യാത്രകൾക്കു ലക്ഷ്യം പലതുണ്ട്. സ്ഥലങ്ങൾ കാണുവാനും പുതിയ അനുഭവങ്ങൾ സ്വന്തമാക്കുവാനുമായി ചിലർ പുറപ്പെടുമ്പോൾ മറ്റു ചിലർക്കു വേണ്ടത് രുചികളാണ്. ഒരു നാടിന്റെ എല്ലാ കൂട്ടുകളും കൊണ്ട് ചാലിച്ചെടുത്ത രുചികൾ. നാടിനെ അറിയുന്നിടത്തോളം തന്നെ പ്രധാനമാണ് അവരുടെ രുചികളും എന്നതിൽ അതുകൊണ്ടുതന്നെ ഒരു തർക്കവുമില്ല. കേരളത്തിന്റെ ഒരറ്റത്ത് തുടങ്ങി മറ്റേ അറ്റം വരെ ഒരു യാത്ര നടത്തുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് രുചികളുണ്ട്. തേങ്ങ വറുത്തരച്ച കടലക്കറിയിൽ കുതിർത്തു കഴിക്കുന്ന പുട്ടു മുതൽ അപ്പവും ബീഫും വരെ നാവിൽ കപ്പലോടിക്കുവാൻ തയ്യാറായി നിൽക്കുകയാണ്. കേരളത്തിലെ തീർച്ചയും പരീക്ഷിച്ചിരിക്കേണ്ട കിടിലൻ ഭക്ഷണവും കലക്കൻ കോംബോകളും പരിചയപ്പെടാം....
പുട്ടും കടലയും
കേളത്തിലെ ഭക്ഷണത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ പറഞ്ഞിരിക്കേണ്ട ഐറ്റമാണ് പുട്ടും കടലയും. അരിപ്പുട്ടു മുതൽ ഗോതമ്പു പുട്ടും റാഗിപ്പുട്ടും ചെമ്പാവ് പുട്ടും ഒക്കെയായി പുട്ടുകൾ പലവിധം മാറിവരുമെങ്കിലും കൂട്ടത്തിലെ കടലയ്ക്ക് മാറ്റമൊന്നും ഉണ്ടാവില്ല. തേങ്ങയരച്ച്, തേങ്ങാക്കൊത്ത് വറുത്തിട്ട കടലക്കറിയും കൂട്ടി ഒരു പിടുത്തം പിടിട്ടാൽ പിന്നെ എന്റെ സാറേ!!!
പുട്ടും ചെറുപയറും പപ്പടവും, പുട്ടും പഴവും, പുട്ടും പുഴുങ്ങിയ നേന്ത്രപ്പഴവും ഒക്കെ പ്രദേശികമായി പരീക്ഷിക്കുന്നവയാണ്.
പൊറോട്ടയും ബീഫും
കേരളത്തിന്റെ ദേശീയ ഭക്ഷണമായി അറിയപ്പെടുന്നതാണ് പൊറോട്ടയും ബീഫും. കല്ലിൽ മൊരിച്ച്, കൈകൊണ്ട് അടിച്ച് കീറിവയ്ക്കുന്ന പൊറോട്ട എങ്ങനെയാണ് വേണ്ടെന്നു വയ്ക്കുക. പഞ്ചസാരയിൽ തുടങ്ങി കടലക്കറി, ചിക്കൻ കറി, മീൻ കറി അങ്ങനെയങ്ങനെ ഏതു കറിയും പൊറോട്ടയുടെ ഒപ്പം പരീക്ഷിക്കാമെങ്കിലും ബീഫായിരിക്കും സൂപ്പർ. കേരളത്തിലെ ഏതു കോണിലും ഉറപ്പായും കിട്ടുന്ന ഫൂഡ് കോംബോ കൂടിയായിരിക്കും ഇത്,
അപ്പവും സ്റ്റ്യൂവും
തിരുവിതാംകൂർ ഭാഗത്തേയ്ക്ക് ചെല്ലുമ്പോൾ കിട്ടുന്ന പ്രദാന ഭക്ഷണമാണ് അപ്പവും സ്റ്റ്യൂവും. അരിക് നന്നായി മൊരിഞ്ഞ പാലപ്പവും അതിന്റെ കൂടെ ഒഴിച്ചു കഴിക്കുന്ന കുരുമുളകിൻറെ എരിവുള്ള സ്റ്റ്യൂവും ഒരൊന്നൊന്നര ഐറ്റം തന്നെയാണ്.

