എത്ര കണ്ടാലും കേട്ടാലും കൊതിതീരാത്ത ഒരു നാടുണ്ട്. മഞ്ഞിൽ കുളിച്ചു കിടക്കുന്ന, പർവ്വതങ്ങൾ അതിരു കാക്കുന്ന, സഞ്ചാരികൾ നെഞ്ചേറ്റിയിരിക്കുന്ന ഒരിടം...ഹിമാചൽ പ്രദേശ്. കണ്ട് മതിവരാത്ത കാഴ്ചകളുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഇവിടെ അധികമാരും എത്തിപ്പെടാത്ത. യാത്ര വിവരണങ്ങളിലൊന്നും ഇടം പിടിക്കാത്ത ഒരിടമുണ്ട്. ഖീർ ഗംഗ... ചുറ്റിലുമുള്ള നാടുകളെല്ലാം മഞ്ഞിൽ പുതഞ്ഞു കിടക്കുമ്പോൾ ചൂടുനീരുറവയുമായി അതിശയിപ്പിക്കുന്ന ഖീർഗംഗ. ഹിമവനാമ്‍റെ മടിത്തട്ടിലെ അത്ഭുതനാട് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണിത്. പാർവ്വതി വാലിയുടെ കുന്നുകൾക്കു മുകളിൽ കിടക്കുന്ന സ്വർഗ്ഗസമാനമായ ഖീര്‍ഗംഗയുടെ വിശേഷങ്ങളും ഇവിടെ എത്തിയാൽ ചെയ്യേണ്ട കാര്യങ്ങളും നോക്കാം...

ഖീർ ഗംഗ
ഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നും അതേസമയം അധികം സഞ്ചാരികൾ എത്തിച്ചേരാത്തതുമായ ഇടങ്ങളിലൊന്നാണ് ഖീർ ഗംഗ. പാർവ്വതി വാലിയോട് ചേർന്ന് കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ അതിസാഹസികർ മാത്രമാണ് എത്തിച്ചേരുന്നത്.
PC:Alok Kumar

14 കിലോമീറ്റർ
കസോളിൽ നിന്നും 14 കിലോമീറ്റർ കുന്നു കയറി നടന്നെത്തേണ്ട ഒരു മികച്ച ട്രക്കിങ്ങ് സ്പോട്ടാണ് ഖീർഗംഗ. പാർവ്വതി വാലിയുടെ മനോഹരരമായ കാഴ്ചകളും പ്രകൃതി ഭംഗിയും തെറ്റിക്കുന്ന വഴികളും ഒക്കെ കടന്ന് മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഇടമാണിത്. അഞ്ച് മുതൽ ആറു മണിക്കൂർ വരെയാണ് ഇവിടെ ട്രക്ക് ചെയ്ത് എത്തുവാൻ വേണ്ട സമയം.
PC:Alok Kumar

വർഷത്തിൽ ഏഴു മാസം
കാൽനടയായി മാത്രം എത്തിച്ചേരുവാൻ സാധിക്കുന്ന ഖീർ ഗംഗയിൽ വർഷത്തിൽ ഏഴു മാസം മാത്രമേ പ്രവേശനമുള്ളു. മാർച്ച് മുതൽ ഒക്ടോബർ വരെയാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
PC:Viraj87

അതിരാവിലെ എഴുന്നേറ്റ് പോകാം
ഖീർഗംഗയെ തേടി ആളുകൾ വരുന്നതിനു പിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ. അത് ആ നാടിൻരെ ഭംഗിയിലൂടെ നടത്തുവാൻ കഴിയുന്ന ട്രക്കിങ്ങാണ്. അതുകൊണ്ടുതന്നെ സാവകാശത്തിൽ തുടങ്ങി വൈകിട്ടോടുകൂടി എല്ലാം അവസാനിപ്പിക്കണമെങ്കിൽ ട്രക്കിങ്ങ് അതിരാവിലെ തുടങ്ങേണ്ടി വരും. അതിരാവിലെ എണീക്കുന്നത് ഒരു ശീലമല്ല എങ്കിൽ പോലും ഇവിടെ എത്തിയാൽ അതൊക്കെ മാറും ഘീർ ഗംഗ ട്രക്കിങ്ങിന് മിനിമം ആറു മണിക്കൂർ സമയമാണ് എടുക്കുക.
പാർവ്വതി വാലിയുടെ ഏറ്റവും മുകളിലുള്ള ഖീർഗംഗയെ മുഴുവനായും അറിയണമെങ്കിൽ സമയം ഒരുപാട് വേണ്ടി വരും. അതിരാവിലെ തുടങ്ങിയാൽ മാത്രമേ ഇതിന്റെ ഒരറ്റമെങ്കിലും കണ്ടു തീർത്തു എന്നു പറയുവാൻ സാധിക്കൂ.
PC:Boazdorot

ഹോട്ടലും വേണ്ട റിസോർട്ടും വേണ്ട... ഹോം സ്റ്റേയിലാവട്ടെ ഇത്തവണ
എല്ലാ യാത്രകളിലുമുള്ള ഹോട്ടൽ ജീവിതത്തിനും റിസോർട്ടുകളിലെ താമസത്തിനും ഇടയ്ക്കൊന്നു ഗുഡ്ബൈ പറയാം. ഖീർ ഗംഗയുടെയും പാർവ്വതി വാലിയുടെയും യഥാർഥ സുഖം കിട്ടണമെങ്കിൽ അതിന് ഏറ്റവും യോജിച്ചത് ഹോം സ്റ്റേകളാണ്. വെറും 200 രൂപ മതുൽ 500 രൂപ വരെയാണ് ഇവിടെ ഒരാൾക്കു വേണ്ട നിരക്ക്.
PC:Jan J George

