Search
  • Follow NativePlanet
Share
» »ഇൻസ്റ്റഗ്രാമിൽ ഉണ്ടോ എന്നല്ല...ഇൻസ്റ്റഗ്രമിൽ താരങ്ങളാണ് ഈ ഇടങ്ങൾ

ഇൻസ്റ്റഗ്രാമിൽ ഉണ്ടോ എന്നല്ല...ഇൻസ്റ്റഗ്രമിൽ താരങ്ങളാണ് ഈ ഇടങ്ങൾ

ഫേസ്ബുക്കിലെ തള്ളലുകൾ ഒക്കെ മതിയാക്കി എല്ലാവരും ഇപ്പോൾ ഇന്‍സ്റ്റഗ്രാമിലാണ്. എവിടെ പോയാലും ഒരു ഫോട്ടോ ഇന്‍സ്റ്റയിലിട്ടില്ലെങ്കിൽ പിന്നെ ആകെയൊരു ബുദ്ധിമുട്ട് പോലെയാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവർക്ക്. പേരു പോലെ തന്നെ കൺമുന്നിലെന്താണോ കാണുന്നത് അതിന്റെ ഇൻസ്റ്റന്‍റ്യായി ഒരു ഫോട്ടോ എടുത്ത് ഷെയർ ചെയ്യാൻ ഇൻസ്റ്റഗ്രാം ഉപയോഗിക്കാം. പറഞ്ഞ് വരുമ്പോൾ സിനിമാ താരങ്ങളും ബ്രാൻഡുകളും ആളുകളും മാത്രമല്ല ഇന്‍സ്റ്റയിലെ താരങ്ങൾ. കൊതിപ്പിക്കുന്ന ഭംഗിയുള്ള നമ്മുടെ നാടിനും ഇൻസ്റ്റയിൽ ആരാധകർ ഏറെയുണ്ട്. ഇതാ ഇൻസ്റ്റഗ്രാമിൽ കത്തി നിൽക്കുന്ന കേരളത്തിലെ കുറച്ചിടങ്ങൾ പരിചയപ്പെടാം...

900 കണ്ടി

സോഷ്യൽ മീഡിയയിലെ ഫോട്ടോകൾ കൊണ്ടും യാത്രാ വിവരണങ്ങള്‍ കൊണ്ടും പെട്ടന്നു തന്നെ ആളുകളേറ്റെടുത്ത ഇടമാണ് വയനാട് ജില്ലയിലെ 900 കണ്ടി. കാടിനുള്ളിലൂടെ കാട്ടാറും കാട്ടു മരങ്ങളും ഒക്കെ കൺനിറയെ കണ്ട് അരുവികളൊക്കെ താണ്ടി കോടയുടെ അകമ്പടിയിൽ എത്തിച്ചേരുന്ന കാടിനുള്ളിലെ സ്വർഗ്ഗമാണ് 900 കണ്ടി. കൽപ്പറ്റയിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് 900 കണ്ടിയുള്ളത്. ഓഫ് റോഡിന്റെ കിടിലൻ അനുഭവങ്ങൾ സമ്മാനിക്കുന്ന യാത്രയാണ് ഇവിടുത്തെ ഹൈലൈറ്റ്. ഇവിടെ അടുത്ത കാലത്ത് നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജും വാർത്തകളിൽ ഇടം നേടിയിരുന്നു.

കാറ്റാടിക്കുന്ന്

വയനാടുകാർക്ക് തൊള്ളായിരം കണ്ടിയാണെങ്കിൽ ഇടുക്കിക്കാർക്ക് അത് കാറ്റാടിക്കടവാണ്. കോടമഞ്ഞിൽ പുതഞ്ഞ് കുന്നും വളവും കയറ്റിച്ചെല്ലാൻ പറ്റിയ ഇടമാണ് ഇടുക്കി തൊടുപുഴയ്ക്ക് സമീപത്തുള്ള കാറ്റാടിക്കടവ്. മരതകമലയെന്നും നാട്ടുകാരുടെ ഇടയിൽ അറിയപ്പെടുന്ന കാറ്റാടിക്കുന്ന് പാറകളിലൂടെയും മറ്റും കയറിയിറങ്ങി ചെന്നു നിൽക്കുന്ന ഒരു വ്യൂ പോയിന്റാണ്. അവിടെ നിന്നും വീണ്ടും മുന്നോട്ടേയ്ക്ക് നടന്നാൽ ഒരു കാട്ടിലെത്തും. മഴനിഴലും അപൂർവ്വ സസ്യങ്ങളും ഒക്കെ ചേർന്ന ഒരിടം. അവിടുന്നു പിന്നെയും പോകാം. വെള്ളച്ചാട്ടങ്ങളും പുൽമേടുകളും ഒക്കെ പിന്നിട്ടുള്ള യാത്ര എത്തി നിൽക്കുന്നത് മറ്റൊരു വ്യൂ പോയിന്‍റിലാണ്. സൂര്യോദയ അസ്തമയ കാഴ്ചകൾ കാണാനാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്.

