പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പാതയിലൂടെ ഹോസ്പേട്ടിൽ നിന്നും ഹംപിയിലേക്ക് തിരിക്കുമ്പോൾ ഇരുവശവും നിറയെ കാഴ്ചകളാണ്. ഒരു ഭാഗത്ത് കരിങ്കല്ലുകൾ ആകാശത്തെ പോലും മറച്ചു നിൽക്കുമ്പോൾ മറുഭാഗം കാർഷിക സമൃദ്ധിയെ കാണിക്കുന്നു. ശക്തമായ വെയിലിലും പച്ചപിടിച്ചു നിൽക്കുന്ന പാടങ്ങളും കുന്നുകളും ഒക്കെ കല്ലുകൊൺ കഥയെഴുതിയ നാടിന്റെ മറ്റൊരു മുഖത്തെയാണ് കാണിക്കുന്നത്. യാത്ര പിന്നെയും മുന്നോട്ട് പോവുകയാണ്. റോഡ് ലൈഡിലെ കാഴ്ചകൾക്ക് മാറ്റം വന്നു തുടങ്ങി. ഒരു പുരാതന നഗരത്തിലേക്ക് കടക്കുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഇപ്പോൾ കാണാം. റോഡിന്റെ വലതു വശത്ത് പൊളിഞ്ഞു കിടക്കുന്ന, സ്മാരകങ്ങൾ ഹംപിയിലെ കാഴ്ചകൾ ഇവിടെ തുടങ്ങുന്നു എന്ന അർഥത്തിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്വീൻസ് ബാത്ത്. നിർമ്മാണത്തിലെ പ്രത്യേകതകൾ കൊണ്ട് ഇന്നും ഒരത്ഭുതമായി നിലനിൽക്കുന്ന ക്വീൻസ് ബാത്തിന്റെ വിശേഷങ്ങള്‍...

ക്വീൻസ് ബാത്ത്
ഹംപി എന്ന പൗരാണിക ചരിത്ര നഗരം സഞ്ചാരികൾക്കായി തുറന്നിരിക്കുന്ന കാഴ്ചകൾ ഒരുപാടുണ്ട്. പുരാതനമായ ക്ഷേത്രങ്ങളും അവിടങ്ങളിലെ അപൂർവ്വമായ കൊത്തുപണികളും ശില്പങ്ങളും ഒക്കെയായി കണ്ടു തീർക്കാവുന്നതിലും അധികം കാഴ്ചകൾ. അത്തരത്തിൽ ഒന്നാണ് ക്വീൻസ് ബാത്ത് . പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ വിജയ നഗര സാമ്രാജ്യത്തിലെ റാണിമാർ കുളിക്കുവാനായി വന്നിരുന്ന ഇടമായിരുന്നു ഇത്.

500 വർഷത്തിലധികം പഴക്കം
നിർമ്മിക്കപ്പെട്ടിട്ട് 500 വര്‍ഷത്തിലധികമായെങ്കിലും ഇന്നും ഹംപിയിലെത്തുന്ന സന്ദർശകരെ വലിച്ചടുപ്പിക്കുന്ന ഇടങ്ങളിലൊന്നാണ് ക്വീൻസ് ബാത്ത്. വിജയ നഗര സാമ്രാജ്യത്തിലെ അച്ചുത രായരാണ് തന്റെ റാണിക്കും അവിടുത്തെ മറ്റു സ്ത്രീ ജനങ്ങൾക്കും വേണ്ടി ക്വീൻസ് ബാത്ത് പണികഴിപ്പിച്ചത്. റാണിമാർക്ക ഉല്ലസിക്കുവാനും കുളിക്കുവാനുമായാണ് ഇത് നിർമ്മിച്ചത്.

ഇൻഡോ-ഇസ്ലാമിക് രീതി
ഹംപിയില്‍ കാണുന്ന മറ്റു പല നിർമ്മിതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ നിർമ്മാണ രീതിയാണ് ക്വീൻസ് ബാത്തിന്റേത്. റോയൽ എൻക്ലോഷറിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ക്വീൻസ് ബാത്ത് . ഇൻഡോ-ഇസ്ലാമിക് ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പുറമേ നിന്നു നോക്കുമ്പോൾ കാര്യപ്പെട്ട കാഴ്ചകളോ ആകർഷിക്കുന്ന എന്തെങ്കിലുമോ കാണാൻ സാധിക്കില്ല. എന്നാൽ ഉള്ളിലേക്ക് കയറിയാൽ അതി മനോഹരമായ കാഴ്ചകളാമ് കാത്തിരിക്കുന്നത്.
PC:Amitshroff96

കൊത്തുപണികളും ബാൽക്കണികളും
വലിയ ഒരു സമചതുരത്തിന്റെ രൂപത്തിലാണ് ഈ കുളിപ്പുരയുള്ളത്. ഇതിനു നടുവിലായാണ് ഇറങ്ങിക്കുളിക്കുവാൻ പാകത്തിൽ കുളം നിർമ്മിച്ചിരിക്കുന്നത്. ഇവിടേക്ക് ഇറങ്ങുവാൻ ഒരു വശത്തുകൂടി മാത്രമേ സാധിക്കുകയുള്ളൂ. അലങ്കരിച്ചിരിക്കുന്ന ബാൽക്കണികളും അതിലെ കൊത്തുപണികളും ഒക്കെ ഇപ്പോഴും ഇവിടെ കാണാം. ഓരോ ബാല്‍ക്കണിക്കും മൂന്നു ജനാലകൾ വീതമാണുള്ളത്. മാത്രമല്ല, ഇതിന് മേൽക്കൂരയില്ല എന്നും മുകളിലേക്ക് നോക്കിയാൽ ആകാശം മാത്രമാണ് കാണുന്നത് എന്നുമൊരു പ്രത്യേകതയുണ്ട്.

