» »അവിടുത്തെ പോലെ അല്ലേയല്ല ഇവിടെ

അവിടുത്തെ പോലെ അല്ലേയല്ല ഇവിടെ

Posted By: Elizabath Joseph

കണ്ണൂരാണേലും കൊച്ചിയാണേലും ഫ്രീക്കന്‍മാര്‍ക്ക് കറങ്ങാന്‍ ബെംഗളുരു തന്നെ വേണം. അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും അതിര്‍ത്തി കടന്നാല്‍ പിന്നെ ഫുള്‍ അടിച്ചുപൊളിയാണ്. എന്നാല്‍ ഇവിടെവരെയൊന്ന് എത്തിപ്പെടേണ്ട പാട്..അത് ഭീകരമായിരിക്കും.

കൊച്ചിയിലും കണ്ണൂരിലുമുള്ളതിലധികം എന്തുണ്ട് ഇവിടെ കാണാന്‍ എന്ന ചോദ്യത്തിന് ഉത്തരം പല പ്രാവശ്യം കൊടുത്തിട്ടായിരിക്കും വീട്ടില്‍ നിന്ന് ബാഗുമെടുത്ത് ഇറങ്ങാന്‍ സമ്മതിച്ചതുതന്നെ. സമ്മതം കിട്ടിയാല്‍ കൂടുതല്‍ പറയാന്‍ നില്ക്കാതെ ഓടുന്നതിനു കാരണവും അതുതന്നെയാണ്.

അവിടേം മാളുകളുണ്ട്. ഇവിടേയുമുണ്ട്. വിലക്കുറവില്‍ സാധനങ്ങള്‍ കിട്ടാന്‍ മിഠായിത്തെരുവും ബ്രോഡ്‌വേയും. പിന്നെ കാണാന്‍ ഇല്ലിക്കക്കല്ലും വര്‍ക്കല ക്ലിഫും പൈതല്‍ മലയും പോലുള്ള കിടിലന്‍ സ്ഥലങ്ങളും. ഇതൊക്കെ മുന്നില്‍ ഉള്ളപ്പോള്‍ എന്തിനാ ബെംഗളുരു എന്നു ചോദിച്ചവരോട് ഉത്തരം പറയാന്‍ ഇനി ഒട്ടും ആലോചിക്കണ്ട. കാണാന്‍ ഒരുപാടുണ്ട് ഇവിടെ.

1. തൊട്ടിക്കല്ലു വെള്ളച്ചാട്ടം

1. തൊട്ടിക്കല്ലു വെള്ളച്ചാട്ടം

നമ്മുടെ തൊമ്മന്‍കൂത്ത് വെള്ളച്ചാട്ടത്തിന്റെയും ആതിരപ്പള്ളിയുടെയും അത്രയൊന്നും എത്തില്ലെങ്കിലും തൊട്ടിക്കല്ലു വെള്ളച്ചാട്ടം സൂപ്പറാണ്.

ടി.കെ. ഫോള്‍സ് എന്നും സ്വര്‍ണ്ണമുഖി വെള്ളച്ചാട്ടം എന്നും പേരുള്ള ഈ വെള്ളച്ചാട്ടം നഗരത്തിരക്കില്‍ നിന്നും ഒരു രക്ഷപെടലിനു വഴിയൊരുക്കും എന്നതില്‍ സംശമില്ല.

ഇതിന്റെ മുകളില്‍ എത്തണമെങ്കില്‍ ചെറിയൊരു ട്രക്കിങ് തന്നെ വേണ്ടിവരും.

ബെംഗളുരു നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ മാത്രം അകലെയായതിനാല്‍ പെട്ടന്നു പോയ് വരാന്‍ എളുപ്പമാണ്.
pc:Manjukirans

2. നൃത്യഗ്രാം

2. നൃത്യഗ്രാം

ഇന്ത്യന്‍ നൃത്തത്തില്‍ താല്പര്യമുള്ളവര്‍ക്കായി ബെഗളുരുവിന്റെ സംഭാവനയാണ് നൃത്യഗ്രാം. ഗുരുകുല സമ്പ്രദായത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ നൃത്താഭ്യാസ വിദ്യാലയമാണ് 1990ല്‍ സ്ഥാപിക്കപ്പെട്ട നൃത്യഗ്രാം.

