» »ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് നമ്മുടെ നാട്ടിലോ?

ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് നമ്മുടെ നാട്ടിലോ?

Written By: Elizabath Joseph

ഗുവാഹത്തിയില്‍ നിന്നും അധികം അകലയോ ഒത്തിരി അടുത്തോ അല്ല, പരന്നു ഒഴുകുന്ന ബ്രഹ്മപുത്ര നദിയില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപ്.
ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപ് എന്ന വിശേഷണത്തിനര്‍ഹമായ ഒരു കൊച്ചു ദ്വീപ്. വലുപ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഈ വിസ്മയം ഉള്ളത്. ഉമാനന്ദ എന്ന പേരും ഇവിടുട്ടെത്ത ചരിത്രവും ആചാരങ്ങളും എല്ലാം ആരെയും ഒന്നിരുത്തി വായിപ്പിക്കാന്‍ പോന്നതുതന്നെയാണ്. അപൂര്‍വ്വമായ ജീവജാലങ്ങള്‍ വസിക്കുന്ന, വ്യത്യസ്തമായ കഥകള്‍ നിറഞ്ഞ ഉമാനന്ദ ദ്വീപിന്റെ അതിശയിപ്പിക്കുന്ന വിശേഷങ്ങള്‍....

എവിടെയാണിത്?

എവിടെയാണിത്?

ഉമാനന്ദ എന്ന പേരു കേള്‍ക്കുമ്പോല്‍ ഈ ദ്വീപ് ദക്ഷിണേന്ത്യയില്‍ എവിടെയോ ആണെന്നാവും നമുക്ക് ആദ്യം തോന്നുക. എന്നാല്‍ വടക്കു കിഴക്കന്‍ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന ആസാമിലെ ഗുവാഹത്തിക്ക് സമീപമാണ് ഉമാനന്ദ ദ്വീപ് സ്ഥിതി ചെയ്യുന്നത്. കുറച്ച് കൂടി വ്യക്തമായി പറയുകയാണെങ്കില്‍ ബ്രഹ്മപുത്ര നദിക്ക് നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത് എന്നും പറയാം. അതായത് നോര്‍ത്ത് ഗുവാഹത്തിക്കും സൗത്ത് ഗുവാഹത്തിക്കും നടുവിലായി.

എങ്ങനെ പോകാം

എങ്ങനെ പോകാം

അസമിലെ ഏറ്റവും വലിയ നഗരമായാണ് ഗുവാഹത്തി അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടം കൂടിയാണിത്. ബ്രഹ്മപുത്ര നദിയുടെ തീരത്തായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:Aniruddha Buragohain

വിമാനം വഴി

വിമാനം വഴി

കേരളത്തില്‍ നിന്നും വിമാനമാര്‍ഗ്ഗം പോകുന്നവര്‍ക്ക് കൊച്ചിയില്‍ നിന്നോ തിരുവനന്തപുരത്തു നിന്നോ യാത്ര ആരംഭിക്കാം. ഇവിടെ നിന്നും ഗുവാഹത്തിയിലേക്ക് വിമാന സര്‍വ്വീസ് ലഭ്യമാണ്. അല്ലാത്തപക്ഷം ഡെല്‍ഹിയില്‍ എത്തി അവിടെ നിന്നും പോകാം. ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോളോയ് അന്താരാഷ്ട്ര വിമാനത്താവളമാണ് ഇവിടുത്തെ വിമാനത്താവളം. ഗുവാഹത്തിയില്‍ നിന്നും 26.2 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ഫെറി വരെ ബസിലും അവിടുന്ന് ബോട്ടിലും സഞ്ചരിച്ച് ദ്വീപിലെത്താം.

ബസ്

ബസ്

കേരളത്തില്‍ നിന്നും ബസ് വഴി ഇവിടേക്കുള്ള യാത്ര വളരെ മടുപ്പുളവാക്കുന്നതിനാല്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

ട്രെയിന്‍

ട്രെയിന്‍

ദക്ഷിണേന്ത്യയില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ട്രെയിന്‍ മാര്‍ഗ്ഗമുള്ള യാത്ര തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. അധികം ക്ഷീണമില്ലാതെയും കുറഞ്ഞ ചിലവിലും ഇവിടെ എത്താന്‍ സാധിക്കും എന്നതു തന്നെയാണ് ഇതിനുള്ള പ്രധാന കാരണം.
ഡെല്‍ഹി, ബാംഗ്ലൂര്‍, തിരുവനന്തപുരം, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഗുവാഹ്തതിയിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ലഭ്യമാണ്. വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ ഗുവാഹതിയിലാണ് സ്ഥിതി ചെയ്യുന്നത്.

