പേടിപ്പിക്കുന്ന വീട്
ഇവിടുത്തെ പേടിപ്പിക്കുന്ന കഥകൾക്കെല്ലാം പിന്നിൽ ഒരൊറ്റ സംഭവം മാത്രമാണ് ഇവിടുത്തുകാർക്ക് പറയുവാനുള്ളത്. ഇവിടുത്തെ പൂട്ടിക്കിടക്കുന്ന മിക്ക വീടുകളും പേടിച്ച് ആളുകൾ ഉപേക്ഷിച്ച് പോയതാണത്രെ. കാരണം അറിയാത്ത മരണങ്ങളും മറ്റ് ദുരന്തങ്ങളും ഇവിടെ കാലങ്ങളായി നടക്കുന്നുണ്ടെന്നാണ് ഇവിടുള്ളവർ പറയുന്നത്. ഏകദേശം അറുപതോളം വർഷങ്ങൾക്കു മുൻപേ തന്നെ ലിംഗായത്ത് വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ കടുവ അക്രമിക്കുകയുണ്ടായി. ഈ വിഭാഗക്കാരുടെ വിശ്വാസം അനുസരിച്ച് കടുവ വീടിനുള്ളിൽ പ്രവേശിക്കുന്നത് അശുഭ ലക്ഷണമായാണ് കണക്കാക്കുന്നത്. അങ്ങനെ സംഭവിക്കുന്ന വീടുകൾ ഒഴിഞ്ഞ് പേവുക എന്ന രീതിയാണ് ഇവർ പിന്തുടരുന്നത്.
പിന്നീട് വന്നവർക്ക്
അവർ പോയി പിന്നീട് ഇവിടെ പുതിയ ആളുകൾ താമസമാക്കുകയുണ്ടായി. അന്നു മുതൽ ഈ ഗ്രാമത്തിൽ അസ്വാഭാവീക മരണങ്ങൾ കൂടിവന്നുവത്രെ. പിന്നീട് ഇഷ്ടംപോലെ പ്രേതകഥകൾ ഇവിടെ പരക്കുവാൻ ആരംഭിച്ചു. രാത്രികാലങ്ങളിൽ പ്രേതങ്ങൾ ഇവിടെ ചുറ്റിനടക്കുന്നു എന്നു ഇവർ വിശ്വസിക്കുവാൻ ആരംഭിച്ചു. ഗ്രാമം വിട്ടുപോകുന്നതാണ് നല്ലതെന്ന് ഉപദേശവും ഇവർക്ക് പലയിടങ്ങളിൽ നിന്നും ലഭിച്ചു.
മുന്നൂറിലധികം ഏക്കർ സ്ഥലം
ഇവിടെ പ്രചരിക്കുന്ന കഥകളനുസരിച്ച് ആ വീട്ടിൽ താമസിക്കുന്നവർ തങ്ങളുടെ മുന്നൂറിലധികം ഏക്കർ വരുന്ന സ്ഥലം കിട്ടിയ വിലയ്ക്ക് നല്കി നാട് വിട്ടു. എന്നാൽ ഇവിടുത്തെ ഭീകരത അവിടെയും നിന്നില്ല. പ്രേതാനുഭവങ്ങൾ അടുത്തുള്ളിടങ്ങളിലേക്കും വ്യാപിക്കുവാൻ തുടങ്ങി. അതോടെ ഇവിടെ നിന്നു രക്ഷപെട്ടു പോവുക എന്നതു മാത്രമായി ആളുകളുടെ ലക്ഷ്യം. അങ്ങനെ ഇവിടുത്തെ നാനൂറോളം വരുന്ന വീട്ടുകാരിൽ മുന്നൂറ് കുടുംബങ്ങളോളം ഇവിടം ഉപേക്ഷിച്ച് യാത്രയായി. ബാക്കിയുള്ളവർ ഇരുട്ടായാൽ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങാറു പോലുമില്ല.
സ്വാമിയെ പോലും പേടിപ്പിച്ചിടം
ഒരിക്കൽ യാദ്ഗിറിലെ അബ്ബേതുംകൂർ വിശ്വാരാധ്യ മഠത്തിലെ ഗംഗാധരേന്ദ്ര സ്വാമിജി ആളുകളുടെ അഭ്യർഥന പ്രകാരം ഇവിടെ താമസിക്കുവാനെത്തി. മൂന്ന രാത്രികളിലായി ഗ്രാമത്തിലെ തെരുവുകളിലൂയെ അദ്ദേഹം സഞ്ചരിച്ചു. പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇടത്തുകൂടി നടന്നപ്പോൾ തനിക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇനിയും കണ്ടെത്താത്ത ഉത്തരം
കാര്യങ്ങൾ ഇത്രയൊക്കെയായിട്ടും എന്തുകൊണ്ടാണ് ഇവിടെ ഇങ്ങനെ സംഭവിക്കുന്നത് എന്നതിന് ഉത്തരം കണ്ടെത്തുവാൻ സാധിച്ചിട്ടില്ല.