» »വിസ്മയിപ്പിക്കുന്ന ചരിത്രമുള്ള അറിയപ്പെടാത്ത കോട്ടകള്‍

വിസ്മയിപ്പിക്കുന്ന ചരിത്രമുള്ള അറിയപ്പെടാത്ത കോട്ടകള്‍

Written By: Elizabath Joseph

ചരിത്രം കല്ലുകളില്‍ കഥയെഴുതിയ ഇടങ്ങളാണ് ഓരോ കോട്ടകളും. പ്രത്യേകിച്ച് മധ്യകാലഘട്ടങ്ങളും അതിനു ശേഷമുള്ള സമയവും. തങ്ങള്‍ പിടിച്ചെടുത്ത ഇടങ്ങളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുവാനും സൈനിക ശക്തി പ്രകടിപ്പിക്കുവാനും നിര്‍മ്മിച്ചുരുന്ന കോട്ടകള്‍ക്ക് എന്നും ചരിത്രത്തിന്റെ ഭാഗമായി മാറുവാനാണ് നിയോഗം. കോട്ട നിര്‍മ്മാണവും കോട്ട പിടിച്ചടക്കലും ഒക്കെ അഭിമാനത്തിന്റെ കാര്യങ്ങളായിരുന്നു നമ്മുടെ രാജ്യത്ത്. അത്തരത്തില്‍ വിസ്മയിപ്പിക്കുന്ന ചരിത്രങ്ങളാണ് ഓരോ കോട്ടകള്‍ക്കും ഉള്ളത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സ്മാരകങ്ങളായി കണക്കാക്കുന്ന, ഒരിക്കല്‍ വലിയ പ്രതാപത്തോടെ തലയുയര്‍ത്തി നിന്നിരുന്ന കുറച്ച് കോട്ടകളെ പരിചയപ്പെടാം.

അഹില്യ ഫോര്‍ട്ട്, മധ്യപ്രദേശ്

അഹില്യ ഫോര്‍ട്ട്, മധ്യപ്രദേശ്

നര്‍മ്മദ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ കോട്യാണ് അഹില്യ കോട്ട. മറാത്തയിലെ രാജവംശമായിരുന്ന ഹോല്‍ക്കര്‍ വംശത്തിലെ റാണി അഹില്യാഭായി ഹോല്‍ക്കര്‍ ആണ് ഈ കോട്ട നിര്‍മ്മിക്കുന്നത്. ശിവനോടുള്ള ആരാധന കൊണ്ടാമ് ഈ കോട്ട രാജ്ഞി നിര്‍മ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. ഋഷി ശാപം മൂലം ശിലയായി മാറിയ അഹില്യയ്ക്ക് ശാപമോക്ഷം നല്കിയ ശ്രീരാമന്റെ കഥയാണ് അഹില്യ രാജ്ഞിക്ക് ഈ കോട്ട പണിത് ശിവന് സമര്‍പ്പിക്കുവാന്‍ പ്രചോദനമായത്.
കോട്ടയ്ക്കുള്ളില്‍ മറാത്ത വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ശിവക്ഷേത്രവു കാണുവാന്‍ സാധിക്കും. കോട്ടയ്ക്കുള്ളിലെ ഒരു മുറിയില്‍ മുഴുവനും സ്വര്‍ണ്ണത്തിലും വെള്ളിയിലും തീര്‍ത്ത ശിവന്റെ രൂപങ്ങളുമുണ്ട്.
എന്നാല്‍ ഇപ്പോള്‍ ഒരു ഹെറിറ്റേജ് ഹോട്ടലായാണ് കോട്ട നിലനില്‍ക്കുന്നത്. രാജകുടുംബത്തിലെ അവകാശികള്‍ തന്നെയാണ് ഇന്നും ഇത് നോക്കിനടത്തുന്നത്. ഇവിടെ നിന്നും നര്‍മ്മദയുടെയും മഹേശ്വറിന്റെയും മനോഹരമായ ദൃശ്യം ആസ്വദിക്കാന്‍ സാധിക്കും.

PC:cool_spark

കുംഭാല്‍ഗര്‍ കോട്ട, രാജസ്ഥാന്‍

കുംഭാല്‍ഗര്‍ കോട്ട, രാജസ്ഥാന്‍

ഇന്ത്യയിലെ ചൈനീസ് വന്‍മതില്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോട്ടയാണ് പതിനഞ്ചാം നൂറ്റാണ്ടില്‍ മേവാര്‍ രാജവംശത്തിലെ റാണാ കുംഭ നിര്‍മ്മിച്ച കുംഭാല്‍ഗര്‍ കോട്ട. 36 കിലോമീറ്ററോളം നീളം വരുന്ന ഭിത്തി അഥവാ മതിലാണ് ഇതിന് വന്‍മതില്‍ എന്നു പേരുവരാനുണ്ടായ കാരണം. 13 മലനിരകളിലായാണ് ഈ കോട്ട പരന്നു കിടക്കുന്നത്. ചൈന മതില്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും നീളമുള്ള കോട്ടമതില്‍ ഇതാണ്. മേവാറിനെ മര്‍വാറില്‍ നിന്നും വേര്‍തിരിക്കുന്നതിനായാണ് ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. ഏഴ് കവാടങ്ങളാണ് ഈ കോട്ടയ്ക്കുള്ളത്. 360 ക്ഷേത്രങ്ങളാണ് കോട്ടയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്നത്. അതില്‍ 300 എണ്ണവും ജൈന്‍ ക്ഷേത്രങ്ങളാണ്. ഇപ്പോള്‍ ഒരു മ്യൂസിയവും കൂടിയാണ് ഈ ക്ഷേത്രം.
ഉദയ്പൂരില്‍ നിന്നും 82 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Sujay25

