Search
  • Follow NativePlanet
Share
» »വെറും 19040 രൂപയ്ക്ക് ഏഴു പകൽ കാശ്മീരിൽ കറങ്ങാം.. കിടിലൻ പാക്കേജുമായി ഐആര്‍സിടിസി

വെറും 19040 രൂപയ്ക്ക് ഏഴു പകൽ കാശ്മീരിൽ കറങ്ങാം.. കിടിലൻ പാക്കേജുമായി ഐആര്‍സിടിസി

ഐആർസിടിസിയുടെ ശ്രീനഗർ-ഗുൽമാർഗ്-പഹൽഗാം-സോന്മാർഗ് പാക്കേജിനെക്കുറിച്ചും അതിന്‍റെ ടിക്കറ്റ് നിരക്ക്, ബുക്കിങ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വായിക്കാം

മഞ്ഞുപൊതിഞ്ഞു നില്‍ക്കുന്ന കാശ്മീർ... ആ മ‍ഞ്ഞിനു നടുവിലൂടെ ആവോളം കൊതിതീരെ നടക്കണം.. കണ്ണുകൾ നിറയെ കാഴ്ചകൾ കാണണം... മനസ്സിലെന്നും സൂക്ഷിക്കുവാൻ പറ്റുന്ന കുറേ യാത്രാനുഭവങ്ങളും... കാശ്മീരിലേക്കൊരു യാത്ര എന്നാലോചിക്കുമ്പോൾ തന്നെ സഞ്ചാരികളുളെ ഉള്ളിലെ ആഗ്രഹം ഇതൊക്കെ തന്നെയാണ്. എന്നാല്‍ സാധാരണക്കാരായ ആളുകളെ സംബന്ധിച്ചെടുത്തോളം കാശ്മീർ വരെ പോയിവരിക എന്നത് ചിലപ്പോൾ പോക്കറ്റ് കാലിയാക്കുന്ന ഒരു യാത്രയായിരിക്കും.ആഗ്രഹവും സമയവും ആവശ്യത്തിലുമധികം ഉണ്ടെങ്കിലും വില്ലൻ പണമാണ്. എന്നാൽ, കാശ്മീർ യാത്രകൾ വളരെ കുറഞ്ഞ ചിലവിൽ പോകുവാനാഗ്രഹിക്കുന്നവർക്കായി ഐആർസിടിസി ഒരു പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. പോക്കറ്റ് കാലിയാക്കില്ല എന്നു മാത്രമല്ല, കാശ്മീരിലെ പ്രധാന കാഴ്ചകളെല്ലാം ഉൾപ്പെടുത്തി പ്ലാൻ ചെയ്തിരിക്കുന്ന യാത്ര നിങ്ങളുടെ കാശ്മീര്‍ സ്വപ്നങ്ങളെ പൂവണിയിപ്പിക്കുകയും ചെയ്യും... ഇതാ പാക്കേജിനെക്കുറിച്ച് വിശദമായി വായിക്കാം.

കാശ്മീരിന് പോകാം

കാശ്മീരിന് പോകാം

വിന്‍റർ സീസണിൽ സഞ്ചാരികൾക്കിടയിൽ ഏറ്റവും ഹിറ്റ് ആയി നിൽക്കുന്ന സ്ഥലമാണ് കാശ്മീർ. മഞ്ഞുപൊഴിയുന്ന ഈ സമയത്ത് ആയിരക്കണക്കിന് സ‍ഞ്ചാരികൾ ലോകത്തിന്‍റെ വിവിധ ഭാഗത്തു നിന്നും കാശ്മീരിലെത്തും. ഏതു സമയത്തു പോയാലും ആ സൗന്ദര്യം കൊണ്ട് നമ്മെ പിടിച്ചുനിർത്തുന്ന ഇവിടെ മഞ്ഞുകാലത്തെത്തിയാലുള്ള കാഴ്ചകൾ വിവരിക്കുന്നതിനു വാക്കുകൾ പോരാതെ വരും..

