പ്രകൃതിയൊരുക്കിയിരിക്കുന്ന അത്ഭുതപ്പെടുത്തുന്ന കാഴ്ചകള്‍ കൊണ്ട് അമ്പരപ്പിക്കുന്ന ഇടമാണ് ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയോദ്യാനം. സാധാരണ സഫാരികളില്‍ പ്രിയമുള്ളവരും വന്യജീവി ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ളവരും ആണ്. എന്നാല്‍ ഇപ്പോള്‍ ജിം കോര്‍ബറ്റിലേക്ക് പോകുവാന്‍ തയ്യാറെടുക്കുന്നവര്‍ യാത്ര കുറച്ചു നാളത്തേയ്ക്കു കൂടി മാറ്റിവയ്ക്കാം.
മൺസൂൺ കാരണം ജൂൺ 14 മുതൽ നിരവധി സോണുകളിൽ വിനോദസഞ്ചാരികൾക്ക് രാത്രി തങ്ങുന്നത് നിരോധിച്ചുവെന്ന് പാർക്ക് ഡെപ്യൂട്ടി ഡയറക്ടർ നീരജ് ശർമ്മ അറിയിച്ചു. മണ്‍സൂണ്‍ കഴിഞ്ഞ് നവംബർ 15 മുതൽ സർവീസുകൾ പുനരാരംഭിക്കും എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ജിം കോര്‍ബറ്റില്‍ അടച്ചിടുന്ന സോണുകളുടെ വിശദാംശങ്ങള്‍
ജിം കോർബെറ്റിൽ മണ്‍സൂണില്‍ തിരഞ്ഞെടുത്ത ചില ടൂറിസ്റ്റ് സോണുകൾ മാത്രമേ പ്രവർത്തിക്കൂ. കനത്ത മഴയിൽ പലപ്പോഴും നദികൾ കരകവിഞ്ഞൊഴുകുന്നത് ജീവൻ അപകടത്തിലാക്കുന്നു. മൺസൂൺ സീസണിനെത്തുടർന്ന്, എല്ലാ വർഷവും, ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ മുൻകരുതൽ നടപടിയായി വിനോദസഞ്ചാരികളെ രാത്രി തങ്ങുവാന്‍ അനുവദിക്കാറില്ല.
PC:Shah Ahmad

തിയ്യതികള്‍ ഇങ്ങനെ
ജൂൺ 15 മുതൽ സഫാരികൾക്കായി ദികല സോണ്‍ അടച്ചിരിക്കുന്നു
രാംനഗർ ഫോറസ്റ്റ് ഡിവിഷനിലെ സിത്വാനി മേഖല ജൂൺ 30 മുതൽ അടച്ചിടും
ബിജ്‌റാനി - ജൂൺ 30 മുതൽ അടയ്ക്കും.
PC:Venkat Jay

ദികാലാ റീജിയണ്‍
ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തില്‍ ഏറ്റവുമധികം ആളുകള്‍ സന്ദർശിക്കുന്ന സഫാരി സോണുകളിൽ ഒന്നാണ് ദികല സോണ്‍. മറ്റ് സഫാരികൾ ഏകദേശം 25 കിലോമീറ്റർ വനത്തിനുള്ളിൽ നടക്കുമ്പോൾ, ദിക്‌ലയിൽ ജീപ്പുകൾ ഏകദേശം 35 കിലോമീറ്റർ പാർക്കിനുള്ളിൽ പോകുന്നു. നടപ്പാതയില്ലാത്ത റോഡ് ആണ് ഇവിടെയുള്ളത് എന്നതൊഴിച്ചാല്‍ ഇവിടം സഫാരിക്ക് ഏറ്റവും യോജിച്ചതാണ്. വന്യജീവികളുടെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ കാടിന്‍റെ പശ്ചാത്തലത്തില്‍ ഇവിടെ കാണാം.
മഴക്കാലങ്ങളില്‍ മൃഗങ്ങൾ ആക്രമണകാരികളാകാൻ പ്രവണത കാണിക്കുന്നു. റോഡുകൾ കൂടുതൽ അപകടകരമാവുകയും വിനോദസഞ്ചാരികൾക്ക് ഭീഷണിയുയർത്തുകയും ചെയ്യുന്നു . ഈ മേഖലയ്ക്കുള്ളിൽ സർക്കാർ റേഞ്ചർമാരെ മാത്രമേ മണ്‍സൂണ്‍ സമയത്ത് അനുവദിക്കാറുള്ളൂ.
PC:Gautam Arora

തുറന്നിരിക്കുന്ന സോണുകള്‍
പ്രധാനമായും ദികാലാ റീജിയണ്‍ ആണ് മഴക്കാലത്ത് അടച്ചിടുന്നത്. ധേല, ജീമ പ്രദേശങ്ങൾ മഴക്കാലത്ത് പോലും പ്രവർത്തിക്കും. ഇതോടൊപ്പം ജിം കോർബറ്റ് ഫാറ്റോ സോണും തുറന്നിരിക്കും. ഫാറ്റോ സോണിലെ റോഡുകൾ നല്ല നിലയിലാണുള്ളത്. പക്ഷേ കനത്ത മഴയുള്ള ദിവസങ്ങളിൽ സഫാരികൾ നിര്‍ത്തിവയ്ക്കുവാന്‍ സാധ്യതയുണ്ട്.

മുന്‍കൂട്ടി ബുക്ക് ചെയ്യാം
നവംബറിൽ നിരോധനം നീക്കിയതിന് ശേഷം സന്ദർശനം ആസൂത്രണം ചെയ്യുന്ന വിനോദസഞ്ചാരികൾക്കായി മുൻകൂർ ബുക്കിംഗ് സെപ്റ്റംബർ പകുതിയോടെ വീണ്ടും ആരംഭിക്കും. താലപര്യമുള്ളവര്‍ക്ക് ഈ സമയം നോക്കി ബുക്ക് ചെയ്യാം.

ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം
ഇന്ത്യയിലെ ഏറ്റവും പഴയ ദേശീയോദ്യാനമായ ജിം കോര്‍ബറ്റ് ദേശീയോദ്യാനം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവാ താവളവും ഏറ്റവും വലിയ വന്യജീവി സങ്കേതവും കൂടിയാണ്. 1936 ലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. ആ സമയത്ത് ഹെയ്ലി നാഷണൽ പാർക്ക് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം എന്നും ഇടക്കാലങ്ങളിൽ പേരുണ്ടായിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം രാംരംഗ ദേശീയോദ്യാനമായി ഇത് മാറി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വേട്ടക്കാരിൽ ഒരാളായ ജിം കോർബെറ്റിനോടുള്ള ആദര സൂചകമായി ഇവിടം ജിം കോർബെറ്റ് ദേശീയോദ്യാനമായി മാറുകയായിരുന്നു.