India
Search
  • Follow NativePlanet
Share
» »ലോകത്തിന്‍റെ ഒന്‍പത് കോണുകളിലെ തെരുവ് കാഴ്ചകള്‍

ലോകത്തിന്‍റെ ഒന്‍പത് കോണുകളിലെ തെരുവ് കാഴ്ചകള്‍

ആര്‍ക്കാണ് വ്യത്യസ്തമായ യാത്രകള്‍ ഇഷ്‌‌ടമല്ലാത്തത്? ഇതുവരെയും കാണാത്ത കാഴ്ചകള്‍ അന്വേഷിച്ച് ഒരു പരിചയവുമില്ലാത്ത നാട്ടിലൂ‌‌‌ടെ സഞ്ചരിക്കുവാന്‍ കുറച്ച‌ൊന്നുമല്ല ധൈര്യം വേണ്ടത്. നിറങ്ങള്‍ വാരിവിതറി വിവിധ സംസ്കാരങ്ങള്‍ സമ്മേളിക്കുന്ന തെരുവുകളാണെങ്കില്‍ പറയുകയും വേണ്ട. ഷോപ്പിങ്ങും അലങ്കാരങ്ങളും ചരിത്ര ഇടങ്ങളും രുചിയൂറുന്ന വിഭവങ്ങളും കൂട്ടം കൂ‌ടി നില്‍ക്കുന്ന ആളുകളും ഉച്ചത്തില്‍ ബഹളംവെച്ച് നടന്നു നീങ്ങുന്ന യുവാക്കളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുപോലെ കാഴ്ച കാണുവാനെത്തിയ സഞ്ചാരികളും ചേര്‍ന്ന് സുന്ദരമാക്കുന്ന തെരുവുകള്‍ ഓരോ നാടിന്‍റെയും സ്വകാര്യ അഹങ്കാരം കൂ‌‌ടിയാണ്.

ഹോസിയന്‍ ലെയ്ന്‍, മെല്‍ബണ്‍, ഓസ്‌ട്രേലിയ

ഹോസിയന്‍ ലെയ്ന്‍, മെല്‍ബണ്‍, ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയിലെ ഏറ്റവും ആഘോഷമാക്കപ്പെട്ട തെരുവുകളിലൊന്നാണ് മെല്‍ബണിലെ ഹോസിയര്‍ ലെയ്ന്‍. കലകളുടെ ഒരു കൂടാരം എന്നുതന്നെ ഈ തെരുവിനെ വിശേഷിപ്പിക്കാം. കലകളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്ന ഇവിടെ തികച്ചും ന്യൂട്രലായ തരത്തിലുള്ള കല മുതല്‍ കടുത്ത രീതിയില്‍ രാഷ്ട്രീയ ആശയങ്ങള്‍ കൈമാറുന്ന തരത്തിലുള്ല കലകളും മാധ്യമങ്ങളും കാണാം. ഇടനാഴികളിലായി നീണ്ടു കിടക്കുന്ന കരവിരുതുകള്‍ തന്നെയാണ് ഇവിടുത്തെ പ്രത്യേകത. സെല്‍ഫിയെടുക്കുവാനും മറ്റു ചിത്രങ്ങള്‍ പകര്‍ത്തുവാനുമൊക്കെ ഇവിടെ സഞ്ചാരികള്‍ എത്തുന്നു.

കോക്ബേണ്‍ സ്ട്രീറ്റ്, എഡ്വിന്‍ബര്‍ഗ്, സ്കോട്ലന്‍ഡ്

കോക്ബേണ്‍ സ്ട്രീറ്റ്, എഡ്വിന്‍ബര്‍ഗ്, സ്കോട്ലന്‍ഡ്

വിക്ടോറിയന്‍ കാലഘ‌ട്ടം കഴിഞ്ഞുപോയെങ്കിലും അതിന്റെ മാറാത്ത അടയാളങ്ങളുമായി നില്‍ക്കുന്ന തെരുവാണ് സ്കോട്ലന്‍ഡ് എഡ്വിന്‍ബര്‍ഗിലെ കോക്ബേണ്‍ ‌സ്‌ട്രീറ്റ്. എഴുതുന്നത് Cockburn Street എന്നാണെങ്കിലും കോ-ബേണ്‍ സ്ട്രീറ്റ് എന്നാണ് പറയുന്നത്. അക്കാലത്തെ വ്യത്യസ്തങ്ങളായ നിര്‍മ്മാണ രീതികളും കെട്ടിടങ്ങളുമെല്ലാം തനതായ രീതിയില്‍ ഒ‌ട്ടും മാറ്റമില്ലാതെ സംരക്ഷിച്ചി‌ട്ടുണ്ട് ഇവിടെ. ഇഷ്ടം പോലെ ന‌‌ടന്നു കാണുവാനും കഴിഞ്ഞുപോയ കാലത്തിന്റെ കാഴ്ചകളെ പരിചയപ്പെടുവാനും ഇവിടെ അവസരമുണ്ട്.

