Search
  • Follow NativePlanet
Share
» »ഗോകര്‍ണത്തിലെ രണ്ടുനാളുകള്‍

ഗോകര്‍ണത്തിലെ രണ്ടുനാളുകള്‍

By രാകേഷ് പി സി

ഉത്തരകര്‍ണാടകത്തിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ ഗോകര്‍ണം സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായത് അവിടുത്തെ ബീച്ചുകളിലൂടെയാണ്. അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗോകര്‍ണത്തിലേക്ക് മംഗലാപുരത്ത് നിന്ന് 271 കിലോമീറ്റര്‍ ആണ് ദൂരം. സഞ്ചാരിയും ബ്ലോഗറുമായ രാകേഷ് പി സി ഗോകര്‍ണം യാത്രയേക്കുറിച്ച് എഴുതുന്നു.

ഗോകര്‍ണത്തിലെ രണ്ടുനാളുകള്‍

Photo : Rakesh PC

ഗോകര്‍ണയിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

ഗോകര്‍ണ്ണയില്‍ പോയാലോ, അധികമൊന്നും ചിന്തിക്കാതെയാണ് ഗോകര്‍ണ്ണയിലേക്ക് യാത്ര ചെയ്യാന്‍ തീരുമാനിച്ചത്. യാത്രയ്ക്കുള്ള തീരുമാനമെടുത്തത് വടകരയില്‍ നിന്നായിരുന്നു. അതാണെങ്കില്‍ ട്രെയിനുകളെല്ലാം പോയിക്കഴിഞ്ഞ രാത്രി ഒന്‍പത് മണി നേരത്ത്. പിന്നെ ഒരു വിധത്തില്‍ കണ്ണൂര്‍ വരെയുള്ള ട്രെയിനില്‍ കയറി കണ്ണൂരില്‍ എത്തിച്ചേര്‍ന്നു. കണ്ണൂരില്‍ എത്തിയപ്പോള്‍ അടുത്ത ട്രെയിന്‍ ഈസ്റ്റ് കോസ്റ്റ് ആണ്, ഒരു ഞായറാഴ്ച്ച രാത്രി ഈസ്റ്റ് കോസ്റ്റിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയാല്‍ തടി കഷായമാവും എന്നറിയാവുന്നതു കൊണ്ട് അവിടെ നിന്നും മംഗലാപുരം വരെ ബസ്സിനെ ആശ്രയിച്ചു, അതും രണ്ട് ബസ്സ് മാറി കയറി.

മംഗലാപുരത്ത് നിന്നും പുലര്‍ച്ചെ ഗോവ പാസഞ്ചര്‍ ഉണ്ട്. അതില്‍ കയറി, ആളുകുറഞ്ഞ ഭാഗത്ത് നീട്ടി വിരിച്ചു കിടന്നു ഭേഷായി ഉറങ്ങി. ഉറക്കം ഉണര്‍ന്ന് അധികം താമസിക്കാതെ ഗോകര്‍ണ്ണയില്‍ എത്തി. പിന്നെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടൗണിലേക്ക് ബസ്സു കയറി. ബസ്സിലെ ശബ്ദം ട്രെയിനില്‍ നിന്ന് അധികം വിഭിന്നമായിരുന്നില്ല. എന്തായാലും ഒരു ഉപ്പു പാടത്തിനു നടുവിലൂടെ പോയ ബസ് ഗോകര്‍ണ്ണ സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിച്ചു.

