
പൗരാണിക ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരുന്ന ഒരുപാട് സംഗതകളുണ്ട്. അതിലൊന്നാണ് ബീഹാറിലെ വിക്രംശില സര്‍വ്വകലാശാല. ഭാരതത്തിലെ വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്ന ഇത് നളന്ദ സര്‍വ്വകലാശാലയുടെ നിലവാരം ഇടിഞ്ഞപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നല്കാനായി നിര്‍മ്മിച്ചതാണത്രെ. പാലാ വംശത്തിലെ രാജാവായിരുന്ന ധര്‍മ്മപാലന്‍ നിര്‍മ്മിച്ച വിക്രംശിലയുടെ വിശേഷങ്ങള്‍ അറിയാം...

എവിടെയാണ് വിക്രംശില
ഇന്നത്തെ ബീഹാറിലെ ഭാഗല്‍പൂര്‍ ജില്ലയിലാണ് വിക്രംശില സ്ഥിതി ചെയ്യുന്നത്. ഭഗല്‍പൂരില്‍ നിന്നും ഇവിടേക്ക് ഏകദേശം 50 കിലോമീറ്റര്‍ ദൂരമാണുള്ളത്.
PC: Tonandada

ചരിത്രത്തിലെ വിക്രമശില
പുരാതന ഇന്ത്യയില്‍ നിലവില്‍ ഉണ്ടായിരുന്ന പ്രധാനപ്പെട്ട ബുദ്ധമതകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു വിക്രംശില. പാല രാജവംശത്തിലെ ധര്‍മ്മപാലാജാവിന്റെ കാലത്താണ് ഇത് പണികഴിപ്പിക്കുന്നത്. താന്ത്രിക് ബുദ്ധിസത്തിന്റെ കേന്ദ്രമായും ഇവിടം അറിയപ്പെടുന്നുണ്ട്. ബുദ്ധാശ്രമങ്ങളും വിഹാരങ്ങളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.

നളന്ദയുടെ നിലവാരം താഴ്ന്നപ്പോള്‍
വിക്രംശില സര്‍വ്വകലാശാല നിര്‍മ്മിച്ചതിനു പിന്നില്‍ വ്യത്യസ്തമായ ഒരു കാരണമാണുള്ളത്. ഇന്ത്യയിലെ ലോകപ്രസിദ്ധ സര്‍വ്വകലാശാലയായ നളന്ദ സര്‍വ്വകലാശാലയുടെ നിലവാരം കുറഞ്ഞു എന്ന തോന്നല്‍ ധര്‍മ്മപാല രാജാവിന് ഉണ്ടായപ്പോഴാണ് അദ്ദേഹം വിക്രംശില സര്‍വ്വകലാശാല സ്ഥാപിക്കുന്നത്. ടിബറ്റില്‍ നിന്നുള്ള ബുദ്ധിസത്തിന്റെ കാര്യങ്ങളായിരുന്നു ഇവിടെ അനുവര്‍ത്തിച്ചിരുന്നത്.
PC: Tonandada

ഇന്ത്യയിലെ വലിയ ബുദ്ധസര്‍വ്വകലാശാല
നൂറലധികം അധ്യാപകരും ആയിരത്തോളം വിദ്യാര്‍ഥികളും ഉണ്ടായിരുന്ന വിക്രംശിലയ്ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധസര്‍വ്വകലാശാല എന്ന വിശേഷണവും സ്വന്തമായിരുന്നു.വളരെ മികച്ച വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്ന ഇവിടെ നിന്നുമാണ് വിദേശ രാജ്യങ്ങളിലേക്ക് ബുദ്ധമതത്തിന്റെ പ്രചരണത്തിനായി വിദ്യാര്‍ഥികള്‍ പൊയ്‌ക്കൊണ്ടിരുന്നത്.

