
കാപ്പിത്തോട്ടങ്ങൾ മുതൽ ആരെയും അമ്പരപ്പിക്കുന്ന ട്രക്കിങ് റൂട്ടുകൾ വരെ... പറഞ്ഞു വരുന്നത് ആരെക്കുറിച്ചാണ് എന്നതിനു കൂടുതൽ മുഖവുരയൊന്നും ആവശ്യമില്ല. കർണ്ണാടകയിലെ കേരളം എന്നു സ‍്ചാരികൾ ഓമനപ്പേരിട്ടു വിളിക്കുന്ന കൂർഗ്ഗിന് കുറച്ചുകൂടി ചേരുന്ന മറ്റൊരു പേരുണ്ട്. ഇന്ത്യയിലെ സ്കോട്ലൻഡ്. കർണ്ണാടകത്തിന്റെ കാശ്മീരെന്നും വിളിപ്പേരുള്ള ഈ സ്ഥലത്തിന് ആദ്യ കാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുവാനുള്ള കഴിവുണ്ട്. ഓറഞ്ചിൻഘെ ഗന്ധവും കാപ്പിപ്പൂക്കളുടെ സുഗന്ധവും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന കൂർഗ് അഥവാ കൊടകിനെ ഒന്നു പരിചയപ്പെടാം... ഇവിടെ എത്തിയാൽ തീര്‍ച്ചയായും കാണുകയും അറിയുകയും ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കുകയും ചെയ്യാം...

കാപ്പിത്തോട്ടങ്ങള്‍
പൂത്തു നിൽക്കുന്ന കാപ്പിപ്പൂക്കളാണ് കുടകിന്റെ മുഖമുദ്ര. കാണുന്ന ഇടങ്ങളിലെല്ലാം ഇവിടെ കാപ്പിത്തോട്ടങ്ങളാണ്. ഇന്ത്യയുടെ കാപ്പി ഉല്പാദനത്തിന്റെ 60 ശതമാനവും വരുന്നത് കുടകിൽ നിന്നാണെന്നാണ് കണക്കുകൾ പറയുന്നത്.
കാപ്പി മാത്രമല്ല ഇവിടുത്തെ പ്രത്യേക, തേയിലത്തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും ഇവിടെ ധാരാളം കാണുവാൻ സാധിക്കും. കാപ്പിത്തോട്ടങ്ങൾക്കു നടുവിലുള്ള ഹോം സ്റ്റേകളും ചെരിയ താമസസൗകര്യങ്ങളും വളരെ കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാണ്. കോഫീ പ്ലാന്റേഷനുകളിലേക്ക് ഗ്രൂപ്പ് ടൂർ തുടങ്ങിയ ആക്ടിവിറ്റികൽ സഞ്ചാരികൾക്ക് ആവശ്യപ്പെടാം. കാപ്പി തോട്ടത്തിനുള്ളിലൂടെയുള്ള ഈ നടത്തം മറക്കാനാവാത്ത അനുഭവമായിരിക്കും.

വെള്ളച്ചാട്ടങ്ങൾ
കൂർഗ് അഥവാ കുടകിന്റെ അടയാളം തന്നെ വെള്ളച്ചാട്ടങ്ങളാണ്. മൺസൂൺ കാലത്ത് തനിരൂപം കാണിക്കുന്ന ഇവിടുത്തെ വെള്ളച്ചാട്ടങ്ങൾ എന്നും സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. സാഹസികരാണ് എന്നും ഇവിടെ എത്താറുള്ളത്. ഉയർന്ന പാറക്കൂട്ടത്തിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ തേടി എത്തുന്നവരാണ് ഇവിടെ അധികവും. കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ മിക്ക വെള്ളച്ചാട്ടങ്ങളിലേക്കും അത്ര എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റില്ല. സാഹസികമായി ഒരു ട്രക്കിങ്ങ് ഒക്കെ നടത്തി വേണം വെള്ളച്ചാട്ടങ്ങൾക്കരുകിലെത്താൻ.
മടിക്കേരി നഗരത്തില്‍ നിന്ന് 78 കിലോമീറ്റര്‍ അകലെയുള്ള ആബി വെള്ളച്ചാട്ടം, ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനകത്തുള്ള ഇരുപ്പു വെള്ളച്ചാട്ടം, എന്നിവയാണ് കുടകിലെത്തുന്നവർ മറക്കാതെ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ.

