» »കേരളത്തിലേക്ക് ദര്‍ശനമുള്ള തമിഴ്‌നാടന്‍ ക്ഷേത്രം!!

കേരളത്തിലേക്ക് ദര്‍ശനമുള്ള തമിഴ്‌നാടന്‍ ക്ഷേത്രം!!

Written By: Elizabath Joseph

തല മുണ്ഡനം ചെയ്ത് ചന്ദനം തേച്ച് ഹരഹരോ പാടി പോകുന്ന ഭക്തന്‍മാര്‍... അവരുടെ യാത്ര പദം നോക്കിയാല്‍ കാണുന്നതോ അങ്ങകലെ മലയുടെ മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ക്ഷേത്രവും. കേരളത്തിനു പുറത്ത് മലയാളികള്‍ക്ക് ഇത്രയധികം പരിചയമുള്ള മറ്റൊരു ക്ഷേത്രം കാണാന്‍ വഴിയില്ല. സിനിമകള്‍ വഴിയും നാട്ടില്‍ നിന്നും പുറപ്പെടുന്ന തീര്‍ഥ യാത്രകളിലും തീര്‍ഥ യാത്രകളിലും ഉറപ്പായും സന്ദര്‍ശിക്കുന്ന ഈ ക്ഷേത്രം നമ്മള്‍ പോയിട്ടില്ലെങ്കിലും ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്ന പഴനി ക്ഷേത്രമാണ്.
ഇന്ത്യയിലെ തന്ന ഏറെ പ്രശസ്തമായ മുരുകന്‍ ക്ഷേത്രമാണ് പഴനി. പഴനി ആണ്ടവന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇവിടുത്തെ മുരുകന്‍ ദുഖങ്ങള്‍ എല്ലാം ശമിപ്പിക്കും എന്നാണ് വിശ്വാസം.
തമിഴ്‌നാട്ടില്‍ സ്ഥിതി ചെയ്യുമ്പോഴും കേരളത്തിലേക്ക് ദര്‍ശനം നല്കുന്ന പഴനി മുരുകന്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍!!

മുരുകന്റെ ആറു വാസസ്ഥലങ്ങളില്‍ ഒന്ന്

മുരുകന്റെ ആറു വാസസ്ഥലങ്ങളില്‍ ഒന്ന്

തമിഴ്‌നാട്ടിലാണ് മുരുകന്റെ അറുപടൈവീടുകള്‍ സ്ഥിതി ചെയ്യുന്നത്. ഇതിനെക്കുറിച്ച് തമിഴ്‌നാട്ടിലെ ആദികാവ്യങ്ങള്‍ പലതിലും സൂചിപ്പിച്ചിട്ടുണ്ട്. സംഘകാലത്തില്‍ എഴുതപ്പെട്ട തമിഴ് കൃതികളായ തിരുമുരുകാട്രുപടൈ, തിരുപ്പുകഴ് തുടങ്ങിയവയിലാണ് ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. തിരുത്തണി, സ്വാമിമല, പഴനി മല, പഴമുതിര്‍ചോലൈ, തിരുപ്പറന്‍ങ്കുന്റം, തിരുച്ചെന്തൂര്‍ എന്നിവയാണ് മുരുകന്റെ അറുപ്പടൈവീടുകള്‍ എന്ന് അറിയപ്പെടുന്ന ആറു ക്ഷേത്രങ്ങള്‍. അതില്‍ ഏറെ പ്രധാനപ്പെട്ട ക്ഷേത്രമാണ് പഴനി മുരുകന്‍ ക്ഷേത്രം.
തമിഴ്‌നാട്ടിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് പഴനി. ഇവിടെ എത്തി ആണ്ടവനെ കാണാനും തൊഴുത് പ്രാര്‍ഥിക്കുവാനും സാധിക്കുക എന്നത് വലിയ ഭാഗ്യമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്.

PC:Ranjithsiji

പഴനി എന്നാല്‍!

പഴനി എന്നാല്‍!

