കാശ്മീരിലേക്കൊരു യാത്ര ആഗ്രഹിക്കാത്തവരായി ആരും കാണില്ല. പോയവരിലൂടെയും ചിത്രങ്ങളിലൂടെയും പരിചിതമായ, ഭൂമിയിലെ സ്വര്‍ഗ്ഗം എന്നു ലോകമെക്കാലവും വാഴ്ത്തുന്ന കാശ്മീര്‍... ഈ നാടിന്റെ ചരിത്രവും പ്രത്യേകതകളും സംസ്കാരവും പാരമ്പര്യവുമെല്ലാം അറിയുവാനും പരിചയപ്പെടുവാനും ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സുവര്‍ണ്ണാവസരം വന്നിരിക്കുകയാണ്.ഐആര്‍സിടിസി കൊച്ചിയില്‍ നിന്നും ആരംഭിക്കുന്ന കാശ്മീര്‍ യാത്ര ഇവിടുത്തെ മനോഹരമായ പ്രദേശങ്ങളിലൂടെ കൊണ്ടുപോയി കാശ്മീരിന്റെ യഥാര്‍ത്ഥ ഭംഗി നേരിട്ടറിയുവാന്‍ അവസരമൊരുക്കുന്നു.

കാശ്മീർ-ഹെവൻ ഓൺ എർത്ത്
കാശ്മീർ-ഹെവൻ ഓൺ എർത്ത് എന്നു പേരിട്ടിരിക്കുന്ന ഈ പാക്കേജ് ഹിമാലയൻ മലനിരകളുടെ പടിഞ്ഞാറൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന കാശ്മീരിനെ അടുത്തറിയുവാനും മനസ്സിലാക്കുവാനും സഹായിക്കുന്ന പാക്കേജാണ്. പലപ്പോഴും ഇന്ത്യയുടെ കിരീടം എന്നും കാശ്മീരിനെ വിശേഷിപ്പിക്കാറുണ്ട്.
ജൂലൈ 25ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നും യാത്ര ആരംഭിച്ച് ജൂലായ് 30ന് തിരികെ വരുന്ന രീതിയിലാണിത് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പാക്കേജില്‍ ലഭ്യമായ സീറ്റുകളുടെ എണ്ണം 30 ആണ്. അഞ്ച് രാത്രിയും ആറ് പകലുമാണ് യാത്രയുള്ളത്.

ഒന്നാം ദിവസം
യാത്രയുടെ ഒന്നാമത്തെ ദിവസം രാവിലെ 9.30ന് കൊച്ചിയില്‍ നിന്നും വിമാനത്തില്‍ യാത്ര ആരംഭിക്കും. വൈകിട്ട് 4.30 ഓടുകൂടി ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും. അവിടുന്ന് നേരെ ഹോട്ടലിലേക്ക് മാറും. ഹോട്ടല്‍ ഗ്രാന്‍ഡ് കാശ്മീര്‍ അല്ലെങ്കില്‍ അതിന്റെ സൗകര്യങ്ങളോട് തുല്യമായ ഒന്നിലായിരിക്കും താമസം.

രണ്ടാം ദിവസം
ഈ ദിവസം മുതലാണ് യാത്രയുടെ യഥാര്‍ത്ഥ സ്പിരിറ്റിലേക്ക് സഞ്ചാരികള്‍ എത്തുന്നത്. പഹല്‍ഗാം ആണ് ഈ ദിവസം സന്ദര്‍ശിക്കുന്നത്. പഹല്‍ഗാമിലേക്കുള്ള യാത്രയും വഴിയരികിലെ കാഴ്ചകളും ഒക്കെയായി ഈ ദിവസം ചിലവഴിക്കാം. കുങ്കുമപ്പാടങ്ങള്‍, ആപ്പിള്‍ തോട്ടങ്ങള്‍, അരു വാലി, ബേതാബ് വാലി തുടങ്ങിയ അതിമനോഹരമായ താഴ്വരകളിലെ കാഴ്ചകളും കാണാം. വൈകുന്നേരത്തോടെ അവന്തിപുരയുടെ അവശിഷ്ടങ്ങള്‍ കൂടി സന്ദര്‍ശിച്ച് തിരികെ ശ്രീനഗറിലേക്ക് പോരും. അന്ന് രാത്രി ശ്രീനഗറില്‍ താമസം.

