വെള്ളച്ചാട്ടങ്ങളുടെയും തടാകങ്ങളുടെയും നാടാണ് റാഞ്ചി. പക്ഷേ, മലയാളികൾക്കും ക്രിക്കറ്റ് ഭ്രാന്തൻമാർക്കും എത്രയൊക്കെ പറഞ്ഞാലും ഇവിടം ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണിയുടെ നാട് തന്നെയാണ്. പ്രകൃതിഭംഗി കൊണ്ട് മാത്രമല്ല, മനുഷ്യ നിർമ്മിതികൾ കൊണ്ടും പേരുകേട്ടിരിക്കുന്ന ഇവിടം സഞ്ചാരികളുടെ പ്രിയകേന്ദ്രമായി മാറിയിട്ട് അധികം നാളുകളായിട്ടില്ല.
അഞ്ഞൂറോളം പടികളുള്ള വെള്ളച്ചാട്ടവും ആസൂത്രിത നഗരത്തിന്റെ സാമീപ്യവും ഒക്കെ ചേരുമ്പോൾ ഇവിടം എന്തുകൊണ്ടും സന്ദർശിക്കേണ്ടുന്ന ഒരിടം തന്നെയായി മാറും. റാഞ്ചിയിലെത്തിയാൽ എന്തൊക്കെ കാഴ്ചകൾ കാണണമെന്ന്ന അറിയുമോ?
Cover PC:Karan Dhawan India

കൻകെ ഡാം
റാഞ്ചിയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ് കൻകെ. റാഞ്ചി നഗരത്തിനു മുഴുവനായും സേവിക്കുന്ന ഒരു ജലസ്രോതസ്സാണ് കൻകെയെ പ്രസിദ്ധമാക്കുന്നത്. ഇവിടുത്തെ ഗോന്ദ എന്നു പേരായ മലയ്ക്കു താഴെയാണ് കൻകെ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. റാഞ്ചി നഗരത്തിൽ നിന്നും നാലു കിലോമീറ്റർ അകലെയാണ് ഇതുള്ളത്. ശാന്തമായ അന്തരീക്ഷവും ബഹളങ്ങളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും ഒഴിഞ്ഞതുമായ പ്രകൃതിയും ഒക്കെയാണ് ഇവിടേക്ക് സന്ദർശകരെ കൂടുതലായി ആകർഷിക്കുന്നത്.

ഹന്ദ്രു വെള്ളച്ചാട്ടം
സ്വർണ്ണരേഖാ നദിയിൽ നിന്നും ഉത്ഭവിക്കുന്ന ഹന്ദ്രു വെള്ളച്ചാട്ടം റാഞ്ചിയിൽ നിന്നും 45 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മഴക്കാലങ്ങളിൽ രൗദ്രഭാവം പൂണ്ടു നിൽക്കുന്ന ഹന്ദ്രു വെള്ളച്ചാട്ടം ആ സമയങ്ങളിൽ അതിസാഹസികരായിട്ടുള്ളവർക്കു മാത്രം പറ്റിയതാണ്. മഴക്കാലങ്ങളിൽ ട്രക്കിങ്ങിനായാണ് ഇവിടെ കൂടുതലും ആളികൾ എത്തുന്നത്. വെള്ളച്ചാട്ടത്തിന്റെ താഴെ വെള്ളം വീണ് ഒരു കുളം തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ എത്തുന്നവർ ഇതിലിറങ്ങി കുളിച്ചിട്ടാണ് മടങ്ങാറുള്ളത്.
PC:Vishalpandey

ബിർസാ സുവോളജിക്കൽ പാർക്ക്
104 ഹെക്ടറിലധികം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ബിർസാ സൂവോളജിക്കൽ പാർക്ക് റാഞ്ചിയിലെ കാഴ്ചകളിൽ അടുത്തതാണ്. ഒരു കാടുപോലെ തന്നെ നിറയെ വൃക്ഷങ്ങളും വന്യജീവികളും ജലാശയങ്ങളുമുള്ള ഇവിടെ എത്തിയാൽ ഒരു കാട്ടിൽ കയറിയ അനുഭവം തന്നെയാണുണ്ടാവുക. ദേശീയപാത പോകുന്നതിനാൽ ഈ പാർക്ക് രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. അതിൽ വലുതിലാണ് കൂടുതൽ വന്യജീവികൾ കാണുക. ചെറിയ സ്ഥലത്ത് ബോട്ടാണിക്കൽ ഗാർഡനും മറ്റുമാണ് ഒരുക്കിയിരിക്കുന്നത്.
PC:Saravankm

റോക്ക് ഗാർഡൻ
റാഞ്ചി കാഴ്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് റോക്ക് ഗാർഡൻ . ഇവിടെ എത്തുന്ന സഞ്ചാരികൾ ഏറ്റവും അധികം തിരയുന്ന ഒന്നുകൂടിയാണിത്. ഗോണ്ട മലമുകളിൽ നിന്നും കൊണ്ടുവന്ന കല്ലുകൾ ഉപയോഗിച്ചാണ് ഇവിടുത്തെ തോട്ടവും പ്രതിമകളും ഒക്കെ നിർമ്മിച്ചിരിക്കുന്നത്. കൻകെ ഡാമിനോട് ചേർന്നാണിതുള്ളത്.

ടാഗോർ മല, റാഞ്ചി
ടാഗോർ കുടുംബവുമായി ബന്ധപ്പെട്ട ഇടമായതിനാലാണ് ഇവിടം ടാഗോർ മല എന്ന പേരിൽ അറിയപ്പെടുന്നത്. റാഞ്ചിയിൽ നിന്നും നാലു കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ടാഗോറിന്റെ സഹോദരൻ ഒരിക്കൽ ഇവിടം സന്ദർശിച്ചപ്പോൾ ഈ പ്രദേശത്തിന്റെ ഭംഗിയിൽ ആകൃഷ്ടനായി ഇവിടം സ്ഥലം മേടിക്കുകയും ഒരു വീട് പണിയുകയും ചെയ്തു. ആ സ്ഥലമാണ് ടാഗോർ മല എന്ന പേരിൽ ഇന്നറിയപ്പെടുന്നത്. ഈ മലയുടെ താഴയാണ് രാമകൃഷ്ണ മഠം സ്ഥിതി ചെയ്യുന്നത്.
PC:IM3847

പഹരി മന്ദിർ
ഒട്ടേറെ സ്വാതന്ത്ര്യസമര സേനാനികളെ തൂക്കിലേറ്റിയ ചരിത്രം പറയുന്ന മലയാണ് പഹരി മന്ദിർ സ്ഥിതി ചെയ്യുന്ന സഥലം. മുന്നൂറോളം പടികൾക്കു മുകളിൽ മലയുടെ മുകളിലായി സ്ഥിതി ചെയ്യുന്ന പഹരി മന്ദിർ ഒരു ശിവക്ഷേത്രം കൂടിയാണ്. ഇതിന്റെ മുകളിൽ നിന്നാൽ റാഞ്ചി നഗരത്തെ മുഴുവനായും കാണാൻ സാധിക്കും.