» »മഹാരാഷ്ട്രയിലെ ലോകപൈതൃക കേന്ദ്രങ്ങള്‍ അറിയുമോ?

മഹാരാഷ്ട്രയിലെ ലോകപൈതൃക കേന്ദ്രങ്ങള്‍ അറിയുമോ?

Written By: Elizabath Joseph

അതിജീവനത്തിന്റെയും വികസനത്തിന്റെയും കഥകള്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളായി സൂക്ഷിക്കുന്നവയാണ് നമ്മുടെ രാജ്യത്തെ ഓരോ നഗരങ്ങളും...അതുകൊണ്ടുതന്നെ കുറഞ്ഞ വാക്കുകളില്‍ ഒന്നും ഇന്ത്യയുടെ ചരിത്രം എഴുതുക എന്നത് ഏറെ അസാധ്യമായിട്ടുള്ള ഒരു കാര്യമാണ്. ക്രിസ്തുവിനും മുന്‍പേ ചരിത്രത്തില്‍ കടന്നു വന്നിട്ടുള്ള ഒട്ടേറെ നഗരങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തില്‍ പ്രധാനപ്പെട്ട ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര.
മഹാരാഷ്ട്രയുടെ ചരിത്രം പരിശോധിച്ചാല്‍ ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒട്ടേറെ സ്ഥലങ്ങള്‍ ഇവിടെ ഉണ്ട് എന്ന് മനസ്സിലാക്കാന്‍ സാധിക്കും. കൂടാതെ ഇന്ത്യയിലെ യുനസ്‌കോ അംഗീകരിച്ച 36 ലോക പൈതൃക സ്മാരകങ്ങളില്‍ നാല് എണ്ണവും സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിലെ ലോക പൈതൃക സ്മാരകങ്ങള്‍ പരിചയപ്പെടാം...

 എല്ലോറ ഗുഹകള്‍

എല്ലോറ ഗുഹകള്‍

ലോകത്തിലെ ഏറ്റവും മികച്ച സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഒന്നാണ് മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകള്‍. ഇന്ത്യന്‍ ശില്പകലയുടെ ഉദാത്തമാതൃകയായ എല്ലോറ ഗുഹകള്‍ കരിങ്കല്ലില്‍ കൊത്തിയെടുത്ത നൂറോളം വരുന്ന ഗുഹകളുടെ കൂട്ടമാണ്. ഔറംഗാബാദിന് സമീപമുള്ള ചരണാദ്രി കുന്നുകളിലാണ് എല്ലോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്.

PC: Shreyank Gupta

34 ഗുഹകള്‍

34 ഗുഹകള്‍

നൂറോളം ഗുഹകള്‍ ഈ ഗുഹാ സമുച്ചയത്തില്‍ ഉണ്ടെങ്കിലും 34 എണ്ണമാണ് സന്ദര്‍ശിക്കാന്‍ സാധിക്കുന്നത്.
ഇതില്‍ ആദ്യത്തെ പന്ത്രണ്ടെണ്ണം ബുദ്ധമത ക്ഷേത്രങ്ങളാണ്. അടുത്ത പതിനേഴെണ്ണം ഹൈന്ദവക്ഷേത്രങ്ങളും ബാക്കി അഞ്ചെണ്ണം ജൈനക്ഷേത്രങ്ങളുമാണ്. അക്കാലത്ത് നിലനിന്നുരുന്ന മതമൈത്രിയാണ് ഈ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ ഒരേയിടത്ത് പണിതതിലൂടെ വ്യക്തമാകുന്നതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ഇവിടുത്തെ ഏറ്റവും പ്രശസ്തമായ നിര്‍മ്മിതിയാണ് എട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കൈലാസനാഥ ക്ഷേത്രം.

സന്ദര്‍ശിക്കാന്‍

സന്ദര്‍ശിക്കാന്‍

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് എല്ലോറ സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ചത്.
മുംബൈയില്‍ നിന്നും എല്ലോറയിലേക്ക് 330 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുവാനുണ്ട്. ഏകദേശം ആറുമണിക്കൂര്‍ സമയമെടുക്കും ഇവിടെയെത്താന്‍.

എലിഫെന്റാ കേവ്‌സ്

എലിഫെന്റാ കേവ്‌സ്

മഹാരാഷ്ട്രയിലെ പ്രശസ്തമായ മറ്റൊരു യുനസ്‌കോ ലോക പൈതൃക സ്ഥാനമാണ് എലിഫെന്റാ ഗുഹകള്‍. മുംബൈ കടല്‍ത്തീരത്തുള്ള ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹകള്‍ ധാരാളം ശില്പങ്ങള്‍ കൊണ്ട് ഏറെ ആകര്‍ഷകമാണ്. 1987 ലാണ് ഇവിടം യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിക്കുന്നത്. 9-ാം നൂറ്റാണ്ട് മുതല്‍ 13-ാം നൂറ്റാണ്ട് വരെ ഇവിടം ഭരിച്ചിരുന്ന സില്‍ഹാര വംശജരുടെ കാലത്താണ് ഇവിടുത്തെ ശില്പങ്ങള്‍ നിര്‍മ്മിക്കുന്നത്. കൂടാതെ രാഷ്ട്രകൂട വംശജരുടെ കാലത്തുള്ള ശില്പങ്ങളും ഇവിടെ കാണാന്‍ സാധിക്കും.