ഒഡീസി നര്‍ത്തകിയായ പ്രോതിമ ഗൗരിയാണ് 1990ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. ഹേസരംഗട്ട തടാകത്തിന്റെ അരികിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
pc: Pavithrah

3. ബെന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക്

3. ബെന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക്

ബെംഗളുരുവില്‍ നിന്നും 29 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബെന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്ക് ഇവിടുത്തെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നാണ്. 104 ചതുരശ്ര കിലോമീറ്റില്‍ നിറഞ്ഞു കിടക്കുന്ന പാര്‍ക്ക് കണ്ടുതീര്‍ക്കണമെങ്കില്‍ ഒരു ദിവസം മുഴുവന്‍ വേണ്ടി വരും. വൈറ്റ് ടൈഗര്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്.

നാഷണല്‍ പാര്‍ക്കിനകത്തുള്ള ബട്ടര്‍ഫ്‌ലൈ പാര്‍ക്ക് കാണാന്‍ മറക്കരുത്. ഇവിടെ വിവിധ തരത്തിലുള്ള പൂമ്പാറ്റകളെ കാണാന്‍ സാധിക്കും.
pc: Ashwin Kumar

4. ഹെസാരഘട്ട ഗ്രാസ്‌ലാന്‍ഡ്

4. ഹെസാരഘട്ട ഗ്രാസ്‌ലാന്‍ഡ്

ആരുടേയും തിരക്കില്ലാതെ ഒരവധി ദിവസത്തിന്റെ മൂഡില്‍ അടിച്ചുപൊളിക്കാന്‍ പറ്റിയ സ്ഥലമാണ് ഹെസാരഘട്ട ഗ്രാസ്‌ലാന്‍ഡ്. വിശാലമായ പുല്‍മേടുകളില്‍ റൈഡ് ചെയ്തും വെറുതെയിരുന്നും എന്തിനധികം ഒരു ടെന്റ് ഉണ്ടാക്കി അതിലിരുന്നും സമയം ചെലവഴിക്കാം. ബെംഗളുരുവില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് ഹസാരഘട്ട ഗ്രാസ്‌ലാന്‍ഡ്.
pc: kiran kumar

5. വരദനഹള്ളി

5. വരദനഹള്ളി

ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ഒരിടമാണ് വരദനഹള്ളി. ഫാഷനോടും കൃഷിയോടുമൊക്കെ ഇത്തിരി താല്പര്യമുള്ളവര്‍ക്ക് പോയി വരാന്‍ പറ്റിയ സ്ഥലം. പട്ടുസാരിയോട് താല്പര്യമില്ലാത്ത പെണ്‍കുട്ടികള്‍ കുറവായിരിക്കുമല്ലോ. അപ്പോള്‍ എങ്ങനെയാണ് പട്ടുനൂല്‍ ഉണ്ടാകുന്നതെന്ന് അറിയാന്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും ഇവിടെ പോയിരിക്കണം.

പട്ടുനൂല്‍ പുഴുവിനെ വളര്‍ത്തുന്ന കേന്ദ്രമാണിവിടം. ബെഗളുരുവില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് വരദനഹള്ളി
pc: Tamago Moffle

6. സാവന്‍ദുര്‍ഗ

6. സാവന്‍ദുര്‍ഗ

ഏഷ്യയിലെ ഏറ്റവും വലിയ ഏകശിലാ സ്തംഭമാണ് ബെംഗളുരുവില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സാവന്‍ദുര്‍ഗ. സമുദ്രനിരപ്പില്‍ നിന്നും 1226 മീറ്റര്‍ ഉയരത്തിലാണിവിടം. സമീപത്തുകൂടെ അമരാവതി നദി ഒഴുകുന്നുണ്ട്. ട്രക്കിങ് ചെയ്യുന്നവര്‍ക്ക് വലിയൊരു വെല്ലുവിളിയാണ് ഈ കൂറ്റന്‍ കല്ല്.

