» »പ്രേതങ്ങള്‍ കഥ പറയുന്ന ഹോസ്റ്റലുകള്‍!!

പ്രേതങ്ങള്‍ കഥ പറയുന്ന ഹോസ്റ്റലുകള്‍!!

Written By: Elizabath Joseph

പ്രേതങ്ങളെയും പ്രേതാനുഭവങ്ങളെയും കുറിച്ച് ധാരാളം നമ്മള്‍ കേട്ടിട്ടുണ്ട് .വിചിത്രങ്ങളും ശാസ്ത്രത്തിനു പോലും ഇതുവരെയും വിശദീകരിക്കുവാന്‍ കഴിയാത്തതുമായ നിരവധി അനുഭവങ്ങളുള്ള കുറേ സ്ഥലങ്ങള്‍. കോട്ടകളും കൊട്ടാരങ്ങളും ഒക്കെ അതില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം ഏറെ വിചിത്രമാണ് ഹോസ്റ്റലുകളും അവിടങ്ങളിലെ പ്രേതാനുഭവങ്ങളും. ഇതില്‍ എത്രമാത്രം സത്യം ഉണ്ട് എന്ന് അറിയില്ലെങ്കിലും തങ്ങള്‍ക്ക് വിചിത്രമായ അനുഭവം ഉണ്ടായിട്ടുണ്ട് എന്നു വിശ്വസിക്കുന്ന വിദ്യാര്‍ഥികള്‍ ധാരാളമുണ്ട്.
നമ്മുടെ രാജ്യത്ത് വിചിത്രങ്ങളായ പ്രേതാനുഭവങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ സാക്ഷികളായിട്ടുള്ള ഹോസ്റ്റലുകള്‍ പരിചയപ്പെടാം..

 ചോയ്‌സ് ഹോസ്റ്റല്‍, പൂനെ

ചോയ്‌സ് ഹോസ്റ്റല്‍, പൂനെ

മഹാരാഷ്ട്രയിലെ പൂനെയില്‍ സ്ഥിതി ചെയ്യുന്ന ചോയ്‌സ് ഹോസ്റ്റല്‍ ഇവിടെ പ്രേതാനുഭവത്തിന്റെ പേരില്‍ പ്രശസ്തമായ ഇടമാണ്. പൂനെയിലെ ഹോണ്ടഡ് സ്ഥലങ്ങളുടെ പേരില്‍ പ്രശസ്തമമായിരിക്കുന്ന ഇവിടം നഗരത്തിലെ കവ്വായ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം ആളുകള്‍ ഇവിടെ എത്തി ദുര്‍മാന്ത്രിക വിദ്യകള്‍ പ്രയോഗിക്കാറുണ്ട് എന്നൊരു വിശ്വാസം ഇവിടെ വളരെ വ്യാപകമായി ഉണ്ട്.
മാത്രമല്ല, വിദ്യാര്‍ഥികളുടെ ഇടയില്‍ പ്രചരിക്കുന്ന കഥകളനുസരിച്ച് ചുവന്ന സാരിയും ധരിച്ച് ഇവിടെ എത്തുന്ന പ്രേതമാണത്രെ ഇവിടെയുള്ളത്. അര്‍ധരാത്രിയില്‍ ഇവിടെ എത്തുന്ന അവരെ പിന്തുടരുവാന്‍ നോക്കിയാലും അവര്‍ പെട്ടന്നു തന്നെ അപ്രത്യക്ഷയാവും എന്നാണ് പറയപ്പെടുന്നത്. അര്‍ധരാത്രിയിലെ ഈ അനുഭവങ്ങള്‍ കാരണം ഇവിടെ ഇപ്പോള്‍ ആരും താമസിക്കുവാനും എത്താറില്ല.

കഥക് ഹോസ്റ്റല്‍

കഥക് ഹോസ്റ്റല്‍

വിചിത്രങ്ങളായ അനുഭവങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഒരു ഹോസ്റ്റലാണ് ഒഡീഷയിലെ കഥക് ഹോസ്റ്റല്‍. ഇവിടെ സംഭവിക്കുന്ന ആര്‍ക്കും വിശദീകരിക്കുവാന്‍ കഴിയാത്ത കഥകളെ തുടര്‍ന്ന് ഇവിടം ഇപ്പോള്‍ വാര്‍ത്തകളിലും മറ്റും ഇടം നേടിയിട്ടുമുണ്ട്. ഹോസ്റ്റലിലെ വരാന്തകളില്‍ രാത്രി കാലങ്ങളില്# കാണപ്പെടുന്ന വൃദ്ധനായ ഒരു മനുഷ്യനാണ് ഇവിടുത്തെ വില്ലന്‍. അദൃശ്യങ്ങളായ ഒട്ടേറെ ശക്തികളും കഴിവുകളും അദ്ദേഹത്തിന് ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ അദ്ദേഹം ഇതുവരെയും ആരെയും ഉപദ്രവിച്ചിട്ടില്ല എന്നും പറയപ്പെടുന്നു. എന്നാലും ഇവിടെ എപ്പോഴും ഭയത്തിന്റെ ഒരു അന്തരീക്ഷമാണ് തളെം കെട്ടി നില്‍ക്കുന്നത്.

