ബുള്ളറ്റ് ബാബ എന്ന ഓം ബന്ന ക്ഷേത്രം
രാജസ്ഥാനിലെ ജോധ്പൂരിലാണ് ബുള്ളറ്റ് ബാബ എന്ന ഓം ബന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സുരക്ഷിതമായ യാത്രയ്ക്കു വേണ്ടി പ്രാര്‍ഥിക്കാനെത്തുന്നവരാണ് ഇവിടുത്തെ ഭക്തര്‍.
PC: Sentiments777
തുരുമ്പെടുത്ത 350 സിസി ബുള്ളറ്റ്
1991 മുതലാണ് ബുള്ളറ്റിനെ ഇവിടെ ദൈവമായി ആരാധിക്കാന്‍ തുടങ്ങുന്നത്. അന്നത്തെ ആ ബുള്ളറ്റാണ് ഭക്തര്‍ക്കും തന്നെ തേടി എത്തുന്നവര്‍ക്കും ശുഭയാത്ര ആശംസിച്ച് ഒരു മരച്ചുവടിന് സമീപമുള്ള ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്നത്.
PC:Sentiments777
350 സിസി ബുള്ളറ്റ് ദൈവമായി മാറിയ കഥ
ജോധ്പൂരിന് സമീപമുള്ള ഛോട്ടിലാ ഗ്രാമത്തിന്റെ തലവനായിരുന്ന ജോഗ് സിങ്ങിന്റെ മകനായിരുന്നു ഓം സിങ്ങ്. ഓം ബന്ന എന്നും ഇയാളെ വിളിക്കുമായിരുന്നു. 1988ല്‍ പിതാവ് സമ്മാനമായി നല്കിയ ബുള്ളറ്റില്‍ കറങ്ങാനിറങ്ങിയ ഓം സിങ്ങ് നിയന്ത്രണം വിട്ട ലോറിയിടിച്ച് മരണപ്പെട്ടു. അപകട മരണമായതിനാല്‍ പോസീല് ബുള്ളറ്റ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി. എന്നാല്‍ പിറ്റേദിവസം രാവിലെ നോക്കുമ്പോള്‍ ബുള്ളറ്റ് ഇവിടെ നിന്നും മാറി അപകടം നടന്ന സ്ഥലത്ത് കിടക്കുന്നു. ആളുകളുടെയ ആരുടെയെങ്കിലും പണിയാണെന്ന് വിചാരിച്ച പോലീസ് വണ്ടിയിലെ പെട്രോള്‍ മാറ്റി വീണ്ടും സ്‌റ്റേഷനില്‍ കൊണ്ടുപോയി വെച്ചു. എന്നാല്‍ വീണ്ടും തലേദിവസത്തെ സംഭവങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. അവസാനം പോലീസുകാര്‍ ബന്ധുക്കള്‍ക്ക് ബുള്ളറ്റ് വിട്ടുനല്കി.
PC:Clément Bardot
വീണ്ടും വരുന്ന ബുള്ളറ്റ്
ബുള്ളറ്റ് വീട്ടുകാരുടെ കയ്യില്‍ എത്തിയെങ്കിലും പിന്നീടവര്‍ അത് ഗുജറാത്തിലുള്ള ഒരാള്‍ക്ക് വിറ്റു. പക്ഷേ ബുള്ളറ്റ് വീണ്ടും അപകടം നടന്ന സ്ഥലത്ത് തന്നെ തിരിച്ചെത്തി. അതും 400 കിലോമീറ്റര്‍ അകലെ നിന്നും...അതോടെ ഒരു പ്രേതകഥയായി ഇത് നാട്ടിലെങ്ങും വ്യാപിച്ചു.
PC:Daniel Villafruela
മദ്യം ചോദിക്കുന്ന ചെറുപ്പക്കാരന്‍
മദ്യപിച്ച് വണ്ടിയോടിച്ചതിനാലാണ് ഓം ബന്ന മരിച്ചതെന്നാണ് ഇവിടെ കുറേപ്പേര്‍ വിശ്വസിക്കുന്നത്. അതിനു കാരണമായി പറയുന്നത് രാത്രി കാലങ്ങളില്‍ ഇതുവഴി പോകുന്നവരോട് ഒരു ചെറുപ്പക്കാരന്‍ മദ്യം ചോദിക്കാറുണ്ടത്രെ..