മൂന്നാർ

തെക്കിന്‍റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറില്ലാതെ കേരളത്തിലെ കാഴ്ചകൾ പൂർണ്ണമാവില്ല. കേരളത്തിലെത്തുന്ന വിദേശികൾ മനസ്സിൽ കയറ്റുന്ന ഇടമാണ് നമ്മുടെ മൂന്നാർ. ഏറ്റവും അധികം സഞ്ചാരികൾ എത്തിച്ചേരുന്ന മൂന്നാർ തേയിലത്തോട്ടങ്ങളുടെ കാഴ്ചകളാലാണ് സമ്പന്നമായിരിക്കുന്നത്.

ആലപ്പുഴ

കെട്ടുവള്ളങ്ങളുടെ നാടായ ആലപ്പുഴയാണ് ഇന്‍സ്റ്റഗ്രമിലെ അടുത്ത താരം. പൊളിപ്പൻ ഫോട്ടോകളാണ് ആലപ്പുഴയുടേതായി ഇൻസ്റ്റഗ്രാമിൽ ആരാധകർ പോസ്റ്റ് ചെയ്തിരിക്കുന്നത്. കെട്ടുവള്ളങ്ങൾ മാത്രമല്ല, കനാലുകളിലൂടെയും നദിയിലൂടെയും ഉള്ള യാത്രകളും കുട്ടനാടൻ ജീവിതങ്ങളും ഇവിടുത്തെ നാടൻ ഭക്ഷണവുമെല്ലാം ഇൻസ്റ്റഗ്രാമിൽ ഫോട്ടോകളായി കാണാം.

മാരാരി ബീച്ച്

ആലപ്പുഴയുടെ സൗന്ദര്യം ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന ഇടമാണ് മാരാരി ബീച്ച്. കടൽത്തീരവും അതിനടുത്തുള്ള തെങ്ങിൻ തോപ്പുകളും ഒക്കെയായി വന്നിരുന്ന് സൊറ പറയുവാനും വിശ്രമിക്കുവാനും ഒക്കെ പറ്റിയ മാരാരി തേടിയെത്തുന്നത് കൂടുതലും കുടുംബങ്ങളാണ്.

ചെമ്പ്ര പീക്ക്

വയനാടിൻറെ നെറുകയിലെ മറ്റൊരു അലങ്കാരമാണ് ചെമ്പ്ര പീക്ക്. വയനാട്ടിലെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയായ ചെമ്പ്രയിലേക്ക് കിലോമീറ്ററുകൾ നടന്ന് മാത്രമേ എത്താനാവൂ. തേയിലത്തോട്ടങ്ങൾക്കും പുല്ലിനും ഇടയിലൂടെയുള്ള ഈ നടത്തമാണ് ഇവിടേക്കുള്ള യാത്രയുടെ ആകർഷണം. കൽപ്പറ്റയിൽ നിന്നും 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചെമ്പയുടെ മുകളിലെ ഹൃദയ തടാകമാണ് മറ്റൊരു ആകർഷണം. ഹൃദയസരസ്സ് എന്നും ഇതറിയപ്പെടുന്നു.

നിലമ്പൂർ

മഴയിൽ അലിഞ്ഞുചേർന്ന കാഴ്ചകളാണ് നിലമ്പൂരിന്റെ പ്രത്യേകത. തേക്കിൻതോട്ടങ്ങളും പച്ചപ്പു നിറഞ്ഞ പാതകളും വെള്ളച്ചാട്ടങ്ങളും ഒക്കെയായി ആരുടെയും മനസ്സിൽ അനുവാദം ചോദിക്കാതെ കടന്നു വന്നു സ്ഥിരതാമസമാക്കുന്ന ഒരിടം. പച്ചപ്പു നിറഞ്ഞു കവിഞ്ഞ റെയിൽപ്പാളങ്ങൾ കഴിഞ്ഞാൽ പിന്നെ വെള്ളച്ചാട്ടങ്ങളാണ് കാണേണ്ട കാഴ്ച. ആഢ്യൻപാറയും കോഴിപ്പാറയും കേരളാംകുണ്ട് വെള്ളച്ചാട്ടവുമാണ് ഇവിടെ കണ്ടിരിക്കേണ്ട പ്രധാന സംഗതികൾ.

