ഓര്‍മ്മകളും ഇഷ്ടങ്ങളും ഇഴചേരുമ്പോഴാണ് വിനോദത്തിനുമപ്പുറം യാത്രകള്‍ ആവേശമോ ഭ്രമമോ ഒക്കെയായി മാറുന്നത്. സങ്കല്‍പ്പങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറം നേര്‍ക്കാഴ്ച്ചകളിലേക്കൊരു എത്തപ്പെടലും കൂടിയാണ് ഒരോ യാത്രയും എന്ന് പറയാതെ വയ്യ.
അതെ. ഇത് ഓർമയിൽ സൂക്ഷിച്ച യാത്രാനുഭവം... വർഷങ്ങളുടെ പഴക്കത്തിലും നിറം മങ്ങാത്ത ഓർമകളുടെ ചായക്കൂട്ട്......ലിജി സുനിൽ എഴുതുന്നു...
അവിചാരിതമായൊരു യാത്ര
ഞങ്ങൾ ചെല്ലുംമ്പോൾ സുഗതൻ സർ ക്ലാസ് എടുത്ത് കൊണ്ടിരിക്കുകയായിരുന്നു. ഒരു ക്യാംമ്പിൽ ആദ്യമായി പങ്കെടുക്കുന്നതിന്റെ എല്ലാ ആകാംഷയോടും കൂടി ഞാനും...അവരിൽ ഒരാളായി. Fb ഫ്രണ്ട്സ് ആണെങ്കിലും പലരെയും നേരിൽ കാണുന്നത് ആദ്യമായിട്ടായിരുന്നു. എല്ലാവരുടെയും കൈയിൽ പുറ്റുകുറ്റിയേക്കാൾ നീളമുള്ള ക്യാമറകൾ ...ഇത് ഒരു ഫോട്ടോഗ്രഫി ക്യാമ്പ് കൂടിയാണ് കേട്ടോ... ക്യാമ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു... എന്റെ കൈയ്യിൽ പ്രൊഫഷണൽ കാം ഒന്നുമില്ല എന്ന്. ആദ്യം കാടു കാണേണ്ടത് നമ്മുടെ കണ്ണും മനസും കൊണ്ടാണെന്ന അറിവ് പകർന്ന് തന്നു പ്രോത്സാഹിപ്പിച്ചത് ജെയിൻ സർ ആയിരുന്നു. തട്ടേക്കാടിനെയും അവിടത്തെ പ്രകൃതിയെയും ജീവജാലങ്ങളെയും കുറിച് സുഗതൻ സർ വാചാലനായി.
തട്ടേക്കാട്
ഇനി കാട്ടിലേക്ക്
ഇടതടവില്ലാതെ ഉയരുന്ന കിളികൊഞ്ചലുകൾ.... പേരറിയാതെ തണലേകി ഉയർന്നു നിൽക്കുന്ന വന്മരങ്ങൾ. പടർന്നു പന്തലിചുകിടക്കുന്ന വള്ളിപടർപ്പുകൾ... കരിയിലകൾ വീണ് സ്പോഞ്ചു പോലെയുള്ള നിലം..... ആ കെട്ടിടത്തിന് മുന്നിലെ കോൺക്രീറ്റ് പടികൾ അവസാനിക്കുന്നത് പെരിയാറിലേക്കാണ്. ക്ലാസ് അവസാനിച്ചു സൗഹൃദസംഭാഷണങ്ങളും പരിചയപെടലും ഉച്ചഭക്ഷണവുമായി സുഗതൻ സാറും കൂടെ ക്കൂടി. കുറച് മാറിയുള്ള കെട്ടിടത്തിലാണ് റൂമുകൾ ഉള്ളത്. അവിടെ പോയി ഫ്രഷ് ആയപ്പോഴേക്കും നമ്മുടെ ഗൈഡ് എത്തി... റെജീവ് തട്ടേക്കാട്. അങ്ങിനെ റെജീവ് ചേട്ടനൊപ്പം പക്ഷി നിരീക്ഷണത്തിനും ഫോട്ടോഷൂട്ടിനും വേണ്ടി ഞങ്ങൾ കാടുകയറി. വിസ്തൃത മായ പാറ പുറത്ത് ഇഞ്ചി ഉണക്കാനിട്ടിരിക്കുന്നതായിരുന്നു കൗതുകമുണർത്തിയ ആദ്യ കാഴ്ച. വയനാട്ടിലെ തറവാട്ടുവീട്ടിൽ പനമ്പുപായയിൽ കുരുമുളകും ചുക്കും കാപ്പിയും ഉണക്കി എടുക്കുന്നതാണ് പെട്ടെന്ന് ഓർവന്നത്. ഉണക്കി ചാക്കിൽ കെട്ടി സ്റ്റോർറൂമിൽ അട്ടിയിട്ടു വച്ചാൽ വീട് മുഴുവൻ ഒരു പ്രേത്യേക ഗന്ധമായിരിക്കും. ആ ഒരു ഗന്ധം ഇവിടെയും അനുഭവപെട്ടു. പെട്ടെന്ന് ഒരു പക്ഷിയെ കുറെ കാക്കകൾ കൊത്തിയോടിക്കുന്നത് റെജീവ് ചേട്ടൻ എല്ലാവര്ക്കും കാണിച്ചു കൊടുത്തു. അത് ഒരു കാലൻ കോഴി യായിരുന്നു (mottled wood owl). വളരെ യേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പക്ഷിയാണത്. അതിന്റെ ശബ്ദം കാലനെ വിളിച്ചു വരുത്തുമത്രെ. ആ ഒരു വിശ്വാസത്തിന്റെ പേരിലാണ് ആ പേര് വന്നതും. 