കൊറോണ പിടിമുറുക്കിയതോടെ വീടുകൾ ഓഫീസായി മാറിയിരിക്കുകയാണ്. വീട്ടുകാര്യങ്ങളേക്കാൾ കൂടുതൽ ഓഫീസ് കാര്യങ്ങൾ വീട്ടിലേക്ക് കടന്നു വരുന്ന സമയം. കൂടെ കൊറോണ വാർത്തകളും കൂടിയാകുമ്പോള്‍ ആകെ മടുത്ത അവസ്ഥ. മാറ്റി വയ്ക്കുവാൻ കഴിയാത്ത പണിത്തിരക്കിക്കും കൂടെ പേടിപ്പിക്കുന്ന കൊറോണയുമുള്ള സാഹചര്യം മനസ്സു മടുപ്പിക്കുന്ന സാഹചര്യത്തിൽ ഈ സമയത്ത് കുറച്ച് വ്യത്യസ്തമായി കാര്യങ്ങളെ സമീപിച്ചാലോ.. ? വീട്ടിലിരിക്കുന്ന സമയങ്ങൾ എങ്ങനെയൊക്കെ ചിലവഴിക്കണമെന്നും ഒരു സഞ്ചാരി അല്ലെങ്കിൽ യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ എന്തൊക്കെ ചെയ്യണമെന്നും നോക്കാം...

കൃത്യമായി ജോലിയെടുക്കാം
വർക് അറ്റ് ഹോം എങ്ങനെയൊക്കെ ചിലവഴിക്കണമെന്നു പറയുന്നതിലും മുൻപ് വർക് അറ്റ് ഹോം ആത്മാർഥതയോടെ തന്നെ എടുക്കണം എന്നുളളതാണ്. വീട്ടിലല്ലേ എന്നു കരുതി ജോലിയിൽ ഒട്ടും അലംഭാവം കാണിക്കരുത്. കൃത്യമായി ജോലിയെടുക്കുക. പിറ്റേ ദിവസം എന്തൊക്ക ചെയ്യണമെന്നും എങ്ങനെയടക്കെ പ്രവർത്തിക്കണമെന്നും തലേന്നു തന്നെ തീരുമാനിക്കാം. കൃത്യമായി പ്ലാന്‍ ചെയ്ത് ജോലിയെടുത്താൽ കുടുംബത്തോടൊപ്പമോ ഫ്രീയായോ കുറച്ചധികം സമയം ചിലവഴിക്കാം.

പ്ലാൻ ചെയ്ത യാത്രകൾ
മിക്കപ്പോഴും ഓഫും ലീവും ഒക്കെ നേരത്തേതന്നെ കണക്കാക്കി യാത്രകൾ പ്ലാൻ ചെയ്യുന്നവരായിരിക്കും മിക്ക സഞ്ചാരികളും. കൊറോണയുടെ വരവോടെ യാത്രകൾ എല്ലാം മുടങ്ങി. എങ്കിലും അതോർത്ത് വിഷമിക്കേണ്ടതില്ല.നാട് ആവശ്യപ്പെടുന്ന ഈ സാഹചര്യത്തിൽ കൂടെ നിന്ന് യാത്രകളും മറ്റും മറ്റൊരു സമയത്തേയ്ക്ക് മാറ്റി വയ്ക്കാം.

പുതിയ സ്ഥലങ്ങളെക്കുറിച്ച് വായിക്കാം
വർക് അറ്റ് ഹോമോ ഐസോലേഷനിലോ ക്വാറന്‍റൈനിലോ ആണെങ്കില്‍ മടുക്കാതെ സമയം ചിലവഴിക്കുക എന്നത് വലിയൊരു കാര്യമാണ്. യാത്രാപ്രേമികൾക്ക് പുതിയ സ്ഥലങ്ങളെക്കുറിച്ച് അറിയുന്നതിനും വായിക്കുന്നതിനുമായി ഇതിൽ കുറച്ച് സമയം ചിലവഴിക്കാം. ഓരോ രാജ്യത്തേയും ഓരോ സ്ഥലങ്ങളെ ഓരോ ദിവസവും മനസ്സിലാക്കാം, അവിടുത്തെ യാത്രാ സാധ്യതകളും എന്തൊക്കെയാണ് പ്രധാന ആകർഷണങ്ങളെന്നും ഒക്കെ ഇന്റർനെറ്റിൽ നിന്നൂം വിശദമായി മനസ്സിലാക്കാം.