പഴനി എന്നാല്‍ ഒരു സ്ഥലനാമം ആണെന്നു നമുക്കറിയാം. എന്നാല്‍ അത് എങ്ങനെ വന്നു എന്നോ അതിന്റെ അര്‍ഥം എന്താണ് എന്നോ അറിയുന്നവര്‍ ചുരുക്കമാണ്.
ഒരിക്കല്‍ കൈലാസം സന്ദര്‍ശിച്ച നാരദ മഹര്‍ഷി തന്റെ കയ്യിലുണ്ടായിരുന്ന അമൂല്യമാണ ഒരു പഴം ശിവനു സമ്മാനിക്കുകയുണ്ടായി. തന്റെ മക്കളായ ഗണപതിക്കും കാര്‍ത്തികേയനും നല്കാനായി ശിവന്‍ അത് മുറിക്കാനായി തുടങ്ങിയപ്പോളാണ് മഹര്‍ഷി അത് മുറിച്ചാല്‍ ആ പഴത്തിന്റെ ഫലം നഷ്ടപ്പെടും എന്നറിയിക്കുന്നത്. അങ്ങനെയെങ്കില്‍ മക്കളില്‍ കൂടുതല്‍ ബുദ്ധിമാനായ ആള്‍ക്ക് അത് നല്കാനും അതിനായി ഒരു പരീക്ഷണം നടത്താനും ശിവന്‍ തീരുമാനിച്ചു. ലോകത്തെ മൂന്നു പ്രാവശ്യം വലംവെച്ച് ആദ്യം തിരിച്ചെത്തുന്നയാള്‍ക്ക് ഈ പഴം സമ്മാനിക്കുമെന്ന് ശിവന്‍ പറഞ്ഞു. ഇതുകേട്ടപാടേ കാര്‍ത്തികേയന്‍ തന്റെ വാഹനമായ മയിലിന്റെ പുറത്തുകയറി ലോകം ചുറ്റാന്‍ പുറപ്പെട്ടു. എന്നാല്‍ ഗണപതിയാകട്ടെ തന്റെ ലോകമെന്നാല്‍ തന്റെ പിതാവും മാതാവുമാണെന്നു മനസ്സിലാക്കുകയും അവരെ വലം വയ്ക്കുകയും ചെയ്തു. ഇതില്‍ സംപ്രീതനായ ശിവന്‍ പഴം ഗണപതിക്ക് നല്കുകയും ചെയ്തു. ലോകം ചുറ്റി തിരിച്ചെത്തിയ കാര്‍ത്തികേനാകട്ടെ പഴം നഷ്ടപ്പെട്ടതറിഞ്ഞ് കൈലാസത്തെ ഉപേക്ഷിച്ച് പോകുവാന്‍ തീരുമാനിച്ചു. അങ്ങനെയാണ് അദ്ദേഹം പഴനിയിലെത്തിയത്. പിന്നീട് കാര്‍ത്തികേയനെ കൈലാസത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ ശിവനും പാര്‍വ്വതിയും വരികയും കാര്‍ത്തികേയനോട് അവര്‍ പഴം നീ എന്നു പറയുകയും ചെയ്തു. ഇതില്‍ നിന്നാണ് സ്ഥലത്തിന് ഈ പേരു ലഭിച്ചത് എന്നാണ് വിശ്വാസം.

