Search
  • Follow NativePlanet
Share
» »ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!

ശിവലിംഗമെടുത്തുകൊണ്ടു പോകുവാൻ വന്ന ഭദ്രകാളി...രണ്ടായി പിളർന്ന ശിവലിംഗം ഇത് തിരുമാന്ധാംകുന്ന്!

മലപ്പുറത്തെ ചരിത്രമെഴുതിയ ക്ഷേത്രങ്ങളിലൊന്നാണ് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം. ദാമ്പത്യ പ്രശ്നങ്ങൾക്കു പരിഹാരമായും മംഗല്യ ഭാഗ്യത്തിനായും ഒക്കെ വിശ്വാസികൾ ആശ്രയിക്കുന്ന ഈ ക്ഷേത്രത്തിന് കഥകളും മിത്തുകളും ഒരായിരമുണ്ട്. വള്ളുവനായ് രാജാക്കന്മാരുടെ കുലദൈവമായ ഭദ്രകാളിയെ ആരാധിക്കുന്ന ഈ ക്ഷേത്രം അന്നു മുതൽ പരിപാലിച്ചു പോരുന്നത് വള്ളുവനാട് രാജാക്കന്മാരായിരുന്നു.

പോരാട്ടങ്ങളുടെയും ആയോധനകലകളുടെയും ഒക്കെ ചരിത്രമുറങ്ങുന്ന ഈ മണ്ണ് മാമാങ്കത്തോട് കിടപിടിക്കുന്ന തിരുമാന്ധാംകുന്ന് പൂരത്തിനും ഏറെ പ്രസിദ്ധമാണ്.

വ്യത്യസ്തമായ ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾകൊണ്ടും വിശ്വാസികളുടെ പ്രിയ ക്ഷേത്രമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ വിശേഷങ്ങളും ചരിത്രവും പ്രത്യേകതകളും ഒക്കെ വായിക്കാം...

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറത്താണ് പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിപുരാതനമായ ഈ ക്ഷേത്രം വള്ളുവനാട് രാജാക്കന്മാരുടെ കുലദേവതാ ക്ഷേത്രം കൂടിയായിരുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നും തിരുമാന്ധാംകുന്ന് ക്ഷേത്രം തന്നെയാണ്.

PC:Rojypala

കുന്നിൻമുകളിലെ ക്ഷേത്രം

കുന്നിൻമുകളിലെ ക്ഷേത്രം

പേരുപോലെ തന്നെ ഒരു ചെറിയ കുന്നിന്‍റെ മുകളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലു കവാടങ്ങളുള്ള ക്ഷേത്രത്തിൽ

വടക്കോട്ട്‌ ദർശനമായി ഭദ്രകാളിയും കിഴക്കോട്ട് ദർശനമായി ശിവന്റെ ശ്രീകോവിലും കാണാം. ക്ഷേത്രത്തിലെ രണ്ടുവശത്തും കൊടിമരങ്ങളുണ്ട്.

മാതൃശാല എന്ന ശ്രീകോവിലിലാണ് തിരുമാന്ധാംകുന്നിലമ്മയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC: RajeshUnuppally

ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം

ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഐതിഹ്യം സൂര്യവംശത്തിന്റെ കാലത്തുള്ളതാണ്. സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാതാവ്‌ തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് നാടുചുറ്റാനിറങ്ങി. യാത്രയ്ക്കിടെ അങ്ങാടിപ്പുറത്തെത്തിയ അദ്ദേഹം ഈ സ്ഥലത്തിന്‍റെ ഭംഗിയിൽ ആകൃഷ്ടനായി ഇവിടെ തപസ്സനുഷ്ഠിച്ചു. തപസ്സിൽ സംപ്രീതനായ ശിവൻ പ്രത്യക്ഷപ്പെട്ട് എന്താഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലുതും മനോഹരവുമായ ശിവലിംഗമാണ് അദ്ദേഹം ശിവനോട് ആവശ്യപ്പെട്ടത്. എന്നാൽ അത് തൻറെ പത്നിയായ പാർവ്വതിയുടെ കൈവശമാണെന്ന് അറിയാവുന്ന ശിവൻ ആകെ സങ്കടത്തിലാവുകയും ഒടുവിൽ പാര്‍വ്വതി കാണാതെ അദ്ദേഹം ആ ശിവലിംഗം മാന്ധാതാവിനു നല്കി. എന്നാൽ പതിവ് പൂജാ സമയത്ത് വിഗ്രഹം അന്വേഷിച്ച പാർവ്വതി അത് പോയ വഴി മനസ്സിലാക്കുകയും ഭദ്രകാളിയെയും ശിവഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ അയക്കുകയുടെ ചെയ്തു. എന്നാൽ എത്ര ശ്രമിച്ചിട്ടും മാന്ധാതാവ് വിഗ്രഹം തിരികെ കൊടുക്കുവാൻ കൂട്ടാക്കിയില്ല. ഒടുവിൽ ഭൂതഗണങ്ങൾ മഹർഷിയുടെ ആശ്രമം ആക്രമിച്ചു. അവരെ തുരുത്തുവാനായി മഹർഷിയുടെ ശിഷ്യന്മാർ കാട്ടുപഴങ്ങൾ പെറുക്കിയെറിഞ്ഞു. ഓരോ പഴവും ഓരോ ശിവലിംഗങ്ങളായി ഭൂതഗണങ്ങളുടെ മുകളിൽ പതിച്ച് ഇവർക്ക് പിന്മാറേണ്ടി വന്നു. ഒടുവില്‍ രൗദ്രഭാവം പൂണ്ട ഭദ്രകാളി ബലമായി ശിവലിംഗം എടുത്തുകൊണ്ടു പോകുവാൻ വരികയും അവസാനം ജ്യോതിർലിംഗം രണ്ടായി പിളർന്നു പോവുകയും ചെയ്തു എന്നാണ് പറയുന്നത്. പിളർന്ന രീതിയിലാണ് ഇന്നും ഇവിടെ ശ്രീമൂലസ്ഥാനത്ത് പ്രതിഷ്ഠയുള്ളത്. പിന്നീട് ഇത് അന്യാധീനപ്പെട്ടുപോവുകയും പതിറ്റാണ്ടുകൾക്കു ശേഷം വളരെ അവിചാരിതമായി ക്ഷേത്രം കണ്ടെത്തി നവീകരിക്കുകയുമായിരുന്നു.

PC:Dhruvaraj S

മാമാങ്കവും തിരുമാന്ധാംകുന്ന് പൂരവും

മാമാങ്കവും തിരുമാന്ധാംകുന്ന് പൂരവും

കേരള ചരിത്രത്തിലെ തന്നെ എണ്ണംപറഞ്ഞ സംഭവങ്ങളിലൊന്നായ മാമാങ്കവും തിരുമാന്ധാംകുന്ന് ക്ഷേത്രവും തമ്മിൽ അഭേദ്യമായ പല ബന്ധങ്ങളുമുണ്ട്. രക്തം കൊടുത്തും അഭിമാനം സംരക്ഷിക്കുന്ന ചാവേറുകളുടെ കഥ ഇന്നും ഉൾപ്പുളകത്തോടെ മാത്രമേ കേട്ടിരിക്കുവാൻ സാധിക്കൂ. പെരുമാക്കന്മാർ ആഘോഷിച്ചിരുന്ന മാമാങ്കത്തിന് വെള്ളാട്ടിരി പിന്മാഗാമിയായിത്തീർന്നു. എന്നാൽ സാമൂതിരിയുടെ വരവോടെ വെള്ളാട്ടിരിക്ക് പിന്തിരിഞ്ഞ് തോല്പി അംഗീകരിക്കേണ്ടി വരികയും സാമൂതിരി മാമാങ്കത്തിന്‍റെ രക്ഷാപുരുഷനാി മാറുകയും ചെയ്തു.എന്നാൽ അങ്ങനെ തോല്വി സമ്മതിക്കുവാൻ തയ്യാറാകാതിരുന്ന വെള്ളാട്ടിരി മാമാങ്കത്തിന് ചാവേറുകളെ അയച്ചുകൊണ്ടിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നാണ് വെള്ളാട്ടിരി മാമാങ്കത്തിന് പുറപ്പെട്ടിരുന്നത്. ഇവിടെ നിന്നുതന്നെയാണ് ചാവേറുകളും അങ്കത്തിനു പുറപ്പെട്ടിരുന്നത്. ചാവേറുകൾ പുറപ്പെട്ടിരുന്ന തറയായ ചാവേർത്തറ ഇപ്പോഴും ക്ഷേത്രത്തിന്റെ തെക്കുവശത്തുണ്ട്.

