ശബരിമല ക്ഷേത്രത്തോടും അയ്യപ്പനോടും ഒപ്പംതന്നെ പഴക്കമുള്ള ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിൽ അപൂർവ്വമാണ്. ശാസ്താ ക്ഷേത്രങ്ങളും അയ്യപ്പ ക്ഷേത്രങ്ങളും നിരവധിയുണ്ടെങ്കിലും അതിൽ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ ഒരു ക്ഷേത്രമുണ്ട്. പന്തളം വലിയ കോയിക്കൽ ക്ഷേത്രം. അച്ചൻകോവിലാറിന്‍റെ തീരത്ത് പന്തളം കൊട്ടാരത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്ക്....

പന്തളം കൊട്ടാരത്തിനുള്ളിൽ
പന്തളം കൊട്ടാര സമുച്ചയത്തിനുള്ളിലായാണ് പന്തളം വലിയ കോയിക്കൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അച്ചൻകോവിലാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അയ്യപ്പ ചരിത്രത്തോളം തന്നെ പഴക്കമുള്ള ഒരു ആരാധനാ കേന്ദ്രമാണ്. അയ്യപ്പ വിശ്വാസികളുടെ പ്രധാനപ്പെട്ട തീർഥാടന സ്ഥാനം കൂടിയാണിത്.
PC:Anoopan

ശബരിമല ക്ഷേത്രത്തിന്‍റെ മാതൃകയിൽ
ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെ അതേ മാതൃകയിൽ തന്നെയാണ് ഈ ക്ഷേത്രവും നിർമ്മിച്ചിരിക്കുന്നത്. പന്തളം രാജാവായിരുന്ന രാജ ശേഖരനാണ് അയ്യപ്പന്റെ നിത്യ പൂജകൾക്കായി ഈ ക്ഷേത്രം നിർമ്മിച്ചത് എന്നു ചരിത്രം പറയുന്നത്. അയ്യപ്പൻ പന്തളം രാജാവിന്റെ മകനായി ഇവിടെ കൊട്ടാരത്തിലാണ് ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം. അയ്യപ്പന്‍റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന ഈ ക്ഷേത്രത്തിന് മണ്ഡലകാലത്ത് ശബരിമലയോളം തന്നെ പ്രാധാന്യമുണ്ട്. ബാലരൂപത്തിലുള്ള ശാസ്താവിനെയാണ് ഇവിടെ പ്രധാന പ്രതിഷ്ഠ.
PC:Anoopan

ശബരിമലയിലെത്തുന്നതിനു മുൻപ്
ശബരിമല തീർഥാടന കാലത്ത് വിശ്വാസികൾ ധാരാളമായി ഇവിടെ എത്തുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ പോലും ഇവിടെ എത്തി പ്രാർഥിച്ചു മാത്രമേ ശബരിമലയിലേക്ക് പോകാറുള്ളൂ.
PC:Anoopan

തിരുവാഭരണം
അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം മഹാരാജാവ് അയ്യപ്പന് നല്കിയതെന്ന് വിശ്വസിക്കപ്പെടുന്ന ആടയാഭരണങ്ങളാണ് തിരുവാഭരണം. സ്വർണ്ണത്തിൽ തീർത്തിരിക്കുന്ന ഈ ആഭരണങ്ങൾ പന്തളം വലിയ കോയിക്കൽ കൊട്ടാരത്തിലാണ് സൂക്ഷിക്കുന്നത്. മകര വിളക്കിന് അയ്യപ്പെന ചാർത്തുന്ന ഈ ആഭരണങ്ങൾ പന്തളം കോയിക്കൽ കൊട്ടാരത്തിൽ നിന്നും പുറത്തെടുക്കുന്നത് മകര വിളക്ക് ചടങ്ങുകൾക്ക് മാത്രമാണ്. മകര വിളക്കിന് രണ്ടു ദിവസം മുന്‍പ് മാത്രമേ പെട്ടികൾ തുറക്കുകയും വിശ്വാസികൾക്ക് ദർശനം അനുവദിക്കുകയും ചെയ്യാറുള്ളൂ.