സ്റ്റാന്‍ഡില്‍ നിന്നും പുറത്തിറങ്ങിയ വഴി മുതല്‍ ചെറു കച്ചവട സ്ഥാപനങ്ങള്‍ ആണ്. പരുത്തി തുണികള്‍, പുരാതന വസ്തുക്കള്‍, ആഭരണങ്ങള്‍, പൂജ ദ്രവ്യങ്ങള്‍, വാദ്യോപകരണങ്ങള്‍ എന്നുവേണ്ട ഒരു വിദേശിയെ ആകര്‍ഷിക്കാന്‍ വേണ്ട ഏതു സംഗതിയും ഇവിടെ ഉണ്ട്. ഗോകര്‍ണ്ണം ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്. പക്ഷെ ഞങ്ങളുടെ ഈ യാത്രയില്‍ ലക്ഷ്യം ബീച്ചുകള്‍ ആണ്. ആദ്യം ഒന്നുരണ്ടു കടകളില്‍ കയറി കുര്‍ത്തയും ചെരിപ്പും വാങ്ങി. പിന്നെ നടക്കാന്‍ തുടങ്ങി.

ഗോകര്‍ണത്തിലെ രണ്ടുനാളുകള്‍

Photo: Rakesh PC

പലരോടും വഴിചോദിച്ച് നടക്കുമ്പോള്‍ ഓട്ടോപിടിക്കാനായിരുന്നു അവരുടെ ഉപദേശം. പക്ഷെ നടക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. ഗോകര്‍ണ്ണയുടെ തെരുവിലെ ഇടുങ്ങിയ വഴികളിലൂടെ വഴി അന്വേഷിച്ചു ഉറപ്പിച്ചു ഞങ്ങള്‍ നടന്നു. വഴി കൂടുതല്‍ ഇടുങ്ങി തുടങ്ങി. കുത്തനയുള്ള, കോണ്‍ക്രീറ്റ് ചെയ്ത വഴിയിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. ശ്വാസം വലിച്ചു വിട്ടു നടന്നു കയറിയപ്പോള്‍ ഒരു വലിയ വെട്ടുകല്‍ പാറക്കുന്ന്!. അതില്‍ അവിടിവിടെയായി കരിഞ്ഞുണങ്ങിയ പുല്ലുകള്‍. അതിനുമപ്പുറം ദൂരെ, നീലനിറം പൂണ്ട് ഗര്‍ജിക്കുന്ന അറബിക്കടല്‍. കുന്നുകയറിയതിന്റെ കിതപ്പോടുകൂടിയാണ് അതിന്റെ സൗന്ദര്യം ഞങ്ങള്‍ ആസ്വദിച്ചത്.

ഗോകര്‍ണത്തിലെ രണ്ടുനാളുകള്‍

Photo: Rakesh PC

വഴി തെറ്റിയോ

ഞങ്ങള്‍ നടന്നുപോകുന്ന വഴിയില്‍ ആളുകള്‍ ആരും ഇല്ലായിരുന്നു. അപ്പോള്‍ വഴിതെറ്റിയോ എന്ന് ചെറുതായി സംശയിച്ചു പോയി. കുറച്ചു നേരം കൂടെ നടന്നപ്പോള്‍ ചില വിദേശികളെ കണ്ടു. അവരോടു വഴിചോദിച്ചു, തെറ്റിയില്ല എന്നുറപ്പിച്ചു. അങ്ങനെ ഏതാണ്ട് രണ്ടു കിലോമീറ്റര്‍ നടന്നു കഴിഞ്ഞപ്പോള്‍ കുഡ്‌ളെ ബീച്ചിലേക്ക് ഇറങ്ങാനുള്ള വഴി കണ്ടു.

പലനാളായുള്ള മനുഷ്യ സഞ്ചാരം കൊണ്ട് സ്വയം ആകൃതികൊണ്ട വെട്ടുകല്‍ പടികള്‍, ഇടവഴികള്‍. നേരെ ഇറങ്ങി ചെന്നത് ബീച്ചില്‍. ബീച്ച് ഷാക്ക് എന്നറിയപ്പെടുന്ന ചെറു കുടിലുകളും റസ്റ്ററെന്റുകളുമായിരുന്നു തീരം മുഴുവനും. അവശ്യ സൗകര്യങ്ങള്‍ മാത്രമുള്ള ഓലമേഞ്ഞ കുടിലുകള്‍ ആണ് ഷാക്കുകള്‍. സഞ്ചാരികള്‍ കൂടുതലും തങ്ങുന്നത് ചിലവു കുറഞ്ഞ ഇത്തരം ഷാക്കുകളില്‍ ആണ്.

