കിലോമീറ്ററുകളോളം ദൂരത്തിൽ ഒരു വലിയ പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ചൈനയിലെ വന്മതിൽ...അതിമൊപ്പമെത്തില്ലെങ്കിലും അത്രത്തോളം തന്നെ പേരും അതിനൊത്ത നീളവുമുള്ള ഒരു വന്മതിൽ നമുക്കുമുണ്ട്. കുംഭാൽഗഡ് കോട്ടമതിൽ. രാജസ്ഥാന്‍റെ ചൂടിൽ നിന്നും മണലാരണ്യത്തിൽ നിന്നും മാറി ആരവല്ലി മലനിരകൾക്കു മുകളിൽ നീണ്ടു നിവർന്നു കിടക്കുന്ന കുംഭാൽഗഡ് കോട്ടയിലെ കോട്ടമതിൽ. രാജസ്ഥാന്‍റെ ചരിത്രത്തിൽ തിളങ്ങുന്ന പല അധ്യായങ്ങൾക്കും സാക്ഷിയായ കോട്ടമതിൽ ഇന്ന് ചരിത്രം തേടിയെത്തുന്ന സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളിലൊന്നാണ്. ചരിത്രം മാത്രമല്ല കലയും സംസ്കാരവും പാരമ്പര്യവും പരിപോഷിപ്പിക്കുവാനായി ഇവിടെ വർഷത്തിലൊരിക്കൽ കുംഭാൽഗഡ് ഫെസ്റ്റിവൽ നടക്കാറുണ്ട്. നാടൻ നൃത്തങ്ങളും ആഘോഷ പരിപാടികളും ഒക്കൊയായി മൂന്നു ദിവസം ഇവിടെ പകൽ അവസാനിക്കാറും രാത്രി പിറക്കാറുമില്ല. കുംഭാൽഗഡ് ഫെസ്റ്റിവലിന്‍റെ വിശേഷങ്ങളിലേക്ക്....

മലമുകളിൽ കോട്ടയുണ്ടായ കഥ
കുംഭാൽഗഡ് ഫെസ്റ്റിവലിന്‍റെ വിശേഷങ്ങളിലേക്ക് പോകുന്നതിനു മുൻപേ അറിയേണ്ടത് ഇവിടുത്തെ കോട്ടയുടെ ചരിത്രമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ റാണാ കുംഭ എന്ന രാജാവാണ് .38 കിലോമീറ്റർ നീളമുള്ള കോട്ടമതിലുമായി കുംഭാൽഗഡ് കോട്ട നിർമ്മിക്കുന്നത്. അദ്ദേഹം പണികഴിപ്പിച്ച 32 കോട്ടകളിൽ ഏറ്റവും വലുതും ഇതാണ്. വലുപ്പത്തിൽ രാജസ്ഥാനിലെ കോട്ടകളിൽ രണ്ടാം സ്ഥാനവും ഇതിനുണ്ട്. എന്നാൽ കോട്ടയുടെ ബാക്കിയുള്ള ചരിത്രം ലഭ്യമല്ല. മൗര്യ വംംശത്തിലെ സംപ്രതി രാജാവാണ് ഇന്നത്തെ കോട്ടയുടെ ആദ്യ രൂപം നിർമ്മിച്ചത് എന്നാണ് വിശ്വാസം. ആറാം നൂറ്റാണ്ടിൽ ഈ പ്രദേശത്തിൻരെ സൈനിക പ്രാധാന്യം മനസ്സിലാക്കിയാണ് ഇവിടെ കോട്ട ഉയരുന്നത്. മേവാറിനെ മർവാറുമായി വേർതിരിക്കുന്ന കോട്ടയുടെ ചരിത്രത്തിൽ വന്നുപോയ ഭരണാധികാരികൾ വേറെയുമുണ്ട്. മഹാറാണ പ്രതാപ് ജനിച്ചു വീണതും ഇവിടെയാണ്.
PC:Rishabh jain

3600 അടി മുകളില്‍
ആരവല്ലി പർവ്വത നിരയിൽ സമുദ്ര നിരപ്പിൽ നിന്നും 3600 അടി മുകളിലായാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. കുംഭാൽഗഢ് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കോട്ടയ്ക്ക് ഏഴു കവാടങ്ങളാണുള്ളത്. റാംപോൾ എന്നറിയപ്പെടുന്ന പ്രധാന കവാടത്തിലൂടെ വേണം കോട്ടയ്ക്കകത്തു കടക്കുവാൻ. 13 മലനിരകളിലായാണ് കോട്ടയുടെ മതിൽ പണിതിരിക്കുന്നത്. ഇതിനുള്ളിൽ ധാരാളം ക്ഷേത്രങ്ങളും കൊട്ടാരങ്ങളും മറ്റു നിർമ്മിതികളും ഒക്കെ കാണുവാൻ സാധിക്കും. ഏകദേശം 360 ക്ഷേത്രങ്ങളാണ് ഇതിനുള്ളിലുള്ളത്.
PC:Honzasoukup