കുട്ടിസഞ്ചാരികൾക്കായി ഒരു ദിനം
വീട്ടിലിരിക്കേണ്ട അവസ്ഥയിൽ ഏറ്റവും അധികം തളരുക കുട്ടികളാണ്. പുറത്തിറങ്ങാതെ വീടിനുള്ളിൽ തന്നെ അടച്ചിരിക്കുന്നത് അവരെ സംബന്ധിച്ചെടുത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്നാണ്. അവരെ അടക്കിയിരുത്തുവാൻ പലവഴികളും പരീക്ഷിക്കേണ്ടി വരും. യാത്രകൾ ഇഷ്‌മുള്ള കുട്ടികളാണെങ്കിൽ പുതിയ സ്ഥലങ്ങള്‍ അവരെ പരിചയപ്പെടുത്താം. ചിത്രങ്ങളും വീഡിയോകളും അവരെ കാണിച്ചു കൊടുക്കാം. ഓരോ സ്ഥലങ്ങളുടെയും പ്രത്യേകതകളും അവിടെ എന്തൊക്കെ കാണാനുണ്ടെന്നും അവരെ പരിചയപ്പെടുത്താം.

ഒരു ട്രിപ്പ് പ്ലാൻ ചെയ്യാം, ഇപ്പോൾ പോകാനല്ല
ഒന്നും ചെയ്യാനില്ലാതെ ഇരിക്കുന്ന അവസരങ്ങളിൽ പിന്നീട് പോകുവാനായി ട്രിപ്പുകൾ പ്ലാൻ ചെയ്യാം. ഒക്ടോബർ, നവംബർ മാസങ്ങളിൽ പോകുവാൻ കഴിയുന്ന രീതിയിൽ പ്ലാനിങ്ങുകളും മറ്റും നടത്താം. യാത്രാ പ്രിയരായ അടുത്ത സുഹൃത്തുക്കളുമൊന്നിച്ച് ഒരു വാട്സ് ആപ്പ് ഗ്രൂപ്പോ അല്ലെങ്കിൽ ടെലഗ്രാം ഗ്രൂപ്പോ തുടങ്ങി പ്ലാനിങ്ങുകള്‍ നടത്താം. എവിടെ പോകണം, എത്ര ദിവസം യാത്രയ്ക്കായി ചിലവഴിക്കണം, എങ്ങന പോകണം, ആരൊക്കെ യാത്രയിൽ പങ്കെടുക്കുന്നുണ്ട്, എന്നിങ്ങനെയുള്ള കാര്യങ്ങൾ ചർച്ചയിൽ ഉൾപ്പെടുത്താം,.

പുത്തൻ രുചികൾ പരീക്ഷിക്കാം
വീട്ടിലിരിക്കുന്ന ദിവസങ്ങളിൽ ചെയ്യുവാൻ പറ്റിയ മറ്റൊന്ന് വ്യത്യസ്ഥമായ രുചികൾ പരീക്ഷിക്കുക എന്നതാണ്.
യാത്രയിലൂടെ പരിചയപ്പെട്ട, മനസ്സിൽ ഇന്നും പ്രിയമുള്ളതായി നിൽക്കുന്ന രുചികളെഒന്നു വീട്ടിൽ പരീക്ഷിക്കുവാൻ പറ്റിയ സമയമാണിത്. ഇതിനു വേണ്ടുന്ന സാധനങ്ങൾ വീട്ടിലില്ല എങ്കിൽ വാങ്ങുവാനായി ഓടിപ്പോകേണ്ട ആവശ്യമില്ല അടുത്ത തവണ കടയിൽ പോകുമ്പോൾ അതും ചേർത്ത് വാങ്ങിയാല് മതി. യൂ ട്യൂബൽ നോക്കി കൃത്യമായ രീതിയിലുണ്ടാക്കുവാൻ ശ്രമിക്കാം.