2 കിലോമീറ്റർ വരെയൊക്കെ ഇതിന്റെ ശബ്ദം എത്താറുണ്ട്. മനുഷ്യസാമീപ്യം അറിഞ്ഞിട്ടാവും കാട്ടുകോഴികൾ തലങ്ങും വിലങ്ങും ഓടി. ആൺ കാട്ടുകോഴി സുന്ദരനാണ് കേട്ടോ.... കേൾക്കുന്ന ഓരോ കിളിയുടെ ശബ്ദത്തിനും റെജീവേട്ടൻ അതിന്റെ പേരും ശാസ്ത്രനാമവും പറഞ്ഞു പരിചയപ്പെടുത്തി തന്നുകൊണ്ടിരുന്നു. അതിനെയൊക്കെ ക്യാമറയിൽ ആക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു ബാക്കിയുള്ളവർ. അവർ ക്യാമറയിൽ ആക്കിയ കാഴ്ചകൾ ഞാൻ എന്റെ മനസ്സിന്റെ പതിപ്പിച്ചു. തീരെ വിചാരിക്കാതെ മഴ എത്തി. ക്യാമറ നനയാതിരിക്കാൻ എല്ലാവരും ഓടി വണ്ടിയിൽ കയറി. മഴ തകർത്തു പെയ്തു. അതുകൊണ്ട് തിരിച്ചു ഗസ്റ്റ് ഹൗസ്സിലേയ്ക്. എല്ലാവരും തമ്മിൽ പെട്ടെന്നു കൂട്ടായത് കൊണ്ട് സമയം പോയത് അറിഞ്ഞതേയില്ല. ഇപ്പോ വരാം എന്ന് പറഞ്ഞു മുങ്ങിയ കോഴിക്കോട്ടുകാരൻ ഷിജു പൊങ്ങിയത് പെരിയാറിലെ കുളികടവിൽ. ഇത് കണ്ടു ഓരോരു ത്തരായി പുഴയിലേയ്ക് ചാടി... നീന്തലും കുളിയും ഓകെ കഴിഞ്ഞ് 6 മണിയോടെ ജെയിൻ സർന്റെ ഫോട്ടോഗ്രഫി ക്ലാസ്.
Aperture, Shutter Speed ,ISO, White balance, .... സത്യം പറയാലോ..... എനിക്കൊന്നും .....മനസിലായില്ല. ക്യാമറയുമായുള്ള സമ്പർക്ക കുറവായിരിക്കും കാരണം. ഇതു മനസിലാക്കി അവരുടെ ക്യാമറയും ലെന്സും ഉപയോഗിക്കേണ്ട വിധവും പറഞ്ഞു തന്നു ഫോട്ടോയെടുക്കാൻ പ്രോത്സാഹിപ്പിച്ച...പ്രിയ കൂട്ടുകാരെ.... നിങ്ങൾക് എന്റെ നമോവാകം...
അത്താഴവും നാടൻ പാട്ടും വെടി വട്ടവുമായി ആ രാത്രി പെട്ടെന്നു തീർന്നുപോയി.....
യാത്ര ഉരുളൻ തണ്ണിയിലേക്ക്
കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ഭൂതത്താൻ തങ്ങളായ ഭൂപ്രകൃതിയാണ് ഉരുളൻതണ്ണിയിലും.
ഉരുളൻതണ്ണി വനമേഖലയിൽ ഒരു അമ്പലം ഞങ്ങൾ കണ്ടിരുന്നു. ക്ണാച്ചേരി ദുർഗാ ഭഗവതി ക്ഷേത്രമാണ് അതെന്നു റെജീവേട്ടൻ പറഞ്ഞു. ചെറിയ. നീർച്ചാലുകളും പാറ കെട്ടും പിന്നിട്ടു ഉണക്കയിലകളുംകമ്പുകളും നിറഞ്ഞ ഒരിടം കാട്ടിത്തന്നുകൊണ്ടു ജെയിൻ സർ പറഞ്ഞു... രണ്ടു പക്ഷികൾ ഇതിനുള്ളിൽ ഉണ്ട്. കാണിച്ചു തരാമോ എന്ന് ? കുറച്ചു നേരത്തെ ശ്രെമത്തിനു ശേഷം അതിനെ കണ്ടു പിടിച്ചു. മാക്കച്ചിക്കാട... Ceylon Frogmouth എന്ന പേരിൽ അറിയപ്പെടുന്ന ഇവയെ തട്ടേക്കാട്ടിൽ സുലഭമായി കാണാമെങ്കിലും മറ്റിടങ്ങളിൽ വളരെ കുറവാണ്. പോകുന്ന വഴിയിൽ പലയിടത്തും ആനപിണ്ഡങ്ങൾ കണ്ടു. പക്ഷെ ആനകളെ കാണാൻ കഴിഞ്ഞില്ല.വിസ്തൃതമായ പാറപുറത്തുനിന്നും കുത്തനെ ഇറങ്ങി നിറയെ മരങ്ങൾ പൂത്തു നിൽക്കുന്ന ഒരിടത്തു എത്തിച്ചേർന്നു. ഇവിടെ ധാരാളം കിളികൾ തേനുണ്ണാൻ വരുമെന്ന് റെജീവേട്ടൻ പറഞ്ഞു. അവരുടെ കലപിലകൾ കേൾക്കാമായിരുന്നു.
