» »ഗുജറാത്തിലെ മോഹിപ്പിക്കുന്ന മ്യൂസിയങ്ങള്‍

ഗുജറാത്തിലെ മോഹിപ്പിക്കുന്ന മ്യൂസിയങ്ങള്‍

Written By: Elizabath

മ്യൂസിയങ്ങള്‍, ഇന്നലകളെ അടുത്തറിയാന്‍ സഹായിക്കുന്ന ഉപാധികളായ മ്യൂസിയങ്ങള്‍ ചരിത്രപ്രേമികളെയാണ് കൂടുതല്‍ ആകര്‍ഷിക്കുക. സാംസ്‌കാരികമായും ചരിത്രപരമായും ഒട്ടേറെ പ്രത്യേകതകളുള്ള കാര്യങ്ങള്‍ ശേഖരിച്ചിരിക്കുന്ന മ്യൂസിയങ്ങള്‍ രാജ്യത്തുടനീളം കാണുവാന്‍ സാധിക്കും. മുഗളന്‍മാരും ബ്രിട്ടീഷുകാരും ഉള്‍പ്പെടെയുള്ള ഭരണാധിപന്‍മാരുടെ പൈകൃകവും ചരിത്രങ്ങളും ഒക്കെ അറിയാന്‍ മ്യൂസിയങ്ങളിലും മികച്ച ഒരു സ്ഥലമില്ല.
പ്രതിമകളും നാണയങ്ങളും ചിത്രങ്ങളുെ എന്തിനധികം..വസ്ത്രങ്ങള്‍ വരെ മ്യൂസിയങ്ങളില്‍ കാണാന്‍ സാധിക്കും. ഗുജറാത്തിലെ ഏറെ പ്രശസ്തമായ ആറു മ്യൂസിയങ്ങള്‍ പരിചയപ്പെടാം...

കാലികോ മ്യൂസിയം ഓഫ് ടെക്സ്റ്റയില്‍സ്

കാലികോ മ്യൂസിയം ഓഫ് ടെക്സ്റ്റയില്‍സ്

വസ്ത്രങ്ങള്‍ക്കുവേണ്ടി മാത്രമുള്ള ഒരപൂര്‍വ്വ മ്യൂസിയമാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്ഥിതി ചെയ്യുന്ന കാലികോ മ്യൂസിയം ഓഫ് ടെക്സ്റ്റയില്‍സ്. വസ്ത്രങ്ങളുടെ രംഗത്ത് അഹമ്മദാബാദിന് വ്യക്തമായ സാന്നിധ്യമുണ്ടായിരുന്നപ്പോഴാണ് ഗൗതെ സാരാഭായ് എന്നയാളുടെ നേതൃത്വത്തില്‍ ഇവിടെ മ്യൂസിയം സ്ഥാപിക്കുന്നത്.
മുള്‍ രാജാക്കന്‍മാര്‍ 15 മുതല്‍ 19-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, ക്ഷേത്രത്തിലുപയോഗിക്കുന്ന തുണിത്തരങ്ങള്‍, നിറ കൊടുത്ത വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ സൂക്ഷിക്കുന്നുണ്ട്. ഗൈഡിന്റെ സഹായത്തോടെ ഇവിടെ 10 മുതല്‍ ഒരു മണിവരെ മ്യൂസിയം കാണാം. എന്നാല്‍ പ്രവേശനം രാവിലെ 10.1 മുതല്‍ 10.30 വരെ മാത്രമാണ്.

PC: Nathan Hughes Hamilton

മഹാരാജാ ഫത്തേസിങ് മ്യൂസിയം

മഹാരാജാ ഫത്തേസിങ് മ്യൂസിയം

വഡോധരയിലെ ലക്ഷ്മി വിലാസ് പാലസിനു ഉള്ളിലായാണ് മഹാരാജാ ഫത്തേസിങ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. രാജഭരണകാലത്തിന്റെ ആഡംബരങ്ങളെക്കുറിച്ചറിയാന്‍ താല്പര്യമുള്ളവര്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണിത്. ഛായാചിത്രങ്ങളും ശില്പങ്ങളും നിറഞ്ഞ ഈ മ്യൂസിയം ഏറെ മനോഹരമാണ് കാണാന്‍. വിദേശിയരായ കലാകാരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സൃഷ്ടികളാണ് ഇവിടെയുള്ളത്.
തിങ്കളാഴ്ചകളില്‍ അടച്ചിടുന്ന ഈ മ്യൂസിയത്തില്‍ ബാക്കി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവേശനം.