PC:Daniel Villafruela
ബിയര്‍ വഴിപാട്
ഓം ബന്ന ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് ബിയര്‍. ഇവിടെ എത്തുന്നവര്‍ ക്ഷേത്രത്തിനു മുന്നില്‍ എത്തുമ്പോള്‍ ബിയര്‍ മേടിച്ച് ഓം ബന്നയുടെ മാര്‍ബിളില്‍ നിര്‍മ്മിച്ചിരിക്കുന്ന രൂപത്തില്‍ അഭിഷേകമായി ഒഴിക്കുമത്രെ. കൂടാതെ ഇവിടെ എത്തുന്നവര്‍ ബാബയോടുള്ള ആദര സൂചകമായി ഹോണും മുഴക്കാറുണ്ട്.
PC:Daniel Villafruela
ഹോണ്‍ മുഴക്കിയില്ലെങ്കില്‍
ക്ഷേത്രത്തിനു മുന്നില്‍ എത്തുന്നവര്‍ ബാബയോടുള്ള ആദരസൂചകമായി ഹോണ്‍ മുഴക്കാറുണ്ട്. അങ്ഹനെ ചെയ്തില്ലെങ്കില്‍ തിരികെ വീട്ടിലെത്തില്ല എന്നൊരു വിശ്വാസവും ഇവിടെ സജീവമാണ്.
PC:Daniel Villafruela
ആഗ്രഹ സാഫല്യത്തിനായി ഉണക്കമരം
കേള്‍ക്കുമ്പോള്‍ അല്പം വിചിത്രമെന്നു തോന്നാമെങ്കിലും സംഗതി സത്യമാണ്. ബുള്ളറ്റ് ബാബയെ കാണാനെത്തുന്നവര്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ ഇവിടെയുള്ള ഉണക്കമരത്തില്‍ തൂവാലകള്‍ കെട്ടിത്തൂക്കുമത്രെ. ഇങ്ങനെ ചെയ്താല്‍ ആഗ്രഹങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം.
PC:Sentiments777
രജപുത്രരുടെ കുലദൈവം
1991 മുതലാണ് ദൈവമായി ആരാധിക്കുന്നതങ്കിലും ഇപ്പോള്‍ ഓം ബന്നയെ കുലദൈവമായി ആരാധിക്കുന്ന രജപുത്രരും ഇവിടെയുണ്ട്. വിവാഹ ദിവസം ഇവിടെ എത്തി പ്രാര്‍ഥിക്കുന്നവരും കുടുംബത്തിലെ നവജാത ശിശുക്കളെ ഇവിടെ കൊണ്ടുവരുന്നവരുമൊന്നും ഒട്ടും കുറവല്ല. കൂടാതെ ഇവിടെ വെച്ച് കുട്ടികളുടെ മുടി ആദ്യമായി മുറിക്കുന്ന ചടങ്ങും നടക്കാറുണ്ട്.
PC:Daniel Villafruela
അഷ്ടമി നാളില്‍ തനിയെ
അഷ്ടമി നാളില്‍ തനിയെ ഇവിടെ വെച്ചിരിക്കുന്ന ബുള്ളറ്റ് സ്റ്റാര്‍ട്ടാകുമത്രെ..ചില്ലുകൂടിനുള്ളിലാണ് ഇപ്പോള്‍ ബുള്ളറ്റ് സൂക്ഷിച്ചിരിക്കുന്നത്.
എത്തിച്ചേരാന്‍
രാജസ്ഥാനിലെ ജോധ്പൂരിനു സമീപത്തുള്ള ഛോട്ടില എന്ന ഗ്രാമത്തിലാണ് ഓം ബന്നയെ ആരാധിക്കുന്ന ബുള്ളറ്റ് ക്ഷേത്രമുള്ളത്. ജോധ്പ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണിത്. പാലി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പാലിയില്‍ നിന്നും 20 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.