യാത്രികരുടെ സ്വപ്ന ഭൂമികളിലൊന്നാണ് ആന്‍ഡമാൻ. ശാന്തമായ കടൽത്തീരങ്ങളിലൂടെ, ബീച്ചിന്റെ രസങ്ങളിലൂടെ, കാടിന്റെ ശാന്തതയും വന്യതയും ഒരുമിച്ചറിഞ്ഞ് യാത്ര ചെയ്യുവാൻ പറ്റിയ ആൻഡമാൻ ഈ കാരണങ്ങൾ കൊണ്ടു തന്നെയാണ് എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നത്. മലയാളികളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടുത്തെ വിവിധ ദ്വീപുകളിലായി വസിക്കുന്നുണ്ട്. വിവിധ ഭാഷകൾ സംസാരിക്കുന്ന, വിവിധ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ചെറിയ ഇന്ത്യ തന്നെയാണ് ഇവിടെ ആന്‍ഡമാനിലുള്ളത്.
ഈ നാടിനെക്കുറിച്ച് കേട്ടറിഞ്ഞ കാഴ്ചകളാണ് ഇവിടേക്കെത്തുവാൻ സഞ്ചാരികൾക്കു പ്രേരണയാവുന്നത്. എന്നാൽ ആ യാത്രയ്ക്കു വില്ലനാവുന്നതാവട്ടെ പണവും. മറ്റു നാടുകളിലേക്കുള്ള യാത്ര പോലെയല്ല ഇവിടെ എത്തിപ്പെടുവാൻ വേണ്ടത് എന്നതാണ് ചെലവ് കൂട്ടുന്ന ആദ്യ സംഗതി. എത്തിയാലും താമസത്തിനും ഒരു ദ്വീപിൽ നിന്നും അടുത്തതിലേക്കുള്ള യാത്രയ്ക്കും ഒക്കെ കയ്യിൽ നിൽക്കാത്ത ചിലവായിരിക്കും. എന്നാൽ പ്ലാനിങ് കൃത്യമായാൽ ഒരു പരിധി വരെ യാത്ര ചിലവ് കുറയ്ക്കുവാൻ സാധിക്കും... ഇതാ എങ്ങനെയൊക്കെ ആൻഡമാൻ യാത്ര ചിലവ് കുറഞ്ഞതാക്കാൻ സാധിക്കും എന്നു നോക്കാം...

പ്ലാൻ ചെയ്യാം വളരെ നേരത്തെ
മിക്കപ്പോഴും പൊതു അവധികൾ നോക്കി യാത്ര പ്ലാൻ ചെയ്യുന്നവരാണ് മിക്കവരും. എന്നാൽ അതിൽ ചെറിയൊരു മാറ്റം വരുത്തിയാൽ തന്നെ യാത്രയ്ക്കുള്ള ചിലവ് കുറയും. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കൊക്കെ അവധി ദിവസങ്ങളിലെ യാത്ര, താമസ ഭക്ഷണ ചാർജ്ജുകൾ കഴുത്തറപ്പനായിരിക്കും. അതൊഴിവാക്കുവാൻ അവധി ദിവസങ്ങൾ അല്ലാത്ത സമയം യാത്രയ്ക്ക് തിരഞ്ഞെടുക്കാം. ഇതുവഴി തന്നെ വലിയൊരു ശതമാനം ലാഭം പ്രതീക്ഷിക്കാം.
PC: Vinayak Sharma

ഓഫർ നോക്കി ടിക്കറ്റ് ബുക്കിങ്
എപ്പോഴാണോ പ്ലാൻ ചെയ്യുന്നത് അപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യരുത്. ഫെസ്റ്റിവൽ സമയങ്ങളിലും അല്ലാത്ത സമയത്തും ഒക്കെയയാി വിമാന കമ്പനികളടക്കം വലിയ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ചില കമ്പനികൾ അടുത്ത വര്‍ഷത്തെ യാത്രയ്ക്ക് ഈ വർഷം ത്നെ കുറഞ്ഞ ബുക്കിങ് ഫീസിൽ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ മുന്‍കൂട്ടി ശ്രദ്ധിച്ചു വേണം യാത്ര പ്ലാൻ ചെയ്യുവാൻ.
എത്ര ദിവസമാണോ ആന്‍ഡമാനിൽ ചിലവഴിക്കുവാൻ ഉദ്ദേശിക്കുന്നത്, അതനുസരിച്ചു വേണം വിമാനത്തിനു പോകണോ കപ്പലിനു പോകണോ എന്നൊക്കെ തീരുമാനിക്കുവാൻ. വളരെ കുറഞ്ഞ ദിവസത്തെ യാത്രയാണെങ്കിൽ വിമാനം തിരഞ്ഞെടുക്കാം. കുറച്ചധികം ദിവസങ്ങൾ ആസ്വദിച്ചു പോകുവാനാണ് തീരുമാനമെങ്കിൽ യാത്ര കപ്പലിലാക്കാം. വിമാന യാത്രയെ അപേക്ഷിച്ച് കപ്പൽ യാത്രയ്ക്ക് ചിലവും കുറവാണ്.