ക്യാമറക്കാഴ്ചകളിൽ പക്ഷികള തേടി
കാട്ടിലകിളി (chloropsis), കരിങ്കുയിൽ (asian koel), കോഴി വേഴാമ്പൽ(malabar grey hornbill), കാടുമുഴകി (Racket Tailed Drongo), ചിന്ന കുട്ടുരുവൻ (white cheeked Barbet) , ഉപ്പൂപ്പൻ (hoopoe) , കാട്ടുമൈന (southern hill myna), ഇരട്ടത്തലച്ചി (Red whiskered Bulbul), ചാരത്തലയൻ പാറ്റാ പിടിയൻ(Grey headed Flycatcher), നാട്ടു മരം കൊത്തി (Lesser ഗോൾഡൻ Backed wood pecker), കാവി (Indian pitta), കാട്ടു വാലു കുലുക്കി (Forest wag tail ), നാക മോഹൻ ( paradise flycatcher), തീകാക്ക(Malabar Trogon), ആറ്റ ചെമ്പൻ ( Black Headed Munia)ഓലേഞ്ഞാലി (Indian Tree Pie), നാട്ടുവേലി തത്ത (small Bee Eater), ആനറാഞ്ചി (black drongo) തുടങ്ങിയ പ്രമുഖർ അവിടുണ്ടായിരുന്നു. ക്യാമറകളുമായി എല്ലാവരും പക്ഷികളുടെ കൂടെക്കൂടിയപ്പോൾ ഞാൻ പതുക്കെ വീണ്ടും താഴെ പാറ കെട്ടിലേക്കിറങ്ങി. കുറച്ചു ദൂരം പോയപ്പോൾ നീർച്ചാലിന്റെ സ്വരം കേട്ട്തുടങ്ങി. പിന്നെയും കുറെ താഴേക്ക് നടന്നപ്പോൾ അധികം ഒഴുക്കില്ലാത്ത ഒരു നീർച്ചാൽ... പിന്നെ നടത്തം അതിലൂടെയായി. അപ്പോഴാണ് രണ്ടു കുട്ടികൾ കുളിക്കാനുള്ള തയ്യാറെടുപ്പിൽ ആ വഴി വന്നത്. ആദിവാസി വിഭാഗമാണെന്നും അവരുടെ അള്ള് ( ഗുഹാപോലുള്ള സ്ഥലം) ഇവിടടുത്തുണ്ട്
എന്നും അവരോട് സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.
സങ്കടപ്പെടുത്തിയ കാഴ്ച
പിന്നെയും പക്ഷികളെ കാണാൻ മേല്പോട്ടു നോക്കി നടത്തം തുടർന്നു... ഇതിനിടയിൽ കുറെ പക്ഷികളുടെ സ്വരം തിരിച്ചറിയാനും പേര് പഠിക്കാനും എനിക്ക് സാധിച്ചിരുന്നു. വിദേശീയരുടെ സംഘത്തെയും അവിടെ കാണുകയുണ്ടായി. ഓരോ പക്ഷിയെയും ഡീറ്റൈൽ ആയി നോക്കി പഠിക്കുന്നവർ. തലയിലെയും ദേഹത്തെയും പുള്ളികളും പാടുകളും അനുസരിച്ചു പേരിൽ വരുന്ന മാറ്റം റെജീവേട്ടൻ വിശദീകരിച്ചു. വളരെ ക്ഷമയോടെ വർഷങ്ങൾ നീണ്ട പരിചയത്തിലൂടെ നേടിയെടുത്ത അറിവുകൾ.... അവരോട് ബഹുമാനം തോന്നാതിരിക്കുന്നതെങ്ങിനെ....?
തീരാത്ത കാഴ്ചകള്‍ക്ക് ഒരു ബ്രേക്ക്
അവിടൊക്കെ കുറേകൂടി കറങ്ങി നടന്നു. ഉച്ചയോടെ തട്ടേകാടിനോട് വിടപറഞ്ഞു... ഒത്തിരി വിഷമത്തോടെ....
വീട്ടിലെത്തിയിട്ടും കാതുകളിൽ ആ സംഗീതമായിരുന്നു....നിറഞ്ഞുനിന്നത്... കാടിന്റെ സംഗീതം......



Click it and Unblock the Notifications













