വ്രതമെടുത്ത് മാലയിട്ട് ശരണം വിളിച്ച് തീർത്ഥാടനം നടത്തി ശബരിമലയില്ക്ക്...പതിനെട്ടാം പടി കയറി ശാസ്താവിനെ ഒരു നോട്ടം കണ്ട് തേങ്ങയുടച്ച് ഭസ്മക്കുളത്തിൽ മുങ്ങി നിവർന്ന് മാളികപ്പുറത്തമ്മെയ തൊഴുത് വാവരുനടയിലെത്തി പ്രാർഥിച്ച് തിരികെ മലയിറക്കം... ശരണം വിളികളോടെ മാലയഴിച്ച് കഴിയുമ്പോൾ പൂർത്തിയാകുന്നത് ഒരു ജന്മ നിയോഗമാണ്. അയ്യനെ കാണാന്‍ ശബരിമലയിലെത്തുമ്പോൾ എല്ലാത്തിനും ഒരു ക്രമമുണ്ട്. ഇതാ ശബരിമലയിലെത്തിയാൽ പോയിരിക്കേണ്ട ഇടങ്ങളെ പരിചയപ്പെടാം...

പമ്പ
ശബരിമല സന്നിധിയിലേക്ക് അയ്യപ്പനെ കാണാനുള്ള യാത്രയുടെ കവാടമാണ് പമ്പ. ഇവിടെ നിന്നുമാണ് ശബരിംമല തീർഥാടനത്തിന്റെ ഏറ്റവും പ്രധാന ഭാഗം തുടങ്ങുന്നത്. അയ്യപ്പ സോതു കടന്നോ പമ്പ നടപ്പാലം വഴിയോ പമ്പ കടന്ന് ഗണപതി കോവിലിലേക്ക് പോകാം. ഇവിടെ നിന്നു തന്നെ കുളിച്ചു കയറുകയും ചെയ്യാം. സുരക്ഷിതമായ സ്ഥാനത്ത് മാത്രം കുളിക്കുവാനിറങ്ങുക. സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ കൃത്യമായി പിന്തുടരുവാൻ ശ്രദ്ധിക്കുക.

പതിനെട്ടാംപടി
പമ്പയിൽ നിന്നും നടന്ന് കാടും മേടും കയറി ശബരീപീഠത്തിലെത്തി ശരംകുത്തി കടന്ന് സന്നിധിയിലേക്കാണ് എത്തുന്നത്. പടി കയറുന്നതിനു മുൻപായി ഇരുമുടിക്കെട്ടിൽനിന്നും നെയ്യ് നിറയ്ക്കാത്ത തേങ്ങയെടുത്ത് പടിയുടെ അടുത്തുള്ള കല്ലിൽ എറിഞ്ഞുടയ്ക്കുന്നു. അവിടുന്ന് പതിനെട്ടു പടിയും കയറി, കാമക്രോധ മോഹങ്ങൾ ഒഴിഞ്ഞ മനസ്സോടെ ശബരീശനെ തൊഴുതിറങ്ങുന്നു. ഇരുമുടിക്കെട്ട് അയ്യപ്പനെ കാണിച്ച ശേഷം നടന്ന് നെയ്ത്തേങ്ങ പുറത്തെടുക്കുന്നു. നെയ്യ് ഭഗവാന് സമർപ്പിച്ച് തേങ്ങ പതിനെട്ടാം പടിയുടെ സമീപത്തുള്ള ആഴിയിൽ നിക്ഷേപിക്കുകയാണ്

ഭസ്മക്കുളം
നെയ്ത്തേങ്ങ ഉടച്ച് ശേഷം കന്നിമൂല ഗണതിയെയും നാഗദൈവങ്ങളെയും തൊഴണം. ശേഷം ഭസ്മക്കുളത്തിലേക്കാണ് പോകുന്നത് ഇവിടെ നിന്നും കുളിച്ച ശേഷം മാളികപ്പുറത്തമ്മയെ കാണാനായി പോകാം.

മാളികപ്പുറം
ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ഉപപ്രതിഷ്ഠയാണ് മാളികപ്പുറത്തമ്മ. പ്രധാന ക്ഷേത്രത്തിൽ നിന്നും 200 മീറ്ററോളം അകലെയാണ് മാളികപ്പുറമുള്ളത്. മഹിഷിക്ക് മോക്ഷം കിട്ടിയപ്പോൾ അവതരിച്ച ദേവിയാണെന്നും മധുര മീനാക്ഷിയാണ് മാളികപ്പുറത്തമ്മയെന്നും കഥകളുണ്ട്. നരണ്ടു നിലയുള്ള മാളികയുടെ പുറത്ത് ദേവിയുള്ളതിനാലാണ് മാളികപ്പുറത്തമ്മ എന്ന പേരു കിട്ടിയത് എന്നാണ് വിശ്വാസം. മഹിഷിയെ നിഗ്രഹിച്ച് കഴിഞ്ഞപ്പോൾ ആ ശരീരത്തിൽ നിന്നും ഒരു സുന്ദര രൂപം ഉയർന്നു വന്നുവെന്നും ശിഷ്ടകാലം തന്നെിയിവിടെ ജീവിക്കുവാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുവത്രെ. അതാണ് മാളികപ്പുറത്തമ്മ എന്നും വിശ്വസിക്കുന്നവരുണ്ട്. ആദി പരാശക്തിയായാണ് വിശ്വാസികൾ മാളികപ്പുറത്തമ്മയെ കാണുന്നത്. മഞ്ഞള്‍ പൊടി, കുങ്കുമപ്പൊടി, ശർക്കര, കദളിപ്പഴം, ചുവന്ന പട്ട് എന്നിവയാണ് പ്രധാന നിവേദ്യങ്ങൾ.

വാവരുനട
അയ്യപ്പന്റെ സുഹൃത്തും പടനായകനുമായാണ് വാവരുസ്വാമി അറിയപ്പെടുന്നത്. ഇസ്ലാം മതവിശ്വാസിയാണ് അദ്ദേഹം. വാവരു സ്വാമിക്കായും ഒരു ചെറിയ ക്ഷേത്രം ശബരിമലയിലുണ്ട്. ശബരിമലയുടെ കവാടമായ എരുമേലി ശാസ്താ ക്ഷേത്രത്തിനു തൊട്ടടുത്തും വാവരുടെ പള്ളിയുണ്ട്. വിവിധ മതവിശ്വാസികൾ തമ്മിലുള്ള സാഹോദര്യത്തിന്റെ ഏറ്റവും മികച്ച അടയാളം കൂടിയാണ് അയ്യപ്പനും വാവരു സ്വാമിയും.

കറുപ്പു സ്വാമിയും കറുപ്പായി അമ്മയും
പതിനെട്ടാം പടിയുടെ വലതു വശത്തായി കാണുന്ന ചെറിയ ക്ഷേത്രമാണ്
കറുപ്പു സ്വാമിയുയുടെയും കറുപ്പായി അമ്മയുടെയും ക്ഷേത്രം. കാട്ടിൽ നിന്നുള്ള ഇവരാണ് അയ്യപ്പനെ തന്റെ നിയോഗത്തിനായി സഹായിച്ചത് എന്നാണ് വിശ്വാസം. ഇരുവർക്കും ദിവ്യശക്തിയുണ്ട് എന്നും വിശ്വസിക്കപ്പെടുന്നു.
കരിമല കയറ്റം കഠിനമെന്നയ്യപ്പാ!!!! ശബരിമല കാനനപാതയിലൂടെ ഒരു തീർഥയാത്ര