PC:Ranjithsiji

വിഗ്രഹം സ്ഥാപിച്ച് സിദ്ധ മഹര്‍ഷി

വിഗ്രഹം സ്ഥാപിച്ച് സിദ്ധ മഹര്‍ഷി

പഴനി മുരുക ക്ഷേത്രത്തിന്റെ ഉല്പത്തിയെക്കുറിച്ച് വിരവധി കഥകളാണ് പ്രചാരത്തിലുള്ളത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് 18 സിദ്ധമഹര്‍ഷികളില്‍ പ്രമുഖനായ ഭോഗ മഹര്‍ഷിയുമായി ബന്ധപ്പെട്ട കഥ. അദ്ദേഹമാണ് വിഗ്രഹം ഉവിടെ സ്ഥാപിച്ചതെന്നാണ് വിശ്വാസം. ഒന്‍പതു വിശിഷ്ട വസ്തുക്കളുടെ മിശ്രിതമായ നവപാഷാണം എന്നറിയപ്പെടുന്ന ഒരു പ്രത്യേക മിശ്രിതം കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. വളരെ പെട്ടന്നു ഉറയ്ക്കുന്ന മിശ്രിതമായതിനാല്‍ നിര്‍മ്മാണവും അതേ വേഗതയില്‍ തന്നെ പൂര്‍ത്തീകരിക്കണമായിരുന്നു. എന്നാല്‍ മുഖം നന്നായി പൂര്‍ത്തീകരിക്കാനായി അദ്ദേഹം കൂടതല്‍ സമയമെടുത്തതിനാല്‍ ബാക്കിയുള്ള ഭാഗങ്ങള്‍ക്ക് മുഖത്തിന്റെ അത്രയും ഭംഗി ലഭിച്ചിട്ടില്ല.
മാതാപിതാക്കളോട് വഴക്കിട്ട് പിണങ്ങി എങ്ങനെയാണോ മുരുകന്‍ അവിടെ എത്തിയത്, ആ രൂപം തന്നെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതും. കൗപീനം മാത്രം ധരിച്ച് കയ്യില്‍ ദണ്ഡും വേലും പിടിച്ചിരിക്കുന്ന ഹാലനായാണ് മുരുകന്‍ ഇവിടെയുള്ളത്.

PC:Ranjithsiji

കുന്നിനു മുകളിലെ ക്ഷേത്രം

കുന്നിനു മുകളിലെ ക്ഷേത്രം

തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലാണ് പഴനി സ്ഥിതി ചെയ്യുന്നത്. ഇവിടെ രണ്ടു കുന്നുകള്‍ക്കു മുകളിലായി നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സ്ഥലത്തിന്റെ ഉച്ചിയില്‍ ഒറ്റപ്പെട്ട രണ്ടു മലകള്‍ക്കിയയായിനാണ് ക്ഷേത്രം അഥവാ കോവില്‍ സ്ഥിതി ചെയ്യുന്നത്.
2.4 കിലോമീറ്റര്‍ നീളമുള്ള പഴനി മല പ്രദക്ഷിണം ചെയ്താണ് കയറുന്നത്.693 പടികളാണ് ഇവിടെ കയറുവാനുള്ളത്.നടന്നു കയറാന്‍ പറ്റാത്തവര്‍ക്കായി റോപ് വേയും റോപ് കാറും ഒരുക്കിയിട്ടുണ്ട്. വളരെ ചെറിയ ഒരു തുക കൊടുത്താല്‍ നടക്കാതെ മുകളിലെത്താം.
പടികള്‍ നിര്‍മ്മിക്കുന്നതിനു മുന്‍പ് കാട്ടിലെ വഴികളീലൂടെയായിരുന്നു ഇവിടെ എത്തിയിരുന്നത്. ഭക്തര്‍ക്കും പുരോഹിതന്‍മാര്‍ക്കും വ്യത്യസ്തങ്ങളായ പാതകളായിരുന്നു ഉണ്ടായിരുന്നത്.