മൂന്നാം ദിവസം
മൂന്നാം ദിവസം മുഴുവനും സോന്മാര്‍ഗ് യാത്രയ്ക്കായാണ് മാറ്റിവെച്ചിരിക്കുന്നത്. രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം സോന്മാര്‍ഗിലേക്ക് പോകും. സീറോ പോയിന്‍റ്, താജിവാസ് ഗ്ലേസിയര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വൈകുന്നേരത്തോടെ ശ്രീനഗറിലേക്ക് വരും. രാത്രിതാമസവും ഭക്ഷണവും ശ്രീനഗറില്‍ തന്നെ.

നാലാം ദിവസം
ഗുല്‍മാര്‍ഗിലേക്കാണ് യാത്രയുടെ നാലാം ദിവസം പോവുക. ഗുല്‍മാര്‍ഗില്‍ അവരവരുടെ സ്വന്തം ചിലവില്‍ ഗൊണ്ടോള റൈഡ് നടത്താം. വൈകുന്നേരത്തോടെ ശ്രീനഗറിലേക്ക് വരും. രാത്രിതാമസവും ഭക്ഷണവും ശ്രീനഗറില്‍ തന്നെ.

അഞ്ചാം ദിവസം
ഒരു പക്ഷേ, ഈ യാത്രയിലെ ഏറ്റവും മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ദിവസമായിരിക്കും അഞ്ചാം ദിനം. പ്രഭാതഭക്ഷണത്തിന് ശേഷം, ഹസ്രത്ബാൽ ദർഗ, പിന്നീട് ആദിശങ്കരാചാര്യ ക്ഷേത്രം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചഭക്ഷണത്തിന് ശേഷം പ്രസിദ്ധമായ മുഗൾ ഉദ്യാനങ്ങൾ, നിഷാത് ബാഗ്, ഷാലിമാർ ബാഗ് എന്നിവിടങ്ങള്‍ സന്ദർശിക്കും. വൈകിട്ട് ദാല്‍ തടാകത്തില്‍ പ്രസിദ്ധമായ ശിക്കാര യാത്ര ചെയ്യാം. കൂടാതെ അന്നു രാത്രിയിലെ താമസവും ഭക്ഷണവും ഹൗസ് ബോട്ടില്‍ ആയിരിക്കും.
മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!

ആറാം ദിവസം
യാത്രയുടെ അവസാനം പ്രഭാതഭക്ഷണത്തിനു ശേഷം ഹൗസ് ബോട്ടില്‍ നിന്നും ചെക്-ഔട്ട് ചെയ്ത് നേരെ ശ്രീനഗർ എയർപോർട്ടിൽ പോകും,. 12.10 ന് കൊച്ചിയിലേക്കുള്ള മടക്ക വിമാനം. രാത്രി 9.05ന് വിമാനം കൊച്ചിയിലെത്തും.

യാത്രയുടെ നിരക്ക് ഇങ്ങനെ
യാത്രയില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 52,150/-രൂപ ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് 43,200/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 42,450/- രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 38,700/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 37,200/- രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 31,450/- രൂപയും ആണ് ടിക്കറ്റ് നിരക്ക്.

ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്
ഇക്കണോമി ക്ലാസിൽ ഇന്‍ഡിഗോഎയർലൈൻസിന്റെ വിമാന ടിക്കറ്റുകൾ (കൊച്ചി-ശ്രീനഗർ-കൊച്ചി), ശ്രീനഗറിൽ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനുമൊപ്പം രാത്രി ഹോട്ടൽ താമസം, പ്രഭാതഭക്ഷണത്തിനും അത്താഴത്തിനുമൊപ്പം ശ്രീനഗറിൽ രാത്രി ഹൗസ്ബോട്ട് താമസം, ഐആര്‍സിടിസി ടൂർ എസ്കോർട്ടിന്റെ സേവനങ്ങൾ, ടെമ്പോ ട്രാവലറില്‍ വിവിധ ഇടങ്ങളിലേക്കുള്ള യാത്ര, യാത്രാ ഇൻഷ്വറൻസ് ഡ്രൈവർ അലവൻസ്, ടോൾ, പാർക്കിംഗ് എന്നിവയും യാത്രാ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയതാണ്.
കടലിനുള്ളിലെ മറ്റൊരു ലോകം... കയ്യെത്തുംദൂരെ കടല്‍ക്കാഴ്ചകള്‍.. ആന്‍ഡമാനിലെ സ്കൂബാ ഡൈവിങ്!!
ഐആര്‍സിടിസിയോടൊപ്പം വിദേശത്തേയ്ക്കു പറക്കാം.. ചിലവ് കുറഞ്ഞ ആറ് പാക്കേജുകള്‍.. ആഘോഷമാക്കാം യാത്രകള്‍