» »സന്ദര്‍ശിക്കാം ആസാമിലെ ഈ പുരാതന ശിവക്ഷേത്രങ്ങള്‍

സന്ദര്‍ശിക്കാം ആസാമിലെ ഈ പുരാതന ശിവക്ഷേത്രങ്ങള്‍

Written By: Elizabath Joseph

തേയിലത്തോട്ടങ്ങള്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും മാത്രം പേരുകേട്ട ഒരിടമാണ് ആസാം എന്നാണ് നമ്മളില്‍ പലരും വിശ്വസിച്ചിരിക്കുന്നത്. എന്നാല്‍ വടക്കു കിഴക്കന്‍ ഇന്ത്യയിലെ സപ്തസഹോദരിമാരില്‍ ഒരാളായ ആസാം വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒക്കെ പ്രശസ്തമാണ്. അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ് ഇവിടുത്തെ പുരാതനമായ ശിവക്ഷേത്രങ്ങളും. ഇവിടുത്തെ ഏറെ പ്രശസ്തമായ ശിവക്ഷേത്രങ്ങളെ പരിചയപ്പെടാം...

ഉമാനന്ദ ക്ഷേത്രം

ഉമാനന്ദ ക്ഷേത്രം

ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപായ ആസാമിലെ ഉമാനന്ദ ദ്വീപിലാണ് ഉമാനന്ദ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അഹോം രാജവംശത്തിലെ രാജാവായിരുന്ന ഗദാദാര്‍ സിങ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം. ആസാമിലെ ശിവക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാന സ്ഥാനത്തു നില്‍ക്കുന്ന ഇത് 1964ലാണ് ഇന്നു കാണുന്ന രീതിയില്‍ പണികഴിപ്പിക്കുന്നത്. ശിവനെ ഇവിടെ ഭസ്മാചലനായാണ് ആരാധിക്കുന്നത്. കൂടാതെ ആസമീസ് വാസ്തുവിദ്യയുടെ എല്ലാവിധ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികളില്ലാത്തവര്‍ ഇവിടെ എത്തി പ്രാര്‍ഥി്ചചാല്‍ മതി എന്നൊരു വിശ്വാസവും ഇവിടെയുണ്ട്.

PC: Ashwin Ganesh M

ശിവന്‍ ഭസ്മാചലനായ കഥ

ശിവന്‍ ഭസ്മാചലനായ കഥ

തന്റെ ഭാര്യയായ പാര്‍വ്വതി ദേവിക്കു വേണ്ടി ശിവന്‍ നിര്‍മ്മിച്ച ദ്വീപാണ് ഉമാനന്ദ ദ്വീപ്. പാര്‍വ്വതിയുടെ സന്തോഷവും ആനന്ദങ്ങളും പരിഗണിച്ചാണത്രെ ശിവന്‍ ഈ ദ്വീപ് നിര്‍മ്മിച്ചത്. പിന്നീട് ഇവിടെ ഭയാനന്ദ എന്ന പേരില്‍ ശിവന്‍ താമസവും ആരംഭിച്ചു. സ്വസ്ഥമായി തപസ് ചെയ്യുക എന്ന ഉദ്ദേശത്തിലാണ് ശിവന്‍ തപസ് ആരംഭിച്ചത്. എന്നാല്‍ ഒരിക്കല്‍ ഇവിടെ എത്തിയ കാമദേവന്‍ ശിവന്റെ തപസ്സ് മുടക്കാന്‍ ഒരു ശ്രമം നടത്തി. ഇതില്‍ കോപിതനായി തപസ് നിര്‍ത്തി എണീറ്റ ശിവന്‍ കാമദേവനെ ഭസ്മമായി പോകട്ടെ എന്നു പറഞ്ഞു തന്റെ തൃക്കണ്ണ് വെച്ച് ചാമ്പലാക്കിയത്രെ. അങ്ങനെ കാമദേവന്‍ ഭസ്മമായി മാറിയ സ്ഥലമായാണ് ഇവിടം പുരാണങ്ങളില്‍ അറിയപ്പെടുന്നത്. ഭസ്മാചല്‍ എന്നും ഈ സ്ഥലത്തിന് പേരുണ്ട്. കലികപുരാണത്തിലാണ് ഈ സ്ഥലത്തെക്കുറിച്ച് പറയുന്നത്.

PC: Youtube

ശിവസാഗര്‍ ശിവഡോള്‍

ശിവസാഗര്‍ ശിവഡോള്‍

വടക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശിലസാഗര്‍ ശിവഡോള്‍ ക്ഷേത്രം. അഹോം രാജവംശത്തിലെ രാജ്ഞിയായിരുന്ന ഭാര്‍ രാജ അംബികയുടെ നേതൃത്വത്തില്‍ 1734 ലാണ് ഈ ശിവക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്.ശിവനും വിഷ്ണുവിനും ദേവിക്കുമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന മൂന്ന് ശ്രീകോവിലുകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ബോര്‍ പുഖുര ക്ഷേത്രക്കുളം അഥവാ ശിവസാഗര്‍ ടാങ്ക് ആണ് ഇവിടെ ആളുകളെ ആകര്‍ഷിക്കുന്ന മറ്റൊരു കാര്യം.
ശിക്കാര വാസ്തുവിദ്യയില്‍ കല്ലും ഇഷ്ടികയും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

PC: Aniruddha Buragohain

മഹാഭൈരവ ക്ഷേത്രം

മഹാഭൈരവ ക്ഷേത്രം

ആസാമിലെ തേസ്പൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മഹാഭൈരവ ക്ഷേത്രം അഹോം രാജാക്കന്‍മാരാല്‍ നിര്‍മ്മിക്കപ്പെട്ട ഒന്നാണ്. എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ശിവക്ഷേത്രത്തില്‍ ശിവനെ മഹാഭൈരവനായാണ് ആരാധിക്കുന്നത്. വിശ്വാസങ്ങള്‍ അനുസരിച്ച് ബാണാസുര രാജാവിന് ഈ ക്ഷേത്രത്തില്‍ ്പ്രാര്‍ഥിച്ചിട്ടാണത്രെ വിജയങ്ങള്‍ ഉണ്ടായത് എന്നാണ്. മധ്യകാലഘട്ടത്തില്‍ അക്രമത്തില്‍ പെട്ട് നശിപ്പിച്ച ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഇപ്പോഴുള്ള ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജീവനുള്ള കല്ലുകള്‍ കൊണ്ടാമ് ഇവിടുത്തെ ശിവലിംഗം നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഓരോ ദിവസവും ഈ ശിവലിംഗം വളരുന്നുണ്ട് എന്നും കരുതപ്പെടുന്നു.

PC: Bishnu Saikia

ശുക്രേശ്വര്‍ ക്ഷേത്രം

ശുക്രേശ്വര്‍ ക്ഷേത്രം

ഗുവാഹത്തിയിലെ കാംരൂപ് ജില്ലയിലില്‍ സ്ഥിതി ചെയ്യുന്ന ശുക്രേശ്വര്‍ ക്ഷേത്രം 18-ാം നൂറ്റാണ്ടില്‍പ്രമാട്ട സിംഹ എന്നയാളാണ് നിര്‍മ്മിച്ചത്. ബ്രഹ്മപുത്ര നദിയോട് ചേര്‍ന്നുള്ള ഒരു കുന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശൈവവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളില്‍ ഒന്നുകൂടിയാണിത്.

PC: dkonwar

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...