» »കാതുകള്‍ വിശ്വസിക്കില്ല, അസിര്‍ഗഡ് കോട്ടയുടെ ഈ കഥകള്‍

കാതുകള്‍ വിശ്വസിക്കില്ല, അസിര്‍ഗഡ് കോട്ടയുടെ ഈ കഥകള്‍

Written By: Elizabath Joseph

നിഗൂഢതകള്‍ക്കും രഹസ്യങ്ങള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടെ രാജ്യം. മിത്തുകളാല്‍ സമ്പന്നമായ ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ അവിടെയും ഇത്തരം കഥകള്‍ കാണാന്‍ സാധിക്കും. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ ഉള്ള സ്ഥലങ്ങളില്‍ ഇന്നും ഇത്തരത്തിലുള്ള സ്ഥലങ്ങള്‍ ഉണ്ടത്രെ. ശാസ്ത്രീയമായി ഇവിടുത്തെ നിഗൂഢതകളെ പരിഹരിക്കാന്‍ ശ്രമിച്ചാലും വീണ്ടും വീണ്ടും നമ്മളെ കുഴപ്പിക്കുന്ന രീതിയിലേക്കാണ് ഇവ വരിക. ഈ ഗണത്തില്‍ പെട്ട ഒരിടമാണ് മധ്യപ്രദേശിയെ അസിര്‍ഗാഡ് കോട്ട.
പുരാണങ്ങളുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഇവിടെ ശ്രീകൃഷ്ണന്റെ ശാപം മൂലം അശ്വത്ഥാമാവ് അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ട് എന്നും ഒരു വിശ്വാസമുണ്ട്. അസിര്‍ഗാഡ് കോട്ടയുടെ നിഗൂഢതകളിലേക്കും അതിശയങ്ങളിലേക്കും കടന്നുചെല്ലാം...

 എവിടെയാണിത്?

എവിടെയാണിത്?

മധ്യപ്രദേശിലെ ബര്‍ഹന്‍പൂര്‍ പട്ടണത്തിലാണ് അസിര്‍ഗാഡ് കോട്ട സ്ഥിതി ചെയ്യുന്നത്. ബര്‍ഹന്‍പൂരില്ഡ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ഇവിടമുള്ളത്. ഇതിനോടു ചേര്‍ന്നാണ് സത്പുര പര്‍വ്വതനിരകളും സ്ഥിതി ചെയ്യുന്നത്. നര്‍മ്മദ, താപ്തി നദികളുടെ താഴ്വരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മലമ്പാതയും ഈ കോട്ടവഴി കടന്നു പോകുന്നുണ്ട്.

 ഡെക്കാനിലേക്കുള്ള താക്കോല്‍

ഡെക്കാനിലേക്കുള്ള താക്കോല്‍

ഡെക്കാനില്‍ നിന്നും നോര്‍ത്ത ഇന്ത്യയിലേക്കുള്ള പ്രധാന പാത അസിര്‍ഗാഡ് കോട്ട വഴിയായിരുന്നു കടന്നുപോയിരുന്നത്. അതുകൊണ്ട് തന്നെ ഇത് ഡെക്കാനിലേക്കുള്ള താക്കോല്‍ അഥവാ കീ ദ ഡെക്കാന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. മുഗള്‍ ഭരണകാലത്ത് ഇവിടെനിന്നാണ് ഡെക്കാന്‍ തുടങ്ങുന്നതെന്നും അസിര്‍ഗാഡ് മുതല്‍ ഡെല്‍ഹി വരെയുള്ള സ്ഥലം ഹിന്ദുസ്ഥാന്‍ എന്നുമാണ് അറിയപ്പെട്ടിരുന്നത്.