PC: Linguisticgeek

ഓട്ടോ വേള്‍ഡ് വിന്റേജ് കാര്‍ മ്യൂസിയം

ഓട്ടോ വേള്‍ഡ് വിന്റേജ് കാര്‍ മ്യൂസിയം

പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ വാഹനപ്രേമികളെ ആകര്‍ഷിക്കുന്ന ഒരു മ്യൂസിയമാണിത്. ചിത്രത്തില്‍ മാത്രം കണ്ടിട്ടുള്ള അടിപൊളി വിന്റേജ് കാറുകളുടെ ശേഖരമാണ് ഇവിടെയുള്ളത്. ഇവിടുത്തെ വിശാലമായ കളക്ഷനില്‍ നിന്ന് 500 രൂപ മുടക്കിലാല്‍ മൂന്നര കിലോമീറ്റര്‍ ദൂരം കാറോടിക്കാനുള്ള സൗകര്യം ഉണ്ട്. അത്യാഡംബര ബ്രാന്റുകളുടെ കാറുകളും ഇവിടെ കാണാന്‍ സാധിക്കും.
രാവിലെ 10 മണി മുതല്‍ ഒരു മണി വരെയും ഉച്ച കഴിഞ്ഞ് രണ്ടു മണി മുതല്‍ 9 മണി വരെയുമാണ് മ്യൂസിയം പ്രവര്‍ത്തിക്കുക.

PC: Rahil Rupawala

കച്ച് മ്യൂസിയം

കച്ച് മ്യൂസിയം

മുന്‍പ് ഫര്‍ഗുസണ്‍ മ്യൂസിയം എന്നറിയപ്പെട്ടിരുന്ന കച്ച് മ്യൂസിയം ഗുജറാത്തിലെ ഏറ്റവും പഴയ മ്യൂസിയങ്ങളിലൊന്നാണ്. മഹാരാജ ഖേങ്കാരി 1877 ലാണ് ഇത് ്‌സഥാപിക്കുന്നത്. ഭൂജില്‍ഹമിര്‍സാര്‍ തടാകത്തിനു സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ബുജിന്റെ ചരിത്രം പറയുന്ന നാണയങ്ങളും പുരാവസ്തുക്കളും ഗോത്രവര്‍ഗ്ഗക്കാരുടെ നിര്‍മ്മിതികളുമാണ് ഇവിടെ കാണാനുള്ളത്.
രാവിലെ 10 മണി മുതല്‍ ഒരു മണി വരെയും ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 5.30 വരെയുമാണ് മ്യൂസിയം പ്രവര്‍ത്തിക്കുക. ബുധനാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും മ്യൂസിയം പ്രവര്‍ത്തിക്കില്ല.

PC: Nizil Shah

 കൈറ്റ് മ്യൂസിയം

കൈറ്റ് മ്യൂസിയം

ഇന്ത്യയില്‍ ആദ്യത്തെയും ലോകത്തില്‍ രണ്ടാമത്തെയും കൈറ്റ് മ്യൂസിയമാണ് അഹമ്മദാബാദില്‍ സ്ഥിതി ചെയ്യുന്ന കൈറ്റ് മ്യൂസിയം. ബാനുഭായ് ഷാ എന്നയാള്‍ 21-ാം വയസ്സു മുതല്‍ ശേഖരിക്കാന്‍ തുടങ്ങിയ വ്യത്യസ്തമാര്‍ന്ന പട്ടങ്ങളാണ് ഇവിടെയുള്ളത്. ഏരകദേശം 125 തരം പട്ടങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കും. മ്യൂസിയത്തോടൊപ്പം പട്ടങ്ങളുടെ ചരിത്രവും ശാസ്ത്രീയ വശങ്ങളുെ എങ്ങനെ നിര്‍മ്മിക്കാം എന്നതടക്കമുള്ള കാര്യങ്ങളും ഇവിടെ പറയുന്നുണ്ട്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12 വരെയും ഉച്ച കഴിഞ്ഞ് നാലു മണി മുതല്‍ ആറു മണി വരെയുമാണ് മ്യൂസിയം പ്രവര്‍ത്തിക്കുക.

PC: Nizil Shah

വാട്‌സണ്‍ മ്യൂസിയം

വാട്‌സണ്‍ മ്യൂസിയം

ഗുജറാത്തിലെ രാജ്‌കോട്ടില്‍ ജൂബിലി ഗാര്‍ഡനു സമീപം സ്ഥിതി ചെയ്യുന്ന വാട്‌സണ്‍ മ്യൂസിയം രാജ്‌കോട്ടിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ്.
ഹാരപ്പയിലേയും മോഹന്‍ജധാരോയിലേയും വസ്തുക്കള്‍ ഉള്‍പ്പെട ഇവിടെ കാണുവാന്‍ സാധിക്കും. ചരിത്രപരമായി ഏറെ പ്രധാനപ്പെട്ട മ്യൂസിയങ്ങളിലൊന്നാണിത്.
രാവിലെ 9 മുതല്‍ 12.45 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു മണി വരെയും മ്യൂസിയം പ്രവര്‍ത്തിക്കും. ബുധനാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും കൂടാതെ പൊതു അവധി ദിവസങ്ങളിലും മ്യൂസിയം പ്രവര്‍ത്തിക്കില്ല.
PC: Jadia gaurang

Read more about: museum gujarat ahmedabad

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...