ഗോകര്‍ണത്തിലെ രണ്ടുനാളുകള്‍

Photo: Rakesh PC

അതില്‍ ഓം ശാന്തി കഫെ എന്ന് പേരുള്ള ഒരു ഷാക്കില്‍ ഞങ്ങള്‍ താമസിക്കാന്‍ ഉറപ്പിച്ചു. രണ്ടാള്‍ക്ക് താമസിക്കാന്‍ ഒരു ദിവസത്തെ ചെലവ് വെറും 200 രൂപ. ഇനി ഷാക്കിലെ ഫെസിലിറ്റികളെക്കുറിച്ച് വിവരിക്കാം. മണ്ണുതറയില്‍ വിരിച്ച രണ്ട് മെത്തകള്‍, മിന്നാമിനുങ്ങ് പോലെ നുറുങ്ങു വെട്ടം തരുന്ന ഒരു സീറോ ബള്‍ബ്, ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, കൊതുക് വല, പുറത്തുള്ള ഓല മേഞ്ഞ ബാത്ത്‌റൂം വരെ വിത്ത് വൈഫൈ. 200 രൂപയ്ക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം.

ഗോകര്‍ണത്തിലെ രണ്ടുനാളുകള്‍

ഷാക്കില്‍ ബാഗ് വച്ചു ഒരു ചെറിയ കുളി പാസ്സാക്കി ഞങ്ങള്‍ മുന്‍പിലെ റസ്റ്ററെന്റില്‍ പോയി ഇരുന്നു. അവിടം വിദേശികള്‍ കയ്യടക്കിയിരിക്കുകയാണ്. മിക്കവരും ഹൈന്ദവ ചിഹ്നങ്ങളും ദൈവ രൂപങ്ങളും ഉള്ള പരുത്തി വേഷങ്ങളില്‍. മുടിനീട്ടി ജഡ പിടിപ്പിച്ചു നടക്കുന്നവര്‍, ലക്ഷ്യമില്ലാതെ എങ്ങോ കണ്ണെറിഞ്ഞു ചിന്തിച്ചിരിക്കുന്നവര്‍, ധ്യനിക്കുന്നവര്‍, വായനയില്‍ ലയിച്ചിരിക്കുന്നവര്‍, ചിത്രം വരക്കുന്നവര്‍ അങ്ങനയങ്ങനെ പലകൂട്ടര്‍ ഉണ്ട്..

ഞങ്ങളുടെ പുറകില്‍ ഇരുന്ന പ്രായമേറിയ ഒരാള്‍ വളരെ പരസ്യമായി തന്നെ റോളിംഗ് പേപ്പറില്‍ കഞ്ചാവ് ചുരുട്ടി കത്തിച്ചു വലി തുടങ്ങി. ഒരു കൂസലും ഇല്ലാതെ. പിന്നെ പിന്നെ ഇതൊരു പതിവ് കഴ്ച്ചയായി. അവിടെ പ്രായവും ലിംഗവും രാഷ്ട്രവും ഒന്നും അതിരുകളായില്ല. ഗഞ്ചാ ഗോകര്‍ണ്ണയുടെ ആത്മഗന്ധമാണ് എന്ന് ഞാന്‍ മനസിലാക്കാന്‍ തുടങ്ങി.