ദൗലത്താബാദ് ഫോര്‍ട്ട്, മഹാരാഷ്ട്ര

ദൗലത്താബാദ് ഫോര്‍ട്ട്, മഹാരാഷ്ട്ര

യാദവവംശം നിര്‍മ്മിച്ച ദേവഗിരി കോട്ടയാണ് ദൗലത്താബാദ് ഫോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്നത്. ദൗലത്താബാദ് എന്നാല്‍ ഭാഗ്യത്തിന്റെ നഗരം എന്നാണ് അര്‍ഥം. പതിനാലാം നൂറ്റാണ്ടില്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ സമയത്താണ് ഇവിടം കീഴടക്കുന്നതും പേരു മാറ്റുന്നതും. കോണ്‍ ആകൃതിയിലുള്ള കുന്നില്‍ 200 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. തികച്ചും സൈനിക ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
രഹസ്യമായ പാതകള്‍, ശത്രുക്കളെ കബളിപ്പിക്കുവാന്‍ വേണ്ടുന്ന മറകള്‍ ഒളിപ്പിച്ചിരിക്കുന്ന ഇടനാഴികള്‍, ശക്തമായ സൈനിക പ്രതിരോധ വിദ്യകള്‍ തുടങ്ങിയവയാണ് കോട്ടയുടെ പ്രധാന സവിശേഷതകള്‍.

PC:Jonathanawhite

ബിദാര്‍ കോട്ട കര്‍ണ്ണാടക

ബിദാര്‍ കോട്ട കര്‍ണ്ണാടക

ബഹ്മാനിദ് രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ബഹ്മാന്‍ നിര്‍മ്മിച്ച കോട്ടയാണ് ബിദാര്‍ കോട്ട. രണ്ടു നിരകളിലായുള്ള പ്രതിരോധ സംവിധാനത്തില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഈ കോട്ട 1428 ലാണ് നിര്‍മ്മിച്ചത്. ഇവിടെ ഉണ്ടായിരുന്ന പഴയ കോട്ടയുടെ സ്ഥാനത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC:Madhavi Kuram

 നര്‍വാര്‍ ഫോര്‍ട്ട്, മധ്യപ്രദേശ്

നര്‍വാര്‍ ഫോര്‍ട്ട്, മധ്യപ്രദേശ്

സമുദ്രനിരപ്പില്‍ നിന്നും 500 അടി ഉയരത്തില്‍ കുന്നിന്റെ മുകളിലായി നിര്‍മ്മിച്ചിരിക്കുന്ന കോട്ടയാണ് നര്‍വാര്‍ കോട്ട. രജ്പുത്ര ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കോട്ട കച്വാ വംശം പത്താം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കുന്നത്. ഒട്ടേറെ രാജവംശങ്ങളുടെ കൈകളിലൂടെ കടന്നുപോട ഇത് മുഗള്‍ രാജവംശത്തിന്റെയും അവസാനം സിന്ധ്യ വംശത്തിന്റെയും കൈകളില്‍ എത്തിയിരുന്നു. ഇന്ന് ഏറെക്കുറെ നശിപ്പിക്കപ്പെട്ട നിലയിലാമെങ്കിലും ഗ്വാളിയാര്‍ കോട്ട കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ഈ കോട്ടയ്ക്കു തന്നെയാണ്.
ഗ്വാളിയാറില്‍ നിന്നും 122 കിലോമീറ്റര്‍ അകലെയാണ് നര്‍വാര്‍ ഫോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.

PC:पवन सिंह बैश

വാറങ്കല്‍ കോട്ട, തെലങ്കാന

വാറങ്കല്‍ കോട്ട, തെലങ്കാന

കാകതീയ രാജവംശത്തിലെ ഗണപതി ദേവന്‍ എന്ന രാജാവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഇന്നത്തെ തെലങ്കാനയില്‍ സ്ഥിതി ചെയ്യുന്ന വാറങ്കല്‍ കോട്ട. 13-ാം നൂറ്റാണ്ടിലാണ് ഇത് നിര്‍മ്മിക്കുന്നത്. വിവിധ രാജവംശങ്ങളാല്‍ ഇതിന്റെ മിക്ക ഭാഗങ്ങളും തകര്‍ത്തിട്ടുണ്ട് എങ്കിലും അതിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. മനോഹരമായി ഒറ്റക്കല്ലില്‍ ക
നിര്‍മ്മിച്ചിട്ടുള്ള കവാടങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ഈ കവാടങ്ങള്‍ കീര്‍ത്തി തോരണ എന്ന പേരിലാണ് അറിയപ്പെടുന്നത്. 19 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ കോട്ട ഉണ്ടായിരുന്നത് എന്ന് അതിന്റെ അവശിഷ്ടങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.
ഹൈദരാബാദിനു സമീപമാണ് വാറങ്കല്‍ കോട്ട സ്ഥിതി ചെയ്യുന്നത്.

PC:Peejaey

Read more about: travel summer forts rajasthan

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...