ലോകത്തിലെ ഏറ്റവും മികച്ച സ്ലാബ് ക്ലൈംബിംഗ് പാതയാണ് ഇവിടെ. ഈ പാറയുടെ മുകളില്‍ എത്തുവാന്‍ ആയി ബെള തിങ്കളു, സിമ്പിള്‍ മങ്കി ഡേ, ദീപാവലി, ക്ലൌഡ് നയന്‍ എന്നിങ്ങനെ വ്യത്യസ്ത ഇനം പാതകള്‍ ഉണ്ട്.
pc: Manish Chauhan

7. ചന്നപട്ടണം

7. ചന്നപട്ടണം

ബെംഗളുരുവില്‍ നിന്നും 62 കിലോമീറ്റര്‍ അകലെയുള്ള ചന്നപട്ടണം തടി കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍ക്കും കരകൗശലവസ്തുക്കള്‍ക്കും പ്രശസ്തമാണ്.

കളിപ്പാട്ടങ്ങളുടെ നാട് എന്നര്‍ത്ഥമുള്ള ഗൊംബേഗള ഊരു എന്ന് ചന്നപട്ടണത്തെ വിശേഷിപ്പിക്കാറുണ്ട്.
pc: Hari Prasad Nadig

8. ചുഞ്ചി ഫാള്‍സ്

8. ചുഞ്ചി ഫാള്‍സ്

ശ്രമകരമായ ഒരു ട്രക്കിങ് ഒരു നദിയിലോ വെള്ളച്ചാട്ടത്തിലോ അവസാനിക്കുന്നത് ആലോചിച്ച് നോക്കൂ. ആഹാ! എന്തുരസം. ഇതേ രസമാണ് ചുഞ്ചി ഫാള്‍സിലേക്കുളള യാത്രയുടെ ത്രില്ല്. കാടിനു നടുവിലെ അരുവിയില്‍ ട്രക്കിങ്ങിനു ശേഷം കുളിച്ചുകയറുന്നതാണ് ഇവിടുത്തെ യാത്രയുടെ പ്രത്യേകത. ബെംഗളുരുവില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.
pc: Phaneesh N

9. കൊക്കാരെ ബെല്ലൂര്‍

9. കൊക്കാരെ ബെല്ലൂര്‍

പക്ഷി നിരീക്ഷണമാണ് ലക്ഷ്യമെങ്കില്‍ കൊക്കാരെ ബെല്ലൂര്‍ പറ്റിയ സ്ഥലമാണ്. ബെംഗളൂര്‍- മൈസൂര്‍ റോഡില്‍ ബെംഗളൂവില്‍ നിന്നും 88 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. 250 തരത്തിലുള്ള പക്ഷികളെ ഇവിടെ കാണാന്‍ സാധിക്കും. വിവിധ തരത്തിലുള്ള കൊക്കുകളാണ് ഇവിടുത്തെ ആകര്‍ഷണം.
pc: Koshy Koshy

10. മാഞ്ചിന്‍ബലെ ഡാം

10. മാഞ്ചിന്‍ബലെ ഡാം

പക്ഷികളെ നിരീക്ഷിക്കുന്നതിനും ചെറിയൊരു പിക്‌നിക്കിനും പറ്റിയ സ്ഥലമാണ് മാഞ്ചിന്‍ബലെ ഡാം.

ബാംഗ്ലൂരില്‍ നിന്നും മാഗഡി റോഡിലൂടെ 40 കിലേമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

മാഞ്ചന്‍ബലെ എന്നും മാഞ്ചിനബലെ എന്നും ഈ സ്ഥലം അറിയപ്പെടുന്നു.
pc: Manoj M Shenoy