ഡിസംബർ 1 മുതൽ മൂന്ന് വരെ
രാജസ്ഥാന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും ടൂറിസത്തിലൂടെ വളർത്തി സഞ്ചാരികൾക്കിടയിൽ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഇവിടെ കുംഭാല്‍ഗഡ് ഫെസ്റ്റിവൽ നടത്തുന്നത്. ഈ വർഷം ഡിസംബർ 1 മുതൽ 3 വരെ മൂന്നു ദിവസങ്ങളിലായാണ് കുംഭാൽഗഡ് ഫെസ്റ്റിവൽ നടക്കുന്നത്. മഹാറാണാ കുംഭ കലയ്ക്കും സംസ്കാരത്തിനും നല്കിയ സംഭാവനകളെ ഓർമ്മിക്കുന്ന സമയം കൂടിയാണിത്. ഏകദേശം പത്തു വര്‍ഷത്തിലധികമായി കുംഭാല്‍ഗഡ് ഫെസ്റ്റിവൽ നടക്കുന്നുണ്ട്.
ഒന്നാം തിയ്യതി രാജസ്ഥാനി ഫോക് ഫ്യൂഷനും ഒഡീഷി നൃത്തവുമാണ് പ്രധാന പരിപാടികൾ. രണ്ടാം തിയ്യതി ക്ലാസികൽ ഡാൻസ് ഫ്യൂഷന്റെ സമയമാണ്. വന്ദേ മാതരം എന്ന തീമിലാണ് അന്ന് പരിപാടികൾ നടക്കുക. ഫ്ലൂട്ടും സരോദുമാണ് മൂന്നാം ദിവസത്തെ പരിപാടികളിലുള്ളത്.

അവസാനിക്കാത്ത ദിനങ്ങൾ
പകലും രാത്രിയും രണ്ട് സെക്ഷനുകളിലായാണ് കുംഭാൽഗഡ് ഫെസ്റ്റിവൽ നടക്കുന്നത്. കണ്ടാൽ തിരിച്ചറിയുവാൻ സാധിക്കാത്ത തരത്തിലുള്ള അലങ്കാരങ്ങള്‍ ഇവിടെ കാണാം.
പകൽ സമയം മുഴുവനും എക്സിബിഷനും തുണിത്തരങ്ങളുടെയും ആഭരണങ്ങളുടെയും കരകൗശല വസ്തുക്കളുടെയും സുവനിയറുകളുടെയും ഒക്കെ പ്രദർശനവും വില്പനയും ആണ്.എന്നാൽ വൈകിട്ടാകുമ്പോഴേയ്ക്കും പരിപാടികളിൽ മുഴുവൻ മാറ്റമാണ്. സംഗീതവും നൃത്തവും ലൈറ്റ് ഷോയും ഒക്കെയായി വലിയ വലിയ പരിപാടികളും ബഹളങ്ങളുമാണ് രാത്രിയുള്ളത്. ഇവിടുത്തെ വാർഷിക ആഘോഷമായ കുംഭാൽഗഡ് ഫെസ്റ്റിവൽ രാജസ്ഥാന്‍റെ തനത് കലകളെയും സംസ്കാരത്തെയും പ്രദർശിപ്പിക്കുന്ന ഇടമാണ്. ഒരൊറ്റ കുടക്കീഴിൽ ഒരായിരം കാഴ്ചകൾ കണ്ടിറങ്ങാം എന്നതാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന കാര്യം.

വടം വലി മുതൽ കസേര കളി വരെ
ഫെസ്റ്റിവലിൽ പങ്കെടുക്കുവാനെത്തുന്ന തദ്ദേശീയരെയും സഞ്ചാരികളെയും വിദേശികളെയും ഒരുപോലെ കയ്യിലെടുക്കുന്ന പരിപാടികളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ടർബൻ കെട്ടൽ, വടം വലി, കസേരകളി, തുടങ്ങിയ രസകരമായ പല കളികളും ഇവിടെ കാണാം.
PC:Skmining

എത്തിച്ചേരുവാൻ
രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നും 84 കിലോമീറ്റർ അകലെയാണ് കുംഭാൽഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. ഉദയ്പൂരിലെ ദബോക് എയര്‌പോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 84 കിലോമീറ്റർ അകലെയുള്ള ഫൽനാ റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. രാജ്സാമന്ദിൽ നിന്നും 58 കിലോമീറ്ററും നത്ദ്വാരയിൽ നിന്നും 51 കിലോമീറ്ററും ജോധ്പൂരിൽ നിന്നും 207 കിലോമീറ്ററും അജ്മീറിൽ നിന്നും 213 കിലോമീറ്ററും ജയ്പൂരിൽ നിന്നും 345 കിലോമീറ്ററും കുംഭാൽഗഡിലേക്ക് ദൂരമുണ്ട്.
സാധാരണ രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടേക്കുള്ള പ്രവേശനം. ഇന്ത്യക്കാരായ സന്ദർശകർക്ക് 10 രൂപയും വിദേശികൾക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്.
ഇന്ത്യയിലെ വന്മതിൽ കാണുവാൻ പോകാം...പ്ലാൻ ഇങ്ങനെ!
ഒറ്റ വേദിയിലെ 16 സംസ്കാരങ്ങളും പത്തു ദിനവും..രാവിനെ പകലാക്കുന്ന ഹോൺബിൽ ഫെസ്റ്റിവൽ!
ഹോൺബിൽ മുതൽ സാൻഡ് ആർട്ട് വരെ...ഡിസംബറ് ആഘോഷിക്കാൻ ഈ വഴികൾ
ചരിത്രസ്മാരകങ്ങളിലേക്ക് യാത്ര പോകും മുൻപ് ഇത് അറിഞ്ഞിരിക്കാം