» »ക്ഷേത്രവും മസ്ജിദും മാത്രമല്ല അയോധ്യയിലെ കാഴ്ചകള്‍!!

ക്ഷേത്രവും മസ്ജിദും മാത്രമല്ല അയോധ്യയിലെ കാഴ്ചകള്‍!!

Written By: Elizabath Joseph

അയോധ്യ എന്നാല്‍ ഒരു യുദ്ധ ഭൂമിയും തര്‍ക്ക ഭൂമിയും ഒക്കെയാണ് നമ്മളില്‍ പലര്‍ക്കും. ഇതുവരെ പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങളും അവകാശവാദങ്ങളും കൊണ്ട് എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഇവിടം പക്ഷേ, സഞ്ചാരികള്‍ക്ക് ഒരു ചെറിയ സ്വര്‍ഗ്ഗം തന്നെയാണ്. സരയൂ നദിയുടെ തീരത്ത് ഉത്തര്‍പ്രദേശില്‍ സ്ഥിതി ചെയ്യുന്ന അയോധ്യ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ജനവാസം ഉണ്ടായിരുന്ന ഇടമായിരുന്നുവത്രെ. ഹിന്ദു വിശ്വാസമനുസരിച്ച് രാമന്റെ ജന്‍മസ്ഥലമായ ഇവിടം സാകേത് എന്നും അറിയപ്പെട്ടിരുന്നു. പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന കോസാല രാജ്യത്തിന്റെ തലസ്ഥാനവും ഇവിടം തന്നെയാണ്.
അയോധ്യയെ പുണ്യസ്ഥലമാക്കുന്ന കുറച്ച് ഇടങ്ങള്‍ അറിയാം...

 രാം ജന്‍മഭൂമി

രാം ജന്‍മഭൂമി

വര്‍ഷം മുഴുവനും ആളുകള്‍ എത്തിച്ചേരുന്ന അയോധ്യയിലെ ഏറ്റവും പ്രധാനപ്പെട്ട, തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് രാം ജന്‍മഭൂമി. ശ്രീ രാമന്‍ ജനിച്ച സ്ഥലം എന്നു വിശ്വസിക്കപ്പെടുന്ന ഇവിടം ഹൈന്ദവരുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. ഇവിടെ ഇതുമായി ബന്ധപ്പെട്ട
ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നും അത് പൊളിച്ചാണ് മുഗള്‍ ചക്രവര്‍ത്തിയായ ബാര്‍ബര്‍ ഇവിടെ മസ്ജിദ് നിര്‍മ്മിച്ചതെന്നും ഒരു വിശ്വാസമുണ്ട്. പിന്നീട് ഇത് ഹൈന്ദവ വിശ്വാസികള്‍ നശിപ്പിക്കുകയാണുണ്ടായത്. ഈ രണ്ടു മത വിശ്വാസികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ തുടരുന്നുണ്ടെങ്കിലും തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും ഇവിടം പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ്.

ഹനുമാന്‍ ഗര്‍ഹി

ഹനുമാന്‍ ഗര്‍ഹി

നാലുവശങ്ങളും ചുറ്റപ്പെട്ട ഒരു കോട്ടയാണ് ഹനുമാന്‍ ഗര്‍ഹി എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിനുള്ളിലെ ഹനുമാന്‍ ക്ഷേത്രമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകം. അയോധ്യയിലെ അടുത്ത പ്രധാന സ്ഥലങ്ങളില്‍ ഒന്നായ ഇവിടെ ആയിരക്കണക്കിന് തീര്‍ഥാടകരാണ് ഓരോ വര്‍ഷവും എത്തിച്ചേരുന്നത്. വിശ്വാസമനുസരിച്ച് അയോധ്യയെ സംരക്ഷിക്കുവാനായി ഹനുമാന്‍ ഇവിടെ ക്ഷേത്രത്തിനുള്ളിലെ ഗുഹയില്‍ ആണ് താമസിച്ചിരുന്നതത്രെ.
76 പടികള്‍ കയറിയാല്‍ മാത്രമേ ഇവിടുത്തെ പ്രധാന ക്ഷേത്രത്തിന്റെ മുന്നില്‍ എത്താന്‍ സാധിക്കൂ. ഹമൃനുമാന്റെ മാതാവായ അഞ്ജനിയുടെ ഒരു വലിയ പ്രതിമ ഇവിടെയുണ്ട്. അവരുടെ മടിയില്‍ ഇരിക്കുന്ന പുത്രനായ ഹനുമാനെയും ഇവിടെ കാണാം.

PC: Rudra707

തേത്രാ കാ താകൂര്‍

തേത്രാ കാ താകൂര്‍

ശ്രീ രാമന്‍ പ്രസിദ്ധമായ അശ്വമേഥ യാഗം നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് തേത്രാ കാ താകൂര്‍. അതിനാല്‍ ഇവിടെ ആരാധിക്കുന്നതും ശ്രീ രാമനെയാണ്. കറുത്ത കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം അയോധ്യ നഗരത്തിനുള്ളിലൂടെ ഒഴുകുന്ന സരയൂ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
ഇപ്പോള്‍ ഇവിടുത്തെ പഴയ ക്ഷേത്രത്തിനു പകരം പുതിയ ഒരു ക്ഷേത്രമാണ് ഇവിടെയുള്ളത്. അവിടെ രാമന്റെയും സഹോദരന്‍മാരായ ലക്ഷമണന്‍, ഭരതന്‍, സുശ്രുതന്‍ തുടങ്ങിയവരുടെ അനേകം പ്രതിഷ്ഠകള്‍ കാണാന്‍ സാധിക്കും.

PC: Vishwaroop2006

കനക് ഭവന്‍

കനക് ഭവന്‍

രാമന്റെ വളര്‍ത്തമ്മയായ കൈകേയി സീതാ ദേവിക്ക്‌സമ്മാനമായി നിര്‍മ്മിച്ച് നല്കിയതാണ് കനക് ഭവന്‍ എന്നാണ് വിശ്വാസം. അയോധ്യയിലെ ഏറ്റവും പഴയതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ ഒരു ക്ഷേത്രമാണ് കനക്ഭവന്‍. ഇവിടെ രാമന്റെയും സീതയുടെയും ഒട്ടേറെ പ്രതിമകള്‍ കാണാം.

PC: Shalini Tomar

ഗുപ്തര്‍ ഘട്ട്

ഗുപ്തര്‍ ഘട്ട്

രാമനുമായി ബന്ധപ്പെട്ട അയോധ്യയിലെ മറ്റൊരു സ്ഥലമാണ് ഗുപ്തര്‍ ഘട്ട്. ഇവിടെ വെച്ചാണ് രാമന്‍ സരയുവിന്റെ ആഴങ്ങളിലേക്ക് പോയതും സ്വര്‍ഗ്ഗാരോഹണം നടത്തിയതും എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഇവിടം ഹൈന്ദവ വിശ്വാസികള്‍ക്ക് ഏറെ പവിത്രമായ സ്ഥലമാണ്. തങ്ങളുടെ പാപങ്ങളില്‍ നിന്നും ചെയ്തുപോയ തെറ്റുകളില്‍ നിന്നും മോചനം നേടി മോക്ഷഭാഗ്യം ആഗ്രഹിച്ചാണ് ആളുകള്‍ ഇവിടെ എത്തുന്നത്.

PC- Ramnath Bhat

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...