ഓം ബീച്ചിലേക്ക്

അത്യാവശ്യം ഭക്ഷണവും കഴിഞ്ഞു ക്യാമറയും തൂക്കി ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. ഓം ബീച്ച് ആണ് ലക്ഷ്യം. കുഡ്‌ളെ കഴിഞ്ഞു, ഒരു ചെറിയ കുന്നും താണ്ടി വേണം അങ്ങെത്താന്‍. അത് വഴി നടന്നു കയറി ഇറങ്ങി ചെല്ലുമ്പോള്‍ 'ഓം' (മലയാളത്തില്‍ അല്ല) എന്ന ആകൃതിയില്‍ ഒരു കടല്‍ തീരം. അതാണ് ഓം ബീച്ച്. ഇവിടെ വിദേശികള്‍ മാത്രമല്ല ഇന്ത്യക്കാരും ഒരുപാടുണ്ട്.. കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നത് ഇവിടെയാണ്. ഒരു നല്ല സായാഹ്നം ക്യമറയിലും മനസിലും പകര്‍ത്തി, ഞങ്ങള്‍ ഇരുളാന്‍ തുടങ്ങിയ ആ അപരിചിത പാതയിലൂടെ കൂടുതല്‍ ശാന്തമായ കുഡ്‌ളെയിലേക്ക് തന്നെ തിരിച്ചു നടന്നു.

ഗോകര്‍ണത്തിലെ ബീച്ചുകളെ കുറിച്ച് വായിക്കാംഗോകര്‍ണത്തിലെ ബീച്ചുകളെ കുറിച്ച് വായിക്കാം

തിരിച്ചെത്തിയപ്പോഴേക്കും റസ്റ്ററെന്റുകളില്‍ അലങ്കാര വിളക്കുകള്‍ തെളിഞ്ഞിരുന്നു. ചില്ലു വിളക്കുകളിലെ ആ മങ്ങിയ നിറ വെളിച്ചം, കടലിന്റെ താളത്തില്‍ ഉള്ള ഇരമ്പലുകള്‍, കടല്‍ത്തീരത്ത് വട്ടമിട്ടിരുന്നു. വിദേശികള്‍ കെട്ടഴിച്ചു വിട്ട പാശ്ചാത്യ സംഗീതം, കാറ്റില്‍ ഇഴുകി ചേര്‍ന്ന ഗഞ്ചാ മണം.. എല്ലാം കൂടെ ആ രാത്രിക്ക് ഇരട്ടി പൊലിമയേകി.

ഗോകര്‍ണത്തിലെ രണ്ടുനാളുകള്‍

അത്താഴം കഴിഞ്ഞു കിടന്നയുടനെ ഉറക്കത്തിലേക്ക് വഴുതി. പാതി രാത്രിയില്‍ എന്റെ കാല്‍ ചുവട്ടില്‍ എന്തോ അനക്കം അനുഭവപ്പെട്ടു. മൊബൈലിന്റെ വെളിച്ചത്തില്‍ എന്റെ കാല്‍ചുവട്ടില്‍ ഒരു പട്ടി കിടന്നുറങ്ങുന്നത് കണ്ടു. അത് എന്റെ കിടക്കയുടെ കാല്‍ ഭാഗം കൈവശപ്പെടുത്തിയിരിക്കുന്നു. പെട്ടന്ന് എഴുന്നേറ്റു ലൈറ്റ് ഇട്ടു. അപ്പോഴാണ് കണ്ടത്, ഒന്നല്ല രണ്ടെണ്ണം ഉണ്ട്.. ഷാക്കിന്റെ വിടവിലൂടെ അകത്തു കയറിക്കൂടിയതാണ്...രണ്ടിനെയും ഞാന്‍ ഇറക്കി വിട്ടു കതകു മുറുക്കിയടച്ചു. ഹല്ല പിന്നെ..!!

പിറ്റേന്ന് രാവിലെ എഴുന്നേറ്റു പുറത്തു നോക്കിയപ്പോള്‍ മിക്ക വിദേശികളും വ്യായാമത്തിലും യോഗയിലും എല്ലാം മുഴുകിയിരിക്കുന്നു...കുളിച്ചൊരുങ്ങി ബാഗെടുത്തു ഞങ്ങള്‍ ആ തീരത്തോട് യാത്രചൊല്ലി.. തീര്‍ച്ചയായും ഇനിയും വരും എന്ന മനസ്സുമായി...!!

രാകേഷ് പി സി യുടെ ബ്ലോഗുകൾ വായിക്കാം

Read more about: karnataka beaches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X