» » അഷ്ടവിനായകന്റെ ഉത്ഭവവും അവസാനവും

അഷ്ടവിനായകന്റെ ഉത്ഭവവും അവസാനവും

Written By: Elizabath

വിഘ്‌നേശ്വരനായ ഗണപതി ഭക്തരുടെ തീര്‍ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളാണ് അഷ്ടവിനായക എന്നറിയപ്പെടുന്ന തീര്‍ഥാടന കേന്ദ്രങ്ങള്‍. ഇതില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ടതും ഗണേശ തീര്‍ത്ഥാടനത്തിന്റെ ഉദ്ഭവ സ്ഥാനവും സമാപന സ്ഥാനവും എന്നു കരുതപ്പെടുന്ന സ്ഥലമാണ് പൂനയിലെ മൗരേശ്വര്‍ മന്ദിര്‍. പൂനെ പട്ടണത്തില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഗണപതി ഭക്തരുടെ സ്ഥിരം കേന്ദ്രമാണ്.

Mayureshwar Mandir in Pune

PC: Redtigerxyz

പുരാണങ്ങള്‍ പറയുന്നത്...
ഗണേശപുരാണം അനുസരിച്ച് ഗണേശഭഗവാന്‍ മയൂരേശ്വര്‍ എന്ന പേരില്‍ സിന്ധു എന്ന അസുരനെ കൊല്ലാനായി ആറുകൈകളുള്ള രൂപമായി അവതരിച്ചു. ഈ അവതാരത്തില്‍ അദ്ദേഹം മയിലിനെയാണ് വാഹനമായി ഉപയോഗിച്ചത്. എന്നാല്‍ അസുരന് സൂര്യനില്‍ നിന്നും ഒരു വരം ലഭിച്ചിട്ടുണ്ടായിരുന്നുവത്രെ. മറ്റാരും തൊട്ട് അശുദ്ധമാക്കാത്തിടത്തോളം കാലം അയാള്‍ക്ക് അമൃത് ഉപയോഗിക്കാന്‍ ആകുമെന്നും അങ്ങനെ മരണമില്ലാത്തവനായി തീരുമെന്നും. എന്നാല്‍ ആ അമൃതില്‍ മറ്റാരെങ്കിലും സ്പര്‍ശിക്കാത്തിടത്തോളം കാലം മാത്രമേ അത് സാധ്യമാവുകയുള്ളൂ.

 Mayureshwar Mandir in Pune

PC: Palaviprabhu

പാത്രത്തിലെ അമൃത് സംരക്ഷിക്കാനായി അയാള്‍ അത് വിഴുങ്ങുകയും മൂന്നു ലോകങ്ങളെയും കാല്‍ക്കീഴിലാക്കുകയും ചെയ്തു. അസുരന്റെ ഉപദ്രവം സഹിക്കാതായപ്പോള്‍ ദേവന്‍മാര്‍ ഗണപതിയേയാണ് പരിഹാരത്തിനായി ചെന്നുകണ്ടത്. പിന്നീട് നടന്ന യുദ്ധത്തില്‍ ഗണപതി അസുരന്റെ സൈന്യങ്ങളെ പെട്ടന്നു തന്നെ പരാജയപ്പെടുത്തി. പിന്നീട് അയാളെ കൊലപ്പെടുത്തുകയും അമൃത് തിരിച്ചെടുക്കുകയും ചെയ്തു.
തന്റെ അവതാര ലക്ഷ്യം നിറവേറിയതിനു ശേഷം കൈലാസത്തിലേക്ക് തിരികെ പോയ ഗണേശന്‍ തന്റെ മയില്‍ വാഹനം സഹോദരനായ മുരുകന് കൊടുക്കുകയും ചെയ്തു. എന്നാല്‍ മയൂരേശ്വര്‍ എന്ന പേരില്‍ ഗണപതിയാണ് അറിയപ്പെടുന്നത്.

 Mayureshwar Mandir in Pune

നാല് പ്രവേശന കവാടങ്ങള്‍ പൂനെയിലെ മൗരേശ്വര്‍ മന്ദിറിന് നാലു പ്രവേശന കവാടങ്ങളാണുള്ളത്. ഇത് നാലും നാലു ദിശകളെയാണ് അഭിമുഖീകരിക്കുന്നത്. നാലു കവാടങ്ങളിലും ഗണേശന്റെ രൂപം കാണുവാന്‍ സാധിക്കും. നാലു യുഗങ്ങളിലായുള്ള ഗണേശന്റെ രൂപങ്ങളെയും ജീവിതത്തിന്റെ പരമ ലക്ഷ്യങ്ങളായ ധര്‍മ്മ, അര്‍ഥ, കാമ, മോക്ഷ എന്നിവയും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

കിഴക്കു ഭാഗത്തെ കവാടം ധര്‍മ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ കവാടത്തിലം ഗണപതി ബല്ലാലവിനായക എന്നാണ് അറിയപ്പെടുന്നത്. പടിഞ്ഞാറുദിശ കാമവുമായി ബന്ധപ്പെട്ടതാണ്. ചിന്താമണി എന്നാണ് ഇവിടുത്തെ ഗണപതിയുടെ പേര്. വടക്കുഭാഗം മോക്ഷത്തെ പ്രതിനിധാനം ചെയ്യുന്നു. മഹാഗണപതിയെയാണ് ഇവിടെ കാണാന്‍ സാധിക്കുക. വിഘ്‌നേശ എന്ന പേരില്‍ അറിയപ്പെടുന്ന തെക്ക് ഭാഗം സമ്പത്തുമായി ബന്ധപ്പെട്ട അര്‍ഥയുടേതാണ്.

 Mayureshwar Mandir in Pune

PC: Borayin Maitreya Larios

പ്രധാനപ്പെട്ട ആഘോഷങ്ങള്‍

ഗണേശ ചതുര്‍ഥിയും ഗണേശ ജയന്തിയുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആഘോഷങ്ങള്‍. ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ ഇവിടെ ഏകദേശം ഒരുമാസത്തോളം കാലം നീണ്ടു നില്‍ക്കും.

Read more about: temples, pune, epic