അതിനിടയിൽ മാമാങ്കത്തിനു തുല്യമായ മറ്റൊരു പൂരത്തിനും അദ്ദേഹം രൂപം നല്കി. അതാണ് തിരുമാന്ധാംകുന്ന് പൂരം എന്നറിയപ്പെടുന്നത്. ആദ്യ കാലങ്ങളിൽ 12 വർഷത്തിലൊരിക്കലായിരുന്നുവെങ്കിലും പിന്നീട് അത് എല്ലാ വർഷവും നടത്തുവാൻ തുടങ്ങി.

PC:PP Yoonus

മാംഗല്യപൂജ

മാംഗല്യപൂജ

ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ പൂജകളിലൊന്നാണ് മാംഗല്യ പൂജ. ഇഷ്ട മാംഗല്യത്തിനും സർവാഭീഷ്ടത്തിനും ഇവിടുത്തെ ഗണപതിക്ക്‌ നടത്തുന്ന വഴിപാടാണ് മംഗല്യപൂജ എന്നറിയപ്പെടുന്നത്. മംഗല്യപൂജയുടെ സമയത്ത് ഗണപതിയുടെ നേരെയുള്ള വാതിൽ തുറന്നു ഭക്തർക്ക്‌ ദർശനം നൽകും. ഇവിടുത്തെ തുലാമാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തുന്ന മഹാമംഗല്യപൂജ വളരെ പ്രസിദ്ധമാണ്.

ആട്ടങ്ങയേറ്

ആട്ടങ്ങയേറ്

ക്ഷേത്ര ഉല്പത്തിയുടെ കഥയോട് ചേർന്നു നിൽക്കുന്ന ഒന്നാണ് ആട്ടങ്ങയേറ്. ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്മരണമാണ് ആട്ടങ്ങയേറ്. തുലാമാസം ഒന്നിനാണ് ഈ ചടങ്ങ് നടത്തിവരുന്നത്. ഇവിടുത്തെ പ്രസിദ്ധമായ ചടങ്ങുകളിലൊന്നാണിത്. ക്ഷേത്രത്തിന്‍റെ വടക്കേ നടയിൽ വടക്കേനടയിൽ ഭക്തർ രണ്ടു സംഘമായി പരസ്പരം കാട്ടുപഴമായ ആട്ടങ്ങയെറിയുന്നതാണ് ഈ ചടങ്ങ്.

തിരുമാന്ധാംകുന്ന് പൂരം

തിരുമാന്ധാംകുന്ന് പൂരം

11 ദിവസം നീണ്ടു നില്‍ക്കുന്ന പ്രസിദ്ധമായ ചടങ്ങാണ് തിരുമാന്ധാംകുന്ന് പൂരം. ഭഗവതിക്കും ഭഗവാനും ഒരേ സമയം നടക്കുന്ന ഈ പൂരം വള്ളുവനാടിന്‍റെ ദേശീയോത്സവമായാണ് അറിയപ്പെടുന്നത്. മീനമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് പൂരാഘോഷങ്ങൾ തുടങ്ങുന്നത്.

വലിയകണ്ടം നടീൽ,കളംപാട്ട്,ചാന്താട്ടം,നിറ, ഞെരളത്ത് സംഗീതോത്സവം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു പ്രധാന പരിപാടികൾ.

PC:Manojk

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറത്താണ് തിരുമന്ധാംകുന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ക്ഷേത്രം പെരിന്തൽമണ്ണയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അങ്ങാടിപ്പുറത്തും വിമാനത്താവളം കോഴിക്കോടുമാണ്.

ആയുസ്സ് നീട്ടിക്കിട്ടിയ ക്ഷേത്രം...ഇവിടെ വിശ്വാസങ്ങളിങ്ങനെ

കടലിൽ നിന്നും ഉയർന്നുവന്ന തീരത്തെ ക്ഷേത്രം

Read more about: temples malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more