സാവിത്രി ഭായ് ഭൂലേ ഹോസ്റ്റല്‍

സാവിത്രി ഭായ് ഭൂലേ ഹോസ്റ്റല്‍

ചണ്ഡിഗഡിലെ ഏറെ പഴക്കം ചെന്ന ഹോസ്റ്റലുകളില്‍ ഒന്നാണ് ഈ സാവിത്രി ഭായ് ഭൂലേ ഹോസ്റ്റല്‍. ഇവിടെ നടക്കുന്ന വിചിത്രങ്ങളായ കാര്യങ്ങളുടെ പേരില്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ളതാണ് ഇവിടവും പരിസര പ്രദേശങ്ങളും. പ്രത്യക്ഷത്തില്‍ ഇവിടെ കാണാന്‍ ഒന്നുമില്ലെങ്കിലും വൈകുന്നേരമാവുമ്പോള്‍ തങ്ങള്‍ക്ക് ചുറ്റിലും എന്തൊക്കയോ നടക്കുന്നതു പോലെ അനുഭവപ്പെടും എന്നാണ് ഇവിടുത്തെ കുട്ടികള്‍ പറയുന്നത്.
ഇവിടുത്തെ ജനലുകളിലും വാതിലുകളിലും ആളുകള്‍ വന്നു നില്‍ക്കുന്നതു പോലെയും തങ്ങളോട് സംസാരിക്കുവാന്‍ ശ്രമിക്കുന്നതു പോലെയും കുട്ടികള്‍ക്കു തോന്നുമത്രെ. ഹോസ്റ്റലിന്റെ അധികാരികള്‍ ഒട്ടേറെ അന്വേഷണങ്ങള്‍ നടത്തി എങ്കിലും കൃത്യമായ ഒരുത്തരം അവര്‍ക്കും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടൊമസിക്കുക എന്നത് കുട്ടികള്‍ക്ക് ഏറെ ഭയമുണ്ടാക്കുന്ന ഒന്നാണ്.

പുനെ വിശ്വ വിദ്യാലയം

പുനെ വിശ്വ വിദ്യാലയം

ഹോസ്റ്റലുകളില്‍ മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രേതങ്ങള്‍ കടന്നു വരാറുണ്ടത്രെ. അതിന്റെ തെളിവാണ് പൂനെ വിശ്വ വിദ്യാലയത്തിലെ അനുഭവങ്ങള്‍. ഇംഗ്ലീഷ് വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇവിടുത്തെ കെട്ടിടങ്ങള്‍ ധാരാളം മരങ്ങള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല, ഇംഗ്ലീഷുകാരായ ഒട്ടേറെ ആളുകളുടെ ശവകുടീരങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. ഇവിടെ മരിച്ച് അടക്കപ്പെട്ട ഇല്യാസ് എന്നു പേരായ ഒരാളാണ് ഇവിടുത്തെ വിചിത്രങ്ങളായ അനുഭവങ്ങള്‍ക്ക് പിന്നിലെന്നാണ് വിശ്വസിക്കപ്പെടുന്നത്. കോളറ ബാധിച്ചാണ് അദ്ദേഹം മരിച്ചതെന്നാണ് പറയുന്നതെങ്കിലും മറ്റു പലതുമാണ് മരണത്തിന്റെ പിന്നിലെന്നും അതിനാലാണ് അദ്ദേഹം രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്നതെന്നുമാണ് വിശ്വസിക്കപ്പെടുന്നത്.
മാത്രമല്ല ആലീസ് എന്നു പേരായ ഒരു സ്ത്രീയും ഇവിടുത്തെ പ്രേതങ്ങളുടെ ലിസ്റ്റില്‍ ഉണ്ട്. കോളറ ബാധിച്ച് മരിച്ചതാണെന്നാണ് അവരുടെ ശവകൂടീരത്തില്‍ എഴുതപ്പെട്ടിട്ടുള്ളത് എങ്കിലും മറ്റു പലതുമാണ് അതിന്റെ കാരണം എന്നും പറയപ്പെടുന്നു.

മദ്രാസ് ക്രിസ്ത്യന്‍ കോളേജ്

മദ്രാസ് ക്രിസ്ത്യന്‍ കോളേജ്

ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളേജാണ് പ്രേതാനുഭവങ്ങളുടെ കാര്യത്തില്‍ പ്രശസ്തമായിരിക്കുന്ന മറ്റൊരു വിദ്യാലയം. ഒരു പ്രണയ കഥയുമായി ബന്ധപ്പെട്ടതാണ്ി ഇവിടുത്തെ പ്രേതാനുഭവങ്ങള്‍. ഇവിടെ കോളേജില്‍ പഠിച്ചിരുന്ന ഒരു യുവാവ് ഇവിടുത്തെ ഒരു പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നു. എന്നാല്‍ പ്രണയത്തിന് താല്പര്യമില്ലാതിരുന്ന അവള്‍ തന്റെ അനിഷ്ടം തുറന്നു പറയുകയും അതറിഞ്ഞ യുവാവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു. ആ യുവാവിന്റെ ആത്മാവ് ഇന്നും കോളേജിലൂടെ അലഞ്ഞ് നടക്കുന്നുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
വലിച്ചടയുന്ന ജനാലകള്‍, തനിയെ കറങ്ങുന്ന ഫാന്‍, നമ്മുടെ നേരെ പറന്നു വരുന്ന ഉപകരണങ്ങള്‍, ഒക്കെ ഇവിടെ അനുഭവപ്പെടുന്ന കാര്യങ്ങള്‍. എന്നാല്‍ എന്തുകൊണ്ടാണ് ഇത് ഇങ്ങനെ നടക്കുന്നത് എന്ന കാര്യത്തില്‍ ഇതുവരെയും ഒരുത്തരം ലഭിച്ചിട്ടില്ല.

Read more about: pune odisha

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...