ഓണം സെപ്റ്റംബറിൽ ഇങ്ങെത്തും. നീണ്ട വാരാന്ത്യവും അവധികളും ഒക്കെയുള്ളതിനാൽ യാത്രകൾ പ്ലാൻ ചെയ്യാൻ പറ്റിയ സമയം. ഇത്തവണ നാട്ടിലെ ഓണാഘോഷം മാറ്റിവെച്ച് ഒരു നീണ്ടയാത്ര പോയാലോ.. ഹിമാലയും ലഡാക്കും നുബ്രാ വാലിയും ഒക്കെ കണ്ട് കീഴടക്കി വരാം . ലഡാക്കിലെ പർവ്വത നിരകളും നുബ്രാ വാലിയും ഷാം വാലിയും ഇന്ത്യയുടെ അവസാന ഗ്രാമങ്ങളും കണ്ട് വരുന്ന ഒരു സാഹസിക യാത്ര.
ഐആർസിടിസി ഒരുക്കുന്ന ലൈവ്ലി ലേ ലഡാക്ക് പാക്കേജ് കേരളത്തിൽ നിന്നും ലേയും ലഡാക്കും ഒപ്പം ഹിമാലയത്തിലെ അതിമനോഹരമായ കുറേയിടങ്ങളും കണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ യാത്രയാണ്. ശുദ്ധജല തടാകങ്ങൾ, മരുഭൂമികൾ, പർവതങ്ങൾ എന്നിങ്ങനെ യാത്രക്കാരെ സാഹസികതയുടെ അങ്ങേയറ്റത്തെത്തിക്കുന്ന ലേയുടെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ഇടങ്ങള് കണ്ടുള്ള ഒരു യാത്രയാണിത്.

ഓണാവധി ലഡാക്കിൽ
സെപ്റ്റംബർ 13 ന് കോഴിക്കോട് നിന്നാരംഭിക്കുന്ന യാത്ര ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നിൽക്കുന്ന പാക്കേജാണ്. ഓണം മുഴുവനും ലേയിലും ലഡാക്കിലും കർദുങ് ലാ പാസിലും ഒക്കെയായി ആഘോഷിക്കാൻ പറ്റിയ യാത്ര സഞ്ചാരികൾക്ക് ഒരു സ്വപ്ന യാത്രകൂടിയായിരിക്കും. വാരാന്ത്യവും ഓണം അവധികളും ഒരുമിച്ച് വരുന്നതിനാൽ അധികം ലീവ് എടുക്കാതെ പോയി വരികയും ചെയ്യാം.
സെപ്റ്റംബർ 13 വെള്ളിയാഴ്ച രാത്രി 10.35 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് യാത്ര.4 മണിക്കൂർ 50 മിനിറ്റ് ഡൽഹിയിൽ ലേ ഓവർ ഉണ്ടായിരിക്കും. രണ്ടാം ദിവസം രാവിലെ 7.50ന് വിമാനം ലേ എയർപോർട്ടിൽ എത്തും. പതിവുപോലെ ആദ്യ ദിവസം വിശ്രമദിവസമായിരിക്കും. ശരീരത്തിന് പ്രദേശത്തെ ഓക്‌സിജൻ നിലയുമായി പൊരുത്തപ്പെടാൻ ഇത് അത്യാവശ്യമാണ്. വൈകിട്ടോടുകൂടി ലേ മാർക്കറ്റ് സന്ദർശിക്കുവാൻ ഇറങ്ങാം.
മൂന്നാം ദിവസം ലേ-ശ്രീനഗർ ഹൈവേയിൽ കാഴ്ചകൾ കാണാനാണ് പോകുന്നത്. ശാന്തി സ്തൂപം, ലേ കൊട്ടാരം, ഹാൾ ഓഫ് ഫെയിം, ഗുരുദ്വാര പത്തർ സാഹിബ് എന്നിവ സന്ദർശിക്കും. പ്രസിദ്ധമായ മാഗ്നറ്റിക് ഹിൽ പരിചയപ്പെടാനും അവസരമുണ്ട്. തുടർന്ന് സിന്ധു, സൺസ്‌കർ നദികളുടെ സംഗമസ്ഥാനം, അൽചി മൊണാസ്ട്രി എന്നിവിടങ്ങളും കൂടി സന്ദർശിച്ച് രാത്രി ലേയിലേക്ക് മടങ്ങും.