നക്താനിൽ റെസ്റ്റ്
ഖീർഗംഗ ട്രക്കിങ്ങ് ട്രയലിൽ കാണാൻ സാധിക്കുന്ന ഏറ്റവും മനോഹരമായ ഇടമാണ് നക്താൻ. ഈ ട്രയലിലെ നടുവിലായി കിടക്കുന്ന ഇവിടമാണ് സാധാരണയായി ആളുകൾ വിശ്രമിക്കാനായി തിരഞ്ഞെടുക്കുക. ഒരു മണിക്കൂറും രണ്ടു മണിക്കൂറും ഒക്കെ യാത്രയുടെ ക്ഷീണം മാറ്റാനായി ഇരിക്കുന്ന ആളുകൾ ഇവിടെയുണ്ട്. മാത്രമല്ല, രുചികരമായ നൂഡിൽസ് കിട്ടുന്ന ഇടങ്ങളും ഇവിടെ ആളുകളെ ഇരിക്കുവാൻ പ്രേരിപ്പിക്കുന്നു.
PC:Jan J George

പൈൻ കാടിനുള്ളിലെ പുരാതന നഗരം
ഖീർ ഗംഗയിലേക്കുള്ള യാത്രയിൽ കാണാൻ പറ്റിയ മനോഹരമായ ഒരു കാഴ്ചയുണ്ട്. പൈൻ മരക്കാടിനുള്ളിൽ പുരാതന ലോകത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഒരിടം. നിറഞ്ഞു നിൽക്കുന്ന പൈൻമരങ്ങൾ മാത്രമാണ് ഇവിടുത്തെ കാഴ്ചയെങ്കിലും അതിനു സമാപത്തെ നദിയും കുന്നുകളും ആകാശവും ഒക്കെ ചേർന്ന് മറ്റൊരു കാലത്തിലെത്തിയ പ്രതീതിയാണ് ഇവിടെ എത്തുന്നവർക്ക് നല്കുന്നത്.
PC:Dhilon89

ചൂടു നീരുറവയിലെ കുളി
ഖീർഗംഗയുടെ ഏറ്റവും വലിയ ആകർഷണമാണ് ഇവിടുത്തെ ചൂടു നീരുറവയും അതിലെ കുളിയും. യഥാർഥത്തിൽ ഈ ട്രക്കിങ്ങിനെക്കാളും ആളുകളെ ആകർഷിക്കുന്നത് ഇവിടുത്തെ ചൂടുറവയിലെ കുളി തന്നെയാണ്. മലകളുടെ അരികു ചേർന്നുള്ള നീറുറവയും അവിടുത്തെ അതിർത്തിയില്ലാത്ത കാഴ്ചകളും ആസ്വദിച്ചുള്ള കുളി ട്രക്കിങ്ങിന്റെ വേദനകളെ എല്ലാം മാറ്റുവാൻ പര്യാപ്തമായ ഒന്നാണ്.

ഹിമാചലിലെ സൂര്യാസ്തമയം
ഇവിടെ എത്തിയാൽ കാണേണ്ട മറ്റൊരു കാര്യമാണ് സൂര്യാസ്തമയം. ഓറഞ്ച് നിറത്തിൽ നിന്നും രക്ത വർണ്ണത്തിലേക്ക് മാറുന്ന ആകാശവും പർവ്വതങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിപ്പോകുന്ന സൂര്യനും മറക്കാനാവാത്ത കാഴ്ചയായിരിക്കും.

ആകാശത്തിനു താഴെയുള്ള ക്യാംപിങ്ങ്
നക്ഷത്രങ്ങളെ സാക്ഷിയാക്കി തുറസ്സായ സ്ഥലത്തെ ക്യാപിങ്ങാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. കുന്നിന്റെ മുകളിൽ ഒട്ടേറെ ക്യാംപ് സൈറ്റുകൾ ലഭ്യമാണ്. ക്യാപിങ്ങിനു വേണ്ട എല്ലാ സൗകര്യങ്ങളും മിതമായ ചിലവിൽ ഇവിടെ ലഭിക്കും.

സൂപ്പർ കോഫി
ഇവിടുത്തെ ബേസ് ക്യാംപിൽ ലഭിക്കുന്ന കോഫി ഒരു പക്ഷെ, നിങ്ങൾ കഴിക്കുന്ന ഏറ്റവും മികച്ച കോഫികളിൽ ഒന്നായിരിക്കും. അത്രയധികം പ്രശസ്തമാണ് ഇവിടുത്തെ കാപ്പി. അതുകൂടാതെ ഇവിടെ എത്തുന്നവർക്കു നല്കുന്ന മറ്റു പാനീയങ്ങളും പ്രശസ്തമാണ്. എന്നാൽ ഇവിടെ രാവിലെ 11 മണി വരെ മാത്രമേ ഇതൊക്കെ ലഭിക്കൂ.
ഹിമാചൽ സഞ്ചാരികളിൽ നിന്നും ഒളിപ്പിച്ച രഹസ്യം
കാടിനുള്ളിലെ ബരോറ്റും മഞ്ഞുമരുഭൂമിയും..ഇത് ഹിമാചലിന്റെ മാത്രം പ്രത്യേകത
വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെ..നിഗൂഡതകൾ ഒളിപ്പിച്ച ഹംപി