PC: Jannes Jacobs/ Unsplash

പോക്കറ്റ് കാലിയാക്കാതെ പോകാം

പോക്കറ്റ് കാലിയാക്കാതെ പോകാം

കാശ്മീർ യാത്രകളിൽ ആളുകൾ കൂടുതലും ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയുള്ള പാക്കേജുകൾക്കാണ് പ്രാധാന്യം നല്കുന്നത്. എത്ര ബജറ്റ് ഫ്രണ്ട്ലിയെന്ന് അവകാശപ്പെട്ടാല്‍ പോലും പോക്കറ്റ് കീറുന്ന പാക്കേജുകളല്ലാത്ത, ഒരു പാക്കേജാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് -IRCTC- കൊണ്ടുവന്നിരിക്കുന്നത്. കാശ്മീരിലെ പ്രധാന ഇടങ്ങളെല്ലാം സന്ദർശിക്കുവാൻ സാധിക്കുന്ന യാത്ര നിങ്ങളുടെ കാശ്മീർ യാത്രാ മോഹങ്ങളെ സഫലമാക്കും.

PC:prayer flags/ Unsplash

ശ്രീനഗര്‍-ഗുൽമാർഗ്-പഹൽഗാം-സോന്മാർഗ് പാക്കേജ്

ശ്രീനഗര്‍-ഗുൽമാർഗ്-പഹൽഗാം-സോന്മാർഗ് പാക്കേജ്

NCH13 എന്നു പേരിട്ടിരിക്കുന്ന ഈ യാത്രയിൽ ശ്രീനഗര്‍,ഗുൽമാർഗ്,പഹൽഗാം,സോന്മാർഗ് എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുക. ഇവിടങ്ങളിലെ പ്രധാന കാഴ്ചകളെല്ലാം സമയമെടുത്ത് ആസ്വദിക്കുവാൻ ഈ പാക്കേജ് വഴി സാധിക്കും. ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന പാക്കേജാണിത്. സാധാരണ പാക്കേജുകൾക്ക് കാശ്മീരിലേക്കുള്ള യാത്രയടക്കം ആയിരിക്കും 7 പകൽ വരെ ലഭ്യമാവുക. ഈ പാക്കേജിൽ ഒന്നാമത്തെ ദിവസം മുതൽ ഏഴാമത്തെ ദിവസം വരെ കാശ്മീരിൽ തന്നെയാണ് ചിലവഴിക്കുന്നത്.

PC:Rohit Durbha/ Unsplash

യാത്രയുടെ ഒന്നാം ദിവസവും രണ്ടാം ദിവസവും

യാത്രയുടെ ഒന്നാം ദിവസവും രണ്ടാം ദിവസവും

യാത്രയുടെ ആദ്യ ദിവസം എയർപോർട്ടിലോ, റെയിൽവേ സ്റ്റേഷനിലോ എത്തുന്ന നിങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകുന്നതു മുതൽ പാക്കേജ് ആരംഭിക്കും. ആദ്യ ദിവസം രാത്രി ഭക്ഷണം മാത്രമേ പാക്കേജനുസരിച്ച് ലഭിക്കുകയുള്ളൂ. അന്ന് രാത്രി താമസം ഹോട്ടലിൽ ആണ്

യാത്രയുടെ രണ്ടാമത്തെ ദിവസം ഇവിടുത്തെ മുഗൾ ഗാർഡനുകളാണ് സന്ദർശിക്കുന്നത്. രൂപകല്പനയിലും കാഴ്ചയിലും ഒരുപോലെ വിസ്മയിപ്പിക്കുന്നവയാണ് ഇവ. നിഷാത്, ഷാലിമാർ, ചഷ്മേ ഷാഹി അഥവാ ചാമ ഐ ഷാഹി എന്നിവയാണ് സന്ദർശിക്കുന്നത്. അതിനു ശേഷംനേരെ പ്രസിദ്ധമായ ശങ്കരാചാര്യ ക്ഷേത്രം സന്ദർശിക്കും.ശ്രീനഗറിലെ സബര്‍വാന്‍ റേഞ്ചിലാണ് ജ്യേഷ്‌ഠേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്ന ശങ്കരാചാര്യ ക്ഷേത്രം ഇവിടുത്തെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രം കൂടിയാണ്. സമുദ്രനിരപ്പില്‍ നിന്നും ആയിരം അ‌ടി ഉയരത്തിലുള്ള ക്ഷേത്രം നഗരത്തിനഭിമുഖമായാണ് നിൽക്കുന്നത്.