PC: Yashasvi nagda

കോട്ടയുടെ ചരിത്രം

കോട്ടയുടെ ചരിത്രം

പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജമീന്ദാരായിരുന്ന ആസാ അഹിര്‍ എന്ന ആളാണ് ഈ കോട്ട നിര്‍മ്മിക്കുന്നത്. ഖന്‍ന്ദേഷിലെ നാസിര്‍ ഖാന്‍ ആസാ അഹിറിനെ കൊലപ്പെടുത്തി ഈ കോട്ട കൈക്കലാക്കുകയായിരുന്നു. നാസിര്‍ ഖാന്റെ പിന്‍തലമുറക്കാരനായ മിരാന്‍ ബഹാദൂര്‍ ഖാന്‍ ഈ കോട്ടയില്‍ തനിക്കുള്ള പരമാധികാരം പ്രഖ്യപിക്കുകയും മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന് കപ്പം കൊടുക്കുന്നത് നിര്‍ത്തുകയും ചെയ്തു. ഇതില്‍ കുപിതനായ അക്ബര്‍ ഇവിടേക്ക് പടനയിച്ച് കോട്ട പിടിച്ചെടുത്തുവെന്ന് ചരിത്രം പറയുന്നു. പിന്നീട് രണ്ടാമത്തെ ആംഗ്ലോ-മറാത്ത യുദ്ധത്തിന്റെ സമയത്ത് ഇവിടം ബ്രിട്ടീഷുകാര്‍ പിടിച്ചടക്കുകയായിരുന്നു.

PC:Warren and Fisher

വ്യത്യസ്തമായ വാസ്തുവിദ്യകള്‍

വ്യത്യസ്തമായ വാസ്തുവിദ്യകള്‍

മുഗള്‍ വാസ്തുവിദ്യയോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ കോട്ടയുടെ നിര്‍മ്മിതകള്‍. ഇതിന്റെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് വ്യത്യസ്തങ്ങളായ വാസ്തുവിദ്യകളുടെ സമന്വയമാണ്. ഇസ്ലാമിക്, പേര്‍ഷ്യന്‍, ടര്‍ക്കിഷ്,ഇന്ത്യന്‍ നിര്‍മ്മാണ ശൈലികളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല, ജലസംഭരണത്തിനായി മനുഷ്യനിര്‍മ്മിതമായ മൂന്നു വലിയ കുളങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും.
ഗുപ്‌തേശ്വര്‍ മഹാദേവ് ക്ഷേത്രം എന്ന പേരില്‍ ഒരു ക്ഷേത്രവും ഈ കോട്ടയ്ക്കുള്ളില്‍ ഉണ്ട്,. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ മഹാഭാരതത്തിലെ കഥാപാത്രമായ അശ്വത്ഥാമാവ് എന്നും ആരാധിക്കാനായി എത്തുമെന്നും പുഷ്പങ്ങള്‍ സമര്‍പ്പിച്ച ശേഷം പോകും എന്നുമൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്.
ഒരു മുസ്ലീം പള്ളിയുടെ മിനാരങ്ങളും ബ്രിട്ടീഷ് മാതൃകയിലുള്ള ശവകുടീരങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും.

PC:Yashasvi nagda

ഖനനം നടത്തിയപ്പോള്‍

ഖനനം നടത്തിയപ്പോള്‍

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ ഇവിടെ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഖനനം നടത്തിയിരുന്നു. അപ്പോഴാണ് ഈ കോട്ടയുടെ നിഗൂഢതകള്‍ ഓരോന്നായി പുറത്തുവരാന്‍ തുടങ്ങിയത്. രാജ്ഞിയുടെ കൊട്ടാരവും ഇരുമ്പ് ജനാലകളും വാതിലുകളുമുള്ള ജയിലും ഇവിടുത്തെ ഖനനത്തില്‍ കണ്ടെത്തി. രാജ്ഞിയുടെ ഈ കൊട്ടാരത്തില്‍ 20 രഹസ്യമുറികളും ഒരു സ്‌നാനഘട്ടും ഉണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