കപ്പയും കുടമ്പുളിയിട്ട മീൻ കറിയും
കോട്ടയത്തോട്ടു ചെന്നാൽ ഏതു വീട്ടിലും ഒരു സംശയവുമില്ലാതെ കിട്ടാൻ സാധ്യതയുള്ള ഒരൊറ്റ സാധനമേയുള്ളു. അത് കപ്പയാണ്. കപ്പ വെറുതെ പുഴുങ്ങിയെടുക്കുന്ന ചെണ്ടക്കപ്പയും തേങ്ങയരച്ച കപ്പ വേവിച്ചതും ഒരിക്കലെങ്കിലും, അതും കോട്ടയത്തു നിന്നും കഴിച്ചില്ലെങ്കിൽ കനത്ത നഷ്ടം തന്നെയായിരിക്കും.

തലശ്ശേരി ബിരിയാണി
കറക്കം തലശ്ശേരിയിലാണെങ്കിൽ വയറുനിറെ കഴിത്തുവാൻ ഒരു പാട് രുചികൾ ഇവിടെയുണ്ട്. മലബാറിന്റെ രുചികളെല്ലാം അസ്സലായി ലഭിക്കുന്ന ഇടം തലശ്ശേരിയാണ്. ചിക്കനും മുട്ടയും ഒക്കെക്കൊണ്ടുണ്ടാക്കിയ പലഹാരങ്ങളും മലബാറിന്റെ മാത്രം സ്വന്തമായ തനി നാടൻ പലഹാരങ്ങളും ഒക്കെ ഇവിടുത്തെ ഏതു കടയിലും ലഭിക്കും. തലശ്ശേരിയുടെ സ്വന്തം രുചി പക്ഷേ, ഇവിടുത്തെ ധം ബിരിയാണിയാണ്.
ഫോർട് കൊച്ചി മട്ടൻ ബിരിയാണി. കൈമ അല്ലെങ്കിൽ ജീരകശാല അരി നെയ്യിൽ വറുത്തശേഷം മസാലക്കൂട്ടുകളും കോഴിയിറച്ചിയുമിട്ട് "ദം" ചെയ്‌തെടുക്കുന്നതാണ് തലശ്ശേരി ദം ബിരിയാണി.
ദോശയും ചമ്മന്തിയും
പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ നടന്നാലും ഏതു ചെറിയ ഗ്രാമത്തിൽ പോലും ലഭിക്കുന്ന രുചി ദോശയുടേതാണ്. അരിയുടെ ഉഴുന്നും അരച്ച് ചുട്ടെടുക്കുന്ന ദോശയും തേങ്ങയും ചുവന്നുമുളകും ഇഞ്ചിയും അരച്ച തേങ്ങാ ചമ്മന്തിയും പോലെ പ്രചാരം ലഭിച്ച വേറൊരു രുചി നമ്മുടെ കേരളത്തിനില്ല. ഇതോടൊപ്പം തന്നെ വെറ്റൈറ്റി ദോശകളും പരീക്ഷിക്കാം.
മസാലദോശ
ദോശയൊടൊപ്പം തന്നെ ജനപ്രീതി കിട്ടിയ മറ്റൊരു വിഭവം മസാല ദോശയാണ്. ഇന്ത്യൻ കോഫീ ഹൗസിന്റെ ബീറ്റ്റൂട്ട് മസാല നിറച്ച മസാല ദോശയുടെ രുചി ഒന്നു വേറെ തന്നെയാണ്. ഇതിനൊടൊപ്പം തന്നെ നിൽക്കുന്നവയാണ് മറ്റിടങ്ങളിലെ മസാല ദോശകളും.
മീൻ പൊള്ളിച്ചത്
ഊണിനൊപ്പം സ്പെഷ്യലായാണ് ലഭിക്കുന്നതെങ്കിലും മാറ്റി വയ്ക്കുവാൻ പറ്റാത്ത ഒരു രുചിയാണ് മീൻ പൊള്ളിച്ചത്. വാഴയിലയിൽ പ്രത്യേകം തയ്യാറാക്കിയ മസാല ചേർത്ത് വറത്തെടുക്കുന്ന മീൻ പൊള്ളിച്ചതിന്റെ രുചി പറഞ്ഞറിയിക്കുവാൻ കഴിയില്ല.