ഗുവാഹത്തിയിലെത്തിയാല്‍

ഗുവാഹത്തിയിലെത്തിയാല്‍

ഗുവാഹത്തിയിലെത്തിയാല്‍ ഇവിടെ നിന്നും ഉമാനന്ദ ദ്വീപിലേക്കുള്ള യാത്ര എളുപ്പമാണ്. ഗുവാഹത്തിയില്‍ നിന്നും ഇതിനായി ആദ്യം ഗുവാഹത്തി ഫെറിയുടെ സമീപത്തെത്തണം. ഇവിടെ നിന്നാണ് ദ്വീപിലേക്കുള്ള ബോട്ട് സര്‍വ്വീസ് നടക്കുന്നത്. ഇവിടെ നിന്നും 10 മിനിട്ട് ഇടവേളയില്‍ ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. മോട്ടോര്‍ ബോട്ട് സര്‍വീസുകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ്. വെറും പത്ത് മിനിട്ട് ബോട്ട് യാത്ര മതി ദ്വീപിലെത്താന്‍.

പീകോക്ക് ഐലന്‍ഡ് അഥവാ ഉമാനന്ദ ദ്വീപ്

പീകോക്ക് ഐലന്‍ഡ് അഥവാ ഉമാനന്ദ ദ്വീപ്

ഉമാനന്ദ ദ്വീപ് അതിന്റെ രൂപം കൊണ്ട് പീകോക്ക് ഐലന്‍ഡ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ബ്രിട്ടീഷുകാരാണ് ദ്വീപിന്റെ രൂപത്തിന് മയിലിനോടുള്ള സാദൃശ്യം മനസ്സിലാക്കി ഇതിനെ പീകോക്ക് ഐലന്‍ഡ് എന്നു വിളിച്ചത്.

PC:Kinshuk Kashyap

ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപ്

ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപ്

ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപ് എന്ന വിശേഷണം ഉമാനന്ദ ദ്വീപിന് സ്വന്തമാണ്. നിരവധി ഗോത്രവിഭാഗക്കാര്‍ അടക്കമുള്ള ആളുകളാണ് ഇവിടുത്തെ നിവാസികളില്‍ അധികവും. വടക്കു കിഴക്കന്‍ ഇന്ത്യയുടെ ചെറിയൊരു പരിഛേദനം ഇവിടെ നിന്നും സന്ദര്‍ശകര്‍ക്ക് കാണുവാന്‍ സാധിക്കും. തികച്ചും സാധാരണക്കാരായ ആളുകള്‍ വസിക്കുന്ന ഇവിടം നാഗരികതയുടെ കടന്നു കയറ്റങ്ങള്‍ ഇനിയും എത്തിയിട്ടില്ലാത്ത ഒരു വിശുദ്ധ ഗ്രാമഭൂമിയാണ് എന്ന് നിസംശയം പറയാന്‍ സാധിക്കും.

PC:Subhrajit

തപസ്സു മുടക്കാനെത്തിയ കാമദേവനെ ശിവന്‍ ഭസ്മമാക്കിയ ഇടം!

തപസ്സു മുടക്കാനെത്തിയ കാമദേവനെ ശിവന്‍ ഭസ്മമാക്കിയ ഇടം!

ഉമാനന്ദ ദ്വീപുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങളും കഥകളും നിലനില്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തപസ്സു മുടക്കാനെത്തിയ കാമദേവനെ ശിവന്‍ ഭസ്മമാക്കിയ കഥ. തന്റെ ഭാര്യയായ പാര്‍വ്വതി ദേവിക്കു വേണ്ടി ശിവന്‍ നിര്‍മ്മിച്ച ദ്വീപാണ് ഉമാനന്ദ ദ്വീപ്. പാര്‍വ്വതിയുടെ സന്തോഷവും ആനന്ദങ്ങളും പരിഗണിച്ചാണത്രെ ശിവന്‍ ഈ ദ്വീപ് നിര്‍മ്മിച്ചത്. പിന്നീട് ഇവിടെ ഭയാനന്ദ എന്ന പേരില്‍ ശിവന്‍ താമസവും ആരംഭിച്ചു. സ്വസ്ഥമായി തപസ് ചെയ്യുക എന്ന ഉദ്ദേശത്തിലാണ് ശിവന്‍ തപസ് ആരംഭിച്ചത്. എന്നാല്‍ ഒരിക്കല്‍ ഇവിടെ എത്തിയ കാമദേവന്‍ ശിവന്റെ തപസ്സ മുടക്കാന്‍ ഒരു ശ്രമം നടത്തി. ഇതില്‍ കോപിതനായി തപസ് നിര്‍ത്തി എണീറ്റ ശിവന്‍ കാമദേവനെ ഭസ്മമായി പോകട്ടെ എന്നു പറഞ്ഞു തന്റെ തൃക്കണ്ണ് വെച്ച് ചാമ്പലാക്കിയത്രെ. അങ്ങനെ കാമദേവന്‍ ഭസ്മമായി മാറിയ സ്ഥലമായാണ് ഇവിടം പുരാണങ്ങളില്‍ അറിയപ്പെടുന്നത്. ഭസ്മാചല്‍ എന്നും ഈ സ്ഥലത്തിന് പേരുണ്ട്. കലികപുരാണത്തിലാണ് ഈ സ്ഥലത്തെക്കുറിച്ച് പറയുന്നത്.