PC:imad Clicks/ Unsplash

മൂന്നാം ദിവസം

മൂന്നാം ദിവസം

കാശ്മീര്‍ യാത്രയുടെ മൂന്നാം ദിവസം സന്ദർശിക്കുന്നത് ഗുൽമാർഗാണ്. രാവിലെ ഭക്ഷത്തിനു ശേഷം നേരെ പൂക്കളുടെ മേട് എന്നറിയപ്പെടുന്ന ഗുൽമാർഗിലേക്ക് തിരിക്കും. ശ്രീനഗറിൽ നിന്നും ഏകദേശം ഒരു മണിക്കൂറാണ് ഒരു പകൽ മുഴുവനും ഇവിടെ ചിലവഴിക്കും. ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള ഗോൾഫ് കോഴ്സ് ഗുൽമാര്‍ഗിൽ കാണാം. കാണുവാനുള്ള ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. ആൽപതർ തടാകവും ഗുൽമാർഗിലെ സെന്റ് മേരീസ് പള്ളിയും നിർബന്ധമായും കാണുവാൻ ശ്രമിക്കുക. ഇവിടുത്തെ പ്രസിദ്ധമായ കുതിര സവാരിയും കേബിൾ കാർ റൈഡും സ്വന്തം ചിലവിൽ വേണമെങ്കിൽ ആസ്വദിക്കാം. രാത്രി തിരികെ ഹോട്ടലിലേക്ക് മടങ്ങിവരും

PC:YASER NABI MIR/Unsplahs

നാലാം ദിവസം

നാലാം ദിവസം

യാത്രയിലെ നാലാമത്തെ ദിവസം പഹൽഗാമിലേക്കാണ് യാത്ര. രാവിലെ ഭക്ഷത്തിനു ശേഷം യാത്ര തുടങ്ങും. വഴിമധ്യേ, പ്രസിദ്ധമായ കുങ്കുമപ്പാടങ്ങളും അവന്തിപുരയലെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കുവാനും അവസരമുണ്ട്. കാശ്മീരിൽ ഏറ്റവും വ്യത്യസ്തമായ യാത്രാനുഭവം നല്കുന്ന സ്ഥലങ്ങളിലൊന്നാണ് പഹൽഗാം. ഫോട്ടോഗ്രഫിയിൽ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഫോണിലെ ഗാലറികളെ നിറയ്ക്കുവാൻമാത്രം ചിത്രങ്ങൾ ഇവിടെനിന്നും പകർത്താം. അതിനു ശേഷം വൈകുന്നേരത്തോടുകൂടി ശ്രീനഗറിലേക്ക് മടങ്ങും.

PC:Asif Asharaf/Unsplash

അഞ്ചാം ദിവസം

അഞ്ചാം ദിവസം

സ്വർണ്ണത്തിന്‍റെ താഴ്വര എന്നറിയപ്പെടുന്ന സോന്മാര്‍ഗ്ഗിലേക്കാണ് അഞ്ചാമത്തെ ദിവസത്തെ യാത്ര. ഭക്ഷണത്തിനു ശേഷം പുറപ്പെടുന്ന യാത്ര സോന്മാര്‍ഗിലെത്തുവാൻ മൂന്നു മണിക്കൂർ സമയമെടുക്കും. ഇവിടെ ചെന്നുകഴിയുമ്പോൾ, നിങ്ങളുടെ മനസ്സിലുള്ള കാശ്മീരിനെ നേരിട്ടു കാണുവാൻ പോവുകയാണ് എന്ന ഓർമ്മയിൽ വേണം കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുവാൻ. ഇവിടുത്തെ താജിവാസ് ഗ്ലേസിയര്‍ നിങ്ങൾക്ക് സ്വന്തം ചിലവിൽ സന്ദർശിക്കാം. അതിനു ശേഷം അത്താഴം കഴിക്കും. രാത്രി താമസവും ഭക്ഷണവും സോന്മാര്‍ഗിലെ ഹോട്ടലില്‍ നിന്നായിരിക്കും.