തിരുവാഭരണ ഘോഷയാത്ര
മകര വിളക്കു ചടങ്ങികൾക്കായി വലിയ കോയിക്കൽ കൊട്ടാരത്തിൽ നിന്നും തിരുവാഭരണം കാൽനടയായി ഘോഷയാത്രയുടെ അകമ്പടിയോടെ ശബരിമലയിൽ കൊണ്ടുവരുന്ന ചടങ്ങാണ് തിരുവാഭരണ ഘോഷയാത്ര എന്നറിയപ്പെടുന്നത്. മൂന്നു വലിയ പേടകങ്ങളിലായി തിരുമുഖം, പ്രഭാമണ്ഡലം, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, വെളക്കു മാല, കലശത്തിനുള്ള തൈലക്കുടം, പൂജാപാത്രങ്ങൾ, നെറ്റിപ്പട്ടം, ജീവത,കൊടികൾ തുടങ്ങിയവയാണുള്ളത്.

പന്തളത്തു തമ്പുരാൻ
പന്തളത്തു തമ്പുരാൻ അയ്യപ്പനായി പണികഴിപ്പിച്ച ആഭരണങ്ങളാണല്ലോ തിരുവാഭരണം എന്നറിയപ്പെടുന്നത്. മണികണ്ഠനായ അയ്യപ്പനെ യുവരാജാവായി അഭിഷേകം ചെയ്തതു കാണുവാൻ പന്തളം രാജാവിന് കഴിഞ്ഞിരുന്നില്ല. അതിനു പകരമായി രാജാവ് രാജകീയ വേഷത്തിൽ അയ്യപ്പനെ വർഷത്തിലൊരിക്കലെങ്കിലും കാണുവാൻ സാധിക്കണം എന്ന് അയ്യപ്പനോട് പ്രാർഥിക്കുകയുണ്ടായി. അതിനായാണ് രാജാവ് ഈ ആഭരണങ്ങൾ പണികഴിപ്പിച്ചത് എന്നാണ് വിശ്വാസം. പന്തളത്ത് രാജാവിന് അയ്യപ്പന്റെ പിതാവിന്‌റെ സ്ഥാനമാകയാൽ അദ്ദേഹം ശബരിമലയ്ക്ക വന്നാൽ അയ്യപ്പൻ എഴുന്നേറ്റ് നിന്ന് വണങ്ങേണ്ടി വരുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് പകരക്കാരനായി രാജപ്രതിനിധിയെയാണ് അയക്കുക.
ജനുവരി 13ന് പന്തളത്തു നിന്നും ആരംഭിച്ച് മകര വിളക്ക് ദിവസം അതായത് ജനുവരി 15 ന് ശബരി മലയിൽ എത്തുന്ന വിധത്തിലാണ് തിരുവാഭരണ ഘോഷയാത്ര നടക്കുന്നത്.
PC: Anoopan

പന്തളം ക്ഷേത്രം, പൂജാ സമയം
മണ്ഡല കാലത്താണ് ഇവിടെ ഏറ്റവും അധികം വിശ്വാസികൾ എത്തിച്ചേരുന്ന സമയം. ഉഷ പൂജ പുലർച്ചെ 7.30നും ഉച്ചപൂജ ഉച്ചയ്ക്ക് 12.30 നും അത്താഴ പൂജ രാത്രി 9.30 നും ഇവിടെ നടക്കും.

എത്തിച്ചേരുവാൻ
പത്തനംതിട്ട പന്തളത്ത് എംസി റോഡിനു തൊട്ടടുത്തായാണ് പന്തളം വലിയ കോയിക്കൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അച്ചൻകോവിലാറിന്റെ കരയിൽ റോഡിൽ നിന്നും 250 മീറ്റർ മാറി ക്ഷേത്രം കാണാം. ചെങ്ങന്നൂരിൽ നിന്നും പന്തളത്തേയ്ക്ക് 14.5 കിലോമീറ്ററാണ് ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ചെങ്ങന്നൂർ - (14 കി.മീ) ,മാവേലിക്കര-14 കി.മി എന്നിങ്ങനെയാണ് ദൂരം.