PC:James M. Campbell

ചരിത്രപ്രാധാന്യമുള്ള കോട്ട

ചരിത്രപ്രാധാന്യമുള്ള കോട്ട

അസിര്‍ഗഡ് കോട്ട ഇന്ത്യയിടെ പ്രസിദ്ധമായ നിര്‍മ്മിതികളുടെ കൂടെ എണ്ണപ്പെടുന്ന ഒന്നാണ്. സത്പുര മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഇത് സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 250 അടി ഉയരത്തിലാണ് ഉള്ളത്. പഴയകാല പ്രതാപത്തിന്റെ അടയാളമായിട്ട് നിലകൊള്ളുന്ന കോട്ട കൂടിയാണിത്.
എന്നാല്‍ ഇന്ത്യയിലെ നിഗൂഢമായ കോട്ടകളുടെ കൂട്ടത്തിലും ഇതിന് സ്ഥാനമുണ്ട്. ഇതിന്റെ കൃത്യമായ ചരിത്രം ഇതുവരെയും കണ്ടെത്താന്‍ ചരിത്രകാരന്‍മാര്‍ക്ക് സാധിച്ചിട്ടില്ല. മഹാഭാരത സമയത്തു മുതല്‍ ഈ കോട്ടയെപ്പറ്റി പുരാണങ്ങളില്‍ പരാമര്‍ശമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

PC:LRBurdak

കോട്ടയ്ക്ക് പേരുവന്ന വഴി

കോട്ടയ്ക്ക് പേരുവന്ന വഴി

പുരാണകാലം മുതലേ നിലനില്‍ക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന ഈ കോട്ടയ്ക്ക് ഈ പേരു വന്നതിനെപ്പറ്റിയും കഥകള്‍ ഉണ്ട്. അതില്‍ ഒരു കഥയനുസരിച്ച് ആസാ എന്നു പേരുള്ള ഒരാള്‍ ഇവിടെ താമസിച്ചിരുന്നുവത്രെ. ആയിരക്കണക്കിന് വളര്‍ത്തു മൃഗങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതിനെയെല്ലാം സംരക്ഷിക്കേണ്ടതിന്റെ ഭാഗമായി അദ്ദേഹം കല്ലും മണ്ണും കൊണ്ട് ഇവിടെ ഈ കാണുന്ന കോട്ട നിര്‍മ്മിച്ചുവത്രെ. എന്നാല്‍ ഈ കഥയ്ക്ക് യാതൊരു ചരിത്ര പിന്തുണയും അവകാശപ്പെടാനില്ല. ഒട്ടേറെ രാജാക്കന്‍മാര്‍ ഈ കോട്ടയില്‍ ഭരണം നടത്തിയിട്ടുണ്ട് എന്നും പറയപ്പെടുന്നു.

PC:Yashasvi nagda

ഇവിടുത്തെ അത്ഭുതം

ഇവിടുത്തെ അത്ഭുതം

വിശ്വാസം അനുസരിച്ച് ഈ കോട്ടയില്‍ ഒരിക്കലും വറ്റാത്ത ഒരു ജലാശയം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ശ്രീകൃഷ്ണന്റെ ശാപത്തിനിരയായ അശ്വത്ഥാമാ എന്നും ഈ ജലാശയത്തിലെത്തി കുളിച്ച് അടുത്തുള്ള ശിവക്ഷേത്ത്രതില്‍ പ്രാര്‍ഥിക്കാനായി പോകുമത്രെ. ഗുപ്തീശ്വര്‍ മഹാദേവ് ക്ഷേത്രം എന്നാണ് തൊട്ടടുത്തുള്ള ഈ ശിവക്ഷേത്രം അറിയപ്പെടുന്നത്.

PC:Abdoali ezzy

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

മധ്യപ്രദേശിലെ ബര്‍ഹന്‍പൂരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സത്പുര പര്‍വ്വത നിരകളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രദേശികമായ പൊതുഗതാഗത സൗകര്യങ്ങള്‍ ബര്‍ഹന്‍പൂരില്‍ നിന്നും കോട്ടയിലെത്താന്‍ ലഭ്യമാണ്. ഇന്‍ഡോറാണ് അടുത്തുള്ള എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...