PC:Nida Shaikh/Unsplash

കാശ്മീരിന് മാത്രം നല്കുവാന്‍ കഴിയുന്ന സന്തോഷങ്ങള്‍... ഷിക്കാരയിലെ യാത്ര മുതല്‍ ലൊലാബ് വാലി വരെകാശ്മീരിന് മാത്രം നല്കുവാന്‍ കഴിയുന്ന സന്തോഷങ്ങള്‍... ഷിക്കാരയിലെ യാത്ര മുതല്‍ ലൊലാബ് വാലി വരെ

ആറാം ദിവസവും ഏഴാം ദിവസവും

ആറാം ദിവസവും ഏഴാം ദിവസവും

യാത്രയിൽ ചെന്നിറങ്ങിയ ശ്രീനഗറിലെ കാഴ്ചകൾ കാണുവാനാണ് ആറാം ദിവസം ഉപയോഗപ്പെടുത്തുന്നത്. രാവിലെ തന്നെ സോന്മാർഗിൽ നിന്നും ശ്രീനഗറിലേക്ക് വരും. നേരെ ഹൗസ് ബോട്ടിലേക്കാണ് പോകുന്നത്. ഉച്ച കഴിഞ്ഞ് ഷിക്കാര ബോട്ടിൽ യാത്ര നടത്താം. രാത്രിയിലെ താമസവും ദാൽ തടാകത്തിലെ ഷിക്കാര വള്ളത്തിലായിരിക്കും.
ഏഴാം ദിവസം യാത്രയുടെ അവസാന ദിവസമാണ്. പ്രഭാത ഭക്ഷണത്തിനു ശേഷം ചെക്ക് ഔട്ട് ചെയ്ത് നേരെ നിങ്ങളെ എയര്‍പോർട്ടിലോ റെയിൽവേ സ്റ്റേഷനിലോ എത്തിക്കും.

PC:YASER NABI MIR/Unsplash

കാശ്മീര്‍ യാത്ര: മറക്കാതെ കാണേണ്ട പഹല്‍ഗാമും ഗുല്‍മാര്‍ഗും പിന്നെ ദാല്‍ തടാകവുംകാശ്മീര്‍ യാത്ര: മറക്കാതെ കാണേണ്ട പഹല്‍ഗാമും ഗുല്‍മാര്‍ഗും പിന്നെ ദാല്‍ തടാകവും

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

സീസണനുസരിച്ച് രണ്ടു തരത്തിലുള്ള ടിക്കറ്റ് നിരക്കാണ് ഇപ്പോൾ ഐആർസിടിസി ഈ പാക്കേജിന് ലഭ്യമാക്കിയിരിക്കുന്നത്.
ലീൻ സീസണ്‍ - 16 നവംബർ മുതൽ 15 ഡിസംബർ വരെ, 02 ജനുവരി 2023 മുതൽ 31 മാർച്ച് വരെ, 01 ഓഗസ്റ്റ് മുതൽ 15 ഒക്ടോബർ വരെ.

ലീൻ സീസൺ യാത്രയില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 45345/-രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 22480/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 19040/- രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 16160/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 11330/- രൂപയും ആണ്.

പീക്ക് സീസൺ
(16 ഡിസംബർ മുതൽ 01 ജനുവരി വരെ, ഏപ്രിൽ 01 മുതൽ ജൂലൈ 31 വരെ, 16 ഒക്ടോബർ മുതൽ 15 നവംബർ വരെ)

പീക്ക് സീസൺ യാത്രയിൽ സിംഗിള്‍ ഒക്യുപന്‍സിക്ക് 47835/- രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 23965/-രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 20030/- രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 16160/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 11330/- രൂപയും ആണ്.