ബുക്ക് ചെയ്യുമ്പോൾ
യാത്ര ടിക്കറ്റ് മാത്രമല്ല, താമസ സൗകര്യങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യാം. അവിടെ എത്തി നേരിട്ട് കണ്ട് ബുക്ക് ചെയ്യുന്നതിലും എളുപ്പം ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്നതാണ്. ചിലവ് കുറയും എന്നു മാത്രമല്ല, അവിടെ എത്തി താമസ സൗകര്യം അന്വേഷിച്ചുള്ള നടത്തം ഒഴിവാക്കുകയും ചെയ്യാം. എന്നാൽ റൂം ബുക്ക് ചെയ്യുന്നതിനു മുൻപായി റിവ്യൂ നോക്കാൻ മറക്കേണ്ട.
ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ ബ്രൗസിങ് ഹിസ്റ്ററി ക്ലിയർ ചെയ്യണം..കാരണമിതാണ്!

താമസം ഇവിടെ
ചിലവ് കുറഞ്ഞ താമസത്തിനായി പ്രധാനപ്പെട്ട ഇടങ്ങൾ ആദ്യം തന്നെ ഒഴിവാക്കാം. മറ്റു ദ്വീപുകളിലേക്കുള്ള സന്ദർശനം ഒക്കെ കണക്കാക്കിയാൽ പോർട് ബ്ലെയറ്‍ താമസത്തിനായി തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഇവിടെ നിന്നും മറ്റിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.
ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!
PC:Kotoviski

യാത്രയ്ക്ക് പൊതുഗതാഗത സൗകര്യം
ആൻഡമാനിലെ കാഴ്ചകൾ വിവിധ ദ്വീപുകളിലായി ചിതറിക്കിടക്കുന്നതിനാൽ സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ ഒരു ധാരണ മനസ്സിൽ സൂക്ഷിക്കണം. യാത്രാ പദ്ധതിയുടെ ദൈര്‍ഘ്യം അനുസരിച്ച് എവിടെയൊക്കെ പോകണം, ഏതൊക്കെ കാഴ്ചകൾ കാണണം, എവിടെ താമസിക്കണം എന്നൊക്കെ മുൻകൂട്ടി തീരുമാനിച്ച് അതനുസരിച്ച് മാത്രം ചെയ്യുക. അവിടെ എത്തി ബാക്കി കാര്യങ്ങൾ തീരുമാനിച്ചു പോകുന്ന രീതിയിലാണ് പ്ലാനിങ് എങ്കില്‍ ആ യാത്ര വലിയ ഒരു പരാജയമായിരിക്കും എന്നതിൽ സംശയം വേണ്ട.
പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കുള്ള ബസുകളുടെ സമയം നോക്കിവെച്ച് അതിൽ യാത്ര ചെയ്യാം. അങ്ങനെ ടാക്സി ചാർജിൽ നിന്നും ഒരു വലിയ തുക തന്നെ സേവ് ചെയ്യാം.
PC: Harneet Kochar

ഓഫ് സീസണിൽ പോയാൽ
ആൻഡമാനിലെ കുറഞ്ഞ ചിലവിൽ മൊത്തത്തിൽ അറിയണമെന്നുണ്ടെങ്കിൽ ഓഫ് സീസണിൽ യാത്ര പോകാം. അതിനു പറ്റിയ സമയം ജൂൺ ഉൾപ്പെടെയുള്ള ഓഫ് സീസണാണ്. ആ സമയങ്ങളിൽ ഇവിടെ ഹോട്ടലിനും റൂമിനും എന്തിനധികം സാഹസിക വിനോദങ്ങള്‍ക്കു വരെ കുറഞ്ഞ ചിലവായിരിക്കും. സ്കൂബാ ഡൈവിങ്ങ്, ട്രക്കിങ്, ഗ്ലാസ് ബോട്ടിലൂടെയുള്ള യാത്ര മറ്റു സാഹസിക വിനോദങ്ങൾ, വാട്ടര്‍ സ്പോർട്സുകൾ തുടങ്ങിയവയൊക്കെ ഇവിടെ ആ സമയത്ത് കുറഞ്ഞ ചിലവില്‍ ആസ്വദിക്കാം.

ഓരോ ദ്വീപും ഓരോ കാഴ്ചകള്‍
വിവിധ ദ്വീപുകളില്‍ ആന്‍ഡമാനിലെ ഓരോ ദ്വീപുകളും ഓരോ തരത്തിലുള്ള സഞ്ചാര അനുഭവങ്ങളാണ് സഞ്ചാരികൾക്കു നല്കുന്നത്. റോസ് ഐലൻഡിലെ പുരാതനമായ ദേവാലയവും പോർട് ബ്ലെയറിലെ സെല്ലുലാർ ജയിലും എലിഫന്റ് ബീച്ചിലെ സ്നോർകലിങ്ങും ഹാവ്ലോകേകിലെ കയാക്കിങ്ങും രാധാനഗർ ബീച്ചിലെ സൂര്യാസ്തമയവും ബറാടാങ് ദ്വീപിലെ ഗുഹാ യാത്രയും ചിടിയ ടാപുവിലെ പക്ഷി നിരീക്ഷണവും ഒക്കെ തീർച്ചായയും അനുഭവിച്ചിരിക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്.
യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം
ഹോട്ടലുകളില്‍ മുറിയെടുക്കുന്നതിനും മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.