പയ്യോളി ചിക്കൻ
കോഴിക്കോട് വഴിയാണ് യാത്ര കടന്നു പോകുന്നതെങ്കിൽ പയ്യോളിയിൽ വണ്ടി ചവിട്ടുവാൻ മറക്കേണ്ട. പയ്യോളിയിലെത്തുന്നവർ ഏറ്റവും അധികം തിരയുന്ന കാര്യങ്ങളിലൊന്നാണ് ഇവിടുത്തെ ചിക്കൻ. ഒരായിരം കറികൾ മുന്നിൽ വെച്ചാലും പയ്യോളി ചിക്കനുണ്ടെങ്കിൽ അത് കഴിഞ്ഞേ ബാക്കിയുള്ളവ രുചിച്ചുപോലും നോക്കൂ. അത്രയധികം രുചിയേറിയ വിഭവമാണ് പയ്യോളി ചിക്കൻ. പ്രത്യേക മസാലക്കൂട്ട് പുരട്ടി മൂന്നു മണിക്കൂർ സൂക്ഷിച്ച് പിന്നീട് എടുത്ത് വറക്കുന്ന ഈ ചിക്കന്റെ രുചി അത്രപെട്ടന്നൊന്നും നാവിൽ നിന്നും പോകില്ല.
പയ്യോളി ചിക്കൻറെ നാട് മാത്രമല്ല... പയ്യോളി വീരകഥകൾ ഇതൊക്കെയാണ്!!!
ചെമ്മീൻ കറി
ചെമ്മീൻ രുചികൾ ആസ്വദിക്കാത്തവർ ആരും കാണില്ല. എന്നാൽ അതിന്റെ യഥാർഥ രുചി അറിയണമെങ്കിൽ അതിനു പറ്റിയ നാട് കണ്ണൂരാണ്. മസാല കൂട്ടി പൊരിച്ചെടുത്ത ചെമ്മീൻ വറുത്തും തേങ്ങയരച്ച ചെമ്മീൻ കറിയും ഒക്കെ കണ്ണൂരുകാരുടേത് തന്നെ വേണം കഴിക്കുവാൻ.

കരിമീന്‍
കേരളത്തിന്റെ രുചി അന്താരാഷ്ട്ര തലത്തിൽ വരെ പ്രശസ്തമാക്കിയ ഒന്നാണ് കരിമീൻ. ആലപ്പുഴയും കുട്ടനാടും ഒക്കെയാണ് കരിമീനിന് പേരുകേട്ടിരിക്കുന്നത്.

താറാവ് കറി
ആലപ്പുഴയിൽ തീർച്ചായും അറിഞ്ഞിരിക്കേണ്ട രുചിയാണ് താറാവിന്റേത്. ഡക്ക് രുചികൾക്ക് ഏറ്റവും പ്രശസ്തമായ നാടുകൂടിയാണ് ആലപ്പുഴ.
ബീഫ് ഫ്രൈ
കേരളത്തിൽ നോൺവെജ് ഭക്ഷണത്തെ സ്വീകരിക്കുന്നവർ ഏറ്റവും അധികം ആസ്വദിക്കുന്ന വിഭവമാണ് ബീഫ് ഫ്രൈ.

ഈ ഷാപ്പുകളിലെ രുചിയും നുരയും
കിളിമീൻ വറുത്തതും ചൊകചൊകന്ന തലക്കറിയും കരിമീൻ പൊള്ളിച്ചതും ഡക്കും പോർക്കും ബീഫും ഒക്കെയായി കള്ളുഷാപ്പുകൾ മാടിവിളിക്കുകയാണ്. ഈ വിളി ഒരിക്കലെങ്കിലും കേട്ടില്ലെങ്കിൽ പിന്നെ എന്ത് ലൈഫാണ്... രുചിയുടെ കാര്യത്തിൽ പിന്നെയും പിന്നെയും തേടിചെല്ലുവാൻ തോന്നിപ്പിക്കുന്ന കേരളത്തിലെ സൂപ്പർ ഷാപ്പുകളെയും ഇവിടുത്തെ സ്പെഷ്യൽ വിഭവങ്ങളെയും പരിചയപ്പെടാം...
ഈ ഷാപ്പുകളിലെ രുചിയും നുരയും...അത് വേറെ ലെവലാണ് സഹോ...!!!

ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾ
ജീവിതത്തിൽ ഒരിക്കലെങ്കിലും തട്ടുകടയിൽ നിന്നും കട്ടനും ഓംലറ്റും എങ്കിലും കഴിക്കാത്തവർ ഇത്രയും നാൾ ജീവിച്ചത് വെറുതെയാണെന്ന് പറയാൻ മാത്രം ശക്തി ഇവിടുന്നു കിട്ടുന്ന കട്ടനുണ്ട്. നല്ല നാടൻ രുചിയിൽ ഇത്രയധികം വെറൈറ്റി വിഭവങ്ങൾ തരുന്ന മറ്റൊരിടവും ഇല്ല. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ തട്ടുകടകൾ സൂപ്പറാണെന്ന് എല്ലാവരും പറയുന്നതും. പഴം പൊരിച്ചതു മുതൽ കപ്പ ബിരിയാണിയും പുട്ടും വരെ യഥേഷ്ടം ലഭിക്കുന്ന ഇഷ്ടംപോലെ തട്ടുകടകടകളുണ്ട്. വിലക്കുറവിൽ സ്വാദിന്റെ മേളം ഒരുക്കുന്ന കുറച്ച് തട്ടുകടകളെ പരിചയപ്പെടാം...
ബീഫ് ഒലത്തിയത്. ഇറച്ചി പൊരിച്ചത്, മീന് മുളകിട്ടത്,നല്ല ചൂടുള്ള നാടന്‍ കറികളൊരുക്കുന്ന തട്ടുകടകൾ