാണ് ഇത്. കുമാരധാര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ക്ഷേത്രത്തിനുള്ളിൽ നിന്നുള്ള പ്രാർഥനകൾ മാത്രമേ ദൈവം സ്വീകരിക്കൂ എന്നാണ് വിശ്വാസം.പശ്ചിമഘട്ടത്തിൻറെ താഴ്വരയിലാണ് ഈ ക്ഷേത്രമുള്ളത്.

വിഷശ്വാസത്തിൽ നിന്നും രക്ഷപെടുവാൻ പണിത ഗോപുരം
ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം. ക്ഷേത്രനിർമ്മിതിയിലും ഈ പ്രത്യേകതകൾ കാണാൻ സാധിക്കും . അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇതിൻറെ ഗോപുരം. നിർമ്മിച്ചിരിക്കുന്ന ശൈലി മാത്രമല്ല ഇതിനെ പ്രസിദ്ധമാക്കുന്നത്. ഇതിനു പിന്നിലെ കഥ കൂടിയാണ്. സുബ്രഹ്മണ്യന്റെ സംരക്ഷണയിൽ വാസുകിയും മറ്റു നാഗങ്ങളും ക്ഷേത്രത്തിനുള്ളിൽ വസിക്കുന്നു എന്നാണല്ലോ വിശ്വാസം. വാസുകിയുടെ ശ്വാസത്തിൽ വിഷം കലർന്നിട്ടുണ്ടത്രെ.ഈ വിഷം ഇവിടെ എത്തുന്ന ഭക്തരുടെ ഉള്ളിൽ കടക്കാതിരിക്കുവാനാണ് ഇവിടെ ഗോപുരം പണിതിരിക്കുന്നത് എന്നാണ് കരുതുന്നത്.
PC:Soorajna

ഏറ്റവും സമ്പന്ന ക്ഷേത്രം
കർണ്ണാടകയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായാണ് കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം അറിയപ്പെടുന്നത്. ഒരു ദിവസം കുറഞ്ഞത് പതിനായിരം പേരെങ്കിലും ഇവിടെ എത്തുന്നതായാണ് കണക്കാക്കുന്നത്. 95 കോടിയോളം രൂപയാണ് ഇവിടുത്തെ വാർഷിക വരുമാനം.

ആദി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ആദി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. തർപ്പണ നദിയുടെ മറുകരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ സുബ്രഹ്മണ്യൻ തപസ്സിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടെ ഒരു മൺപുറ്റിനെയാണ് ആരാധിക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന മണ്ണ് ത്വക്ക് രോഗങ്ങൾ അകറ്റുവാൻ ഉപകരിക്കും എന്നാണ് വിശ്വാസം.
PC:Ashwin Kumar

പ്രകൃതിയോട് ചേർന്ന ക്ഷേത്രം
പൂർണ്ണമായും പ്രകൃതിയോട് ചേർന്നു നിൽക്കുന്ന ഒന്നാണ് ഈ ക്ഷേത്രം എന്നു പറയാം. പശ്ചിമ ഘട്ടത്തിലെ മലനിരകളോട് ചേർന്ന് വനങ്ങും പുഴകളും കുന്നുകളും ഒക്കെ ചേരുന്ന ഒരിടത്താണ് ഈ ക്ഷേത്രമുള്ളത്.
PC:Ashwin Kumar

ആശ്ലേഷ ബലി
കാലസർപ്പ ദോഷത്തിനു പരിഹാരമായി നടത്തുന്ന ആദിശേഷ ബലി ഇവിടുത്തെ പ്രധാന പൂജകളിലൊന്നാണ്. കുജ ദോഷത്തിൽ നിന്നും ആദിസർപ്പ ദോഷത്തിൽ നിന്നും സംരക്ഷിക്കുന്ന ആളായാണ് സുബ്രഹ്മണ്യനെ ആരാധിക്കുന്നത്. സർപ്പദോഷ പൂജകൾക്ക് ഏറെ പേരുകേട്ട ക്ഷേത്രം കൂടിയാണിത്. ആശ്ലേഷ നക്ഷത്രത്തിലാണ് ആശ്ലേഷ ബലി ഇവിടെ നടത്തുന്നത്.
PC:Amruth varma

വീടു നിർമ്മിക്കുവാൻ
മുൻപ് പറഞ്ഞതു പോലെ വിചിത്രമെന്നു തോന്നുന്ന പല കാര്യങ്ങളും നടക്കുന്ന ക്ഷേത്രമാണിത്. ഇവിടെ ആദി സുബ്രഹ്മണ്യ ക്ഷേത്രത്തിനടുത്ത് നദിയിൽ എത്തുന്ന ആളുകൾ കല്ലുകൾ ഒന്നിനു മുകളിൽ ഒന്നായി പെറുക്കി വയ്ക്കുമത്രെ. സ്വന്തമായി വട് നിർമ്മിക്കുവാനും അതിൻറെ പണി പെട്ടന്ന് പൂർത്തിയാക്കുവാനും ഈ ആചാരം സഹായിക്കുമെന്നാണി വിശ്വാസം.
PC:Soorajna

കുമാര പർവ്വത ട്രക്കിങ്ങ്
കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ പരിസരത്തു നിന്നുമാണ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കടുപ്പമേറിയ ട്രക്കിങ്ങുകളിലൊന്നായ കുമാര പർവ്വത ട്രക്കിങ്ങ് ആരംഭിക്കുന്നത്. ബിസ്ലെ റിസര്‍വ്വ് വനത്തിനും കുക്കെ സുബ്രഹ്മണ്യ വനനിരകൾക്കുമിടയിലൂടെ നടത്തുന്ന സാഹസികമായ യാത്രയാണിത്.പുഷ്പഗിരി മലകളിലൂടെ നടത്തുന്നതിനാൽ പുഷ്പഗിരി ട്രക്കിങ്ങും എന്നും ഇതിനു പേരുണ്ട്. 21 കിലോമീറ്റർ ദൂരമാണ് ഈ ട്രക്കിങ്ങിൽ പിന്നിടേണ്ടത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും കാഠിന്യമേറിയ ട്രക്കിങ്ങ് റൂട്ടായ കുമാരപര്‍വ്വതത്തിലേക്കൊരു യാത്ര