» »മ്യൂസിയങ്ങളുടെ അപൂര്‍വ്വ കാഴ്ചയുമായി കാത്തിരിക്കുന്ന മൈസൂര്‍

മ്യൂസിയങ്ങളുടെ അപൂര്‍വ്വ കാഴ്ചയുമായി കാത്തിരിക്കുന്ന മൈസൂര്‍

Written By: Elizabath

മൈസൂര്‍ എന്നും കാഴ്ചക്കാരില്‍ വിസ്മയം സൃഷ്ടിക്കുന്ന നഗരമാണ്. പോയകാലത്തിന്റെ കഥ പറയുന്ന കൂറ്റന്‍ കൊട്ടാരവും സിഹവും വെള്ളക്കടുവയുമെല്ലാമുള്ള മൃഗശാലയുമൊക്കെ ഒറ്റദിവസം കൊണ്ടു കണ്ടുതീര്‍ത്താലും പിന്നെയും ബാക്കിയാണ് കുറേയേറെ സ്ഥലങ്ങള്‍. ചാമുണ്ഡി മലകളും മൈസൂര്‍ നഗരത്തിന്റെ അകലക്കാഴ്ചയും കുറച്ചുകൂടി മുന്നോട്ടു പോയാലുള്ള വൃന്ദാവന്‍ ഗാര്‍ഡനും ശ്രീരംഗപട്ടണവും കണ്ടുതീര്‍ക്കണമെങ്കില്‍ ദിവസങ്ങളുടെ എണ്ണം കൂട്ടേണ്ടി വരും.

കൂട്ടത്തില്‍ മറ്റൊരിടത്തും അത്ര എളുപ്പത്തില്‍ കാണാന്‍ സാധിക്കാത്ത രണ്ടു ആകര്‍ഷണങ്ങള്‍ കൂടി ഇവിടെയുണ്ട്. മണല്‍ മ്യൂസിയവും മെഴുകു മ്യൂസിയവും. 

മൈസൂര്‍ സാന്‍ഡ് ആന്‍ഡ് സ്‌കള്‍പ്ചര്‍ മ്യൂസിയം
മൈസൂരില്‍ നിന്നും ചാമുണ്ഡി ഹില്‍സ് റോഡില്‍ ജോക്കി ക്വാര്‍ട്ടേഴ്‌സിനു സമീപമാണ് മൈസൂര്‍ സാന്‍ഡ് ആന്‍ഡ് സ്‌കള്‍പ്ചര്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. വിവിധ ആശയങ്ങളില്‍ പണിതീര്‍ത്തിരിക്കുന്ന മണല്‍ ശില്പങ്ങള്‍ കാഴ്ചയില്‍ വ്യത്യസ്തമാണ്.

 അപൂര്‍വ്വ കാഴ്ചയുമായി മൈസൂര്‍

മഹാഭാരത യുദ്ധത്തിലെ ശ്രീകൃഷ്ണനും അര്‍ജുനനും, ഗണപതി, ശ്രീ ചാമുണ്ഡേശ്വരി, ലാഫിങ് ബുദ്ധ, നരസിംഹരാജ വോഡയാര്‍, സാന്താ ക്ലോസ്, ഡിസ്‌നിയുടെ കഥാപാത്രങ്ങള്‍, വിന്റേജ് കാര്‍ തുടങ്ങിയ വിസ്മയിപ്പിക്കുന്ന നിരവധി രൂപങ്ങള്‍ ഇവിടെ മണലില്‍ ഒരുക്കിയിട്ടുണ്ട്. 150 ഓളം ശില്പങ്ങളാണ് ഇവിടെയുള്ളത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് 6.30 വരെയാണ് ഇവിടുത്തെ പ്രവേശനം.

മെലഡി വേള്‍ഡ് വാക്‌സ് മ്യൂസിയം
സംഗീതമെന്ന തീമില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന മെലഡി വേള്‍ഡ് വാക്‌സ് മ്യൂസിയം മൈസൂരിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. കര്‍ണ്ണാടകയില്‍ ഏറ്റവുമധികം സംഗീതോപകരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതും ഇവിടെയാണ്. വിവിധ കാലഘട്ടങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന സംഗീതോപകരണങ്ങള്‍ ഇവിടെ കാണാന്‍ കഴിയും.

 അപൂര്‍വ്വ കാഴ്ചയുമായി മൈസൂര്‍

തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ ജീവനുള്ളപോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള മെഴുകു പ്രതിമകളാണ് ഇവിടെയുള്ളത്.
ഐ.ടി. പ്രൊഫഷണലായ ശ്രീജി ഭാസ്‌കരന്‍ എന്ന ബെംഗളുരു സ്വദേശിനിയുടെ അധ്വാനത്തിന്റെ ഫലമാണ് ഇന്നു കാണുന്ന ഈ മെഴുകു മ്യൂസിയം.
മൈസൂര്‍ കാണാന്‍ പോകുന്നവര്‍ ഒരിക്കലെങ്കിലും സമയമെടുത്ത് കണ്ടിരിക്കേണ്ടതാണ് ഈ മണല്‍ മ്യൂസിയവും മെഴുകു മ്യൂസിയവും.

Read more about: bangalore, mysore, srirangapatna