ഹെര്‍ബെര്‍ട് ബേക്കര്‍ സ്ട്രീറ്റ്, പ്രി‌ട്ടോറിയ, സൗത്ത് ആഫ്രിക്ക

ഹെര്‍ബെര്‍ട് ബേക്കര്‍ സ്ട്രീറ്റ്, പ്രി‌ട്ടോറിയ, സൗത്ത് ആഫ്രിക്ക

സൗത്ത് ആഫ്രിക്കയിലെ മനോഹരമായ തെരുവുകളിലൊന്നാണ് പ്രിട്ടോറിയയില്‍ സ്ഥിതി ചെയ്യുന്ന ഹെര്‍ബെര്‍ട് ബേക്കര്‍ സ്ട്രീറ്റ്. അവിടെയുള്ള ജകറാന്‍ഡാ മരങ്ങള്‍ പൂവിടുന്ന സമയമാണ് ഈ സ്ട്രീറ്റ് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം. പ്രകൃതി ഭംഗിയില്‍ അലിഞ്ഞില്ലാതാവാന്‍ ഇവിടേക്കുള്ള യാത്ര സഹായിക്കും.

ജോധ്പൂര്‍ സ്ട്രീറ്റ്

ജോധ്പൂര്‍ സ്ട്രീറ്റ്

നീലനഗരം എന്നറിയപ്പെടുന്ന ജോധ്പൂര്‍ ലോകത്തിലെ തന്നെ അറിയപ്പെടുന്ന തെരുവുകളിലൊന്നാണ്. രാജസ്ഥാന്‍റെ ചരിത്രവും പൈതൃകവും ജീവിതവുമെല്ലാം കാണിക്കുന്ന കാഴ്ചകള്‍ ഇവിടെ അനുഭവിച്ചറിയാം. നീലച്ചായം പൂശിയ വീടുകള്‍ക്കി‌ടയിലെ ഇടവഴികളിലൂടെയുള്ള നടത്തവും മെഹ്റാന്‍ഗാധ് കോട്ടയില്‍ നിന്നുള്ള നഗരത്തിന്റെ കാഴ്ചയും ജോധ്പൂര്‍ തരുന്ന സുഖങ്ങളാണ്. അലഞ്ഞുതിരിയല്‍ തന്നെയാണ് ഇവിടേക്കുള്ള യാത്രയുടെ സുഖം.

ബ്രെഗാഗ് റോഡ്, കൗണ്ടി ആന്‍റ്റിം, നോര്‍ത്തേണ്‍ ഐലന്‍ഡ്

ബ്രെഗാഗ് റോഡ്, കൗണ്ടി ആന്‍റ്റിം, നോര്‍ത്തേണ്‍ ഐലന്‍ഡ്

ബീച്ച് മരങ്ങളുടെ അതിമനോഹരമായ കാഴ്ചയൊരുക്കുന്ന ഇടമാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ കൗണ്ടി ആന്‍റ്റിമിലെ ബ്രെഗാഗ് റോഡ്. പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന അതിമനോഹരങ്ങളായ കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത. ഡാര്‍ക് ഹെഡ്ജസ് ട്രീ ടണല്‍ എന്നുമിതിനു പേരുണ്ട്. ഒഴിവുദിവസങ്ങള്‍ ആസ്വദിക്കുവാനും വൈകുന്നേരങ്ങള്‍ ചിലവഴിക്കുവാനും ഇവിടം തിരഞ്ഞെടുക്കാം. മരങ്ങള്‍ ചേര്‍ന്ന് ഒരു ടണല്‍ രൂപപ്പെടുത്തിയിരിക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത.
ഗെയിം ഓഫ് ത്രോണ്‍സ്, ട്രാന്‍സ്ഫോമേഴ്സ്, ദ ലാസ്റ്റ് നൈറ്റ് തു‌ടങ്ങിയ ചിത്രങ്ങളിലും ഷോകളിലും ഈ സ്ഥലം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