കേരളാംകുണ്ട് വെള്ളച്ചാട്ടം

സോഷ്യൽമീഡിയകളിലൂടെ പ്രശസ്തമായി ഇന്ന് ഇൻസ്റ്റഗ്രാമിൽ കത്തിനിൽക്കുന്ന ഇടമാണ് മലപ്പുറം ജില്ലയിലെ തന്നെ കേരളാംകുണ്ട് വെള്ളച്ചാട്ടം.സൈലന്റ് വാലിയോട് ചേർന്ന് കരുവാരക്കുണ്ട് എന്ന സ്ഥലത്തിനടുത്താണ് കേരളാംകുണ്ട് സ്ഥിതി ചെയ്യുന്നത്. കാടിനുള്ളിൽ നിന്നും ഒഴുകിയെത്തി ഒരു കുളത്തിലേക്ക് പതിക്കുന്ന ഇത് മനോഹരമായ കാഴ്ചയാണ് നല്കുന്നത്. 1350 അടി ഉയരമുള്ള കുമ്പൻ മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് ഉള്ളത്.

പരുന്തുംപാറ

കൊടുംചൂടിലും കോടമഞ്ഞു പുതച്ചൊരു താഴ്‌വര...വെയിലിന്റെ ഇടവേളകളില്‍ നൂല്‍വണ്ണത്തില്‍ മഴ പെയ്യുന്നൊരിടം...പറന്നുപോകുമോ എന്നു സംശയിക്കും വിധത്തില്‍ മുന്നറിയിപ്പില്ലാതെ എത്തുന്ന കാറ്റ്... ഇത്രയൊക്കെ വിശേഷണങ്ങളുണ്ടെങ്കിൽ അതിനു പറ്റിയ ഒരൊറ്റ ഇടമേയുള്ളൂ. അത് പരുന്തുംപാറയാണ്.

ഒരു വലിയ പരുന്ത് പറക്കാനൊരുങ്ങി നില്ക്കുന്നതുപൊലെ തോന്നിക്കുന്ന പാറക്കൂട്ടമാണ് പരുന്തുംപാറയ്ക്ക് ഈ പേരു സമ്മാനിച്ചത്.മലകള്‍ക്കിടയിലാണ് പരുന്തുംപാറയുടെ യഥാര്‍ഥ സൗന്ദര്യം. കണ്ണുപോലും കാണാന്‍ പറ്റാത്ത വിധത്തില്‍ കോടവന്നു മൂടുമ്പോള്‍ മലഞ്ചെരുവിലൂടെ ഇറങ്ങി അടുത്ത മല കയറുന്ന സുഖം വേറേതന്നെയാണ്. തേക്കടിയിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് പരുന്തുംപാറ സ്ഥിതി ചെയ്യുന്നത്.

കൊളക്കുമല

സമുദ്ര നിരപ്പില്‍ നിന്നും 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഭൂമിയും അവിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടവും ആണ് കൊളക്കുമലയിലെ കാഴ്ച. മലയാളികൾ കുത്തകയായെടുത്ത ഇടമാണെങ്കിലും യഥാർഥത്തിൽ തമിഴ്നാടിന്റെ ഭാഗമാണ് കൊളക്കുമല. എന്നാൽ ഇടുക്കിയിലൂടെ മാത്രമേ ഇവിടേക്ക് കയറാന്‍ സാധിക്കു എന്നതാണ് പ്രത്യേകത. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂർ മുൻസിപ്പാലിറ്റിയിലാണ് ഇവിടമുള്ളത്. ഹെവിയായി യാത്ര ചെയ്യുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ, അടിച്ചു പൊളിച്ചു പോകുവാൻ താല്പര്യമുള്ളവർ പോയിരിക്കേണ്ട ഇടമാണ് കൊളക്കുമല. ദുർഖർ സൽമാന്റെ ചാർളി ഹിറ്റാക്കിയ മീശപ്പുലി മലയ്ക്കും അതിനടുത്തുള്ള തീപ്പാട്ടി മലയ്ക്കും താഴെയായി സ്ഥിതി ചെയ്യുന്ന കൊളക്കുമല ഒരു സംഭവം തന്നെയാണെന്ന് പോയാൽ മാത്രമേ മനസ്സിലാവുകയുള്ളൂ.

കൊച്ചിയുടെ തിരക്കുകളില്‍ നിന്നും പെട്ടന്നൊരു ദിവസത്തേക്ക് ഓടിയൊളിക്കുവാന്‍ ഇത്രയടുത്ത് ഇതിലും മനോഹരമായ സ്ഥലങ്ങൾ ഉണ്ടോ....

ഹോട്ടൽ മുറിയിൽ നിന്നും ഈ നാലു സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ആറു സാധനങ്ങൾ തീര്‍ച്ചയായും ഒഴിവാക്കണം

മന്ത്രവാദത്തിന്റെ ഈറ്റില്ലമായ സൂര്യകാലടി മനയിലേക്കൊരു യാത്ര..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X