ചുറ്റിലും കിടങ്ങ്
ചുറ്റിലും വലിയ കിടങ്ങു കൂടി തീർത്താണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. രാജ്ഞിമാർ കുളിച്ചുകൊണ്ടിരിക്കുമ്പോൾ പുറമേനിന്നും ആളുകൾ ഇതിനുള്ളിൽ കയറരുത് എന്ന ഉദ്ദേശത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കിടങ്ങ് കടന്നു കയറുവാൻ വേണ്ടി ഒരു പാലവും ഇവിടെ കാണാം.

ജലവിതരണ സംവിധാനം
മറ്റു പുരാതന നഗരങ്ങളിൽ നിന്നും ഹംപിയെ വ്യത്യസ്തമാക്കുന്ന കാര്യങ്ങളില്‍ ഒന്ന് ഇവിടുത്തെ ജലവിതരണ സംവിധാനമാണ്. അക്കാലത്തു തന്നെ ഇവിടുത്തെ കെട്ടിടങ്ങളിലും ക്ഷേത്രങ്ങളിലും കുളങ്ങളിലും ഒക്കെ ശുദ്ധജലം എത്തിക്കുവാനുള്ള വിദ്യകൾ ഇവിടെ വിജയകരമായി തന്നെ നടപ്പാക്കിയിരുന്നു. അതുപോലെ തന്നെ ക്വീൻസ് ബാത്തിലും ഈ ജലവിതരണ സംവിധാനം വഴിയാണ് ജലമെത്തിയിരുന്നത്. ക്വീൻസ് ബാത്തിന്റെ മുൻപിലായി ഒരു വലിയ പൂന്തോട്ടവും ഉണ്ട്.
PC:Dey.sandip

ക്വീൻസ് ബാത്ത് ഇന്ന്
അക്കാലത്തെ പ്രൗഢിയും പ്രതാപവും ഒക്കെ നഷ്ടപ്പെട്ട അവസ്ഥയിലാണ് ക്വീൻസ് ബാത്ത് ഇപ്പോഴുള്ളത്. ചുവരുകളുടെ ഭംഗിയും കെട്ടിടത്തിന്റെ ആകെയുള്ള മനോഹാരിതയും ഒക്കെ നഷ്ടപ്പെട്ടു. തൂണുകൾ ഉയർന്നു നിന്നിരുന്ന ചിലയിടങ്ങളിൽ തുളകൾ മാത്രമായിട്ടുണ്ട്. മുഗൾ രാജാക്കന്മാര്‍ ഹംപി അക്രമിച്ചതിൻറെ ബാക്കിപത്രമാണ് ഇത്.

ഫോട്ടോ ഡെസ്റ്റിനേഷൻ
ഹംപിയിലെ എല്ലായിടങ്ങളും ഫോട്ടോ ഡെസ്റ്റിനേഷനുകൾ ആണെങ്കിൽ കൂടിയും ഇതിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒരിടമാണ് ക്വീൻസ് ബാത്ത്.
PC:Anannyadeb

എവിടെയാണിത്
ഹംപിയിലെ ഏറ്റവും മനോഹര ശേഷിപ്പുകളിൽ ഒന്നായ റോയൽ എൻക്ലോഷറിനോട് ചേർന്നാണ് ക്വീൻസ് ബാത്ത് സ്ഥിതി ചെയ്യുന്നത്.

സന്ദർശിക്കുവാൻ പറ്റിയ സമയം
വേനലിൽ കഠിനമായ ചൂട് അനുഭവപ്പെടുന്ന ഇടമായതിനാൽ ചൂടുകാലത്ത് ഇവിടേക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടെ സന്ദർശിക്കുവാൻ യോജിച്ചത്.

പ്രവേശന സമയം
രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണിവരെയാണ് ഇവിടേക്കുള്ള പ്രവേശന സമയം. എല്ലാ ദിവസവും ഇവിടെ പ്രവേശനം അനുവദിക്കാറുണ്ട്. പ്രവേശനത്തിന് പ്രത്യേക ഫീസ് ഇല്ല. ഫോട്ടോഗ്രഫി അനുവദനീയമാണ്. ഏകദേശം ഒരു മണിക്കൂർ സമയം മതിയാവും ഇവിടം സന്ദർശിക്കുവാൻ.
സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഹംപിയുടെ പ്രത്യേകതകൾ
50 രൂപയും കല്‍രഥവും തമ്മിലെന്താണ് ബന്ധം?
ക്ഷേത്രങ്ങൾ മാത്രമല്ല ഹംപിയിൽ...ഇവിടുത്തെ പൊളി കാഴ്ചയിൽ ഈ കുന്നുമുണ്ട്!!