ട്രക്കിങ്
സഞ്ചാരികളെ കുടകിലേക്ക് ആകർഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നു പറയുന്നത് ഇവിടുത്തെ ട്രക്കിങ് റൂട്ടുകളാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന മലകളും കുന്നുകളും കീഴടക്കാനായി എത്തുന്നവരാണ് ഇവിടെ അധികവും. വെള്ളച്ചാട്ടങ്ങളും കാടുകളും മലകളും വന്യജീവി സങ്കേതവും ഒക്കെ പിന്നിട്ടുള്ള ഇവിടുത്തെ ട്രക്കിങ് മനോഹരമായ അനുഭവമായിരിക്കും.
കക്കബെയിൽ നിന്നും കർണ്ണാടകയിലെ ഏറ്റവും വലിയ കുന്നായ തടിയന്റമോളിലേക്കുള്ള യാത്രയാണ് കൂർഗിലെത്തുന്നവർ തീര്‍ച്ചയായും പരീക്ഷിക്കേണ്ട ഒന്ന്. കുറഞ്ഞത് അഞ്ചു മണിക്കൂർ സമയമാണ് ഈ ട്രക്കിങ്ങിനായി മാത്രം വേണ്ടത്. കാട്ടിലൂടെയും പുൽമേട്ടിലൂടെയും ഒക്കെയുള്ള യാത്രയ്ക്കായി നിരവധി സഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്. വിരാജ്പേട്ടയിൽ നിന്നും ഇരുപ്പു ഫാൾസിലേക്ക് ട്രക്കിങ് നടത്തുന്നവരും കുറവല്ല. കൊടും കാടിനുള്ളിലൂടെ ഗൈഡുകളെ വെച്ചു മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. മണ്ഡൽപെട്ടിയിൽ നിന്നും അബി ഫാൾസിലേക്കും ട്രക്കിങ് റൂട്ടുണ്ട്. പുഷ്പഗിരി വനത്തിനുള്ളിലൂടെയുള്ള പ്രശസ്തമായ ട്രക്കിങ്ങും ഇതു തന്നെയാണ്.
PC:Ramesh NG

ദുബാരെ എലിഫന്റ് ക്യാംപ്
ആനകളുടെ കൂടെ ഇത്തിരി സമയെം ചിലവഴിച്ചാലോ...കർണ്ണാടക ഗവൺമെൻരിന്റെ മോൽനോട്ടത്തിൽ ആനകളെ പിടിക്കുകയും വളർത്തുകയും പരിപാലിക്കുയും ചെയ്യുന്ന ഒരു കേന്ദ്രമാണിത്. ആനകളെക്കുറിച്ചുള്ള നിങ്ങളുടെ ഏതു സംശയങ്ങളും തീർത്തു തരാൻ കഴിയുന്ന അനുഭവസ്ഥരായ ആളുകളാണ് ഇവിടുത്തെ പ്രത്യേകത. ആനകളുടെ ജീവിതം ഒരു മണിക്കൂറിനുള്ളിൽ ഇവിടെ നിന്നും അറിയാം. അവയെ രാവിലെ കുളിപ്പിക്കാൻ കൊണ്ടുപോകുന്നതും ഭക്ഷണം നല്കുന്നതും എല്ലാം കാണാം. ആനകളെ കുളിപ്പിക്കുന്നത് കാണണമെന്നുണ്ടെങ്കിൽ രാവിലെ 9.00 മണിക്കുതന്നെ ഇവിടെ എത്തേണ്ടതാണ്. താല്പര്യമുണ്ടെങ്കിൽ ഇവിടുത്തെ കോട്ടേജുകളലി്‍ ഒരു ദിവസം താമസിക്കുകയുമാവാം. സംസസ്ഥാനപാത 91 നോട് ചേർന്ന് കുശാൽനഗറിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
PC:raju venkat

രാജാസീറ്റ്
കൊടക് രാജാക്കന്മാരുടെ പ്രധാന വിനോദകേന്ദ്രമായിരുന്നുവത്രേ ഇവിടം. അങ്ങനെയാണ് ഇതിന് രാജാസ് സീറ്റ് എന്ന് പേരുകിട്ടിയത്. രാജാക്കന്മാര്‍ രാജ്ഞിമാരുമൊത്ത് പതിവായി സല്ലപിക്കാനിറങ്ങുക ഇവിടെയായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ക്യാമറയില്‍ പകര്‍ത്താന്‍ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്.