PC:Colin Park

വിയാ ഡേയ് ക‌ൊറോനാറി, റോം, ഇറ്റലി

വിയാ ഡേയ് ക‌ൊറോനാറി, റോം, ഇറ്റലി

ഇറ്റലിയേക്കുള്ള യാത്രയില്‍ ലിസ്റ്റില്‍ ആദ്യമുണ്ടാവുക പിസയും പിന്നെ മറ്റ് ഇറ്റാലിയന്‍ സ്പെഷ്യല്‍ ഭക്ഷണങ്ങളുമായിരിക്കും. അടുത്തതായി തീര്‍ച്ചയായും ലിസ്റ്റില്‍ ഇടം നേടുക ഇവിടുത്തെ തെരുവുകള്‍ തന്നെയാണ്. കഫേകളും ഷോപ്പുകളും നിറഞ്ഞ ഇറ്റലിയിലെ തെരുവുകള്‍ ഓരോ സഞ്ചാരിയേയും ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. റോമന്‍ കാലഘട്ടത്തില്‍ തന്നെ നിര്‍മ്മിച്ചിട്ടുള്ള ഈ തെരുവും റോഡും പഴയ കെട്ടിടങ്ങളും അതിമനോഹരമായ കാഴ്ചയാണ് സന്ദര്‍ശകര്‍ക്ക് നല്കുന്നത്.

PC:Veronidae

ദ ഫിലോസഫേഴ്സ് വാക്ക്, ക്യോട്ടോ, ജപ്പാന്‍

ദ ഫിലോസഫേഴ്സ് വാക്ക്, ക്യോട്ടോ, ജപ്പാന്‍

ജപ്പാനിലെത്തിയി‌ട്ട് ചെറിപ്പൂക്കളുടെ ആഘോഷം കൂടിയില്ലങ്കില്‍ അതിലും വലിയൊരു നഷ്ടമില്ല. സകുറ എന്ന സ്ഥലത്തു നടക്കുന്ന ഈ ആഘോഷം ജപ്പാനിലെത്തുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. കല്ലുകള്‍ പതിപ്പിച്ച ദ ഫിലോസഫേഴ്സ് വാക്കില്‍ ഇരുവശവും പൂത്തു നില്‍ക്കുന്ന ചെറിമരങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും നല്കുക. ചെറിയ ചെറിയ ക്ഷേത്രങ്ങളും ഇവിടെ കാണാം.
PC:KimonBerlin

ഓള്‍ഡ് ടൗണ്‍, മൗകോനോസ്, ഗ്രീസ്

ഓള്‍ഡ് ടൗണ്‍, മൗകോനോസ്, ഗ്രീസ്

ഗ്രീസ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്ന ചില ചിത്രങ്ങളില്ലേ? വെള്ളച്ചായമടിച്ച വീടുകളും അവയ്ക്ക് അഭിമുഖമായി നില്‍ക്കുന്ന നീലനിറത്തിലുള്ള കടലും. ജീവിതത്തിലൊരിക്കലെങ്കിലും ഈ കാഴ്ച കാണണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. ഗ്രീസിലെ മൗകോനോസിലെ ഓള്‍ഡ് ടൗണ്‍ ഇത്തരം കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്.

റുവാ ലൂയിസ് ഡി കാമോസ്, പോര്‍ച്ചുഗല്‍

റുവാ ലൂയിസ് ഡി കാമോസ്, പോര്‍ച്ചുഗല്‍

ഒരു തെരുവിന് മുകളിലായി നിറയെ കുടകള്‍ നിവര്‍ത്തി വെച്ചുള്ള കാഴ്ച ഒന്നാലോചിച്ചു നോക്കിയെ? നിരവധി നിറങ്ങളിലുള്ള കുടകള്‍ ആകാശത്ത് ഇങ്ങനെ വിടര്‍ന്നു നില്‍ക്കുന്നത് എന്തു രസമായിരിക്കും. ഇങ്ങനെയൊരു കാഴ്ചയാണ് പോര്‍ച്ചുഗലിലെ റുവാ ലൂയിസ് ഡി കാമോസ് തെരുവ് സന്ദര്‍ശകര്‍ക്കായി നല്കുന്നത്.

300 വര്‍ഷത്തിനു ശേഷം സഞ്ചാരികള്‍ക്ക് സ്വാഗതമരുളി ഈ ദ്വീപ്300 വര്‍ഷത്തിനു ശേഷം സഞ്ചാരികള്‍ക്ക് സ്വാഗതമരുളി ഈ ദ്വീപ്

ഒരൊറ്റ വീടും കുഞ്ഞു മരവും, പ‌ത്ത‌ടി നടന്നാല്‍ കടലില്‍!ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!!ഒരൊറ്റ വീടും കുഞ്ഞു മരവും, പ‌ത്ത‌ടി നടന്നാല്‍ കടലില്‍!ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!!

Read more about: street jodhpur food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X