പുതിയ ഹോബികൾ പരീക്ഷിക്കാം
വീട്ടിലിരിക്കുമ്പോൾ ആവശ്യത്തിലധികം സമയം കയ്യിലുള്ളതിനാൽ ചെയ്യണമെന്ന് ആഗ്രഹിച്ച പല കാര്യങ്ങളും ചെയ്യുവാൻ പറ്റിയ സമയം കൂടിയാണിത്. വായന , ചെടി പരിപാലനം, കുക്കിങ്, പെയിന്‍റിംഗ്, മ്യൂസിക്, തുടങ്ങിയ ഹോബികൾക്കായി സമയം കണ്ടെത്താം. ശ്രദ്ധിക്കുക, വീടിനുള്ളിൽ തന്നെ ഇരുന്ന് ചെയ്യുവാൻ പറ്റുന്ന ഹോബികൾ വേണം തിരഞ്ഞെടുക്കുവാൻ. തയ്യൽ, ഫോട്ടോഗ്രാഫി തുടങ്ങിയ ഹോബികളും പരീക്ഷിക്കാം, കഴിവതും പുറത്തിറങ്ങാതിരിക്കുക.

ഓൺലൈൻ കോഴ്സുകൾക്ക് ചേരാം
ഓൺലൈൻ കോഴ്സുകൾക്ക് ഏറ്റവും സാധ്യതയുള്ള ഒരു കാലഘട്ടമാണിത്. പെയിന്റ്ംഗ് മുതൽ എയ്റോബിക്സ് ഡാൻസ് വരെയും നാനോ ടെക്നോളജി വരെയും ഓൺലൈനായി പഠിക്കുവാവ്‍ പറ്റിയ സമയമാണിത്. ദിവസവും ഒന്നോ രണ്ടോ മണിക്കൂർ മാത്രം ഇതിനായി മാറ്റിവെച്ചാൽ മതി. ഓർമ്മിക്കുക, അംഗീകാരമുള്ളതോ, അല്ലെങ്കിൽ മികച്ച റിവ്യൂ കാണിക്കുന്നതോ ആയ വിശ്വസനീയമായ സൈറ്റുകൾ മാത്രം പഠനത്തിനായി തിരഞ്ഞെടുക്കുക.

ഓൺലൈനായി ബന്ധങ്ങൾ പുതുക്കാം
ഹോം ക്വാറൻറൈയിനും ഐസുലേഷനും തീർത്തും ഒറ്റപ്പെട്ട ജീവിതമായിരിക്കും നല്കുക. അതിനെ മറികടക്കുവാൻ ചെയ്യാവുന്ന കാര്യം ഓൺലൈനായി ബന്ധങ്ങൾ പുതുക്കാം എന്നതാണ്. ദീർഘകാലമായി സംസാരിക്കുവാൻ സാധിക്കാതിരുന്ന സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിക്കുവാൻ സമയം കണ്ടെത്താം. ശ്രദ്ധിക്കുക, ഓൺലൈനായി മാത്രമേ ഇതിനു സമയം കണ്ടെത്താവൂ. പുറത്തിറങ്ങുന്ന കാര്യം ആലോചിക്കുകയേ വേണ്ട.

ഇനിയില്ല നോ സ്പേസ് മെസേജുകൾ
ഫോണിലും സിസ്റ്റത്തിലും നോ സ്പേസ് നോട്ടിഫിക്കേഷൻ മെസേജുകൾ വരാത്ത ഒരാളും കാണില്ല. ഫോണും സിസ്റ്റവും ഒന്നു ക്സീൻ ചെയ്യുവാൻ പറ്റിയ സമയം കൂടിയാണിത്. അനാവശ്യമായ ഫയലുകൾ കളഞ്ഞ്, ആവശ്യമുള്ളവ അതാത് ഫോൾഡറുകളിലാക്കി സൂക്ഷിക്കാം.

മുറിയുടെ രൂപം മാറ്റാം
എന്നും കാണുന്ന മുറിയൊന്ന് മാറ്റിയെടുത്താലോ? ചെറിയൊരു ഇൻറീരിയർ ഡിസൈനിങ്ങാവട്ടെ കുറച്ചു ദിവസം, വീട്ടിൽ ലഭ്യമായ സാധനങ്ങളുപയോഗിച്ച്, ചെറിയ ചെറിയ സാധനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സ്ഥലം മാറ്റിയും വീടിന്റെ ഘടന ചെറുതായൊന്ന് മാറ്റാം.