മടിക്കേരി ടൗൺ
കൂടകിന്റെ ആസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലമാണ് മടിക്കേരി. സമുദ്ര നിരപ്പിൽ നിന്നും 1170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം അതിമനോഹരമായ ഭൂപ്രകൃതിയോട് ചേർന്ന സ്ഥലമാണ്. ഇവിടെ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടമാണ് മടിക്കരി കോട്ട.
ദക്ഷിണേന്ത്യയില്‍ കേടുപാടുകള്‍ കുടാതെ ഇന്നും നിലനില്‍ക്കുന്ന അപൂര്‍വ്വം കോട്ടകളില്‍ ഒന്നാണത്രേ ഈ കോട്ട. ഈ കോട്ടയ്ക്കു ചുറ്റുമാണ് മടിക്കേരി പട്ടണം. പതിനേഴാം നൂറ്റാണ്ടില്‍ കുടക് ഭരിച്ചിരുന്ന മുധുരാജാ എന്നാ രാജാവ് മണ്ണില്‍ പണികഴിപ്പിച്ച കൊട്ടയായിരുന്നു ആദ്യം ഇവിടെ ഉണ്ടായിരുന്നത.് മനോഹരമായ ഒരു കൊട്ടാരവും അദ്ദേഹം കോട്ടയ്ക്കകത്തു പണികഴിപ്പിച്ചിരുന്നു. പിന്നീട് കോട്ട കൈയടക്കിയ ടിപ്പുസുല്‍ത്താന്‍ കരിങ്കല്ല് കൊണ്ട് കോട്ട ബലപ്പെടുത്തുകയും കൊട്ടാരങ്ങള്‍ പുതുക്കിപ്പണിയുകയും ചെയ്തു .
ജില്ലാ ജയിലും ഇതിനകത്ത് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ കോട്ടെ മഹാഗണപതി ക്ഷേത്രവും മഹാത്മാഗാന്ധി പബ്ലിക് ലൈബ്രറിയും ഇതിനകത്തുണ്ട്. കൂര്‍ഗിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കോട്ടെ മഹാഗണപതി ക്ഷേത്രം. മടിക്കേരി ദസറ ഉത്സവത്തില്‍ ഈ ക്ഷേത്രത്തിന് വലിയ പ്രാധാന്യമുണ്ട്. കോട്ടയുടെ അകത്തുള്ള കൊട്ടാരത്തില്‍ ഇപ്പോള്‍ പലവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയാണ്.
PC:Rameshng -

എത്തിച്ചേരാൻ
നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലമാണ് കൂര്‍ഗ് യാത്രയ്ക്ക് ഏറ്റവും പറ്റിയത്. റോഡാണ് പ്രധാന യാത്രാമാര്‍ഗം. ഇവിടേയ്ക്ക് തീവണ്ടി സര്‍വ്വീസ് ഇല്ല. മൈസൂര്‍ വിമാനത്താവളമാണ് അടുത്തുകിടക്കുന്നത് ഇവിടെനിന്നും കൂര്‍ഗിലേയ്ക്ക് 118 കിലോമീറ്ററുണ്ട്. തൊട്ടടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം മംഗലാപുരത്താണ്. കേരളത്തിലെ വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നും കര്‍ണാടകത്തിലെ മൈസൂര്‍, ഹാസ്സന്‍, മംഗലാപുരം, ബാംഗ്ലൂര്‍, എന്നിവിടങ്ങളില്‍ നിന്നും എളുപ്പത്തില്‍ കൂര്‍ഗില്‍ എത്തിച്ചേരാം.