തത്വശാസ്ത്രം മാത്രമല്ല!
വളരെ വ്യത്യസ്തങ്ങളായ വിഷയങ്ങളായിരുന്നു വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പഠിക്കുവാനുണ്ടായിരുന്നത്. തത്വശാസ്ത്രം, വ്യാകരണം, തത്വമീമാംസ, ഇന്ത്യന്‍ ലോജിക് തുടങ്ങിയ വിഷയങ്ങളില്‍ കഴിവ് തെളിഞ്ഞ വിദ്യാര്‍ഥികളും അധ്യാപകരും ആയിരുന്നു ഇവിടെയുണ്ടായിരുന്നത്.

സ്തൂപകേന്ദ്രീകൃതമായ സര്‍വ്വകലാശാല
വലിയ ഒരു സ്തൂപം കേന്ദ്രമാക്കി നിര്‍മ്മിക്കപ്പെട്ട നിര്‍മ്മാണ ശൈലിയാണ് വിക്രംശില സര്‍വ്വകലാശാലയ്ക്ക് ഉണ്ടായിരുന്നത്. ഇതിനു ചുറ്റുമായി വലിയൊരു ആശ്രമത്തിന്റെ രൂപത്തിലാണ് ഇതുണ്ടായിരുന്നത്.
ഏകദേശം 100 ഏക്കറോളം ദൂരത്തില്‍ ഇത് പരന്നു കിടന്നിരുന്നു എന്നാണ് ഇവിടെ നടത്തിയ ഖനന പ്രവര്‍ത്തനങ്ങള്‍ പറയുന്നത്.

ബുദ്ധാശ്രമം
വിക്രംശില സര്‍വ്വകലാശാലയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇവിടുത്തെ ബുദ്ധാശ്രമം. പ്രധാന സ്തൂപത്തിനു ചുറ്റിലുമായി കിടക്കുന്ന ആശ്രമം ചതുരാകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സന്യാസികള്‍ക്കായി 208 മുറികള്‍ ഇതിലുണ്ടായിരുന്നുവത്രെ. ഇവിടുത്തെ വരാന്തകള്‍ എല്ലാം പൊതുവായ ഒരു ഇടത്തിലോട്ടായിരുന്നു തുറന്നിരുന്നതും.

സ്തൂപം
ബുദ്ധന്റെയോ അതോ പ്രശസ്തനായ ഒരു ബുദ്ധസന്യാസിയുടേയോ ശരീരാവശിഷ്ടങ്ങള്‍ക്കു മുകളില്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നു കരുതപ്പെടുന്നതാണ് ഇവിടുത്തെ സ്തൂപം. അല്ലെങ്കില്‍ ഇവരുമായി ബന്ധപ്പെട്ട എന്തോ ഓര്‍മ്മയുടെ ഭാഗമായി നിര്‍മ്മിച്ചതാണെന്നും കരുതപ്പെടുന്നു. ഇവിടെ താമസിച്ചിരുന്ന സന്യാസികളുടെ പ്രാര്‍ഥനാ ആവശ്യങ്ങള്‍ക്കായാണ് ഈ സ്തൂപം നിര്‍മ്മിച്ചിരിക്കുന്നത്.
PC:Tonandada

ഖനനപ്രവര്‍ത്തങ്ങള്‍
വര്‍ഷങ്ങളോളും അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു വിക്രംശില. പിന്നീടാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇവിടെ ഖനന ഉദ്ഘനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
PC:Prataparya

എത്തിച്ചേരുവാന്‍
ഇന്നത്തെ ബീഹാറിലെ ഭാഗല്‍പൂര്‍ ജില്ലയിലാണ് വിക്രംശില സ്ഥിതി ചെയ്യുന്നത്. ഭഗല്‍പൂരില്‍ നിന്നും ഇവിടേക്ക് ഏകദേശം 50 കിലോമീറ്റര്‍ ദൂരമാണുള്ളത്. വിക്രംശിലയ്ക്ക് അടുത്തുള്ള പ്രധാന പട്ടണം കഹല്‍ഗാവോണ്‍ ആണ്. ഇവിടെ നിന്നും 11 കിലോമീറ്ററാണ് വിക്രംശിലയിലേക്കുള്ളത്,.