PC:Satheesh Muthu Gopal

അനുഗ്രഹം കൂടുതല്‍ കേരളത്തിന്

അനുഗ്രഹം കൂടുതല്‍ കേരളത്തിന്

തമിഴ്‌നാട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എങ്കിലും അനുഗ്രഹം മുഴുവനും കേരളത്തിനാണ് കിട്ടുക എന്നൊരു വിശ്വാസമുണ്ട് ഇവിടെ. അതിനു പ്രധാന കാരണം ക്ഷേത്രത്തിന്റെ ദര്‍ശനമാണ്. സാധാരണയായി ക്ഷേത്രങ്ങള്‍ക്ക് കിഴക്ക് ഭാഗത്തേയ്ക്കാണ് ദര്‍ശനം. എന്നാല്‍ ഇവിടെ വിഗ്രഹം പടിഞ്ഞാറു ഭാഗത്തേയ്ക്ക് ദര്‍ശനമായാണ് സ്ഥാപിച്ചിരിക്കുന്നത്.പണ്ടത്തെ ചേര സാമ്രാജ്യമായിരുന്ന കേരളം പടിഞ്ഞാറു ഭാഗത്തോയ്ക്കാണ് നീണ്ടു കിടക്കുന്നത്. അതുകൊണ്ട് കേരളത്തിന്റെ നന്‍മയ്ക്കുവേണ്ടിയാണ് ചേരമാന്‍ പെരുമാള്‍ ക്ഷേത്രം സ്ഥാപിച്ചപ്പോല്‍ ദര്‍ശനം പടിഞ്ഞാറു ഭാഗത്തേയ്ക്ക് വെച്ചത് എന്നാണ് വിശ്വാസം. അതിനാല്‍ ഭഗവാന് കേരളത്തിനോടും കേരളത്തില്‍ നിന്ന് തന്നെ കാണാന്‍ എത്തുന്നവരോടും പ്രത്യേക വാത്സല്യം ഉണ്ട് എന്നാണ് വിശ്വാസികള്‍ കരുതുന്നത്.

ക്ഷേത്രത്തിനുള്ളില്‍

ക്ഷേത്രത്തിനുള്ളില്‍

ചേരമാന്‍ രാജാവിന്റെ കാലത്ത് നിര്‍മ്മിച്ച ക്ഷേത്രമായതിനാല്‍ അക്കാലത്തെ വാസ്തുവിദ്യയാണ് ഇവിടെ കൂടുതലും ഉപയോഗിച്ചിരിക്കുന്ന്. ഇവിടെ പഴയ തമിഴ് ലിപിയില്‍ പ്രാര്‍ഥനകളും ശ്ലോകങ്ങളും ക്ഷേത്രത്തിന്റെ മതിലുകളിലും ചുവരുകളിലും എഴുതി വെച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. ശ്രീ കോവിലിനു മുകളിലെ സ്വര്‍ണ്ണ ഗോപുരത്തില്‍ മുരുകന്റെയും മറ്റ് ഉപദേവതമാരുടെയും ശില്പങ്ങളും കൊത്തിവെച്ചിട്ടുണ്ട്.
കൂടാതെ ഗണപതി, ശിവന്‍, പാര്‍വ്വതി, വിദ്രഹം നിര്‍മ്മിച്ച ഭോഗമഹര്‍ഷി തുടങ്ങിയവരുടെ ആരാധനാലയങ്ങളും പ്രധാന ക്ഷേത്രത്തിനു സമീപം കാണാന്‍ കഴിയും.

PC:Arulraja

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മലപ്പുറത്തു നിന്നും പെരിന്തല്‍മണ്ണ-ചെര്‍പ്പുളശ്ശേരി-പാലക്കാട്-പൊള്ളാച്ചി-ഉദുമല്‍പ്പേട്ട്-പളനി വഴിയാണ് ഇവിടെ എത്തുക. മലപ്പുറത്തു നിന്നും 238 കിലോമീറ്റര്‍ ദൂരമാണ് ഇവിടെ എത്താനായി സഞ്ചരിക്കേണ്ടത്.
രാവില ആറു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെയാണ് ക്ഷേത്രം തുറന്നിരിക്കുക.
ട്രെയിനിനാണ് യാത്ര ചെയ്യാന്‍ താല്പര്യമെങ്കില്‍ പാലക്കാട് നിന്നുള്ള പഴനി പാസഞ്ചറിനു പോകുന്നതായിരിക്കും നല്ലത്. പുലര്‍ച്ചെ 4.30 നു പുറപ്പെടുന്ന ട്രയിന്‍ 6.30 ന് പഴനിയില്‍ എത്തും. തിരിച്ച് വൈകിട്ട് 7.25 ന് പഴനിയില്‍ നിന്നും പുറപ്പെട്ട് രാത്രി 10.30 ന് പാലക്കാട് എത്തിചേരും. ഒറ്റ ദിവസത്തെ യാത്ര തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇതാണ് നല്ലത്.
പൊള്ളാട്ടിയില്‍ നിന്നും പാലക്കാടു നിന്നും ട്രെയിന്‍, ബസ്, കെഎസ്ആര്‍ടിസി സൗകര്യങ്ങള്‍ വേറെയും ലഭ്യമാണ്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...