PC:Sahil Ahuja

പ്രധാന ആകര്‍ഷണങ്ങള്‍

പ്രധാന ആകര്‍ഷണങ്ങള്‍

അര്‍ധനാരീശ്വര പ്രതിമ, കല്യാണസുന്ദര ശിവന്‍, കൈലാസം ഉയര്‍ത്തുന്ന രാവണന്‍, അണ്ഡകാരമൂര്‍ത്തി, നടരാജന്‍ എന്നീ ശില്പങ്ങളാണ് ഇവിടെ പ്രധാനമായും കാണുവാനുള്ളത്.
അഗ്രഹാരപുരി എന്നായിരുന്നു ഇവിടം ആദ്യം അറിയപ്പെട്ടിരുന്നച്. പിന്നീട് അത് ലോപിച്ച് ഘരാപുരി ആവുകയും പോര്‍ച്ചുഗീസുകാര്‍ ഈ സ്ഥലത്തിന് എലഫെന്റാ കേവ്‌സ് എന്നു പേരിടുകയും ചെയ്തു.

PC:Ronakshah1990

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപ്തതു നിന്നുമാണ് എലിഫന്റെ ഗുഹകളിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. കടലിലൂടെ ഏകദേശം ഒരു മണിക്കൂര്‍ നീളുന്ന യാത്രയാണിത്.

ഛത്രപതി ശിവജി ടെര്‍മിനസ്

ഛത്രപതി ശിവജി ടെര്‍മിനസ്

1887 ല്‍ നിര്‍മ്മിക്കപ്പെട്ട ഒരു ചരിത്ര നിര്‍മ്മിതിയാണ് മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ്. വിക്ടോറിയ രാജ്ഞിയുടെ ഗോള്‍ഡന്‍ ജൂബിലി സ്മാരകമായി പണിത ഈ സ്മാരകം വിക്ടോറിയ ടെര്‍മിനസ് എന്നായിരുന്നു ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. സെന്‍ട്രല്‍ റെയില്‍വേയുടെ ഹെഡ്ക്വാര്‍ടേഴ്‌സാണ് ഈ സ്മാരകം ഇപ്പോള്‍.

PC:Ramnath Bhat

തിരക്കുള്ള റെയില്‍വേ സ്‌റ്റേഷന്‍

തിരക്കുള്ള റെയില്‍വേ സ്‌റ്റേഷന്‍

ലോകത്തിലെ ഏറ്റവും തിരക്കുള്ള റെയില്‍വേ സ്‌േേറ്റഷനുകളില്‍ ഉള്‍പ്പെടുന്ന ഛത്രപതി ശിവജി ടെര്‍മിനസ് 2004 ലാണ് യുനസോകോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇന്തോ-സാര്‍സനിക് വാസ്തുവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സ്മാരകം മുംബൈയിലെത്തുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ടതാണ്.

PC:Udaykumar PR

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മുംബൈയില്‍ നിന്നും വെറും എട്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് ഛത്രപതി ശിവജി ടെര്‍മിനസ് സ്ഥിതി ചെയ്യുന്നത്.

അജന്താ ഗുഹകള്‍

അജന്താ ഗുഹകള്‍

ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ലോക പൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണ് അജന്താ ഗുഹകള്‍. ഭാരതസംസ്‌കാരത്തിന്റെ എന്നും എണ്ണപ്പെട്ടിട്ടുള്ള അടയാളങ്ങളില്‍ ഒന്നു കൂടിയാണ് ലോകത്തിന്റെ മുന്നില്‍ നമ്മെ ഉയര്‍ത്തി നിര്‍ത്തുന്ന അജന്താ ഗുഹകള്‍.

PC:Dharma

 മുപ്പതോളം ഗുഹകള്‍

മുപ്പതോളം ഗുഹകള്‍

പെയിന്റിംഗുകളും ശില്‍പ്പങ്ങളും ചുമര്‍ച്ചിത്രങ്ങളുമടങ്ങുന്ന മുപ്പതോളം ഗുഹകളാണ് അജന്തയിലെ ഗുഹാക്ഷേത്രങ്ങളെ വര്‍ണാഭമാക്കുന്നത്. മൂന്ന് വ്യത്യസ്ത മതവിഭാഗങ്ങളുടെ രണ്ടാം നൂറ്റാണ്ട് മുതലുള്ള അടയാളങ്ങള്‍ ഇവിടെ കാണാം. ആറും എഴും നൂറ്റാണ്ടുകളിലായാണ് ഇവ പൂര്‍ത്തിയാക്കപ്പെട്ടത് എന്നു കരുതുന്നു. മോക്ഷത്തിന് മുമ്പുള്ള ഗൗതമബുദ്ധന്റെ ചിത്രങ്ങളാണ് എല്ലാ ഗുഹകളുടെയും പൊതുവായ പ്രത്യേകത.

PC:Salil S

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഔറംഗാബാദില്‍ നിന്നും ഏകദേശം രണ്ട് മൂന്ന് മണിക്കൂര്‍ യാത്രചെയ്താല്‍ റോഡ് മാര്‍ഗം അജന്ത ഗുഹകളിലെത്താം.

100 കിലോമീറ്റര്‍ അകലത്തിലായി ഔറംഗബാദ് വിമാനത്താവളമുണ്ട്. ട്രെയിന്‍ വഴിയാണ് യാത്രയെങ്കില്‍ ഔറംഗബാദ് അല്ലെങ്കില്‍ ജാലഗോണ്‍ എന്നിവയാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. അജന്ത ഗുഹകള്‍ക്ക് സമീപമുള്ള ഇരുസ്റ്റേഷനുകളിലേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...