PC: Youtube

 ഉമാനന്ദ ക്ഷേത്രം

ഉമാനന്ദ ക്ഷേത്രം

ദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഇവിടെ സ്ഥിതി ചെയ്യുന്ന ഉമാനന്ദ ക്ഷേത്രം. അഹോം രാജാവായിരുന്ന ഗദാദാര്‍ സിംഗ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. 1964 ല്‍ ആയിരുന്നു ഇതിന്റെ നിര്‍മ്മാണം. ആസാമിലെ ശൈവവിശ്വാസികളുടെ പ്രധാന ആരാധനാലയങ്ങളില്‍ ഒന്നുകൂടിയാണിത്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഭസ്മാചല കുന്ന് എന്നാണ് അറിയപ്പെടുന്നത്. ഇതിനു കാരമം മുന്‍പ് പറഞ്ഞ കഥ തന്നെയാണ്.
1897 ല്‍ ഇവിടെ ഉണ്ടായ വലിയ ഭൂചലനത്തില്‍ ക്ഷേത്രം നശിച്ചെങ്കിലും പിന്നീട് അത് പുനര്‍നിര്‍മ്മിക്കുകയായിരുന്നു. കല്ലില്‍ കൊത്തിയത് ആയിരുന്നു ഈ ക്ഷേത്രം ആദ്യം ആസാമീസ് വാസ്തുവിദ്യയുടെ എല്ലാ ഘടകങ്ങളും ഇവിടെ ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ കാണുവാന്‍ സാധിക്കും. പ്രധാന ക്ഷേത്രത്തില്‍ എത്തണമെങ്കില്‍ കുത്തനെയുള്ള പടികള്‍ കയറണം.

PC:Rajuonline

 പ്രധാന ആഘോഷങ്ങള്‍

പ്രധാന ആഘോഷങ്ങള്‍

മഹാ ശിവരാത്രിയാണ് ദ്വീപിലെ ഏറ്റവും വലിയ ആഘോഷം. ശിവനുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങള്‍ക്കും ഇവിടെ വലിയ പ്രാധാന്യം കാണാന്‍ സാധിക്കും. മാത്രമല്ല, തിങ്കളാഴ്ചകളിലും പൗര്‍ണ്ണമി ദിവസങ്ങളിലും ഇവിടെ വന്ന് പ്രാര്‍ഥിച്ചാല്‍ ഇരട്ടി ഫലം ഉണ്ടാകുമെന്നാണ് ആളുകളുടെ വിശ്വാസം.

PC:Ashwin Ganesh M

കുട്ടികളുണ്ടാകുവാന്‍

കുട്ടികളുണ്ടാകുവാന്‍

കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഈ ക്ഷേത്രത്തില്‍ വന്നു പ്രാര്‍ഥിക്കുകയും നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്താല്‍ കുട്ടികള്‍ ഉണ്ടാകുമെന്ന് ഒരു വിശ്വാസമുണ്ട്. അതുകൊണ്ട് ക്ഷേത്രത്തില്‍ എല്ലാ ദിവസങ്ങളിലും പ്രത്യേകിച്ച് തിങ്കളാഴ്ചകളിലും പൗര്‍ണ്ണമി ദിവസങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

PC:Vishma thapa

വൈകുന്നേരങ്ങള്‍ ചിലവിടാന്‍

വൈകുന്നേരങ്ങള്‍ ചിലവിടാന്‍

വടക്കു കിഴക്കന്‍ ഇന്ത്യയുടെയും ആസാമിന്റെയും വ്യത്യസ്തമായ അനുഭവങ്ങള്‍ ലഭിക്കുന്ന ഒരിടമാണ് ഉമാനന്ദ ദ്വീപ്. ഒഴിവു സമയങ്ങള്‍ ചിലവഴിക്കാന്‍ വിദേശികള്‍ മാത്രമലല്, തദ്ദേശിയരായ ആളുകളും ഇവിടം തിരഞ്ഞെടുക്കാറുണ്ട്. മാത്രമല്ല, ഇവിടുത്തെ സൂര്യാസ്തമയം കാണാനും ആളുകള്‍ എത്താറുണ്ട്.

PC:Vikramjit Kakati

 ഗോള്‍ഡന്‍ ലാംഗര്‍

ഗോള്‍ഡന്‍ ലാംഗര്‍

ലോകത്തില്‍ തന്നെ ഏറെ അപൂര്‍വ്വമായി കാണപ്പെടുന്ന വാനരവിഭാഗങ്ങളിലൊന്നാണ് ഗോള്‍ഡന്‍ ലാംഗര്‍
ഗീസ് ഗോള്‍ഡന്‍ ലാംഗര്‍ എന്നും ഇവ അറിയപ്പെടുന്നു. ആസാമില്‍ ഉമാനന്ദ ദ്വീപില്‍ മാത്രം കാണപ്പെടുന്ന ഇവ ഇവിടുത്തെ ഏറ്റവും അപൂര്‍വ്വ കാഴ്ചകളില്‍ ഒന്നാണ്. ഇന്ത്യയില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഗോള്‍ഡന്‍ ലാംഗര്‍ ഉള്ളത്.

PC:Amartyabag

Read more about: north east assam temples travel

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...