PC: Ankur Khandelwal/Unsplash

ടിക്കറ്റ് ബുക്കിങ്

ടിക്കറ്റ് ബുക്കിങ്

ടിക്കറ്റ് ബുക്കിങ്ങിനായി 8595930980, 8595930981, 8595930955 എന്നീ മൊബൈൽ നമ്പറുകളിലും 0172-4645795 എന്ന ടെലിഫോൺ നമ്പറിലും ബന്ധപ്പെടാം. ഓർമ്മിക്കുക, നിങ്ങൾ കാശ്മീരിൽ സ്വന്തം ചിലവിൽ വേണം എത്തുവാൻ. കാശ്മീരിൽ നിന്നു നിങ്ങളെ സ്വീകരിക്കുന്നതു മുതലാണ് ഈ പാക്കേജ് ആരംഭിക്കുന്നത്.

PC:Raisa Nastukova/ Unsplash

 കേരളത്തിൽ നിന്നും കാശ്മീരിലേക്ക്

കേരളത്തിൽ നിന്നും കാശ്മീരിലേക്ക്

കേരളത്തിൽ നിന്നും കാശ്മീരിലേക്ക് ഹിമസാഗർ എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുന്നു. കന്യാകുമാരിയിൽ നിന്നും ആരംഭിക്കുന്ന യാത്ര ശ്രീമാതാ വൈഷ്ണോദേവീ കത്ര സ്റ്റേഷൻ വരെയാണുള്ളത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരം യാത്രചെയ്യുന്ന രണ്ടാമത്തെ ട്രെയിനാണ് ഹിമസാഗർ എക്സ്പ്രസ്സ്. എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് 2.15ന് (14:15)
കന്യാകുമാരിയിൽ നിന്നും ആരംഭിക്കുന്ന യാത്ര തിരുവനന്തപുരം സെൻട്രൽ, കൊല്ലം ജംങ്ഷൻ, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവാ, തൃശൂർ, ഒറ്റപ്പാലം പാലക്കാട് എന്നീ സ്റ്റേഷനുകളിലൂടെ കടന്ന് കോയമ്പത്തൂർ ജംഗ്ഷൻ, തിരുപ്പതി, ന്യുഡൽഹി വഴിയാണ് പോകുന്നത്. 70 മണിക്കൂറിനടുത്ത് യാത്രാസമയമുണ്ട് കന്യാകുമാരിയിൽ നിന്നും ഇവിടേക്ക്.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

കന്യാകുമാരിയിൽ നിന്നും ജമ്മു താവിയിലേക്ക് സ്ലീപ്പർ ടിക്കറ്റിന് 1070 രൂപയും എസി ത്രീ ടയറിന് 2765 രൂപയും എസി ടൂ ടയറിന് 4095 രൂപയുമാണ് നിരക്ക്. 3715 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി 11 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു.

കാശ്മീര്‍ യാത്ര: മറക്കാതെ കാണേണ്ട പഹല്‍ഗാമും ഗുല്‍മാര്‍ഗും പിന്നെ ദാല്‍ തടാകവുംകാശ്മീര്‍ യാത്ര: മറക്കാതെ കാണേണ്ട പഹല്‍ഗാമും ഗുല്‍മാര്‍ഗും പിന്നെ ദാല്‍ തടാകവും

പഹല്‍ഗാമും ഗുല്‍മാര്‍ഗുമല്ല, കാശ്മീരിന്‍റെ യഥാര്‍ത്ഥ ഭംഗി കാണുവാന്‍ പോകണം ഈ ഗ്രാമങ്ങളിലേക്ക്പഹല്‍ഗാമും ഗുല്‍മാര്‍ഗുമല്ല, കാശ്മീരിന്‍റെ യഥാര്‍ത്ഥ ഭംഗി കാണുവാന്‍ പോകണം ഈ ഗ്രാമങ്ങളിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X