നാലാം ദിവസം ഖാർദുംഗ്ല ചുരം വഴി നുബ്ര താഴ്വരയിലേക്കുള്ള സഹാസികത യാത്രയാണ്. സമുദ്രനിരപ്പിൽ നിന്നും 18380 അടി ഉയരത്തിലാണ് ഖർദുങ് ലാ പാസ് ഉള്ളത്, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിൾ റോഡ് കൂടിയാണിത്. നുബ്ര താഴ്വര ലഡാക്കിലെ പൂക്കളുടെ തഴ്വര എന്നാണ് അറിയപ്പെടുന്നത്. ഏറ്റവും ചൂടേറിയ പ്രദേശം കൂടിയാണിത്. ഇവിടെ ക്യാംപിലാണ് താമസം. ദീക്ഷിത്, ഹുണ്ടർ വില്ലേജ് സന്ദർശനം, ഒട്ടക സഫാരി എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നുബ്ര വാലിയിൽ രാത്രി താമസം.
പിറ്റേന്ന് ടുർടുക് ഗ്രാമമാണ് സന്ദർശിക്കുന്നത്. അവിടേക്കുള്ള യാത്രയില്‍ സിയാച്ചിൻ യുദ്ധ സ്മാരകമായ താങ് സീറോ പോയിൻ ഉൾപ്പെടെയുള്ള കാഴ്ചകൾ കാണും. ലഡാക്ക് യാത്രയിലെ വ്യത്യസ്തമായ കാഴ്ചകളാണ് ടുർടുക്കിൽ കാത്തിരിക്കുന്നത്. നുബ്ര വാലിയിൽ രാത്രി താമസം. ആറാം ദിവസം നുബ്രാ വാലിയിൽ നിന്ന് പാങ്കോങ്ങിലേക്ക് പോകും. ഇന്ത്യയ്ക്കും ചൈനയ്ക്കും അവകാശമുള്ള പാൻഗോങ് തടാകത്തിന്‍റെ തീരത്തുകൂടി ഉല്ലാസയാത്ര, രാത്രി ക്യാംപിങ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
പിറ്റേന്ന് പുലർച്ചെ തടാകത്തിലെ അനിർവചനീയമായ സൂര്യോദയം കൂടി ആസ്വദിച്ച ശേഷം മടങ്ങും. തിക്‌സി മൊണാസ്ട്രി, ഷെയ് പാലസ്, ഡ്രൂക്ക് വൈറ്റ് ലോട്ടസ് സ്കൂൾ എന്നിവ സന്ദർശിച്ച് വൈകിട്ടോടെ ലേയിൽ എത്തും. താല്പര്യമുള്ളവർക്ക് ലേ മാർക്കറ്റ് കാണാനിറങ്ങാം. യാത്രയുടെ എട്ടാം ദിവസം, അതായത് സെപ്റ്റംബർ 20ന് ഉച്ചയ്ക്ക് 1.55 ന് ലേയിൽ നിന്നും മടങ്ങും. രാത്രി 10.05 ന് വിമാനം കോഴിക്കോട് എത്തും.
കോഴിക്കോട്- ലേ യാത്രാ നിരക്ക്
56,200 രൂപാ മുതലാണ് ഐആർസിടിസി കോഴിക്കോട്- ലേ പാക്കേജ് നിരക്ക് ആരംഭിക്കുന്നത്. ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്കുള്ള നിരക്കാണിത്. ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 56,750 രൂപയും സിംഗിള്‍ ഒക്യുപൻസിയിൽ 61,700 രൂപയുമാണ് നിരക്ക്. കുട്ടികൾക്ക് 35,450 രൂപാ മുതൽ ടിക്കറ്റ് കിട്ടും. ആകെ 29 സീറ്റുകളാണ് ലഭ്യം. കൂടുതല്‍ വിവരങ്ങൾക്കും ബുക്കിങ്ങിനും 8287932098 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













